വിഷയം: ‍ നിത്യഅശുദ്ധിക്കാരന്‍റെ ശുദ്ധീകരണം

നിത്യഅശുദ്ധിക്കാരന്‍റെ ശുദ്ധീകരണത്തെ പറ്റി വിശദീകരികരണം നൽകാവോ?

ചോദ്യകർത്താവ്

Muhammad faisalkoya

Jun 7, 2021

CODE :Dai10188

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിത്യഅശുദ്ധി രോഗമാണ്. നിത്യഅശുദ്ധിക്കാര്‍ വുളൂ ചെയ്താല്‍പോലും അശുദ്ധി ഉയരുകയില്ല. ആയതിനാല്‍ നിസ്കാരത്തിന് വേണ്ടി വുളൂ ചെയ്യുമ്പോള്‍ പോലും നിത്യഅശുദ്ധിക്കാരന്, അശുദ്ധിയെ ഉയര്‍ത്താന്‍ വേണ്ടി ഞാന്‍ വുളൂ ചെയ്യുന്നു എന്ന നിയ്യത്ത് പറ്റില്ല.

നിത്യഅശുദ്ധിക്കാരന്‍ നിസ്കാരത്തിന് തയ്യാറെടുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

നിസ്കാരത്തിന്‍റെ സമയം ആയി എന്നറിഞ്ഞ ശേഷം മാത്രം വുളൂ ചെയ്യുക, വുളു ചെയ്യുന്നതിന് മുമ്പ് ഗുഹ്യസ്ഥാനം കഴുകുക,  മൂത്രം അറിയാതെ പുറത്തുവരാതിരിക്കാന്‍ സൌകര്യമായ രീതിയില്‍ പഞ്ഞി, ശീല, പോലോത്തവ ഉപയോഗിച്ച് മൂത്രദ്വാരം കെട്ടിബന്ധാക്കിവെക്കുക, വുളൂ ചെയ്യമ്പോള്‍ ഫര്‍ള് നിസ്കാരം ഹലാലാക്കാന്‍ വേണ്ടി വുളൂ ചെയ്യുന്നു എന്ന് നിയ്യത്ത് ചെയ്യുക(അശുദ്ധിയെ ഉയര്‍ത്താന്‍ വേണ്ടി വുളൂ ചെയ്യുന്നു എന്ന നിയ്യത്ത് പറ്റില്ല), വുളൂ ചെയ്ത ഉടനെ വൈകാതെ നിസ്കാരം നിര്‍വഹിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിത്യ അശുദ്ധിക്കാരന്‍ നിസ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.

ഒരോ ഫര്‍ള് നിസ്കാരത്തിനും വേറേവേറെ വുളൂ എടുക്കേണ്ടതാണ്. മയ്യിത്തിനെ കുളിപ്പിക്കുംമുമ്പ് മയ്യിത്ത് നിസ്കാരത്തിന് വുളൂ ചെയ്യരുത്. ഓരോ വുളൂ എടുക്കുമ്പോഴും ഗുഹ്യസ്ഥാനം കഴുകലും മൂത്രദ്വാരത്തില്‍ വെച്ച പഞ്ഞിയും ശീലയും കെട്ടുമെല്ലാം മാറ്റലും നിര്‍ബന്ധമാണ്. അത് നീങ്ങിയിട്ടില്ലെങ്കില്‍ പോലും മാറ്റല്‍ നിര്‍ബന്ധമാണ്.

വുളൂ ചെയ്ത ഉടനെ നിസ്കരിക്കണം എന്നു പറഞ്ഞുവല്ലോ. എന്നാല്‍ നിസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി അല്‍പം വൈകുന്നതിന് കുഴപ്പമില്ല. ജമാഅത്ത് പ്രതീക്ഷിക്കുക, ജുമുഅ പ്രതീക്ഷിക്കുക, ബാങ്ക്-ഇഖാമത്ത് നിര്‍വ്വഹിക്കുക, ഔറത്ത് മറക്കുക, പള്ളിയില്‍ പോകുക, ഖിബ് ല കണ്ടെത്തുക, മറ സജ്ജീകരിക്കുക തുടങ്ങിയ നിസ്കാരത്തിന്‍റെ ഗുണങ്ങള്‍ക്ക് വേണ്ടി സമയം വൈകുന്നതിന് കുഴപ്പമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter