മീഞ്ചന്ത സമ്മേളനം

മീഞ്ചന്ത സമ്മേളനം

സമസ്തയുടെ 17-ാം സമ്മേളനം കോഴിക്കോട് മീഞ്ചന്തയില്‍ വെച്ചാണ് നടന്നത്. 1947 മാര്‍ച്ച് 15,16,17 തിയ്യതികളിലായിരുന്നു സമ്മേളനം. മാസങ്ങള്‍ക്കുമുമ്പുതന്നെ സമ്മേളന സ്വീകരണ സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് വാദപ്രതിവാദത്തിന് കേരള ജംഇയ്യത്തുല്‍ ഉലമായെ ക്ഷണിച്ചുകൊണ്ട് മീഞ്ചന്ത സമ്മേളന സ്വീകരണ സംഘം കത്ത് അയച്ചിരുന്നു. കത്തില്‍ അന്നത്തെ വഹാബി ആശയങ്ങള്‍ വിവരിച്ചതിന് ശേഷം എഴുതി: ഇത്തരം വാദങ്ങള്‍ പ്രചരിപ്പിക്കുന്ന മൗലവിമാര്‍ ഉള്‍കൊള്ളുന്ന കേരള ജംയ്യത്തുല്‍ ഉലമാ സംഘത്തിന് മേപ്പടി വാദങ്ങള്‍ ഇസ്‌ലാമികമാണെന്ന് രേഖാമൂലം തെളിയിക്കുവാന്‍ ഒരുക്കമാണെങ്കില്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും തെരെഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ തമ്മില്‍ വാദപ്രതിവാദം നടത്തി സത്യാസത്യം വെളിപ്പെടുത്തുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനു വേണ്ടി പ്രസ്തുത വാര്‍ഷിക യോഗത്തിന്റെ പിറ്റേന്നുമുതല്‍ വാദപ്രതിവാദ യോഗം നടത്താനുള്ള എല്ലാ ഏര്‍പ്പാടുകളും ഞങ്ങള്‍ ചെയ്തു കൊള്ളാം. സമ്മേളനത്തെ സുരക്ഷിതമായി ഞങ്ങള്‍ നിയന്ത്രിച്ചുകൊള്ളാം. അതില്‍ പരിപൂര്‍ണ സമാധാനം പാലിക്കാമെന്നും ഉറപ്പു നല്‍കാം. നിങ്ങളുടെയും സമസ്തയുടെയും പ്രതിനിധികള്‍ക്ക് എല്ലാവിധ സൗകര്യങ്ങള്‍ ചെയ്ത്‌കൊടുക്കുകയും ചെയ്യാം,
അപ്രകാരം നിങ്ങള്‍ക്ക് ഒരുക്കമുണ്ടെങ്കില്‍ ഈ നോട്ടീസ് കിട്ടിയമുതല്‍ പത്തുദിവസിനുള്ളില്‍ താഴെ കാണുന്ന വിലാസത്തില്‍ ഞങ്ങള്‍ക്ക് അറിവുതരാന്‍ ഇതുമൂലം ആവശ്യപ്പെട്ടുകൊള്ളുന്നു.എന്ന് 1- കെ. ഇമ്പിച്ചഹമ്മദ്(പ്രസിഡണ്ട്), 2- നരിമുക്കില്‍ അഹ്‌മദ്കുട്ടി(സെക്രട്ടറി), സ്വീകരണ സംഘം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മീഞ്ചന്ത, പി.ഒ. കല്ലായി. 

വാദപ്രതിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറികൊണ്ട് കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി അസിസ്റ്റന്റ് സെക്രട്ടറി വി.പി. ഉബൈദുല്ല മൗലവിയാണ് മറുപടി അയച്ചത്. 

മൗലാനാ ശൈഖ് ആദം ഹസ്രത്ത് ആയിരുന്നു മീഞ്ചന്ത സമ്മേളനത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത്. അധ്യക്ഷന്റെ അറബിയിലുള്ള പ്രസംഗം റിശീദുദ്ദീന്‍ മുസ്‌ലിയാര്‍ പരിഭാഷപ്പെടുത്തി. സമ്മേളനത്തില്‍ സമസ്തയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടും സംഘടനയുടെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കികൊണ്ടും മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരും ഉലമാ-ഉമറാ ബാധ്യതകള്‍ വിശദീകരിച്ചു കൊണ്ട് മൗലാനാ പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരും പ്രസംഗിച്ചു. മൗലാനാ ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍, മൗലാനാസദഖത്തുല്ല മുസ്‌ലിയാര്‍, മൗലാനാ കണ്ണിയത്ത് ഉസ്താദ് എന്നിവര്‍ യഥാക്രമം ഇസ്തിഗാസ, തഖ്‌ലീദ്, കറാമത്ത് എന്നീ വിഷയങ്ങളില്‍ പംനാര്‍ഹമായ പ്രസംഗങ്ങള്‍ നടത്തി.

