പുരുഷനു പിന്നില്‍ അന്യസത്രീകൾ ജമാഅത്തായി നിസ്കരിക്കുമ്പോള്‍ തുണികൊണ്ടൊ മറ്റോ മറ വേണോ? പള്ളിയിലാണെങ്കിലും വീട്ടിലാണെങ്കിലും മാറ്റമുണ്ടോ? മയ്യത്ത് നിസ്കാരമാണെങ്കില്‍ വിധിയെങ്ങനെയാണ്?

ചോദ്യകർത്താവ്

Saleem

Mar 30, 2020

CODE :Fiq9660

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പുരുഷന് പിന്നില്‍ സ്ത്രീകള്‍ ജമാഅത്തായി നിസ്കരിക്കുമ്പോള്‍ എങ്ങനെയാണ് സ്വഫ് ക്രമപ്പെടുത്തേണ്ടത് എന്നത് ഗ്രന്ഥങ്ങളില്‍ കാണാം. അവിടെ അന്യസ്ത്രീകളാണെങ്കിലും മഹ്റമുകളാണെങ്കിലും ഭാര്യയാണെങ്കിലും വിധിക്ക് മാറ്റമില്ല.

സ്ത്രീ പുരുഷന് പിന്നില്‍ ജമാഅത്തായി നിസകരിക്കുമ്പോള്‍ പ്രത്യേകരീതിയില്‍ സ്വഫ് ക്രമപ്പെടുത്തണമെന്നതിലെ ഉദ്ദേശ്യം സ്ത്രീയും പുരുഷനും തമ്മിലുള്ള കൂടിക്കലരല്‍ ഒഴിവാക്കാനും ശരീഅത്ത് നിര്‍ദേശിച്ച ഹിജാബ് ശ്രദ്ധിക്കാനും വേണ്ടിയാണ്.

പുരുഷന് പിന്നില്‍ സ്ത്രീ തുടര്‍ന്ന് നിസ്കരിക്കുമ്പോള്‍ മൂന്ന് മുഴത്തിനേക്കാള്‍ പിന്തി നില്‍ക്കലാണ് നല്ലതെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അഥവാ ഇമാമിനും മഅ്മൂമിനുമിടയില്‍/സ്വഫുകള്‍ക്കിടയില്‍ മൂന്ന് മുഴത്തേക്കാള്‍ കൂടുതല്‍ അകലമുണ്ടാവരുതെന്ന പൊതുനിയമം ഇവിടെ ബാധകമല്ലെന്ന് സാരം.

ജമാഅത്തായി നിസ്കാരം നടക്കുമ്പോള്‍ ഇമാമിനും മഅ്മൂമുകള്‍ക്കുമിടയിലും അതുപോലെ സ്വഫുകള്‍ക്കിടയിലും ഇമാമിനെ കാണാതെയും നീക്കുപോക്കുകള്‍ അറിയാതെയുമാക്കുന്ന മറ ഇല്ലാതിരിക്കുകയാണ് വേണ്ടത്.

പള്ളിയല്ലാത്ത സ്ഥലത്ത് ജമാഅത്തായി നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഖിബ്ല പിന്നിലായി വരാതെ സാധാരണരീതിയില്‍ ഇമാമിലേക്കെത്തെച്ചേരാനുള്ള സൌകര്യമുള്ളിടത്തേ തുടരാന്‍ പറ്റൂ (ഇമാമിലേക്കെത്താനുള്ള വഴി മഅ്മൂമിന്‍റെ മുന്നിയായിരിക്കണമെന്നര്‍ത്ഥം). ഒന്നുകില്‍ ഇമാമിനെയോ അല്ലെങ്കില്‍ ഇമാമിന്‍റെ അതേ റൂമില്‍ നില്‍ക്കുന്നവരെയോ കാണുകയും വേണം. ഈ കാണലിന് ഭംഗം വരുന്ന തരത്തില്‍ മറയോ ചുമരോ ഉള്ളിടത്ത് മറക്കുപിന്നിലേക്കോ മറ്റു റൂമിലേക്കോ ഉള്ള പ്രവേശനകവാടത്തില്‍ ഇമാമിനെയോ ഇമാമിന്‍റെ റൂമിലുള്ളവരെയോ കാണാന്‍ കഴിയുന്ന വിധത്തില്‍ ഒരാള്‍ നിന്നാല്‍ അയാളുടെ പിന്നിലുള്ളവര്‍ക്കും മറക്കുപിന്നിലോ മറ്റു റൂമിലോ നിന്നുകൊണ്ട് ഇമാമിനെ തുടരാം. ജനവാതില്‍ വഴി മറ്റൊരു റൂമിലുള്ള ഇമാമിനെ കാണുന്നത് മാത്രം കൊണ്ട് തുടരാന്‍ പറ്റില്ല. വാതില്‍ അടക്കുക, വാതിലില്‍ വിരി തൂക്കുക പോലോത്തത് കൊണ്ട് ഇമാമിനെയോ ഇമാമിന്‍റെ റൂമിലുള്ളവരെയോ കാണാന്‍ കഴിയാതായാല്‍ തുടര്‍ച്ച ശരിയാവില്ല.

