വിഷയം: ‍ ഉസ്താദ് പറഞ്ഞ് തന്ന ദുആ ശരിയോ തെറ്റോ

അസ്സലാമു അലൈകും , ഉസ്താദേ എനിക്ക് മറ്റൊരു ഉസ്താദ് പറഞ്ഞു തന്ന ദുആ ആണ് താഴേ ഉള്ളത് .അതെ ഉസ്താദ് മറ്റൊരവസരത്തിൽ പറഞ്ഞു തന്നതാണ് അതിനു താഴെ . ഇതിൽ ഏതാണ് ശെരിയായത് , പറഞ്ഞു തന്നപ്പോ മാറിപോയതാവാം രണ്ട് അവസരത്തിൽ .അർത്ഥം തെറ്റിപ്പോവാതിരിക്കാൻ ഇതിൽ ശെരിയായത് ഏതെന്നും അർത്ഥം എന്തെന്നും പറഞ്ഞു തരുമോ ربنك شف ان الاداب انا ل مؤمنون ربنك شف ان الاداب انا مؤمنون ل ചേർത്തിട്ടും ل ചേർക്കാതെയും

ചോദ്യകർത്താവ്

oru sahodhari

Jan 18, 2020

CODE :Qur9573

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

പരിശുദ്ധ ഖുർആനിലെ നാൽപ്പത്തിനാലാമത്തെ സൂറത്തായ സൂറത്തുദ്ദുഖാനിലെ പന്ത്രണ്ടാമത്തെ ആയത്താണിത്. അത് എഴുതിയത് തികച്ചും തെറ്റായ രീതിയിലാണ്. പരിശുദ്ധ ഖുർആൻ ഇങ്ങനെ എഴുതൽ ഹറാമാണ്. അതിന്റെ യഥാർത്ഥ രൂപം ഇങ്ങനെയാണ്

رَّبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ

ഇവിടെ രണ്ടു കാര്യങ്ങൾ അതീവ ഗൌരവത്തോടെ ഉൾക്കൊള്ളേണ്ടതുണ്ട്. ഒന്ന് ഇത് എഴുതിയതിലും, രണ്ട് ഇത് പറഞ്ഞതിലുമുള്ള വലിയ അബദ്ധങ്ങളാണ്.

ഒന്നാമതായി, ഒരു ആയത്തും ഒരു ഹദീസും ഒരു പ്രാർത്ഥനയും ആരെങ്കിലും പറയുന്നത് കേട്ട് തോന്നുന്നത് പോലെ  പറയുകയോ എഴുതുകയോ ചെയ്യരുത്. അത് ഗുരുതരമായ പാപമാണ്. വിവരമുള്ളവരല്ലേ അത്തരം കാര്യങ്ങൾ പറഞ്ഞു തരികയുള്ളൂ. അവരോട് തന്നെ അത് എഴുതിത്തരാൻ പറയണം. ഈ ആയത്തിന്റെ ആശയവും ഘടനയും എല്ലാം മാറ്റി മറിച്ചു കൊണ്ടാണ് ചോദ്യത്തിൽ എഴതിയിട്ടുള്ളത്. എത്രയും പെട്ടെന്ന് തൌബ ചെയ്യേണ്ട വീഴ്ചയാണിവിടെ സംഭവിച്ചിരിക്കുന്നത്.

രണ്ടാമതായി,  സത്യ നിഷേധികൾക്ക് അതി കഠിനമായ ശിക്ഷ വരുന്ന സമയത്ത് “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വിശ്വസിച്ചു കൊള്ളാം, നീ ഞങ്ങളിൽ നിന്ന് ഈ ശിക്ഷ അകറ്റിത്തരേണമേ” എന്ന് സത്യ നിഷേധികൾ വിലപിക്കുന്ന സന്ദർഭമാണ് ഇവിടെ അല്ലാഹു വിവരിക്കുന്നത്. സത്യ നിഷേധികളുടെ വിലാപം എങ്ങനെയാണ് സത്യവിശ്വസികൾ പ്രാർത്ഥനയായിട്ട് ഉരുവിടുകയും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുക?!.

അതിനാൽ മതപരമായ ഏതു കാര്യത്തിലും ‘ആരാണ് അത് പറയുന്നത്’ എന്ന് കൃത്യമായി വിലയിരുത്തിയിട്ടും, ‘എന്താണ് പറഞ്ഞ് തരുന്നത്’ വ്യക്തമായി മനസ്സിലാക്കിയിട്ടും വേണം എഴുതാനും പഠിക്കാനും പ്രാവർത്തികമാക്കാനും. അല്ലെങ്കിൽ തികച്ചും വിപരീത ഫലമാണ് ഉണ്ടാകുക. അല്ലാഹു തആലാ കാത്തു രക്ഷിക്കട്ടേ...

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter