അസ്സലാമുഅലൈക്കും . 1 നമസ്കാരത്തിൽ സ്ത്രീകളുടെ ഔറത് മുഖവും മുൻകൈയും ഒഴിച്ചു ദേഹമാസകലമാണെന്നിരിക്കെ അവൾ മുഖവും മുൻകൈയും മറച്ചു നമസ്കരിക്കൽ കറാഹത്താണോ? അതോ അവളുടെ നമസ്കാരം ബാതിലാകുമോ? 2 നമസ്കാരത്തിൽ സ്ത്രീകൾ മക്കന നെറ്റി [അതായത് സുജ്ജൂദ് ചെയ്യുമ്പോൾ നിലത്തു തട്ടുന്ന ഭാഗം] മറയുന്ന രീതിയിലും കുപ്പായത്തിന്റെ കൈ കുഴയ്ക്ക് താഴേയ്ക്കും നീട്ടിയിട്ടാൽ നമസ്കാരം ബാഥ്വിലാവുകയോ കറാഹത്തിന്റെ ഗണത്തിൽ പെടുകയോ ചെയ്യുമോ ? 3 അതുപോലെ തന്നെ നമസ്കാര സന്ദർഭങ്ങളിലും അല്ലാത്തപ്പോഴും സ്ത്രീകൾ "അമ്മച്ചിക്കെട്ട് " കെട്ടുന്നതിന്റെ വിധിയെന്ത് ? അത് ഒട്ടകത്തിന്റെ പൂഞ്ഞ പോലെ മുകളിലേക്ക് ഉയർത്തൽ മാത്രമല്ലെ അനുവദനീയം അല്ലാത്തത്.പുറകിലേക്ക് തള്ളി നിൽക്കൽ തെറ്റാണോ ?
ചോദ്യകർത്താവ്
sumina beegam s
Jun 16, 2019
CODE :Fiq9323
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
- & 2. സ്ത്രീ നിസ്കാരത്തില്‍ മുഖവും മുന്‍കയ്യും മറക്കുമ്പോള്‍ പ്രശ്നം വരുന്നത് സുജൂദ് ചെയ്യുമ്പോള്‍ മാത്രമാണ്. നെറ്റിയില്‍ നിന്ന് അല്‍പം സുജൂദിന്റെ സ്ഥലത്ത് മറയില്ലാതെ വെളവായ അവസ്ഥയില്‍ തട്ടല്‍ നിര്‍ബ്ബന്ധമാണ്. അതിനാല്‍ നെറ്റി മറയും വിധം മക്കന ധരിച്ചു കൊണ്ടാണ് സുജൂദ് ചെയ്യുന്നത് എങ്കില്‍ ആ നിസ്കാരം ശരിയാകില്ല. അത് പോലെ മൂക്ക് സുജൂദിന്റെ സ്ഥലത്ത് മറയില്ലാതെ തട്ടല്‍ സുന്നത്താണ്. അതിനാല്‍ മുക്ക് മറയും വിധം മക്കന ധരിച്ചു കൊണ്ടാണ് സുജൂദ് ചെയ്യുന്നതെങ്കില്‍ ആ സുന്നത്ത് ലഭിക്കുകയില്ല.
രണ്ട് മുന്‍കയ്യിന്റേയും (ഉള്ളം കയ്യിന്റേയും വിരലുകളുടേയും) പള്ളയില്‍ നിന്ന് അല്‍പം സുജൂദ് ചെയ്യുന്ന സ്ഥലത്ത് വെക്കല്‍ നിര്‍ബ്ബന്ധമാണ്. അങ്ങനെ വെക്കുമ്പോള്‍ വസ്ത്രത്തിന്റേയോ മറ്റോ മറയില്ലാതെ വെളിവാക്കി വെക്കല്‍ സുന്നത്തുമാണ്. അതിനാല്‍ രണ്ടു മുന്‍കൈകളും മറച്ചു കൊണ്ടാണ് സുജൂദ് ചെയ്തതെങ്കില്‍ അത് കാരണം നിസ്കാരം ബാത്വിലാകില്ല, പക്ഷെ മറിയല്ലാതെ വെക്കുകയെന്ന സുന്നത്ത് ലഭിക്കുകയില്ല.(ഫത്ഹുല്‍ മുഈന്‍, തുഹ്ഫ, ഇആനത്ത്).
3. അത്തരം കെട്ടുകള്‍ അന്യ പുരഷന്മാര്‍ കാണും വിധമോ ഫിത്ന ഭയപ്പെടുന്ന മറ്റുു സന്ദര്‍ഭങ്ങളിലോ കെട്ടല്‍ നിഷിദ്ധമാണ്. എന്നാല്‍ മഹ്റമുകള്‍ക്കിടയിലോ സ്ത്രീകള്‍ക്കിടയിലോ ഫിത്ന ഭയപ്പെടാത്ത മറ്റു സാഹചര്യങ്ങളിലോ അഹംഭാവമോ ദുശ്ചിന്തകളോ ഇല്ലാതെ കെട്ടല്‍ അനുവദനീയമാണ്. ഭര്‍ത്താവിന് വേണ്ടി ഇതോ ഇതിലപ്പുുറമോ കെട്ടലും ഭംഗിയാകലും സുന്നത്തുമാണ് (സ്വിഹാഹുസ്സിത്തഃ, മുസ്നദ് അഹ്മദ്, മിന്‍ഹാജ്, അല്‍ഹാവീ, ശര്‍വ്വാനി.)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൌഫീഖ് പ്രദാനം ചെയ്യട്ടേ.