മറ്റു മദ്ഹബുകള്‍ പിന്തുടരുന്ന ആളെ പിന്തുടര്‍ന്ന് നിസ്കരിക്കാന്‍ പറ്റുമോ. ഞാന്‍ യു.എ.ഇയിലാണ്. ഇവിടെ പള്ളികളിലും മറ്റും ഇമാമുമാര്‍ അവസാന അത്തഹിയ്യാത്തില്‍ ഇരിക്കുന്നത് നടുവിലെ അത്തഹിയ്യാത്തിലെ ഇരുത്തം പോലെയാണ്. അതുപോലെ സുജൂദില്‍ അവരുടെ ഷാള്‍ നെറ്റിയില്‍ ഇറങ്ങിയാണ് കിടക്കുക. അപ്പോള്‍ സുജൂദ് ശാഫിഈ മദ്ഹബ് പ്രകാരം ശരിയല്ലല്ലോ. ഇതുപോലെയുള്ള പലതും ചെയ്യുന്നതുകൊണ്ട് അവരെ തുടരുന്നതിന്‍റെ വിധിയെന്ത്.
ചോദ്യകർത്താവ്
Mushthaque
Jul 25, 2019
CODE :Fiq9368
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇമാം മറ്റു മദ്ഹബുകാരനാണെങ്കിൽ മഅ്മൂമിന്റെ വിശ്വാസ പ്രാകാരം നിസ്കാരം ബാത്വിലാകുന്ന കാര്യം ഇമാം ചെയ്താൽ മഅ്മൂം ഉടൻ ഇമാമിൽ നിന്ന് വേർപിരിയുന്നുവെന്ന് നിയ്യത്ത് ചെയ്ത് ബാക്കി ഭാഗം ഒറ്റക്ക് നിസ്കാരിക്കണം. കാരണം ഇമാം അത്തരം കാര്യം ചെയ്യുന്നതോട് കൂടി മഅ്മൂമിന്റെ തുടർച്ച മുറിയും. ഇവിടെ ഇമാം അവസാനത്തെ അത്തഹിയ്യാത്തിലെ ഇരുത്തത്തിൽ മാറ്റം വരുത്തുന്നത് കൊണ്ട് നിസ്കാരം ബാത്വിലാകില്ല. തവർറുകിന്റെ ഇരുത്തം തന്നെ ഇരിക്കണമെന്നുള്ളത് സുന്നത്താണാണ്. അത് കൊണ്ട് ഇരുത്തിലെ ഈ മാറ്റം മഅ്മൂമിന്റെ നിസ്കാരത്തിന്റെ സാധുതയെ ബാധിക്കുന്നില്ല. അതേ സമയം നെറ്റി മുഴുവനും മറച്ചു കൊണ്ടാണ് ഇമാം സുജൂദ് ചെയ്യുന്നതെങ്കിൽ ആ നിസ്കാരം ശാഫിഈ ആയ മഅ്മൂമിന്റെ വിശ്വസത്തിൽ ശരിയാകില്ല. കാരണം ശാഫിഈ മദ്ഹബ് അനുസരിച്ച് സുജൂദ് ചെയ്യുമ്പോൾ നെറ്റിയിൽ നിന്ന് അൽപ ഭാഗം വസ്ത്രത്തിന്റേയോ മറ്റോ മറയില്ലാതെ നേരിട്ട് സുജൂദിന്റെ സ്ഥലത്ത് വെക്കൽ സുജൂദ് സ്വഹീഹാകാൻ നിർബ്ബന്ധമാണ്.. അല്ലെങ്കിൽ സുജൂദ് ശരിയാകില്ല. ഇമാം അങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മുഫാറഖത്തിന്റെ നിയ്യത്ത് ചെയ്ത് ബാക്കി ഭഗം ഒറ്റക്ക് നിസ്കരിക്കണം. (ബുജൈരിമി, മൻഹജ്, റൌള, ഫത്ഹുൽ മുഈൻ). അതു പോലെ സുജൂദിന്റെ സമയത്ത് നെറ്റി പൂർണ്ണായും സ്ഥിരമായി മൂടുന്ന വല്ല ഇമാമുമാരുമുണ്ടെങ്കിൽ അവരെ തുടരാൻ പാടില്ലെന്ന് വ്യക്തമാണല്ലോ..
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.