വെള്ളിയയ്ച്ച ജുമുഅക്ക് നേരത്തെ പള്ളിയില്‍ എത്തിയാല്‍ ഒരു കുതിരയെ അറുത്ത പ്രതിഫലവും അങ്ങനെ ക്രമ പ്രകരമായി പോകുകയും ചെയ്യുമല്ലോ. ആകയാല്‍ ഒരു വ്യക്തി നേരത്തെ എത്തി, പക്ഷെ അയാള്‍ പിന്നിലെ സ്വഫ്ഫിലാണ് ഇരുന്നത്. അപ്പോഴേക്കും വൈകി വന്നവര്‍ മുമ്പിലെ സ്വഫ്ഫില്‍ എത്തിയിരുന്നു. അതിനാല്‍ അയാള്‍ക്ക് എങ്ങനെയാണു പ്രതിഫലം കണക്കാക്കപ്പെടുക

ചോദ്യകർത്താവ്

Rasheed Abdulla

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു എത്തുന്ന സമയത്തെ അഞ്ചായി ഭാഗിച്ചു വിശദീകരിച്ച ഒരു ഹദീസിലേക്കാണ് ചോദ്യകര്‍ത്താവ് സൂചിപ്പിക്കുന്നത്. ആ ഹദീസ് അനുസരിച്ച് ആദ്യ സമയത്ത് ജുമുഅ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നവനു ഒരു ഒട്ടകത്തെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലം ലഭിക്കുന്നു. (ചോദ്യത്തില്‍ പറഞ്ഞപോലെ കുതിര അല്ല. - ഹദീസില്‍ ഉപയോഗിച്ച ബദനത് എന്ന് അറബി പദത്തിനു അര്‍ഥം ഒട്ടകമോ പശുവോ ആണ് പ്രത്യേകിച്ച് മക്കയില്‍ ബലിയറുക്കപ്പെടുന്നവ. എന്നാല്‍ രണ്ടാമതായി ഹദീസില്‍ പശുവിനെ എണ്ണിയതിനാല്‍ ഇത് ഒട്ടകം തന്നെയാണെന്ന് ഉറപ്പിക്കാം) രണ്ടാമത്തെ സമയത്തെത്തുന്നവനു പശുവിനെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും മൂന്നാം സമയത്തെത്തിയവനു ആടിനെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും നാലാം സമയത്തെത്തിയവനു കോഴിയെ ദാനം ചെയ്തതുപോലെയുള്ള പ്രതിഫലവും അഞ്ചാം സമയത്ത് എത്തിയവനു ഒരു മുട്ട ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും ലഭിക്കും. എന്നാല്‍ ഇമാം ഖുതുബ നിര്‍വഹിക്കാനായി പുറപ്പെട്ടാല്‍ മലക്കുകള്‍ രേഖാപുസ്തകം മടക്കിവെച്ച് പേനകള്‍ മാറ്റിവെച്ച് ഖുത്വുബ ശ്രദ്ധിക്കാനായി മിമ്പറിന്റെ അടുത്തെത്തും. ഇതാണ് ഹദീസിന്‍റെ ആശയം. ഈ ഹദീസ് പള്ളിയില്‍ നേരത്തെ എത്തുന്നവര്‍ക്കുള്ള പ്രതിഫലവും അതിന്‍റെ ശ്രേഷ്ടതയും വിവരിക്കുന്നതാണ്. അതേസയം, ജമാഅത് നിസ്കാരങ്ങളിലൊക്കെ ആദ്യത്തെ സ്വഫ്ഫിനു ഏറെ പ്രാധാന്യവും ശ്രേഷ്ടതയും പ്രതിഫലവും ഉണ്ടെന്നത് അവിതര്‍ക്കിതമാണ്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ബാങ്ക് വിളിക്കുന്നതിലും ആദ്യസ്വഫ്ഫിലുമുള്ളത് (ശ്രേഷ്ഠത) ജനങ്ങള്‍ അറിയുകയാണെങ്കില്‍, ശേഷം അതിന് നറുക്കിടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ അവര്‍ അങ്ങനെയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്‌ലിം) ഒരാള്‍ നേരത്തെ എത്തുകയും അവസാന സ്വഫ്ഫില്‍ ഇരിക്കുകയും ചെയ്താല്‍ അദ്ദേഹത്തിനു നേരത്തെ വന്ന പ്രതിഫലം ലഭിക്കുന്നതോടൊപ്പം ആദ്യത്തെ സ്വഫ്ഫിന്‍റെ ശ്രേഷ്ടത നഷ്ടമാകുന്നു. അതു പോലെ ഒരാള്‍ വൈകി വരികയും ആദ്യത്തെ സ്വഫ്ഫു ലഭിക്കുകയും ചെയ്താല്‍ നേരത്തെ വരുന്നതിന്‍റെ പ്രതിഫലം നഷ്ടമായെങ്കിലും ആദ്യത്തെ സ്വഫ്ഫിന്‍റെ ശ്രേഷ്ടത ലഭിക്കും. എന്നാല്‍ നേരത്തെ എത്തി, ആദ്യ സ്വഫ്ഫ് കരസ്ഥമാക്കിയവനു നേരത്തെ വന്ന പ്രതിഫലവും ആദ്യ സ്വഫ്ഫിന്‍റെ ശ്രേഷ്ടതയും ലഭ്യമാണ്. നേരത്തെ പള്ളിയിലെത്തിയിട്ടും വളരെ ശ്രേഷ്ടതയുള്ള ആദ്യ സ്വഫ്ഫ് ഉപേക്ഷിച്ച് പിറകിലിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പ്രതിഫലങ്ങള്‍ വാരിക്കൂട്ടാന്‍ അവസരം കണ്‍മുമ്പിലുണ്ടായിട്ടും വേണ്ടെന്നു വെക്കുന്ന ഹതഭാഗ്യരാണെന്നു പ്രത്യേകം പറയേണ്ടിതില്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter