ഖുര്‍ആന്‍ ഇറക്കിയത് ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടി ആണല്ലോ? പക്ഷെ പണ്ഡിതന്മാര്‍ പറയുന്നത് ഖുര്‍ആന്‍ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല എന്നാണല്ലോ. ഇത് വിരുദ്ധമല്ലേ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ ഇറക്കിയത് ലോകത്തുള്ളവര്‍ക്ക് മുഴുവന്‍ വേണ്ടിയാണെന്നതില്‍ സംശയമില്ല. സൂറതുല്‍ ഫുര്‍ഖാനിലെ ആദ്യ സൂക്തത്തില്‍ ഇങ്ങനെ കാണാം, ലോകര്‍ക്ക് താക്കീതുകാരനായിരിക്കുവാന്‍ വേണ്ടി തന്റെ അടിമക്ക് സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന വേദം അവതരിപ്പിച്ച അല്ലാഹു നന്മയേറിയവനാകുന്നു. (ഫുര്‍ഖാന്‍ 1). എന്നാല്‍, ലോകത്തുള്ള ഏതൊരാള്‍ക്കും അത് വായിച്ചാല്‍ മനസ്സിലാവുമെന്ന് അതില്‍നിന്ന് പറയാവതല്ല, മറിച്ച് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനുള്ള കാര്യങ്ങളുമായാണ് അത് അവതരിച്ചത് എന്ന് മാത്രമേ പറയാനാവൂ. ഖുര്‍ആന്‍റെ ഭാഷ അറബി ആണെന്നത് കൊണ്ട് തന്നെ, അറബി അറിയുന്നവര്‍ക്ക് മാത്രമല്ലേ ഖുര്‍ആന്‍ നേരിട്ട് മനസ്സിലാക്കാനാവുകയുള്ളൂ. എന്നത് പോലെ, അറബി ഭാഷം കേവലം കേട്ടാല്‍ മനസ്സിലാവുന്നത് കൊണ്ടും ഖുര്‍ആനിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ മനസ്സിലാക്കുക സാധ്യമല്ല. അറബി ഭാഷയുടെ വിവിധ സാഹിത്യശാഖകളും അര്‍ത്ഥ വ്യത്യാസങ്ങളും പര്യായപദങ്ങളും എല്ലാം അറിയുന്നതോടൊപ്പം, ഓരോ സൂക്തവും അവതരിച്ച പശ്ചാത്തലവും അവക്ക് റസൂല്‍ (സ) നല്‍കിയ വിശദീകരണവുമെല്ലാം അറിഞ്ഞ ശേഷം ഖുര്‍ആനിനെ മനസ്സിലാക്കുമ്പോഴേ അത് പൂര്‍ണ്ണവും കൃത്യവുമായ മനസ്സിലാക്കല്‍ ആവുകയുള്ളൂ. ഖുര്‍ആനിനെ സ്വന്തം ബുദ്ധിക്കും യുക്തിക്കും തോന്നിയതനുസരിച്ച് വ്യാഖ്യാനിക്കുന്നവര്‍ക്ക് അതിശക്തമായ താക്കീതുകള്‍ ഹദീസുകളിലൂടെ വന്നതും ഇതിന്‍റെ തെളിവാണ്. അത്കൊണ്ട് തന്നെ, ഖുര്‍ആന്‍ എല്ലാവര്‍ക്കും മനസ്സിലാവുമെന്ന് പറയുന്നതിന് പകരം, അത് എല്ലാവര്‍ക്കും വേണ്ടി ഇറക്കപ്പെട്ടതാണെന്നേ പറയാവൂ. അതിനാല്‍, അത് വ്യാഖ്യാനിക്കാന്‍ കഴിവുള്ളവരില്‍നിന്ന് എല്ലാവരും പഠിക്കലും അതനുസരിച്ച് പ്രവര്‍ത്തിക്കലും നിര്‍ബന്ധമാണ് എന്ന് പറയാം. റസൂല്‍ (സ)യുടെ ദൌത്യമായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് തന്നെ, ജനങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിനെ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുക എന്നതാണ്. അഥവാ, ഖുര്‍ആനിനെ ഓരോരുത്തരും സ്വയം മനസ്സിലാക്കുന്നതിന് പകരം, റസൂല്‍ (സ) അവര്‍ക്ക് അത് വിവരിച്ചുകൊടുക്കണമെന്നാണ് ഖുര്‍ആന്‍ തന്നെ പറയുന്നത്, ജനങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിനെ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുവാനും അവര്‍ ചിന്തിക്കുവാനും വേണ്ടി ഈ ഖുര്‍ആന്‍ താങ്കള്‍ക്ക് നാം ഇറക്കിത്തന്നിരിക്കുന്നു (സൂറതുന്നഹ്ല്‍ 44) ഇങ്ങനെ നോക്കുമ്പോള്‍, മേല്‍പറഞ്ഞ പ്രകാരം വൈരുദ്ധ്യമില്ലെന്ന് മനസ്സിലാക്കാം. ഖുര്‍ആന്‍ വേണ്ടവിധം മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter