നിസ്കാരത്തിൽ നിയ്യത് തക്ബീറതുൽ ഇഹ്റാമിന് മുമ്പ് കരുതിയാൽ മതിയോ? അത് പോലെ വുളൂഇൽ ഫർള് നിയ്യത്ത് മുഖം കഴുകുന്നതിന്റെ മുമ്പും സുന്നതിന്റെ നിയ്യത്ത് മുൻകൈ കഴുകുന്നതിന്റെ മുമ്പും കരുതാമോ? സുജൂദിനിടയിലെ ഇരുത്തത്തിൽ എല്ലാ വിരലുകളും നിലത്ത് പതിയണോ? പതിയണമെങ്കിൽ അതിന്റെ പള്ളയാണോ പതിയേണ്ടത്?
ചോദ്യകർത്താവ്
MUHAMMAD IQBAL M
Nov 6, 2020
CODE :Abo10001
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിയ്യത്തിനോട് ചേര്‍ന്ന് വരുന്ന രീതിയിലാണ് നിസ്കരാത്തിലെ ഇഹ്റാമിന് തകബീര്‍ ചൊല്ലേണ്ടത്. അല്ലാഹു അക്ബര്‍ എന്ന വാക്യത്തിലെ റാഅ് ഉച്ചരിക്കുന്നത് വരെ ആ നിയ്യത്ത് അവന്‍റെ മനസില്‍ ഉണ്ടായിരിക്കണമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ചുരുങ്ങിയത് നിസ്കരിക്കുകയാണെന്ന ചിന്തയെങ്കിലും തക്ബീര്‍ അവസാനിക്കുന്നത് വരെ മനസ്സില്‍ ഉണ്ടായാല്‍ മതിയെന്നാണ് അവര്‍ സംഗ്രഹിച്ചിട്ടുള്ളത്. നിയ്യത്തില്‍ നിര്‍ബന്ധമായ എല്ലാ ഘടകങ്ങളും തക്ബീര്‍ കഴുയുന്നത് വരെ മനസില്‍ കരുതിക്കൊണ്ടേയിരിക്കണമെന്ന്ത് സാധാരണക്കാര്‍ക്ക് ഒരുപക്ഷേ വസ് വാസും പ്രയാസവുമായേക്കാം എന്നതിനാലാണ് ഇങ്ങനെ പണ്ഡിതര്‍ വിശദീകരിച്ചത് (ഫത്ഹുല്‍മുഈന്‍).
വുളൂഇല്‍ സുന്നത്തായ നിയ്യത്തും ഫര്‍ളായ നിയ്യത്തുമുണ്ട്. ആദ്യം വുളൂഇന്‍റെ സുന്നത്തിനെ ഞാന്‍ വീട്ടുന്നു എന്ന് നിയ്യത്ത് വെച്ച് മുന്‍കൈ രണ്ടും കഴുകി വായയില്‍ വെള്ളം കൊപ്ലിക്കലും മൂക്കില്‍ വെള്ളം കയറ്റിചീറ്റുകയും ചെയ്യണം. ഇവ സുന്നത്തായതിനാല്‍ ഈ നിയ്യത്തും സുന്നത്താണ്. എന്നാല്‍ ഇവ ചെയ്യുന്നതിനോട് ചേര്‍ന്നുവരുന്ന രീതിയില്‍ സുന്നത്തായ ഈ നിയ്യത്ത് കരുതാതിരുന്നാല്‍ സുന്നത്തിന്‍റെ കൂലി ലഭിക്കില്ല.
ശേഷം വുളൂഇന്‍റെ ഫര്‍ളായ നിയ്യത്ത് വെച്ച് മുഖം കഴുകുകയാണ് വേണ്ടത്. ഈ നിയ്യത്ത് മുഖം കഴുകിത്തുടങ്ങുന്നതിന്‍റെ ആരംഭത്തോട് ചേര്‍ന്നുവരുന്ന രീതിയിലാകണം. മുഖം കഴുകി തുടങ്ങി ഇടയിലാണ് നിയ്യത്ത് വെക്കുന്നതെങ്കില്‍ ആ നിയ്യത്ത് വെച്ച ശേഷം കഴുകിയ ഭാഗമേ ഫര്‍ള് വീടിയ കഴുകലായി പരിഗണിക്കൂ. അതിന് മുമ്പ് മുഖത്തില്‍ നിന്ന് കഴുകിയ ഭാഗങ്ങള്‍ ഒന്നുകൂടെ കഴുകേണ്ടതാണ്. മുഖം കഴുകുന്നതിന് മുമ്പുള്ള സുന്നത്തായ വായയില്‍ വെള്ളം കൊപ്ലിക്കലും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുന്ന സമയത്ത് തന്നെ ഫര്‍ളായ നിയ്യത്ത് വെച്ചാല്‍ മതിയാകില്ല. എന്നാല്‍ ആ സമയത്ത് ഫര്‍ളായ നിയ്യത്ത് വെക്കുകയും വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുന്നതിനിടയില്‍ മുഖത്തിന്‍റെ പരിധിയില്‍ നിന്ന് ഏതെങ്കിലും ഭാഗം (ചുണ്ടിന്‍റെ ചുവപ്പ് ഭാഗം പോലെയുള്ളത്) കഴുകിയാല്‍ ഈ സുന്നത്തുകള്‍ നഷ്ടപ്പെടുകയും ഫര്‍ളായ മുഖം കഴുകലിലേക്ക് പ്രവേശിക്കുകയും ചെയ്തു. (ഫത്ഹുല്‍ മുഈന്‍).
ഏറ്റവും നല്ലത് ആദ്യം വായയില്‍ വെള്ളം കൊപ്ലിക്കലും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുന്ന സമയത്ത് ഓരോന്നും ചെയ്യുമ്പോള്‍ വുളൂഇന്‍റെ സുന്നത്തിന്‍റെ നിയ്യത്ത് വെക്കലും ശേഷം മുഖം കഴുകാനാരംഭിക്കുമ്പോള്‍ വളൂഇന്‍റെ ഫര്‍ളായ നിയ്യത്തും വെക്കലാണ് (ഫത്ഹുല്‍മുഈന്‍)
സുജൂദിനിടയിലെ ഇരുത്തത്തില്‍ ഇഫ്തിറാഷിന്‍റെ ഇരുത്തമാണ് സുന്നത്ത്. ആ ഇരുത്തമല്ലാത്ത മറ്റേത് ഇരുത്തമായാലും നിസ്കാരത്തിന് ഭംഗം വരില്ല. എന്നാല്‍ സുന്നത്ത് നഷ്ടപ്പെടുന്നതാണ്. വലതുകാലിന്‍റെ പാദം നാട്ടിവെച്ച് വിരലിന്‍റെ പള്ളകള്‍ നിലത്തുതട്ടിച്ച് വെച്ച് ഇടതുകാലിന്‍റെ പാദത്തിനു മുകളില്‍ ഇരിക്കലാണ് ഇഫിതിറാഷ്. വലുതുകാലിലെ വിരലിന്‍റെ പള്ളകളില്‍ നിന്ന് സാധ്യമാവുന്നവ മാത്രം നിലത്തു തട്ടിച്ചാല്‍ മതി. പ്രയാസപ്പെട്ട് എല്ലാ വിരലുകളും നിലത്തു തട്ടിക്കണമെന്നില്ല. അങ്ങനെ പ്രയാസപ്പെട്ട് എല്ലാ വിരലുകളും നിലത്ത് വെക്കാത്തതിനാല്‍ ഇഫ്തിറാഷിന്‍റെ ഇരുത്തമെന്ന സുന്നത്ത് നഷ്ടപ്പെടുകയുമില്ല.
സുജൂദില്‍ നിലത്തുപതിച്ചുവെക്കല്‍ നിര്‍ബന്ധമായ 7 അവയവങ്ങള്‍ നെറ്റി, രണ്ട് കൈപ്പള്ളകള്‍, രണ്ട് കാല്‍ മുട്ടുകള്‍, രണ്ട് കാല്‍വിരലുകളുടെ പള്ളകള്‍ എന്നിവയാണ്. ഇവയില്‍ നിന്നെല്ലാം അല്‍പഭാഗമെങ്കിലും നിലത്ത് വെക്കലാണ് നിര്‍ബന്ധം. അല്‍പഭാഗം നിലത്തു പതിച്ചിരിക്കെ മറ്റു ഭാഗങ്ങള്‍ നിലത്ത് തട്ടാത്തത് കൊണ്ട് കുഴപ്പമില്ല (ഫത്ഹുല്‍മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.