എന്നാല്‍ ഇമാമും മഅമൂമും പള്ളിയിലാണെങ്കില്‍ ഇമാമിന്‍റെയടുത്തേക്ക് സാധാരണഗതിയില്‍ എത്തിപ്പെടാനുള്ള സൌകര്യം മഅ്മൂമിന് ഉണ്ടായാല്‍ മതി. വഴി പിന്നിലൂടെയായാലും കുഴപ്പമില്ല.

ചുരുക്കത്തില്‍ ഇമാമിനും മഅ്മൂമിനുമിടയില്‍ മറയില്ലാതിരിക്കുകയാണ് വേണ്ടതെന്ന് മനസിലായല്ലോ. ഫര്‍ള് നിസ്കാരമായാലും സുന്നത് നിസ്കാരമായാലും മയ്യിത്ത് നിസ്കാരമായാലും എല്ലാം ഇതുതന്നെയാണ് മസ്അല.

സ്ത്രീകള്‍ പുരുഷനെ തുടരുമ്പോള്‍ അകലവും ഹിജാബും ശ്രദ്ധിക്കാന്‍ മറയോ മറ്റോ സജീകരിക്കുന്നുവെങ്കിലും മേല്‍പറഞ്ഞ നിബന്ധനകള്‍ എല്ലാം പാലിക്കേണ്ടതാണ്. ഇമാമിനെ കാണാന്‍ കഴിയണമെന്നത് തുടരല്‍ ശരിയാകാനുള്ള നിബന്ധനയാണെന്ന് പറഞ്ഞതില്‍ നിന്ന് അത്തരം ഒരു മറയുടെ അനിവാര്യതയില്ലെന്ന് ബോധ്യപ്പെട്ടല്ലോ.

പുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് ജമാഅത്തായി നിസ്കരിക്കുമ്പോള്‍ പരസ്പരം കൂടിക്കലരല്‍ ഒഴിവാക്കുന്നതിന് വേണ്ടി ശരീഅത്ത് വിവരിച്ച സ്വഫ് കെട്ടുന്ന രീതി കൂടി ഇതോടൊപ്പം മനസിലാക്കാം.

പുരുഷനായ ഇമാമിന്‍റെ പിന്നില്‍ ഒരു സ്ത്രീ മാത്രം നിസ്കരിക്കുമ്പോള്‍ ഇമാമിന്‍റെ നേരെ പിന്നിലായി അകലം പാലിച്ചാണ് അവള്‍ നില്‍ക്കേണ്ടത്. ഒരു പുരുഷന്‍റെ പിന്നില്‍ (പുരുഷന്മാരില്ലാതെ) കുറേ സ്ത്രീകള്‍ തുടര്‍ന്ന് നിസ്കരിക്കുമ്പോള്‍ അവരെല്ലാവരും ഒന്നിച്ച് ഒറ്റസ്വഫായി നില്‍ക്കണം.

ഇനി ഒരു പുരുഷന്‍റെ പിന്നില്‍ ഒരു പുരുഷനും ഒരു സ്ത്രീയും മാത്രമാണ് നിസ്കരിക്കുന്നതെങ്കില്‍ ഇമാമിന്‍റെ വലതുഭാഗത്ത് അല്‍പം പിന്നിലായി പുരുഷനായ മഅ്മൂമും ആ പുരുഷനായ മഅ്മൂമിന്‍റെ നേരെപിന്നില്‍ അകലം പാലിച്ച് സ്ത്രീയും നില്‍ക്കുകയാണ് വേണ്ടത്.

കുറേ പുരുഷന്മാരും ഒരു സ്ത്രീയുമാകുമ്പോള്‍ പുരുഷന്മാര്‍ ഇമാമിന്‍റെ പിന്നില്‍ സ്വഫായി നില്‍ക്കുകയും സ്ത്രീ പുരുഷന്മാരുടെ പിന്നില്‍ മറ്റൊരു സ്വഫിലായി നില്‍ക്കുകയുമാണ് വേണ്ടത്. കുറേ പുരുഷന്മാരും കുറേ സ്ത്രീകളും ഉണ്ടാകുമ്പോഴും പുരുഷന്മാര്‍ ഇമാമിന്‍റെ പിന്നില്‍ സ്വഫായി നില്‍ക്കുകയും അവരുടെ പിന്നില്‍ സ്ത്രീകള്‍ വേറെ സ്വഫ് കെട്ടുകയുമാണ് വേണ്ടത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter