വിഷയം: രണ്ടുപ്രാവശ്യം പെരുന്നാള്‍ നിസ്കാരം.
100 പേര് മാത്രമേ പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുക്കാവൂ എന്ന നിയമമുള്ളതിനാല്‍ ഇമാമിന് രണ്ട് പ്രാവശ്യം പെരുന്നാള്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി നിസ്കരിക്കാമോ?
ചോദ്യകർത്താവ്
സാലിം മഞ്ചേരി
Jul 26, 2020
CODE :Fiq9930
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഫര്‍ള് നിസ്കാരങ്ങളും ജമാഅത്തായി നിസ്കരിക്കാവുന്ന സുന്നത്ത് നിസ്കാരങ്ങളും ഒരു പ്രാവശ്യം നിസ്കരിച്ച ശേഷം ഒന്നുകൂടെ മടക്കി നിസ്കരിക്കല്‍ സുന്നത്തുണ്ട് (ഇആനതുത്ത്വാലിബീന്‍ 2/9). എന്നാല്‍ മടക്കിനിസ്കരിക്കുന്നത് ആ നിസ്കാരത്തിന്‍റെ സമയത്തു തന്നെ നിര്‍വഹിക്കേണ്ടതും ഒന്നിലധികം പ്രാവശ്യം മടക്കി നിസ്കരിക്കാന്‍ പാടില്ലാത്തതുമാണ്(ഫത്ഹുല്‍മുഈന്‍).
മേല്‍പറയപ്പെട്ടതില്‍ നിന്ന്, ഒരുപ്രാവശ്യം പെരുന്നാള്‍ നിസ്കാരത്തിന് നേതൃത്വം നല്കിയ ഇമാമിന് ഒന്നുകൂടെ ഇമാമായോ ഒറ്റക്കായോ നിസ്കരിക്കല്‍ അനുവദനീയമാണെന്ന് മനസിലായല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.