ഇല്‍മുല്‍ കലാം; ഉത്ഭവം വളര്‍ച്ച
ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളെ കുറിച്ച പഠന ശാഖയാണല്ലോ ഇല്‍മുല്‍ കലാം. മറ്റേതൊരു ഇസ്‌ലാമിക വൈജ്ഞാനിക ശാഖയെയും പോലെ പ്രവാചകരുടെയും അവിടുത്തെ അനുചരരുടെയും കാലത്ത് ഇല്‍മുല്‍ കലാം പ്രത്യേക വിജ്ഞാന ശാഖയായി വളര്‍ന്നിട്ടില്ല. പില്‍ക്കാലത്ത് സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ മുസ്‍ലിം പണ്ഡിതരെ ഇത്തരമൊരു വിജ്ഞാന ശാഖ വികസിപ്പിച്ചെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഖുര്‍ആനും തിരുചര്യയും അടിസ്ഥാനമാക്കി ഉരുവം കൊണ്ട ഇല്‍മുല്‍ കലാം തത്വശാസ്ത്രത്തിന്റെ അതിപ്രസരത്തിലും തനിമ ചോരാതെ നിലനിന്നു. ഇസ്‍ലാമിക തത്വശാസ്ത്രത്തിന് വ്യക്തമായ ദിശാ ബോധം നല്‍കാനും സല്‍പാന്ഥാവില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് പോവാനുള്ള വഴി വെട്ടിത്തെളിക്കാനും ഇല്‍മുല്‍ കലാമിന് സാധിച്ചു. പ്രവിശാലമായ ഇല്‍മുല്‍ കലാം ചരിത്രത്തെ നമുക്ക് ഹ്രസ്വമായി ഒന്ന് പരിചയപ്പെടാം.
ഇന്നോളമുള്ള ഇല്‍മുല്‍ കലാം ചരിത്രത്തെ അഞ്ച് കാലഘട്ടങ്ങളായി തിരിക്കാം.
1. ഉത്ഭവം (ഹി. ഒന്ന് രണ്ട് നൂറ്റാണ്ടുകള്‍)
2. ക്രോഢീകരണ ഘട്ടം (ഹി. രണ്ട് മുതല്‍ അഞ്ചാം നൂറ്റാണ്ടിന്റെ അവസാനം വരെ)
3. തത്വശാസ്ത്രവുമായുള്ള സംയോജന ഘട്ടം (ഹി. ആറു മുതല്‍ ഒമ്പത് വരെ)
4. നിശ്ചലാവസ്ഥ (ഹി. പത്ത് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ)
5. ആധുനിക കാലം
(ഡോ. ഹസന്‍ ശാഫി, അല്‍ മദ്ഖല്‍ ഇലാ ഇല്‍മില്‍ കലാം)
ഒന്ന്- ഉല്‍ഭവ ഘട്ടം
ഇല്‍മുല്‍ കലാമിന്റെ ഉത്ഭവ കാലമാണ് ഒന്നാമത്തേത്. പ്രവാചകാനുചരരുടെ കാലത്ത് തന്നെ വിശ്വാസ പരമായ കാര്യങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും നടന്നിട്ടുണ്ട്. ഖവാരിജുകളും അവര്‍ ഉന്നയിച്ച വാദങ്ങളും അതിനെ സ്വഹാബികള്‍ പ്രതിരോധിച്ചതും എല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. ഖവാരിജുകള്‍ക്ക് പുറമെ ശിയാക്കളടക്കമുള്ള മറ്റു വിഭാഗങ്ങളും ആദ്യ രണ്ട് നൂറ്റാണ്ടുകളില്‍ തന്നെ രംഗ പ്രവേശം ചെയ്തിരുന്നുവെങ്കിലും അതൊന്നും വ്യവസ്ഥാപിതമായിരുന്നില്ല. വന്‍ദോഷം ചെയ്തവന്റെ വിധി, വിധി വിശ്വാസം, ഇമാമഃ തുടങ്ങിയ ചില വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു ഈ വിഭാഗങ്ങളെ പരസ്പരം വേര്‍തിരിച്ചിരുന്നത്.
രണ്ട്- ക്രോഢീകരണ ഘട്ടം
ഹി. രണ്ടാം നൂറ്റാണ്ടിന് ശേഷം ഇത്തരം വിഭാഗങ്ങള്‍ സ്വന്തമായി അസ്തിത്വവും അടിസ്ഥാന തത്വങ്ങളും വ്യവസ്ഥാപിത നേതൃത്വവും ഉള്ള അവാന്തര വിഭാഗങ്ങളായി പരിണമിച്ചു. ആദ്യ കാലങ്ങളില്‍ ഇല്ലാത്ത പല ഗ്രൂപ്പുകളും ഉടലെടുത്തു. അവക്ക് മുസ്‍ലിം ലോകത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഘലകളില്‍ സ്വാധീനം ലഭിച്ചു തുടങ്ങി. ഹമ്പലികള്‍, ഹശവിയ്യത്ത്, അശ്അരിയ്യഃ, മാതുരീദിയ്യഃ, മുഅ്തസിലഃ തുടങ്ങിയ ചിന്താസരണികള്‍ ഇക്കാലയളവില്‍ ഉദയം കൊണ്ടവയാണ്.
Also Read:ഇമാം അശ്അരി: ബിദഈ വിരുദ്ധ പോരാട്ടത്തിന്‍റെ മുന്നണിപ്പോരാളി
വ്യവസ്ഥാപിതമായ അടിസ്ഥാന തത്വങ്ങളും നേതാക്കളും ഉള്ളത് കൊണ്ട് തന്നെ ഈ മേഘലയില്‍ ഗ്രന്ഥ രചനകള്‍ സജീവമായി. വിശ്വാസ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങള്‍ മുതല്‍ ഖുര്‍ആനും ഹദീസും തങ്ങളുടെ വീക്ഷണ കോണില്‍ നിന്ന് വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥങ്ങളടക്കം വിരചിതമായി.
മൂന്ന്- തത്വശാസ്ത്രവുമായുള്ള സംയോജന ഘട്ടം
ഹി. ആറു മുതലുള്ള കാലഘട്ടം ഇല്‍മുല്‍ കലാമിന്റെ ചരിത്രത്തില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ചര്‍ച്ചാ വിഷയങ്ങള്‍ മുതല്‍ രീതി ശാസ്ത്രത്തില്‍ വരെ ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ച കാലഘട്ടം ആണത്. അത് കൊണ്ടാണ് ഇക്കാലയളവിലെ പണ്ഡിതരുടെ പ്രവര്‍ത്തനങ്ങളെ, കലാമുല്‍ മുതഅഖിരീന്‍ (പില്‍ക്കാല പണ്ഡിതരുടെ ഇല്‍മുല്‍ കലാം) എന്ന് പ്രത്യേകം വേര്‍തിരിച്ച് പറയുന്നത്.
ഇല്‍മുല്‍ കലാമില്‍ മാത്രമല്ല ഇസ്‍ലാമിക ലോകത്ത് പൊതുവെ ഒട്ടനവധി മാറ്റങ്ങള്‍ വന്ന കാലഘട്ടമാണിത്. സമൂഹത്തെ ആകമാനം ഗ്രസിച്ച തത്വശാസ്ത്രാഭിനിവേശം വിശ്വാസ കാര്യങ്ങളെ സംശയത്തോടെ നോക്കാന്‍ പൊതുജനത്തെ പ്രേരിപ്പിച്ചു. ഇത് മനസ്സിലാക്കിയ ഇല്‍മുല്‍കലാം പണ്ഡിതരാണ് തത്വശാസ്ത്രത്തിന്റെ നെല്ലും പതിരും വേര്‍തിരിക്കുകയും ഇസ്‍ലാമിക ചട്ടക്കൂടില്‍ നിന്ന് കൊണ്ട് ഒരു തത്വശാസ്ത്ര പാരമ്പര്യത്തിന് തുടക്കം കുറിക്കുകയും ചെയ്തത്.
അങ്ങനെയാണ് വിശ്വാസ ചര്‍ച്ചകള്‍ക്കപ്പുറം തത്വശാസ്ത്ര വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുന്ന രചനകളായി അക്കാലത്തെ ഇല്‍മുല്‍ കലാം ഗ്രന്ഥങ്ങള്‍ മാറുന്നത്. ഗ്രീക്ക് തത്വചിന്തകര്‍ ഉന്നയിച്ച പല വിഷയങ്ങളെയും വിമര്‍ശനാത്മകമായി നേരിടാനും അതിന് ഇസ്‍ലാമിന്റെ വീക്ഷണകോണില്‍ നിന്ന് കൊണ്ട് വിശദീകരണങ്ങള്‍ നല്‍കാനും അന്നത്തെ പണ്ഡിതര്‍ക്ക് സാധിച്ചു. ഇമാം റാസിയും ഗസ്സാലിയും അടക്കമുള്ള അശ്അരീ പണ്ഡിതരുടെ മഹത്തായ സേവനങ്ങള്‍ മൂലം ഇസ്‍ലാമിക ലോകത്ത് വ്യാപിച്ച് കൊണ്ടിരുന്ന അവിശ്വാസത്തിന്റെ നാമ്പുകള്‍ കരിഞ്ഞു പോയി.
നാല്- നിശ്ചലാവസ്ഥ
ഹി. പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള കാലഘട്ടം പ്രധാനമായും പുതിയ രചനകളും ചര്‍ച്ചകളും കൊണ്ട് വരുന്നതിന് പകരം നിലവിലുള്ള ഗ്രന്ഥങ്ങള്‍ക്ക് വിശദീകരണങ്ങളും കുറിപ്പുകളും നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കാലമാണ്. യൂറോപ്യന്‍ ശക്തികളുടെ ഇസ്‍ലാമിക ലോകത്തേക്കുള്ള രാഷ്ട്രീയ കടന്ന് കയറ്റവും സാംസ്‌കാരിക അധിനിവേശവും ഇസ്‍ലാമിക ലോകത്തെ രാഷ്ട്രീയമായും ധൈഷണികമായും തകര്‍ത്തു എന്ന് വേണം പറയാന്‍. അക്കാലത്തെ സാമൂഹിക സാഹചര്യം ഇതര വിജ്ഞാന ശാഘകളെയെന്ന പോലെ, ഇല്‍മുല്‍ കലാമിനെയും ബാധിച്ചു.
തസ്വവ്വുഫും ഇല്‍മുല്‍ കലാമും തമ്മിലുള്ള സംയോജനം കൂടുതല്‍ ശക്തമായത് ഇക്കാലത്താണ്. മുല്ലാ സ്വദറഃ, ദാമാദ് തുടങ്ങിയവരുടെ രചനകളില്‍ ഇല്‍മുല്‍ കലാം, ഫിലോസഫി, തസവ്വുഫ് എന്നിവ ഇഴചേര്‍ന്ന് കിടക്കുന്നതായി കാണാം.
അഞ്ച് – ആധുനിക കാലം
പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലാണ് സാമാന്യാര്‍ത്ഥത്തില്‍ ആധുനികത തുടക്കം കുറിക്കുന്നത്. എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടോടു കൂടിയാണ് ആധുനികതയുടെ അലയൊലികള്‍ ഇസ്‍ലാമിക ലോകത്തേക്ക് എത്തുന്നത്. യൂറോപ്യന്‍ ചിന്തകര്‍ ഉയര്‍ത്തി വിട്ട മതേതര യുക്തി ചിന്തയാണ് പുതിയ ബൗദ്ധിക ചര്‍ച്ചകള്‍ക്ക് ഇസ്‍ലാമിക ലോകത്ത് തിരികൊളുത്തിയത്. മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബിന്റെ സലഫീ പ്രസ്ഥാനവും അതിന്റെ ചുവട് പിടിച്ച് ഇന്ത്യയിലടക്കം വന്നിട്ടുള്ള പുത്തന്‍ പ്രസ്ഥാനങ്ങളും അതിന്റെ ഭാഗമായി. സലഫിസം അടിസ്ഥാനപ്പെടുത്തി സഊദി എന്ന രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതോടു കൂടി അതിന് ഇസ്‍ലാമിക ലോകത്ത് ഔദ്യോഗിക പരിവേഷം ലഭിക്കുകയും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ അതിന്റെ അനുരണങ്ങള്‍ ദൃശ്യമാവുകയും ചെയ്തു.
യൂറോപ്യന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ വന്ന 'ആധുനിക' ചിന്താ ധാരയിലെ ആന്റി ഇസ്‍ലാമിക് ഘടകങ്ങളെ തിരിച്ചറിയുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്തത് അശ്അരീ മാതുരീദീ പണ്ഡിതരായിരുന്നു. മുസ്‍ലിം ലോകത്തെ ചില പണ്ഡിതര്‍ പഴയ മുഅ്തസിലീ ജ്ഞാന മാര്‍ഗത്തിലേക്ക് തിരിച്ച് നടക്കുകയും ബൗദ്ധിക വ്യാപാരത്തിന് അമിത പ്രാധ്യാന്യം നല്‍കുകയും ചെയ്തു. ഇതിന്റെ ഫലമെന്നോണം ഖുര്‍ആന്‍ ഓണ്‍ലി മൂവ്‌മെന്റിനെ പോലെ വിവിധ പ്രസ്ഥാനങ്ങള്‍ മുസ്‍ലിം ലോകത്ത് ഉയര്‍ന്ന് വരികയുണ്ടായി.
ആധുനികതയുടെ ഉപോല്‍പന്നങ്ങളായ വിവിധ ചര്‍ച്ചകളെ മുസ്‍ലിം പണ്ഡിതര്‍ ഇസ്‍ലാമിക നിലപാടില്‍ നിന്ന് വീക്ഷിക്കുകയും രചനകള്‍ നടത്തുകയും ചെയ്തു. മതേതരത്വം, സ്ത്രീ സ്വാതന്ത്ര്യം, ജനാധിപത്യം, ലിബറേഷന്‍ തിയോളജി, മനുഷ്യാവകാശം, സ്വതന്ത്ര ചിന്ത തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‍ലാമിന്റെ നിലപാട് എന്തെന്നും അതിന്റെ അതിര്‍ വരമ്പുകള്‍ ഏതൊക്കെയെന്നും വിശദീകരിക്കാന്‍ പണ്ഡിതര്‍ ശ്രമങ്ങള്‍ നടത്തി.
ചുരുക്കത്തില്‍, ഇസ്‍ലാമിക ചിന്തയുടെ രീതിശാസ്ത്ര രൂപീകരണമാണ് ഇല്‍മുല്‍ കലാം. കാലാന്തരങ്ങളില്‍ വരുന്ന വെല്ലുവിളികള്‍ക്കനുസരിച്ച് വികസിച്ച ഇല്‍മുല്‍ കലാം ഇന്നും അതിന്റെ തനത് രൂപത്തില്‍ ഒളി മങ്ങാതെ നിലനില്‍ക്കുന്നു.
Leave A Comment