വിഷയം: ‍ Doubt

ഇബ്‌ലീസ് ജിന്നാണോ മലക്കാണോ

ചോദ്യകർത്താവ്

Muhammad Anafi Kk

Sep 1, 2022

CODE :Qur11334

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇബ്‍ലീസ് ജിന്നുവര്‍ഗ്ഗത്തില്‍ പെട്ടവനാണ്. മലക്കല്ല. كان من الجن ففسق عن أمر ربه ഇബ്‍ലീസ് ജിന്നുകളില്‍ പെട്ടവനാണ്. അതിനാല്‍ അള്ളാഹുവിന്‍റെ കല്‍പന ധിക്കരിക്കുകയും ചെയ്തു. എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ഇബ്‍ലീസ് ജിന്നാണെന്നതിന് അള്ളാഹു ഖുര്‍ആനില്‍ ഉദ്ധരിച്ച ഇബ്ലീസിന്‍റെ വാക്ക് തന്നെ തെളിവാണ്. قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَا خَيْرٌ مِنْهُ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ  എന്ത് കൊണ്ട് നീ സുജൂദ് ചെയ്തില്ലെന്ന് അല്ലാഹു ചോദിച്ചപ്പോള്‍  പറഞ്ഞു  എന്നെ സൃഷ്ടിച്ചത് തീ കൊണ്ടും ആദമിനെ സൃഷ്ടിച്ചത് മണ്ണ് കൊണ്ടുമാണെന്നതിനാല്‍ ഞാന്‍ ആദമിനേക്കാള്‍ ശ്രേഷ്ടനാണ്.  خَلَقَ الْإِنْسَانَ مِنْ صَلْصَالٍ كَالْفَخَّارِ . وَخَلَقَ الْجَانَّ مِنْ مَارِجٍ مِنْ نَارٍ കലം പോലെ മുട്ടിയാല്‍ ശബ്ദിക്കുന്ന ഉണങ്ങിയ കളിമണ്ണിനാല്‍ മനുഷ്യനെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു.  ജിന്നുകളെ അഗ്നിയില്‍ നിന്നുള്ള (പുക കലരാത്ത) ജ്വാലയാലും അവന്‍ സൃഷ്ടിച്ചു.(സൂറത് റഹ്മാന്‍)خلقت الملائكة من نور മല്കക്കുകള്‍ സൃഷ്ടിക്കപ്പെട്ടത് പ്രകാശം കൊണ്ടാണെന്ന് നബി (സ്വ) പറയുന്നു.തീ കൊണ്ടല്ല.  എന്നാല്‍ ഇബ്‍ലീസ് പറയുന്നത് എന്നെ സൃഷ്ടിച്ചത് തീ കൊണ്ടാണെന്നാണ് അഥവാ അവന്‍ ജിന്നു വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന് ആ വാക്കില്‍ നിന്നു മനസ്സിലാക്കാമല്ലോ. 

എന്നാല്‍ ചില പണ്ഡിതര്‍ ഇബ്‍ലീസ് മലക്കുകളില്‍ പെട്ടവനാണെന്ന് പറയുന്നു.  وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ നിങ്ങള്‍ ആദമിന് സൂജൂദ് ചെയ്യുക എന്ന് മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അപ്പോള്‍ ഇബ്‌ലീസ് ഒഴികെ മറ്റുള്ളവരെല്ലാം തന്നെ സുജൂദ് ചെയ്തു. അവന്‍ വിസമ്മതിക്കുകയും അഹങ്കരിക്കുകയുമാണുണ്ടായത്. അവന്‍ അവിശ്വാസികളില്‍ പെട്ടവനായിരുന്നു. എന്ന ആയതാണ് അവരുടെ തെളിവ്. 'ആദമിന് സുജൂദ് ചെയ്യാന്‍ മലക്കുകളോട് നാം കല്‍പിച്ചു; അപ്പോള്‍ ഇബ്‌ലീസൊഴിച്ച് അവരൊക്കെയും സുജൂദ് ചെയ്തു' എന്ന ശൈലിയില്‍ നിന്ന് അങ്ങനെയാണ് മനസ്സിലാകുന്നത് എന്നാണ് അവര്‍ പറയുന്നത്. 

