വിഷയം: കൊറോണ കാലത്തെ പെരുന്നാള്‍ നിസ്കാരം
പെരുന്നാളാണല്ലോ വരുന്നത്. പള്ളികള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്കാരങ്ങളും നടക്കാന്‍ സാധ്യതയില്ലല്ലോ. ആയതിനാല്‍ അത് വീട്ടില്‍ വെച്ച് നിസ്കരിക്കാമോ, എങ്കില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
ചോദ്യകർത്താവ്
ANSIL
May 15, 2020
CODE :Fiq9808
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വളരെ പ്രധാനപ്പെട്ട സുന്നത് നിസ്കാരമാണ് രണ്ട് പെരുന്നാള്‍ നിസ്കാരങ്ങള്‍ (ചെറിയ പെരുന്നാളെന്ന ഈദുല്‍ഫിത്റും വലിയ പെരുന്നാളെന്ന ഈദുല്‍ അദ്ഹായും). സുന്നത്ത് നിസ്കാരങ്ങളില്‍വെച്ച് ഏറ്റവും അഫ്ളലായ നിസ്കാരങ്ങളാണ് രണ്ട് പെരുന്നാള്‍ നിസ്കാരങ്ങള്‍. പെരുന്നാള്‍ ദിവസം സൂര്യന്‍ ഉദിച്ചത് മുതല്‍ ളുഹ്റ് വരെയാണ് ഇതിന്റെ സമയം. സൂര്യനുദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞ ശേഷമാണ് ഉത്തമമായ സമയം തുടങ്ങുന്നത്. ളുഹ്റ് സമയം ആയാല്‍ പിന്നെ, അത് ഖളാഅ് ആയാണ് പരിഗണിക്കപ്പെടുക, യഥാസമയത്ത് നിര്‍വ്വഹിക്കാന്‍ കഴിയാത്തവര്‍ക്ക് പെരുന്നാള്‍ നിസ്കാരം ഖളാഅ് വീട്ടലും സുന്നതാണ് (നിര്‍ണ്ണിത സമയമുള്ള എല്ലാ സുന്നത് നിസ്കാരങ്ങള്‍ക്കും ഇത് ബാധകമാണ്).
പെരുന്നാള്‍ നിസ്കാരത്തിന്‍റെ നിയ്യത്ത് വെച്ച് സാധാരണ പോലെയുള്ള രണ്ട് റക്അത് സുന്നത് നിസ്കാരം നിര്‍വഹിക്കലാണ് പെരുന്നാള്‍നിസ്കാരത്തിന്‍റെ ഏറ്റവും ചുരുങ്ങിയ രൂപം. പൂര്‍ണരൂപം താഴെ വിശദീകരിക്കാം.
സുന്നതായ ചെറിയ പെരുന്നാള്‍ നിസ്കാരം, രണ്ട് റക്അത് ഖിബ്‍ലക്ക് മുന്നിട്ട് അല്ലാഹു തആലാക്ക് വേണ്ടി ഞാന്‍ നിസ്കരിക്കുന്നു എന്നാണ് നിയ്യത് ചെയ്യേണ്ടത്. (ജമാഅതാണെങ്കില്‍ ഇമാമായി എന്നോ ഇമാമിനോട് കൂടി എന്നോ ചേര്‍ക്കലും സുന്നതാണ്). ശേഷം തക്ബീറതുല്‍ ഇഹ്റാമോട് കൂടി സാധാരണ പോലെ കൈ കെട്ടുക, എന്നിട്ട് ദുആഉല്‍ഇഫ്തിതാഹ് (വജ്ജഹ്തു..) ഓതുക. ശേഷം 7 പ്രാവശ്യം തക്ബീര്‍ (അല്ലാഹു അക്ബര്‍) ചൊല്ലുക, തക്ബീറുകള്‍ക്കിടയില്‍ سُبحَانَ الله والحمْدُ لله وَلاَ الهَ الاّ اللهُ واللهُ أكبر എന്ന് ചൊല്ലുക. ഈ തക്ബീറുകള്‍ സുന്നതാണ്, അഥവാ, മറന്നുപോയാല്‍ നിസ്കാരത്തിന്റെ സാധുതയെ ബാധിക്കില്ല, സഹ്‍വിന്റെ (മറവിയുടെ) സുജൂദ് ചെയ്യേണ്ടതുമില്ല. ശേഷം സാധാരണപോലെ ഫാതിഹയും സൂറതും ഓതുക. ഒന്നാം റക്അതില്‍ സൂറതുഖാഫ്, സൂറതുല്‍ അഅ്‍ലാ (സബ്ബിഹിസ്മറബ്ബിക) എന്നിവയിലൊന്നും രണ്ടാം റക്അതില്‍ സൂറതുല്‍ഖമര്‍ (ഇഖ്തറബത്), സൂറതുല്‍ ഗാശിയ (ഹല്‍അതാക) എന്നിവയിലൊന്നും ഓതലാണ് സുന്നത്. ശേഷം സാധാരണ പോലെ റുകൂഉം സുജൂദും ചെയ്യുക. രണ്ടാം റക്അതിലേക്ക് എണീറ്റ ശേഷം, ഒന്നാം റക്അതിലെ പോലെത്തന്നെ 5 തക്ബീറുകള്‍ ചൊല്ലുക, ശേഷം ആ റക്അതും പൂര്‍ത്തിയാക്കുക. അതോടെ നിസ്കാരം പൂര്‍ത്തിയായി. ജമാഅതായി നിസ്കരിക്കുമ്പോള്‍, നിസ്കാരത്തിന് ശേഷം രണ്ട് ഖുതുബ ഓതല്‍ പ്രത്യേകം സുന്നതാണ്, നിര്‍ബന്ധമില്ല. അതേസമയം ഒറ്റക്ക് നിസ്കരിക്കുന്ന വേളയില്‍ ഖുതുബ ഓതല്‍ സുന്നതില്ല താനും.
പെരുന്നാള്‍ നിസ്കാരത്തിന്‍റെ ഖുതുബക്ക് ജുമുഅയുടെ ഖുതുബയുടെ പല നിബന്ധനകളും ബാധകമല്ല. സ്വദേശികളായ നാല്‍പത് പേരുണ്ടാകണമെന്നില്ല. വീട്ടില്‍വെച്ച് ജമാഅത്തായി പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുന്നവര്‍ക്കും ഖുതുബ നിര്‍വഹിക്കാമെന്ന് സാരം.
പെരുന്നാള്‍നിസ്കാരം ജുമുഅ നിസ്കാരം പോലെ ഉറക്കെ (ജഹ്റ്) ഓതിയാണ് നിര്‍വഹിക്കേണ്ടത്.
പെരുന്നാള്‍ നിസ്കാരം ജമാഅത്തായി നിര്‍വഹിക്കലാണുത്തമമെങ്കിലും ബാങ്കും ഇഖാമതും സുന്നത്തില്ല. പകരം നിസ്കാരം ആരംഭിക്കുന്നതിന് മുമ്പ് അസ്സ്വലാത്തു ജാമിഅ എന്ന് വിളിച്ചുപറയല്‍ സുന്നത്താണ്.
പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും പെരുന്നാള്‍ നിസ്കാരം സുന്നത്താണ്. സ്ത്രീകള്ക്കും ജമാഅത്തായി നിര്‍വഹിക്കല്‍ സുന്നത്താണ്. എന്നാല്‍ അവര്‍ മാത്രം ജമാഅത്തായി നിര്‍വഹിക്കുമ്പോള്‍ ഖുതുബ സുന്നത്തില്ല. എങ്കിലും നിസ്കാരം കഴിഞ്ഞ ശേഷം അവരിലൊരാള്‍ എഴുന്നേറ്റ് പതുങ്ങിയ സ്വരത്തില്‍ ചെറിയ ഉപദേശം നല്‍കുന്നതില്‍ തെറ്റില്ല.
പെരുന്നാള്‍ ദിവസങ്ങളിലെ പ്രത്യേകമായ മറ്റൊരു സുന്നതാണ് തക്ബീര്‍ ചൊല്ലല്‍. പള്ളികളില്‍നിന്ന് ഇത്തവണ അവയും ഉണ്ടാവാനുള്ള സാധ്യത കുറവായതിനാല്‍ അക്കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അല്ലാഹു നമ്മുടെ കര്‍മ്മങ്ങളെല്ലാം സ്വീകരിക്കട്ടെ, മഹാമാരിയില്‍ നിന്ന് മനുഷ്യകുലത്തിന് എത്രയും വേഗം മോചനം നല്കുമാറാവട്ടെ, ആമീന്‍.