ങ്ങനെ എങ്ങാനും സംഭവിച്ചാൽ ,ആവർത്തിച്ചാൽ അന്നേ ഞാൻ ഒഴിവാക്കും .എന്ന് പറഞ്ഞാൽ ത്വലാഖ് സംഭവിക്കുമോ ? അവൾ അത് ആവർത്തിക്കാതിരിക്കാൻ വേണ്ടി മാത്രം പറഞ്ഞതാണ്
ചോദ്യകർത്താവ്
zahir
May 1, 2019
CODE :Fiq9255
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
അല്ലാഹു കൂട്ടി യോജിപ്പിച്ചതാണ് വിവാഹ ബന്ധം. അത് തകര്‍ക്കുമെന്ന് തമാശക്കോ അച്ചടക്കം പഠിപ്പിക്കാനോ വെറുതെയോ മറ്റോ പറയാന്‍ ഒരു പുരുഷനും അധികാരം നല്‍കപ്പെട്ടിട്ടില്ല. അല്ലാഹു ഏറെ വെറുക്കുന്ന കാര്യമാണത്. ഒരു രീതിയിലും ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇസ്ലാം നിര്‍ദ്ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി സഗൌരവം വിവാഹം ബന്ധം വേര്‍പ്പെടുത്താനുദ്ദേശിക്കുന്നവര്‍ മാത്രമേ ത്വലാഖിന്റെ വചനം പറയാവൂ. ഏതെങ്കിലും ഒരു കാര്യം സംഭവിക്കുന്നതിനോടോ മറ്റോ ബന്ധപ്പെടുത്തി ത്വലാഖിന്റെ വ്യക്തമായ വചനങ്ങളിലൊന്ന് ഭാര്യയോട് പറഞ്ഞാല്‍ ആ കാര്യം സംഭവിക്കുന്നതോട് കൂടി ത്വലാഖ് സംഭവിക്കും.
ഇനി നമുക്ക് ചോദ്യത്തിലെ പരമര്‍ശം പരിശോധിക്കാം. ങ്ങനെ എങ്ങാനും സംഭവിച്ചാൽ ,ആവർത്തിച്ചാൽ അന്നേ ഞാൻ ഒഴിവാക്കും എന്നാണല്ലോ പറഞ്ഞത്. ഇവിടെ ഒഴിവാക്കും എന്ന പദം ത്വലാഖിന്റെ വ്യക്തമായ പദം അല്ലാത്ത കിനായത്ത് ആയ പദം ആയതിനാല്‍ (അഥവാ ത്വലാഖിനും ത്വലാഖ് അല്ലാത്ത അവള്‍ക്ക് കൊടുത്തു കൊണ്ടിരുന്ന ചെലവോ മറ്റോ ഒഴിവാക്കല്‍, മറ്റെന്തെങ്കിലും കാര്യത്തില്‍ നിന്ന് ഒഴിവാക്കല്‍ തുടങ്ങിയവയ്ക്കും ആ പദം ഉപയോഗിക്കാന്‍ സാധ്യതയുളളതിനാല്‍) ഇങ്ങനെ പറയുന്ന സമയത്ത് ത്വലാഖിനെത്തന്നെ കരുതുകയും പിന്നീട് ആ കാര്യം അവളില്‍ നിന്ന് സംഭവിക്കുകയും (അല്ലെങ്കില്‍ അവള്‍ ആവര്‍ത്തിക്കുകയും) ചെയ്താല്‍ അവളുടെ ഒരു ത്വലാഖ് സംഭവിക്കും. എന്നാല്‍ ത്വലാഖ് കരുതാതെ പറഞ്ഞതോ മറ്റെന്തെങ്കിലും കരുതി പറഞ്ഞതോ ആണെങ്കില് ഉപയോഗിച്ച പദം കിനായത്തിന്റേത് ആയത് കൊണ്ട് ത്വലാഖ് സംഭവിക്കില്ല (ഫത്ഹുല്‍ മുഈന്‍). ചുരുക്കത്തില്‍ ത്വലാഖിന്റെ വിഷയത്തില്‍ എന്തിന് പറഞ്ഞുവെന്നല്ല, എന്ത് പറഞ്ഞുവെന്നതാണ് പരിഗണിക്കുക. അതിനാല്‍ കളി കാര്യമാകാതെയും ഭര്‍തൃ ശൌര്യം വിനയാകാതെയും സൂക്ഷിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.