വിഷയം: ‍ നബി(സ്വ)യുടെ ഭക്ഷണത്തിലെ സമയക്രമം

നബി (സ) യുടെ ഭക്ഷണരീതി എങ്ങനെയായിരുന്നു. ഒരു ദിവസം എത്ര നേരം നബി (സ) ഭക്ഷണം കഴിച്ചിരുന്നു. ഏതൊക്കെ സമയത്താണ് നബി(സ) ഭക്ഷണം കഴിച്ചിരുന്നത് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

NIZAR K K

Jan 14, 2021

CODE :Fiq10040

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നബി(സ്വ)യുടെ ഭക്ഷണരീതി വിവരിക്കുന്ന നിരവധി ഹദീസുകളുണ്ട്. ഭക്ഷണത്തിലെ ഭക്ഷണത്തോട് കാണിക്കേണ്ട മര്യാദകളും ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളും മിതമായി മാത്രം ആഹരിക്കുന്നതിനെ കുറിച്ചുമെല്ലാം ഹദീസുകളില്‍ കാണാം. നബി(സ്വ)ക്ക് കൂടുതല്‍ ഇഷ്ടമുള്ള ഭക്ഷണങ്ങളെ കുറിച്ചും തിരുനബി(സ്വ)യുടെ വീട്ടില്‍ സാധാരണ ഉണ്ടാവാറുള്ള ഇനങ്ങളെ കുറിച്ചുമെല്ലാം ഹദീസുകളില്‍ പരാമര്‍ശങ്ങളുണ്ട്.  ചോദ്യകര്‍ത്താവ് ആവശ്യപ്പെടുന്നത് നബി(സ്വ)യുടെ ഭക്ഷണസമയക്രമമാണെന്നാണ് മനസിലാവുന്നത്.

നബി(സ്വ) ഭക്ഷണം കഴിക്കുന്നതിനായി സ്ഥിരമായി പ്രത്യേക സമയക്രമം പാലിച്ചിരുന്നതായി ഹദീസുകളില്‍ നിന്നോ മറ്റോ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ ആഇശാ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം: മുഹമ്മദ് നബി(സ്വ) ഒരു ദിവസം പോലും -ഈത്തപ്പഴമല്ലാത്ത ഭക്ഷണം- രണ്ട് നേരം ആഹരിച്ചിട്ടില്ല (സ്വഹീഹുല്‍ ബുഖാരി).

തിരുനബി(സ്വ) വഫാതാവുന്നത് വരെ, ഒരു ദിവസം രണ്ട് ഭക്ഷണം കൊണ്ട് വിശപ്പകറ്റിയിട്ടില്ല. ഈത്തപ്പഴം കൊണ്ട് വിശപ്പകറ്റിയാല്‍ പിന്നെ ബാര്‍ളി കൊണ്ടുള്ള ഭക്ഷണം കഴിച്ച് വിശപ്പകറ്റില്ല, മറിച്ചും (ഫത്ഹുല്‍ബാരി 11:298).

മേല്‍ ആശയത്തിലുള്ള നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം കാണാം.

ചുരുക്കത്തില്‍ ഒരു ദിവസം ഒന്നിലധികം നേരം പ്രധാനഭക്ഷണം കഴിക്കുന്ന സ്ഥിരമായ രീതി നബി(സ്വ)യുടെ ജീവതത്തില്‍ ഇല്ലായിരുന്നുവെന്ന് മനസ്സിലാക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter