മൊബൈല്‍,/കമ്പ്യൂട്ടര്‍ പോലോത്തത്തില്‍ ഖുര്‍ആന്‍ ഡൌണ്‍ലോഡ് ചെയ്ത് ഓതുന്നതിന്റെ നിബന്ധനകള്‍ അറിയാന്‍ താല്പര്യമുണ്ട്, ഇങ്ങനെ ഓതാന്‍ വുളു എടുക്കേണ്ട ആവശ്യമുണ്ടോ ?
ചോദ്യകർത്താവ്
M.A.RASHEED
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മുസ്ഹഫിന്റെ രൂപങ്ങള്‍ കാലോചിതം വ്യത്യാസപ്പെട്ടതായി നമുക്ക് കാണാം. ആദ്യകാലത്തെ മുസ്ഹഫായ എല്ലും കല്ലും തോലുമെല്ലാം കടലാസ് രൂപത്തില്‍ പരിഷ്കരിക്കപ്പെട്ടപ്പോള്‍ മുസ്ഹഫിന്റെ എല്ലാ നിയമങ്ങളും ആ കടലാസുകള്‍ക്കും ബാധകമായി. അതുപോലെ ഇക്കാലത്തെ ഡിജിറ്റല്‍ സ്ക്രീനുകളെയും അതുപോലെ കാണണമെന്നാണ് മനസ്സിലാകുന്നത്. മൊബൈല്‍ സ്ക്രീനില്‍ ഖുര്‍ആന്‍ ഓപ്പണ്‍ ആക്കി ഡിസ്പ്ലേ ആയി നില്‍ക്കുന്ന സമയത്ത് ഇതിന് മുസ്ഹഫിന്റെ വിധി വരുന്നുവെന്നും അല്ലാത്ത സമയങ്ങളില്‍ അത് വരുന്നില്ലെന്നും മനസ്സിലാക്കാം. അത് കൊണ്ട് ആ അവസ്ഥയില്‍ അത് തോടാനോ ചുമക്കാനോ വുളു നിര്‍ബന്ധമാണെന്ന് പറയാം. അതേസമയം, കൈ കൊണ്ട് തൊടാതെ, പേന കൊണ്ടോ മറ്റോ പേജുകള്‍ മറിച്ച് നോക്കി ഓതുക മാത്രം ചെയ്യുന്നതിന് വുളു നിര്‍ബന്ധമില്ല, സുന്നതാണ്. അത് മൊബൈലിലാണെങ്കിലും മുസ്ഹഫിലാണെങ്കിലും അത് തന്നെയാണ് വിധി.
മൊബൈല്‍ പോലോത്തതില്‍ ഖുര്‍ആനിനേക്കാളധികം ഇതര വിവരങ്ങളും മറ്റു ആപ്പുകളുമെല്ലാമുണ്ടാകുമെന്നതിനാല്‍, സ്ക്രീനില്‍ ഡിസ്പ്ലേ ആവാത്ത സാഹചര്യത്തില്‍ അത് ചുമക്കുന്നതിനെ മറ്റു ചരക്കുകളുടെ കൂട്ടത്തില്‍ മുസ്ഹഫിനെ ചുമക്കുന്ന വിധിയില്‍ പെടുത്താവുന്നതും വുളു നിര്‍ബന്ധമില്ലെന്ന് പറയാവുന്നതുമാണ്. അതുപോലെ ഖുര്‍ആനിലേക്ക് നോക്കുന്നതും അതോതുന്നതുപോലെയുള്ള മറ്റൊരു ഇബാദത്തായതിനാല്‍ നോക്കിയോതല്‍ കാണാതെ ഓതുന്നതിനേക്കാള്‍ ഏറ്റവും ഉത്തമവും പ്രതിഫലം ലഭിക്കുന്നതുമാണ്. മൊബൈലില്‍ നോക്കിയോതുകയാണെങ്കിലും ഇതേ പുണ്യം ലഭിക്കുമെന്നാണ് മനസ്സിലാകുന്നത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