വിഷയം: മരിച്ചവരുടെ ഖളാഉള്ല നിസ്കാരം
മരണപ്പെട്ടവരുടെ ഖളാആയ നിസ്കാരങ്ങൾ മറ്റുള്ളവർക്ക് നിസ്കരിച്ചു കൂടേ? പറ്റുെമെങ്കിൽ രൂപം ?
ചോദ്യകർത്താവ്
ABDUL JALEEL
Dec 6, 2020
CODE :Fiq10012
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മരണപ്പെട്ട വ്യക്തിയുടെ ഖളാഅ് വീട്ടാനുള്ള നിസ്കാരങ്ങള്‍ ജീവിച്ചിരിപ്പുള്ള കുടുംബങ്ങളോ ബന്ധുക്കളോ ഖളാഅ് വീട്ടുകയോ അതിന്‍റെ പേരില്‍ ഫിദ്’യ നല്‍കുകയോ ചെയ്യേണ്ടതില്ല (ഫത്ഹുല്‍മുഈന്‍, തുഹ്ഫ 4/605) എന്നതാണ് പ്രബലമായ അഭിപ്രായം.
എങ്കിലും നിസ്കാരം ഖളാഉള്ള മയ്യിതിന് വേണ്ടി അവരുടെ നിസ്കാരങ്ങള്‍ പകരം നിസ്കരിക്കാമെന്ന അഭിപ്രായം പറഞ്ഞ പ്രഗല്‍ഭരായ പണ്ഡിതരുണ്ട്. ഇമാം സുബ്കി(റ) തന്‍റെ ചില ബന്ധുക്കള്‍ക്ക് വേണ്ടി നിസ്കാരം നിര്‍വഹിച്ചതായി ഫത്ഹുല്‍മുഈനിലും തുഹ്ഫയിലുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ട വ്യക്തി സ്വത്ത് അവശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ ഓരോ നിസ്കാരത്തിനും ഒരു മുദ്ദ് ഫിദ്’യ കൊടുക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും ഉണ്ട് (തുഹ്ഫ, ശര്‍വാനീ 4-605,606)
പകരം നിസ്കരിക്കാമെന്ന അഭിപ്രായപ്രകാരം നിസ്കരിക്കുമ്പോള്‍ മയ്യിത്തിന് ഖളാഉള്ള ഫര്‍ളായ ഇന്ന നിസ്കാരമെന്ന് നിയ്യത്ത് വെച്ച് നിസ്കരിക്കുകയാണ് വേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.