ഇമാം ആയി നിൽക്കാനുള്ള യോഗ്യത എന്തൊക്കെയാണ്?ഇമാമായി നിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ചോദ്യകർത്താവ്
Saleem
Dec 19, 2019
CODE :Fiq9531
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കാരം തെറ്റുകൂടാതെ നിര്‍വഹിക്കുന്ന ആര്‍ക്കും ഇമാമായി നില്‍ക്കാവുന്നതാണ്.
ഇമാമായി നില്‍ക്കാനുള്ള പ്രത്യേകയോഗ്യതകളൊന്നും ഇല്ലെങ്കിലും പല സാഹചര്യങ്ങളിലും ഇമാം നില്‍ക്കാന്‍ കൂടുതല്‍ യോഗ്യരായവരെ കുറിച്ചും ചില പ്രത്യേക കാരണങ്ങളാല്‍ ഇമാമായി നിസ്കരിക്കാന്‍ പറ്റാത്തവരെ കുറിച്ചും ചില പ്രത്യേകവിശേഷണങ്ങളുള്ളവരെ തുടരല്‍ ഗുണമല്ലെന്നുമെല്ലാം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
ജമാഅത്തായുള്ള നിസ്കാരത്തിന്‍റെ പവിത്രത, അതിന്‍റെ മര്യാദകള്‍, കറാഹത്തുകള്‍, ഫലം നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍, തുടങ്ങിയ ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇമാമിന്‍റെ യോഗ്യതകളും അയോഗ്യതകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ഇമാം നില്‍ക്കാന്‍ ഏറ്റവും യോഗ്യന്‍ ഏറ്റവും കൂടുതല്‍ കര്‍മശാ്സത്രം അറിയുന്നവനാണ്. പിന്നീട് കൂട്ടത്തിലെ ഭയഭക്തനും ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ ഓതാനറിയുന്നവനും ഇസ്ലാമില്‍ ഏറ്റവും കൂടുതല്‍ കാലപ്പഴക്കമുള്ളവനുമാണ് യഥാക്രമം മുന്തിക്കപ്പെടേണ്ടത്.
ഇമാം പുത്തന്‍വാദക്കാരനോ തെമ്മാടിയോ ആണെങ്കില്‍ ആ ജമാഅത്തിനേക്കാള്‍ ഉത്തമം ഒറ്റക്ക് നിസ്കരിക്കലാണ്. പുത്തന്‍വാദികളാണെങ്കിലും ഇസ്ലാമില്‍ നിന്ന് പുറത്ത് പോവാത്തവരെകുറിച്ചാണ് മേല്‍പറഞ്ഞത്. പുത്തന്‍വാദം മൂലം ഇസ്ലാമില്‍ നിന്ന് പുറത്തുപോയവരെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുകയില്ല.
ഫാതിഹ തെറ്റുകൂടാതെ ഓതാനറിയുന്നവന് തെറ്റോടുകൂടെ ഓതുന്നവനെ തുടര്‍ന്ന് നിസ്കരിക്കാന്‍ പറ്റില്ല. കാരണം മഅ്മൂമ് ഇമാമിനെ റുകൂഇലാണ് എത്തിക്കുന്നതെങ്കില്‍ മഅ്മൂമിന്‍റെ ഫാതിഹകൂടി ചുമക്കാന്‍ ഇവന് അര്‍ഹതയില്ല.
വിക്ക് കാരണം അക്ഷരങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നവരെ തുടരല്‍ കറാഹത്താണ്.
ഓതുമ്പോള്‍ അര്‍ത്ഥം തെറ്റാത്ത രൂപത്തിലുള്ള പിഴവകുള്‍ വരുത്തുന്നവരെ തുടരല്‍ കറാഹത്താണ്. അര്‍ത്ഥം തെറ്റിക്കുന്ന രൂപത്തിലുള്ള പിഴവ് വരുത്തുന്നവരെ ഇമാമാക്കാന്‍ പറ്റില്ല.
സമയത്ത് നിസ്കരിക്കുകകയും നിസ്കാരത്തിലെ അപൂര്‍ണത കാരണം പിന്നീട് മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമുള്ളവരുമായ ആളുകളെ ഇമാമാക്കി നിസ്കരിക്കാന്‍ പറ്റില്ല. ഉദാഹരണത്തിന് തയമ്മും ചെയ്ത് നിസ്കരിക്കുന്നവര്‍ പിന്നീട് മടക്കിനിസ്കരിക്കേണ്ടവരാണെങ്കില്‍ അവരെ ഇമാമാക്കാന്‍ പറ്റില്ലെന്ന് സാരം.
നിസ്കാരത്തിന്‍റെ സാധുതക്ക് വിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ നിസ്കാരത്തില്‍ ചെയ്യുന്നവനെ ഇമാമാക്കി നിസ്കരിക്കാന്‍ പറ്റില്ല.
മേല്‍പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്ന്, പ്രത്ര്യേകസാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ഇമാമാവാന്‍ ചിലരെ യോഗ്യരും അയോഗ്യരുമാക്കുന്നു എന്ന് മനസിലാക്കാം.
ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഇമാമും മഅ്മൂമും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ പേജുകളോളം ചര്‍ച്ച ചെയ്ത വിഷയമാണിത്.
ഇമാമിന് ജമാഅത്തിന്‍റെ പ്രതിഫം ലഭിക്കണമെങ്കില്‍ ഇമാമായി നിസ്കരിക്കുന്നുവെന്ന നിയ്യത്ത് നിസ്കാരത്തിന്‍റെ നിയ്യത്തോടൊപ്പം കരുതണം എന്നത് വളരെ പ്രധാനമാണ്. നിസ്കാരത്തിനിടയില്‍ വെച്ച് ജമാഅത്തിന്‍റെ നിയ്യത്ത് വെച്ചാല്‍ അവിടം മുതല്‍ പ്രതിഫലം ലഭിക്കും. ജുമുഅയില്‍ ഇമാം ഈ നിയ്യത്ത് വെക്കല്‍ നിര്‍ബന്ധവുമാണ്.
ജമാഅത്ത് നിസ്കാരത്തെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ, ഇവിടെ സന്ദര്‍ശിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.