സൗദിയിൽ ചില ഇമാമുമാർ താടി ഡൈ ചെയ്ത കറുപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്ന ഇമാമിനെ തുടർന്ന് നിസ്കരിച്ചാൽ ശരിയാകുമോ ?
ചോദ്യകർത്താവ്
Sabah
Jul 31, 2019
CODE :Fiq9384
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
താടി കറുപ്പിക്കലിന്റെ നാലു മദ്ഹബുകളിലുമുള്ള വിധിയും താടി കറുപ്പിക്കുന്നത് കാരണം വുളൂഉം കുളിയും ശരിയാകുന്നതും ശരിയാകാത്തതുമായ സാഹര്യങ്ങളും മനസ്സിലാക്കാൻ FATWA CODE: Fiq8873 എന്ന ഭാഗം വായിക്കുക.
ചുരുക്കത്തിൽ ശാഫിഈ മ്ദഹബ് അനുസരിച്ച് താടി കറുപ്പിക്കൽ ഹറാം ആണ്. ഗൾഫ് രാജ്യങ്ങളിലുള്ള ഇമാമുമാരിൽ മറ്റു മദ്ഹബുകൾ സ്വീകരിക്കുന്നവരിൽ ചിലർ ഒരു പക്ഷേ ആ മദ്ഹബിൽ ഹറാമല്ല എന്ന കാരണത്താലാകും താടിയും മുടിയും കറുപ്പിക്കുന്നത്. പക്ഷേ FATWA CODE: Fiq8873 എന്ന ഭാഗത്ത് വിശദീകരിക്കപ്പെട്ടത് പോലെ മുടിയിൽ വെള്ളം ചേരാത്ത വിധമുള്ള കറുപ്പിക്കലാണ് അത്തരം ഇമാമുമാരുടെ പതിവെങ്കിൽ അവരെ തുടരാൻ പാടില്ല. കാരണം മഅ്മൂമിന്റെ വിശ്വാസത്തിൽ ഇമാം നിസ്കാരം ബാത്വിലാകുന്ന കാര്യം ചെയ്താൽ അതോട് കൂടി ഇമാമുമായുള്ള തുടർച്ച മുറിയും (ഫത്ഹുൽ മുഈൻ). പിന്നീട് ഒറ്റക്കേ നിസ്കരിക്കാൻ പാടുളളൂ. ഇത് നിസ്കാരത്തിനിടയിൽ സംഭവിച്ചാലുള്ള കാര്യമാണ്. ഇനി നിസ്കാരത്തിന് മുമ്പ് തന്നെ ഇമാമിന്റെ വുളൂഅ് ശരിയല്ല എന്ന് ഉറപ്പോ ഏകദേശ ഉറപ്പോ ഉണ്ടെങ്കിൽ തുടരാൻ തന്നെ പാടില്ല. അതേ സമയം സാധാരണ അവിടെയുള്ള ഇമാമുമാരിൽ ചിലർ അവരുടെ മദ്ഹബുകളിൽ താടി കറുപ്പിക്കൽ ഹറാമല്ലാത്തതിനാൽ കറുപ്പിക്കുന്ന വസ്തുവിന്റെ കളർ മാത്രം താടിയിൽ പിടിക്കും വിധമുള്ള കറുപ്പി്ക്കലാണ് നടത്തുന്നതെങ്കിൽ മറ്റുു ജമാഅത്തുകളൊന്നും ലഭിക്കാത്ത സാഹചര്യമാണെങ്കിൽ അവരെ തുടരാം. ഇത്തരം കാര്യങ്ങൾ ആ നാട്ടുകാരോടും ഇമാമുമാരോടു പോലും മാന്യമായും ഗുണകാംക്ഷയോടും കൂടി ചോദിച്ച് ഉറപ്പു വരുത്തുന്നതിൽ യാതൊരു ലജ്ജയും കാണിക്കേണ്ടതില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.