വിഷയം: നിത്യഅശുദ്ധിക്കാരന്‍റെ ജുമുഅ
എന്‍റെ റൂമില്‍ നിന്ന് പള്ളിയിലേക്ക് 10 മിനുട്ട് നടന്നുപോകണം. വുളൂ ചെയ്ത് പള്ളിയിലെത്തുമ്പോഴേക്ക് എന്‍റെ വുളൂ മുറിയും. സ്ഥിരമായി കീഴ്വായു പോകുന്ന അസുഖമുണ്ട്. എനിക്ക് ജുമുഅ നിര്‍ബന്ധമുണ്ടോ?
ചോദ്യകർത്താവ്
HASAN JAMAL
Jun 29, 2020
CODE :Fiq9901
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
രോഗം മൂലം സ്ഥിരമായി കീഴ്വായു പോകുന്നവന്‍ നിത്യഅശുദ്ധിക്കാരനാണ്. മൂത്രവാര്‍ച്ചക്കാരന്‍, ഇസ്തിഹാളത്തുള്ള സ്ത്രീ എന്നിവരുടെ നിസ്കാരം തന്നെയാണ് ഇത്തരക്കാരുടേതും. നിത്യ അശുദ്ധിയുള്ളവര്‍, പാലിക്കേണ്ട നിയമങ്ങളനുസരിച്ച് വുളൂ ചെയ്തു താങ്കള്‍ ജുമുഅ നിസ്കാരം നിര്‍വഹിക്കേണ്ടതാണ്.
നിസ്കാരത്തിന്‍റെ സമയം ആയി എന്നറിഞ്ഞ ശേഷം മാത്രം വുളൂ ചെയ്യുക, വുളു ചെയ്യുന്നതിന് മുമ്പ് ഗുഹ്യസ്ഥാനം കഴുകുക, കീഴ്വായു അറിയാതെ പുറത്തുവരാതിരിക്കാന്‍ സൌകര്യമായ രീതിയില്‍ പഞ്ഞി, ശീല, പോലോത്തവ ഉപയോഗിച്ച് ദ്വാരം കെട്ടിബന്ധാക്കിവെക്കുക, വുളൂ ചെയ്യമ്പോള്‍ ഫര്‍ള് നിസ്കാരം ഹലാലാക്കാന്‍ വേണ്ടി വുളൂ ചെയ്യുന്നു എന്ന് നിയ്യത്ത് ചെയ്യുക(അശുദ്ധിയെ ഉയര്‍ത്താന്‍ വേണ്ടി വുളൂ ചെയ്യുന്നു എന്ന നിയ്യത്ത് പറ്റില്ല), വുളൂ ചെയ്ത ഉടനെ വൈകാതെ നിസ്കാരം നിര്‍വഹിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിത്യ അശുദ്ധിക്കാരന്‍ നിസ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
നിത്യഅശുദ്ധിക്കാരന് ഒരു വുളൂ കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്കരിക്കാന്‍ പറ്റൂ. സുന്നത്തുകള്‍ എത്രയും നിസ്കരിക്കാം.
നിത്യഅശുദ്ധിക്കാര്‍ക്ക് വുളൂവിന്‍റെയും നിസ്കാരത്തിന്‍റെയും ഇടയില്‍ സമയം വൈകാന്‍ പാടില്ലെങ്കിലും നിസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി അല്‍പം വൈകുന്നതിന് കുഴപ്പമില്ല. ജമാഅത്ത് പ്രതീക്ഷിക്കുക, ജുമുഅ പ്രതീക്ഷിക്കുക, ബാങ്ക്-ഇഖാമത്ത് നിര്‍വ്വഹിക്കുക, ഔറത്ത് മറക്കുക, പള്ളിയില്‍ പോകുക, ഖിബ് ല കണ്ടെത്തുക, മറ സജ്ജീകരിക്കുക തുടങ്ങിയ നിസ്കാരത്തിന്‍റെ ഗുണങ്ങള്‍ക്ക് വേണ്ടി സമയം വൈകുന്നതിന് കുഴപ്പമില്ല.
ജുമുഅയുടെ സമയം പ്രവേശിച്ച ശേഷം നിത്യഅശുദ്ധിക്കാരന്‍ പാലിക്കേണ്ട നിബന്ധനകളെല്ലാം പാലിച്ച് വുളൂ ചെയ്ത് താങ്കള്‍ക്ക് ജുമുഅക്ക് പള്ളിയില്‍ പോകാവുന്നതാണ്. താങ്കള്‍ രോഗിയായതിനാല്‍ ഈ സമയത്ത് കീഴ്വായു പോകുന്നത്കൊണ്ട് വുളൂമുറിയുന്നതില്‍ താങ്കള്‍ക്ക് വിട്ടുവീഴ്ചയുണ്ട്. നിത്യഅശുദ്ധിക്കാരനയത് കൊണ്ട് ജുമുഅ ഒഴിവാക്കാനുള്ള അനുമതിയില്ല.
ഫത്ഹുല്‍മുഈന്‍, തുഹ്ഫ, നിഹായ തുടങ്ങിയ കിതാബുകളിലെല്ലാം നിത്യഅശുദ്ധിക്കാരന്‍റെയും നിത്യഅശുദ്ധിക്കാരിയുടെയും നിസ്കാരം വിശദീകരിക്കുന്ന കൂട്ടത്തില്‍ ഈ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.