ഹനഫി മദ്ഹബിലും ഷാഫിഈ മദ്ഹബിലും ഖുനൂതിന്‍റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതെങ്ങനെ? ഖുനൂത്തിൽ ഓതുന്ന ദുആയും മാറ്റമാണല്ലോ?

ചോദ്യകർത്താവ്

അബ്ദുൽ ഫത്താഹ്

Mar 31, 2020

CODE :Fiq9663

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മദ്ഹബുകള്‍ തമ്മില്‍ ശാഖാപരമായ വിഷയങ്ങളില്‍ പലയിടങ്ങളിലായി അഭിപ്രായവ്യത്യാസം കാണാം. ഖുനൂത്ത് എന്നു മാത്രമല്ല, അത്തരം അഭിപ്രായാന്തരം എവിടെയൊക്കെയുണ്ടോ അതിന്‍റെയൊക്കെ മൂലകാരണം ഒന്നുതന്നെയാണ്. അത്തരം അഭിപ്രായവ്യത്യാസങ്ങള്‍ ശറഇന് വിരുദ്ധമല്ലെന്നു മാത്രമല്ല, ശറഇന്‍റെ സരളതയും അടിസ്ഥാനപരമായ ഏകോപനത്തോടൊപ്പം എല്ലാം ഉള്‍ക്കൊള്ളാനുള്ള വിശാലതയും മനസിലാക്കിത്തരുന്നതാണ്.

മതവിധികളെ സംബന്ധിച്ച് വ്യക്തമായ ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നതിനായി നിബന്ധനകള്‍ ഒത്തിണങ്ങിയ ഒരു കര്‍മശാസ്ത്രപണ്ഡിതന്‍ തെളിവുകള്‍ പരിശോധിക്കുന്നതില്‍ അയാളുടെ മുഴുവന്‍ കഴിവുകളുമുപയോഗിക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത്(ജംഉല്‍ജവാമിഅ്(

ഒരു മുജ്തഹിദ് ഖുര്‍ആനിലും ഹദീസിലും ഇജ്തിഹാദ് ചെയ്ത് ഉന്നയിക്കുന്ന അഭിപ്രായമാണ് മദ്ഹബ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സ്വഹാബാക്കള്‍, താബിഉകള്‍, താബിഉത്താബിഉകള്‍ എന്നിവരുടെ കാലങ്ങളില്‍ അനേകം മദ്ഹബുകള്‍ ഉണ്ടായിരുന്നെങ്കിലും കാലാന്തരത്തില്‍് അവയുടെ അനുയായികള്‍ ചുരുങ്ങിവരികയും അവസാനം നാമമാത്രമായി മാറുകയും ചെയ്തപ്പോള്‍ നിസ്വാര്‍ത്ഥരായ അനുയായുകളിലൂടെ നാല് മദ്ഹബുകള്‍ ക്രോഡീകരിക്കപ്പെടുകയും അവ എല്ലാ മേഖലകളിലും കൃത്യമായ കാഴ്ചപ്പാടോടെ അവശേഷിക്കുകയും ചെയ്തുവെന്നതാണ് സത്യം.

മദ്ഹബുകള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെ ആഴത്തില്‍ മനസിലാക്കാന്‍ ഉസൂലുല്‍ഫിഖ്ഹ് (നിദാനശാസ്ത്രം) പഠിക്കേണ്ടതുണ്ട്. ഖുര്‍ആനിലും ഹദീസിലും മറ്റു എല്ലാ വിജ്ഞാന ശാഖകളിലും വേണ്ടത്ര അവഗാഹമുള്ള മുജ്തഹിദുകള്‍, വ്യക്തമായ വിധി വരാത്ത പ്രശ്നങ്ങളില്‍ പ്രത്യേക നിദാനശാസ്ത്രപ്രകാരം ഗവേഷണം നടത്തുകയായിരുന്നു. ഈ നിദാനശാസ്ത്രമാണ് വിവിധ അഭിപ്രായങ്ങളില്‍ അവരെ കൊണ്ടെത്തിക്കുന്നത്. അവര്‍ എത്തിപ്പെട്ട അഭിപ്രായങ്ങളെല്ലാം പ്രഥമദൃഷ്ടിയാ നമുക്ക് വിരുദ്ധമെന്ന് തോന്നുന്നുവെങ്കില്‍ പോലും അവയെല്ലാം ശരിയാണെന്നതാണ് വാസ്തവം.

ഒരേ സമയം എല്ലാം ശരിയാവുന്നത് എങ്ങനെ എന്ന് നമുക്ക് അല്‍ഭുതം തോന്നിയേക്കാം. പ്രവാചകരുടെ കാലത്ത് നടന്ന ഒരു സംഭവം ഈ സംശയം ദൂരീകരിക്കാതിരിക്കില്ല. ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, അഹ്സാബിലെ ശത്രുസൈന്യം പിരിഞ്ഞുപോയ ശേഷം യാത്ര പുറപ്പെട്ട അനുചരരോട് റസൂല്‍ (സ) പറഞ്ഞു, ബനൂഖുറൈള ഗോത്രത്തിലെത്തിയിട്ടല്ലാതെ ആരും അസ്ര്‍ നിസ്കരിക്കരുത്. യാത്രക്കിടെ അസ്ര്‍ നിസ്കാരത്തിന്‍റെ സമയം കഴിയുമെന്നായപ്പോള്‍, നിസ്കാരം ഖളാആവരുതല്ലോ എന്ന് കരുതി, റസൂല്‍ (സ) ഉദ്ദേശിച്ചത് എത്രയും വേഗം അവിടെയെത്തണമെന്നാണെന്ന് മനസ്സിലാക്കി, ചിലര്‍ വഴിയില്‍ വെച്ച് തന്നെ നിസ്കാരം നിര്‍വ്വഹിച്ചു. മറ്റുള്ളവര്‍, പ്രവാചകരുടെ കല്‍പന അക്ഷരം പ്രതി പാലിച്ച് അസ്ര്‍ നിസ്കരിക്കാന്‍ പോലും നില്‍ക്കാതെ യാത്ര തുടര്‍ന്നു. ശേഷം വിവരം നബിതങ്ങളുടെ അടുത്തെത്തിയപ്പോള്‍, ഇരു വിഭാഗത്തെ അംഗീകരിക്കുകയാണ് റസൂല്‍ (സ) ചെയ്തത്. കര്‍മ്മപരമായ കാര്യങ്ങളില്‍, വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാം എന്നതിന്‍റെ അടിസ്ഥാനമായി ഇതിനെ കാണാമല്ലോ.

ഒരു വിഷയത്തില്‍ മദ്ഹബിന്‍റെ ഇമാമുമാര്‍ക്കിടയിലുള്ള വ്യത്യസ്ഥവീക്ഷണങ്ങളെ പൊക്കിപ്പിടിച്ച് മദ്ഹബ് വിരോധികള്‍ സാധാരണക്കാര്‍ക്കിടയില്‍ അങ്കലാപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കാറുണ്ട്. എന്‍റെ അനുയായികളിലെ (മുജ്തഹിദുകളുടെ) അഭിപ്രായവ്യത്യാസം ജനങ്ങൊള്‍ക്കനുഗ്രഹമാണ് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്(ബൈഹഖീ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter