ഞാന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.ഞാന്‍ പോകുന്ന അധികം പള്ളികളിലും മറ്റും മെയിന്‍ ഇമാമുമാരുടെ പോലും ഞെരിയാണിക്കു താഴെ വസ്ത്രം ഇറങ്ങിയിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന ഇമാമിനെ തുടർന്ന് നിസ്കരിച്ചാൽ ശരിയാകുമോ ? പിന്തുടര്‍ന്ന് നിസ്കരിക്കാന്‍ പറ്റുമോ? ഞെരിയാണിക്കു താഴെ വസ്ത്രം ഇറക്കുന്നവന്‍ നരഗത്തിലാണോ? ഇതിന്‍െറ പേരില്‍ എന്നും ജമാഅത്തും ജുമുഅയും ഒഴിവാക്കണോ?

ചോദ്യകർത്താവ്

Tholhath

Aug 11, 2019

CODE :Fiq9399

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.

അഹങ്കാരത്തോടെ ഞെരിയാണിക്ക് താഴെ വസ്ത്രം താഴ്ത്തുന്നത് വലിയ പാപമാണ്. അങ്ങനെ വസ്ത്രം ധരിക്കുന്ന വസ്ത്രം നരകത്തിലാണ് എന്ന് നബി (സ) നമുക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട് (ബുഖാരി). വസ്ത്രം നരകത്തിലാണ് എന്നതിന് അർത്ഥം ആ വസ്ത്രം ധരിക്കുന്നവൻ നരകത്തിലാണ് എന്നാണ്.

എന്നാൽ അഹങ്കാരത്തിന്‍റെ ഭാഗമല്ലാതെ അശ്രദ്ധമൂലം വസ്ത്രം ഞെരിയാണിക്ക് താഴെയിറങ്ങുന്നത് മേൽ പറഞ്ഞതിൽ പെടുകയില്ല. ഞെരിയാണിക്കു മുകളിൽ, കാലിന്‍റെ മധ്യത്തിലായിരുന്നു റസൂൽ (സ) യുടെ തുണി.

ഞെരിയാണിക്കു താഴെ വസ്ത്രം താഴ്ത്തൽ നിസ്കാരത്തിലും നിസ്കാരത്തിനു പുറത്തും ഒരു പോലെ കുറ്റകരമാണ്. പക്ഷേ, അത് നിസ്കാരം ബാഥിലാകുന്ന കാര്യങ്ങളിൽ പെട്ടതല്ല. ആയതിനാൽ ഞെരിയാണിക്ക് താഴെ വസ്ത്രം ധരിച്ച് നിസ്കരിക്കുന്നവന്‍റെ പിന്നിൽ നിസ്കരിച്ചാൽ അത് ശരിയാകുന്നതാണ്.

അഹങ്കാരവും പ്രൊഢിയും കാണിക്കാനായി പരസ്യമായി സ്ഥിരം വസ്ത്രം ഞെരിയാണിക്കു താഴെ വലിച്ചിഴക്കുന്നവൻ ആണെങ്കിൽ, അവൻ ഫാസിഖിന്‍റെ ഗണത്തിൽ പെടും. ഫാസിഖിനെ തുടർന്ന് നിസ്കരിക്കുന്നത് കറാഹത്താണ്.

ചോദ്യത്തിൽ പറഞ്ഞത് അനുസരിച്ച് ഈ ഇമാമുകളെ ഫാസിഖുകളായി മനസ്സിലാക്കാവതല്ല. അതിനാൽ അവരെ തുടർന്ന് നിസ്കരിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. ആ കാരണത്താൽ മാത്രം ജുമുഅയും ജമാഅത്തും ഉപേക്ഷിക്കുകയും ചെയ്യരുത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.

 

ASK YOUR QUESTION

Voting Poll

Get Newsletter