എന്നാല്‍ ബഹുഭൂരിഭാഗം മുഫസ്സിറുകളും പണ്ഡിതരും ഇതിനെതിരാണ്. ഹസന്‍ ബസ്വ്‌രിയും ഖതാദ (റ) വുമൊക്കെ ഈ പക്ഷക്കാരാകുന്നു-ഇബ്‌ലീസ് മലക്കുകളില്‍ പെട്ടവനല്ലെന്ന് അവര്‍ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് പ്രാമാണികമായ അഭിപ്രായമെന്ന് ഖുര്‍ആനില്‍ നിന്ന് തന്നെ ഗ്രഹിക്കാന്‍ കഴിയും: മലക്കുകള്‍ തീര്‍ത്തും പാപവിമുക്തരാണ്. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് അവര്‍ വപരീതം കാണിക്കുകയില്ല എന്ന് (അത്തഹ്‌രീം 6) ഖുര്‍ആന്‍ പറയുന്നു. ഇവിടെയാകട്ടെ, അല്ലാഹുവിന്റെ കല്‍പന അവന്‍ അപ്പടി തിരസ്‌കരിക്കുകയാണല്ലോ ചെയ്തത്. അവര്‍ക്ക് സന്താനോല്‍പാദനമില്ലെന്നതാണ് മറ്റൊരു അന്തരം. ഇബ്‌ലീസിനാകട്ടെ അതുണ്ട്താനും. അല്ലാഹു ചോദിക്കുന്നു: 'അവനെയും അവന്റെ സന്താനങ്ങളെയുമാണോ-എന്നെക്കൂടാതെ-നിങ്ങള്‍ സംരക്ഷകന്മാരാക്കുന്നത്?' (അല്‍കഹ്ഫ് 50) മാത്രമല്ല, ഇതേ സൂക്തത്തില്‍ തന്നെ അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു എന്ന് സ്പഷ്ടമായിതന്നെ പറഞ്ഞതായി കാണാം. ഈദൃശമായ തെളിവുകളിലൂടെയൊക്കെ ഇബ്‌ലീസ് മലക്കുകളില്‍ പെട്ടവനല്ല, ജിന്നുകളില്‍ പെട്ടവനാണ് എന്ന് ഗ്രഹിക്കാം.

ما كان إبليس من الملائكة طرفة عين ، وإنه لأصل الجن ، كما أن آدم عليه السلام أصل البشر  ഇബ്‍ലീസ് മലക്കുകളില്‍ പെട്ടവനായിട്ടേയില്ല.  ആദം നബി മനുഷ്യരുടെ പിതാവായത് പോലെ അവന്‍ ജിന്നുകളുടെ അടിസ്ഥാനമാണ്. എന്ന് ഹസനുല്‍ ബസ്വരി (റ) പറഞ്ഞതായി കാണാം.

ഇബ്‍ലീസ് മലക്കുകളില്‍ പെട്ടവനാണെന്ന് പറയുന്ന പണ്ഡിതര്‍ മലക്കുകളുടെ ഇസ്മതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ജിന്ന് എന്നത് മലക്കുകളുടെ കൂട്ടത്തില്‍ പെട്ട ജിന്ന് എന്ന് പറയപ്പെടുന്ന ഒരു വിഭാഗമാണെന്ന് ചില പണ്ഡിതര്‍ പറയുന്നു. ആ വിഭാഗത്തിന് അള്ളാഹു മലക്കുകളെ വിശേഷിപ്പിച്ച ഇസ്മത് ഇല്ലായിരിക്കാം. മറ്റൊരു വിഭാഗം പണ്ഡിതര്‍ പറയുന്നു. മലക്കുകള്‍ തെറ്റുകളില്‍ നിന്ന് സുരക്ഷിതരെന്ന് പറഞ്ഞാല്‍ അവര്‍ക്ക് തെറ്റു ചെയ്യാന്‍ കഴിവില്ലെന്നല്ല. മറിച്ച് അവര്‍ക്ക് നന്മക്ക് അള്ളാഹു തൌഫീഖ് നല്‍കുമെന്നാണ്. ശൈത്വാനു നന്മ ചെയ്യാന്‍ കഴിവുണ്ടായിട്ടും അവന് അതിനു തൌഫീഖ് ലഭിക്കാത്തത് പോലെ. എന്ന് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നു. ഇതനുസരിച്ച് ഇബ്‍ലീസിനു ആ സമയത്ത് നന്മ ചെയ്യാന്‍ തൌഫീഖ് കിട്ടിയില്ലെന്ന് കരുതാം. الله أعلم بالصواب

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter