ഒരു ജൂതസ്ത്രീ തിരുനബിയുടെ ശരീരത്തിലേക്ക് ചപ്പുചവറുകള് വാരിയിടാറുണ്ടായിരുന്നുവെന്നും അവള് രോഗിയായപ്പോള് അവിടന്ന് സന്ദര്ശിക്കാന് ചെന്നുവെന്നും വ്യാപകമായി പറയപ്പെടാറുണ്ട്. ഇത് യഥാര്ഥമാണോ. ആണെങ്കില് ഹദീസില് നിന്നോ മറ്റോ തെളിവ് ഉദ്ധരിക്കാമോ
ചോദ്യകർത്താവ്
muhammad shafi
Sep 9, 2019
CODE :See9425
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഒരു ജൂതസ്ത്രീ തിരുനബിയുടെ ശരീരത്തിലേക്ക് ചപ്പുചവറുകൾ വാരിയിടാറുണ്ടായിരുന്നുവെന്നും അവൾ രോഗിയായപ്പോൾ അവിടന്ന് സന്ദർശിച്ചുവെന്നും നബി (സ്വ)യുടെ സൽ സ്വഭാവത്തിലാകൃഷ്ടയായി ആ സ്ത്രീ ഇസ്ലാം സ്വീകരിച്ചുവെന്നും ഒരു കഥ ജനങ്ങൾക്കിടയിൽ കാലങ്ങളായി പ്രചാരത്തിലുണ്ട്. കൂടുതലും പ്രഭാഷകരാണ് നബി (സ്വ)യുടെ സൽസ്വഭാവത്തിനും അയൽവാസിയോടുള്ള സൽസമീപനത്തിനുമുള്ള ഉത്തമ മാതൃകയായി ഈ സംഭവം വിവരിക്കാറുള്ളത്. ചിലർ ജൂത സ്ത്രീ എന്നതിന് പകരം ജുതൻ എന്നും ചപ്പുുചവറുകൾ ശരീരത്തിലേക്ക് വലിച്ചെറിയുമായിരുന്നുവെന്നതിന് പകരം നബി(സ്വ)യുടെ വീട്ടുപടക്കൾ വലിച്ചെറിയുമായിരുന്നുവെന്നുമാണ് പറയാറുള്ളത്. എന്നാൽ ഇവ്വിധം ഒരു സംഭവത്തിന് നബി (സ്വ) യുമായി യാതൊരു ബന്ധവുമില്ലെന്നും മറ്റു ചില സംഭവങ്ങൾ എടുത്തുദ്ധരിക്കുന്നതിൽ പണ്ടെന്നോ ഉണ്ടായ തെറ്റിദ്ധാരണയാകാം ഇങ്ങനെ പ്രചരിക്കാൻ കാരണമെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഒന്നാമതായി, നബി (സ്വ)യുടെ കാലത്ത് അറേബ്യൻ ഉപഭൂഖണ്ഡത്തിൽ യമനിലും ശാമിലും മദീനയിലുമായിരുന്നു ജൂതന്മാർ വസിച്ചിരുന്നത്. മക്കിയിൽ ജൂത സാന്നിധ്യം പരഗണനീയമായ അളവിൽ ഉള്ളതായി അറിയില്ല.
രണ്ടാമതായി, മദീനയിൽ ജൂതന്മാരുണ്ടായിരുന്നുവെങ്കിലും നബി (സ്വ)യും സ്വഹാബത്തും താമസിക്കുന്ന പ്രദേശങ്ങളിൽ നിന്നകന്ന് മറ്റു പല പ്രദേശങ്ങളിലും പ്രത്യേക ജനവിഭാഗമായിട്ടായിരുന്നു അവർ പൊതുവേ താമസിച്ചിരുന്നത്. ഒറ്റപ്പെട്ട ചിലർ മുസ്ലിം മഹല്ലുകളിൽ താമസിച്ചിരുന്നവെന്ന് ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ അവർ അവിടെ പ്രബലരോ മുസ്ലിംകൾക്ക് ഭീഷണിയോ ഉപദ്രവകാരികളോ ആയിരുന്നുവെന്ന ഒരു സൂചനയും ആ റിപ്പോർട്ടുകളിൽ നിന്നും ലഭ്യമല്ല.
മൂന്നാമതായി, മദീനയിൽ നബി (സ്വ)യുടെ പത്നിമാരുടെ വീടുകൾ ജനവാസ കേന്ദ്രത്തിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. ആൾപ്പാർപ്പില്ലാത്ത സ്ഥലത്തായിരുന്നില്ല. മാത്രവുമല്ല ഉമർ (റ), അലീ (റ) തുങ്ങിയ വീര ശൂരന്മാരായ സ്വഹാബികൾ നിറഞ്ഞു നിന്നിരുന്ന ആ പ്രദേശത്ത് നിത്യവും നബി (സ്വ)യെ ചപ്പു ചവറുകൾ കൊണ്ട് അഭിശേകം ചെയ്യാൻ ധൈര്യപ്പെടുന്നവരാരും ഉണ്ടായിരുന്നില്ല.
