നിസ്കാരത്തിൽ നിയ്യതിലോ ശർത്വിലോ സംശയം വന്നാൽ നിസ്കാരം ബാത്വിലാവുമോ? പെട്ടന്ന് തന്നെ ഈ സംശയം മാറിയാലോ? അത് പോലെ തക്ബീറതുൽ ഇഹ്റാമിൽ തക്ബീർ കഴിഞ്ഞ ഉടനെ സംശയം വരുകയും പെട്ടന്ന് തന്നെ തെറ്റൊന്നുമില്ലെന്ന് മനസ്സിലാവുകയും ചെയ്താൽ ബാത്വിലാവുമോ?
ചോദ്യകർത്താവ്
MUHAMMAD IQBAL M
Jan 1, 2021
CODE :Fiq10031
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വേണ്ടപോലെ ശ്രദ്ധ കേന്ദ്രീകരിക്കാതെ അശ്രദ്ധമായി നിസ്കാരം നിര്‍വഹിക്കുമ്പോഴും പിശാചിന്‍റെ ദുര്‍ബോധനം കാരണമുണ്ടാകുന്ന വസ്’വാസ് കാരണവുമാണ് ഇങ്ങനെ നിസ്കാരത്തില്‍ ഇടക്കിടെ സംശയം വരികയും അപ്പോള്‍ തന്നെ അത് നീങ്ങുകയും ചെയ്യുന്നത്. നിസ്കാരത്തിലെ ദിക്റുകളിലും ദുആകളിലും കൂടുതല്‍ ശ്രദ്ധ കൊടുത്തും സുജൂദിന്‍റെ സ്ഥാനത്തേക്ക് മാത്രം കണ്ണുകള്‍ പതിപ്പിച്ചും അല്ലാഹുവിനെ ഓര്‍ത്തു കൊണ്ടും നിസ്കാരത്തില്‍ കൂടുതല്‍ കോണ്‍സന്‍ട്രേഷന്‍ നല്‍കിയാല്‍ ഇത്തരം ശങ്കകള്‍ക്ക് പരിഹാരമാകും.
നിസ്കാരത്തിനിടയില്‍ നിയ്യത്തില്‍ സംശയം വരികയും ഒരു ഫര്‍ളായ റുക്ന് ചെയ്ത് തീരുന്ന സമയത്തിന് മുമ്പേ ആ സംശയം നീങ്ങുകയും ചെയ്താല്‍ നിസ്കാരം ബാത്വലാവില്ല. ഒരു ഫര്‍ള് ചെയ്യാവുന്ന സമയത്തിലധികം നേരം സംശയം നീണ്ടുനിന്നാല്‍ നിസ്കാരം ബാത്വിലാകുന്നതാണ് (ഫത്ഹുല്‍മുഈന്‍).
നിസ്കാരത്തിന്‍റെ നിയ്യത്ത്, തക്ബീറതുല്‍ ഇഹ്റാം എന്ന രണ്ട് ഫര്‍ളുകളും നിസ്കാരത്തിന്‍റെ 5 ശര്‍ത്തുകളും നിസ്കാരത്തിന്‍റെ ആരംഭം തന്നെ സാധുവാകാന്‍ അനിവാര്യമായവയായതിനാല്‍ ഇവയിലുള്ള സംശയം നീങ്ങാതിരിന്നാല്‍ നിസ്കാരം ബാത്വിലാവും. അശുദ്ധികളില്‍ നിന്ന് ശുദ്ധിയുണ്ടോ/നജസില്‍ നിന്ന് ശുദ്ധിയുണ്ടോ/ഖിബ്ലക്ക് മുന്നിട്ടു തന്നെയാണോ ഞാന്‍ നിസ്കരിക്കുന്നത്/ നിസ്കാരത്തിന്‍റെ സമയം ആയിട്ടുണ്ടോ എന്നീ സംശയങ്ങള്‍ നിസ്കാരത്തിനിടയില്‍ വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും വസ്’വാസ് ഇത്തരം സംശയങ്ങള്‍ക്ക് നിമിത്തമാവാറുണ്ട്. ഇത്തരം വസ്’വാസ് കൊണ്ട് നിസ്കാരത്തിന് ഭംഗം വരില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.