വിഷയം: തറാവീഹ് നിസ്ക്കാരം അമിതവേഗത്തില്‍
സാധാരണ ഫർള് നിസ്ക്കാരം നിസ്ക്കരിക്കുന്ന പോലെ അല്ലെ സുന്നത്ത് നിസ്ക്കാരങ്ങളും നിർവഹിക്കേണ്ടത്? താറാവീഹ് അടക്കമുള്ള സുന്നത്ത് നിസ്ക്കാരങ്ങൾ നിർവഹിക്കുമ്പോൾ ജമാഅത്തായി ആണെങ്കിലും ഒറ്റക്കാണെങ്കിലും വേഗത്തിലും അത്ര ശ്രദ്ധ ഇല്ലാതെയും നിസ്ക്കരിക്കുന്നത് കാണുന്നു. അത് ശരിയാണോ?
ചോദ്യകർത്താവ്
Muhammad
May 13, 2020
CODE :Fiq9803
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഫര്‍ള് നിസ്കാരമാണെങ്കിലും സുന്നത്ത് നിസ്കാരമാണെങ്കിലും നല്ല ശ്രദ്ധയോടെയും ഭയഭക്തിയോടെയും തന്നെയാണ് നിസ്കരിക്കേണ്ടത്. ഒറ്റക്ക് നിസ്കരിക്കുമ്പോഴും ജമാഅത്തായി നിര്‍വഹിക്കുമ്പോഴുമെല്ലാം ഇങ്ങനെതന്നെയാണ് വേണ്ടത്.
പക്ഷികള്‍ കൊത്തിപ്പെറുക്കുന്നതുപോലെ സുജൂദും റുകൂഉം അമിതവേഗതയില്‍ നിര്‍വഹിച്ച് നിസ്കരിക്കുന്നവര്‍ മുനാഫിഖുകളാണെന്ന് ഹദീസിലുണ്ട്.
ഒറ്റക്ക് നിസ്കരിക്കുമ്പോള്‍ പരമാവധി നിസ്കാരം നീട്ടിനിസ്കരിക്കലാണ് ഉത്തമം. ജമാഅത്തായി നിസ്കരിക്കുമ്പോള്‍ മഅ്മൂമുകള്‍ക്ക് പ്രയാസകരമാകാത്ത വിധം ചെറിയ സൂറത്തുകളോതി നിസ്കാരം മധ്യമരൂപത്തിലാണ് നിര്‍വഹിക്കേണ്ടതെങ്കിലും ഇബാദത്തിന്‍റെ അകക്കാമ്പ് നഷ്ടപ്പെടും വിധം അമിതവേഗതയില്‍ നിര്‍വഹിച്ച് കടമതീര്‍ക്കുന്നത് ശരിയല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.