വിഷയം: വുളുഇന്‍റെ നിയ്യത്തിന്‍റെ സമയം
വുളൂഇന്‍റെ ഫര്‍ളായ നിയ്യത്ത് എപ്പോഴാണ് വെക്കേണ്ടത്. മുഖം കഴുകുന്നതിന് തൊട്ട് മുമ്പ് വെച്ചാല്‍ മതിയോ? വുളൂഇലെ സുന്നത്തായ നിയ്യത്തിന്‍റെ സമയം എപ്പോഴാണ്.
ചോദ്യകർത്താവ്
Muhammad Iqbal m
Nov 8, 2020
CODE :Fiq10002
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വുളൂഇല്‍ സുന്നത്തായ നിയ്യത്തും ഫര്‍ളായ നിയ്യത്തുമുണ്ട്. ആദ്യം വുളൂഇന്‍റെ സുന്നത്തിനെ ഞാന്‍ വീട്ടുന്നു എന്ന് നിയ്യത്ത് വെച്ച് മുന്‍കൈ രണ്ടും കഴുകി വായയില്‍ വെള്ളം കൊപ്ലിക്കലും മൂക്കില്‍ വെള്ളം കയറ്റിചീറ്റുകയും ചെയ്യണം. ഇവ സുന്നത്തായതിനാല്‍ ഈ നിയ്യത്തും സുന്നത്താണ്. എന്നാല്‍ ഇവ ചെയ്യുന്നതിനോട് ചേര്‍ന്നുവരുന്ന രീതിയില്‍ സുന്നത്തായ ഈ നിയ്യത്ത് കരുതാതിരുന്നാല്‍ സുന്നത്തിന്‍റെ കൂലി ലഭിക്കില്ല.
ശേഷം വുളൂഇന്‍റെ ഫര്‍ളായ നിയ്യത്ത് വെച്ച് മുഖം കഴുകുകയാണ് വേണ്ടത്. ഈ നിയ്യത്ത് മുഖം കഴുകിത്തുടങ്ങുന്നതിന്‍റെ ആരംഭത്തോട് ചേര്‍ന്നുവരുന്ന രീതിയിലാകണം. മുഖം കഴുകി തുടങ്ങി ഇടയിലാണ് നിയ്യത്ത് വെക്കുന്നതെങ്കില്‍ ആ നിയ്യത്ത് വെച്ച ശേഷം കഴുകിയ ഭാഗമേ ഫര്‍ള് വീടിയ കഴുകലായി പരിഗണിക്കൂ. അതിന് മുമ്പ് മുഖത്തില്‍ നിന്ന് കഴുകിയ ഭാഗങ്ങള്‍ ഒന്നുകൂടെ കഴുകേണ്ടതാണ്. മുഖം കഴുകുന്നതിന് മുമ്പുള്ള സുന്നത്തായ വായയില്‍ വെള്ളം കൊപ്ലിക്കലും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുന്ന സമയത്ത് തന്നെ ഫര്‍ളായ നിയ്യത്ത് വെച്ചാല്‍ മതിയാകില്ല. എന്നാല്‍ ആ സമയത്ത് ഫര്‍ളായ നിയ്യത്ത് വെക്കുകയും വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുന്നതിനിടയില്‍ മുഖത്തിന്‍റെ പരിധിയില്‍ നിന്ന് ഏതെങ്കിലും ഭാഗം (ചുണ്ടിന്‍റെ ചുവപ്പ് ഭാഗം പോലെയുള്ളത്) കഴുകിയാല്‍ ഈ സുന്നത്തുകള്‍ നഷ്ടപ്പെടുകയും ഫര്‍ളായ മുഖം കഴുകലിലേക്ക് പ്രവേശിക്കുകയും ചെയ്തു. (ഫത്ഹുല്‍ മുഈന്‍).
ഏറ്റവും നല്ലത് ആദ്യം വായയില്‍ വെള്ളം കൊപ്ലിക്കലും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുന്ന സമയത്ത് ഓരോന്നും ചെയ്യുമ്പോള്‍ വുളൂഇന്‍റെ സുന്നത്തിന്‍റെ നിയ്യത്ത് വെക്കലും ശേഷം മുഖം കഴുകാനാരംഭിക്കുമ്പോള്‍ വളൂഇന്‍റെ ഫര്‍ളായ നിയ്യത്തും വെക്കലാണ് (ഫത്ഹുല്‍മുഈന്‍)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.