നാലാമതായി, ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കാണ്ടാൽ കഴിയുമെങ്കിൽ അയാളെ തന്റെ കൈകൊണ്ടും അതിന് കഴിയില്ലെങ്കിൽ നാവു കൊണ്ടും അതിനും കഴിയില്ലെങ്കിൽ ഹൃദയത്തിൽ വെറുത്തു കൊണ്ടും അതിനോട് പ്രതികരിക്കണം എന്ന് പഠിപ്പിച്ച നബി (സ്വ)യോട് ഒരു ജൂത സ്ത്രി ഈ വൃത്തികേട് കാണിക്കുന്നതിന് നിത്യവും അനുഭവ സാക്ഷിയായിട്ടും അതിനോട് കൈ കൊണ്ടും നാവു കൊണ്ടും പ്രതികരിക്കാൻ സാഹചര്യമുണ്ടായിരിക്കേ അത് ചെയ്യാതെ തുടർന്നും ചെയ്യാൻ പ്രേരിപ്പിക്കും വിധം ആ ദുർവൃത്തിയെ അനുവദിക്കുമായിരുന്നുവെന്ന് പറയുന്നത് അദബ് കേടാണ്.
അഞ്ചാമതായി, ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാ:. ‘ഒരു ജൂതനായ ചെറുപ്പക്കാരൻ നബി (സ്വ)യുടെ പരിചാരകനായി കുറച്ചു കാലം പ്രവർത്തിച്ചിരുന്നു. അദ്ദേഹം ഒരിക്കൽ രോഗിയായപ്പോൾ നബി (സ്വ) അദ്ദേഹത്തെ സന്ദർശിക്കാൻ പോകുകയും അദ്ദേഹത്തിന്റെ തലയുടെ അടുത്ത് ഇരുന്ന് സമാധാനിപ്പിക്കുകയും മുസ്ലിമാകാൻ ഉപദേശിക്കുകയും ചെയ്തു. തദവസരത്തിൽ അദ്ദേഹം തന്റെ പിതാവിനെ നോക്കി. നീ അബുൽ ഖാസിം പറയുന്നത് അനുസരിച്ചോളൂ (ഉപ്പാക്ക് വിരോധമില്ല) എന്ന് പിതാവ് പറഞ്ഞപ്പോൾ അദ്ദേഹം ശഹാദത്ത് ഉച്ചരിച്ച് മുസ്ലിമാകുകയും ചെയ്ത. ആ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നബി (സ്വ) പറഞ്ഞു: അവനെ നരകത്തിൽ നിന്ന് രക്ഷിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും”. (സ്വഹീഹുൽ ബുഖാരി, മുസ്നദ് അഹ്മദ്, അബൂദാവുദ്). ഒരു അഭിപ്രായ പ്രകാരം ഈ യുവാവിന്റെ പേര് അബ്ദുൽ ഖുദ്ദൂസ് എന്നായിരുന്നു (ഫത്ഹുൽ ബാരി). ഈ സംഭവം സത്യമാണ്. എന്നാൽ ഇവിടെ രോഗിയായപ്പോൾ നബി (സ്വ) സന്ദർശിച്ച ജൂതൻ നബി തങ്ങളെ ഉപദ്രവിച്ചയാളായിരുന്നില്ല. നബി(സ്വ)യുടെ പരിചാരകനും സഹായിയുമായിരുന്നു.
ആറാമതായി, നബി(സ്വ) ഇപ്രകാരം രോഗ സന്ദർശനം നടത്തിയതും നബി (സ്വ)യുടെ ഉപദേശത്തോടെയും പിതാവിന്റെ സമ്മതത്തോടെയും ഇസ്ലാം സ്വീകരിച്ചതും നബി (സ്വ)യുടെ അയൽക്കാരനായ ജൂതനായിരുന്നു വെന്ന് ചില റിപ്പോർട്ടുകളുണ്ട് (മുസ്വന്നഫ് അബ്ദിർറസ്സാഖ്, കിതാബുൽ ആസാർ). ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ആ ജുതൻ നബി (സ്വ)യേയോ സ്വഹാബത്തിനേയോ ഉപദ്രവിച്ചതായി പറയപ്പെടുന്നില്ല. മാത്രമല്ല അയാൾ സൽസ്വഭാവിയായിയരുന്നുവെന്ന് മുസ്വന്നഫ് അബ്ദിർറസാഖിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
ചുരുക്കത്തിൽ ഈ സംഭവത്തിന്റെ നിജസ്ഥിതി ഇപ്രകാരമാണെന്നാണ് വ്യക്തമാകുന്നത്. والله أعلم بالصواب
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