ഖുര്‍ആനിലെ 90-)മത്തെ അദ്ധ്യായത്തിലെ 10-)മത്തെ ആയത് സ്തനങ്ങളെ ആണ് അര്ത്ഥമാക്കുന്നത്. അല്ലാതെ രണ്ടു പാതകളെ അല്ല എന്ന് ഒരു ക്ലാസ്സിൽ കേട്ടു. ഇത് ശരിയാണോ
ചോദ്യകർത്താവ്
മുജീബുര്‍റഹ്മാന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
സൂറത്തുല്‍ബലദിലെ وهديناه النجدين എന്ന ആയതിന്‍റെ അര്‍ത്ഥത്തെ കുറിച്ചാണ് ചോദ്യം. ഇവിടെ നജ്ദ് എന്ന അറബി പദത്തിന് ഉയര്‍ന്നു നില്‍ക്കുന്ന വഴി എന്നാണ് വാക്കര്‍ഥം. അഥവാ വളരെ വ്യക്തമായ മാര്‍ഗം. ഇവിടെ ഒട്ടു മിക്ക മുഫസ്സിറുകളും ഇതിനെ നന്മ തിന്മകളുടെ രണ്ടു വഴികളാണ് ഉദ്ദേശ്യമെന്നാണ്. ഇബ്നു മസ്ഊദ് (റ), ഇബ്നു അബ്ബാസ് (റ), അലി (റ), അബൂ വാഇല്‍ (റ), അബൂ സ്വാലിഹ് (റ), ഇക്റിമ (റ), മുജാഹിദ് (റ), ളഹ്ഹാക് (റ) തുടങ്ങി ഒട്ടനവധി സ്വഹാബാക്കളും താബിഉകളും ഈ വാക്യത്തെ ഇപ്രകാരം വ്യാഖ്യാനിച്ചിട്ടുണ്ട്. ഇതിനു ഉപോല്‍ബലകമായ ഹദീസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇബ്നു അബ്ബാസ് (റ), ളഹ്ഹാക് (റ) എന്നിവര്‍ ഇതിനെ രണ്ടു സ്തനങ്ങള്‍ എന്നും വ്യാഖ്യാനിച്ചിട്ടുണ്ട്. ജനിച്ചു വീണ കിടാവിനു അമ്മിഞ്ഞ നുകരാനായി മാതാവിന്‍റെ രണ്ടു സ്തനങ്ങളിലേക്ക് വഴികാണിച്ചു എന്നാണ് പ്രസ്തുത വ്യാഖ്യാനം. എന്നാല്‍ നന്മ തിന്മയുടെ പാതകള്‍ എന്ന വ്യാഖ്യാനമാണ് ഏറ്റവും ശരിയെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. ഇതേ വ്യാഖ്യാനത്തിനു സമാനമായതാണ് സൂറതുല്‍ ഇന്സാനിലെ 2, 3 ആയതുകള്‍. (തഫ്സീര്‍ ഇബ്നു കസീര്‍). പാതകള്‍ എന്ന് അതിനര്‍ത്ഥമില്ലെന്നു പറയുന്നത് തെറ്റായ പ്രസ്താവനയാണ്. പ്രസ്തു സൂറത്തിലെ 1-10 വരെ ആയതുകളുടെ മലയാള വിവര്‍ത്തനമാണ് താഴെ കൊടുത്തിരിക്കുന്നത് (quranonweb.net ല്‍ നിന്ന്).
- സത്യം ചെയ്തു പറയുന്നു. (1)
- താങ്കള്‍ ഈ രാജ്യത്ത് അനുവദനീയനാണ്. (2)
- ജനകനെക്കൊണ്ടും അയാള്‍ ജനിപ്പിച്ചതിനെക്കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.) (3)
- നിശ്ചയമായും മനുഷ്യനെ വിഷമങ്ങളിലായും കൊണ്ട് നാം സൃഷ്ടിച്ചിരിക്കുന്നു. (4)
- തന്റെ മേല്‍ ആര്‍ക്കും കഴിവുണ്ടാകയില്ലെന്നവന്‍ വിചാരിക്കുന്നുണ്ടോ? (5)
- വളരെ ധനം ഞാന്‍ ചെലവാക്കി എന്നു അവന്‍ (വമ്പ്) പറയുന്നു. (6)
- അവനെ ആരും കണ്ടിട്ടില്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ? (7)
- അവന് നാം രണ്ടു കണ്ണുകള്‍ നല്‍കിയില്ലേ, (8)
- ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കിക്കൊടുക്കുകയും, (9)
- (വ്യക്തമായി കാണുമാറ്) ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് വഴികള്‍ കാണിച്ചു കൊടുക്കുകയും ചെയ്തില്ലേ? (10)