തലേദിവസം മീഞ്ചന്ത ജുമുഅത്ത് പള്ളിയില്‍ വെച്ച് ചേര്‍ന്ന മുശാവറയോഗം ഒമ്പത് പ്രമേയങ്ങള്‍ ചര്‍ച്ചചെയ്തു അംഗീകരിക്കുകയുണ്ടായി. പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ ബാരി  മുസ്‌ലിയാരായിരുന്നു മുശാവറ യോഗത്തിലെ അധ്യക്ഷന്‍. മുശാവറ അംഗീകരിച്ച പ്രമേയങ്ങള്‍ പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി.

പ്രഥമവും പ്രധാനവുമായ പ്രമേയം ജുമുഅ ഖുതുബയില്‍ അറബിയല്ലാത്ത ഭാഷകള്‍ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുന്‍കറത്തുമായ ബിദ്അത്താണെന്ന് ഉണര്‍ത്തുന്നതായിരുന്നു. പ്രമേയത്തിന്റെ വാചകം ഇപ്രകാരമായിരുന്നു. ജുമുഅ ഖുതുബയില്‍ അറബിയല്ലാത്ത ഭാഷ ഉപയേഗിക്കുന്നത് നല്ലതല്ലാത്തതും മുന്‍കറത്തുമായ ബിദ്അത്താണെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. ഇത് ഖുതുബ പരിഭാഷ നടപ്പുള്ള ജുമുഅത്ത് ഭാരവാഹികളോടും ഖതീബുമാരോടും ഇത് നിര്‍ത്തല്‍ ചെയ്യാന്‍ ഈ യോഗം ഉപദേശിക്കുകയും ചെയ്യുന്നു.

മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു പ്രസ്തുത പ്രമേയത്തിന്റെ അവതാരകന്‍. പൊതു സമ്മേളനത്തില്‍ പ്രമേയം വിശദീകരിച്ചുകൊണ്ടു നടത്തിയ പണ്ഡിതോചിതമായ പ്രസംഗം സദസ്സിനെ കോള്‍മായിര്‍ കൊള്ളിക്കുകയുണ്ടായി. പ്രമേയത്തില്‍ അനുവാദകരായി ഒപ്പുവെച്ചത് സമ്മേളന അധ്യക്ഷനായിരുന്ന ശൈഖ് ആദം ഹസ്രത്തും മൗലാനാ റശീദുദ്ദീന്‍ മൂസമുസ്‌ലിയാരും ആയിരുന്നു. അവര്‍ രണ്ടുപേരും ഖുതുബ പരിഭാഷയെ സംബന്ധിച്ചു പ്രസംഗിക്കുകയുണ്ടായി.

പ്രാഥമിക മദ്രസകള്‍ക്ക് പാഠ്യപദ്ധതി ഉണ്ടാക്കാന്‍ തീരുമാനിക്കുന്നതായിരുന്നു സമ്മേളനത്തിലെ രണ്ടാം പ്രമേയം. സമ്മേളന സ്ഥലത്ത് ദീനീ മദ്‌റസ ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു മൂന്നാം പ്രമേയം. നാലാം പ്രമേയം മുഖേന മുസ്‌ലിം ബഹുജനങ്ങളോട് വഹാബികളുടെ പ്രസിദ്ധീകരണങ്ങളിലൂടെ അബദ്ധത്തില്‍ കുടുങ്ങിപ്പോവരുതെന്നുണര്‍ത്തുന്നതായിരുന്നു. പ്രമേയം അഞ്ച് മതവിദ്യാഭ്യാസത്തില്‍ പരിഷ്‌കരണങ്ങള്‍ വരുത്താനും അതിനു പ്രത്യേകം നിയമമുണ്ടാക്കി നടപ്പില്‍ വരുത്താനും എം.എല്‍.എ.മാര്‍ ശ്രമിക്കുന്നതിനാല്‍ അതിനു സമസ്തയുടെ സഹകരണത്തോടെയും ഉപദേശത്തോടെയുമല്ലാതെ നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെടുന്നതായിരുന്നു. 

ഫറോക്കില്‍ ചേര്‍ന്ന ആറം സമ്മേളനത്തിലെ എട്ടാം പ്രമേയം പൊതുജന ശ്രദ്ധയില്‍ പെടുത്തുന്നതായിരുന്നു മീഞ്ചന്ത സമ്മേളനത്തിലെ മറ്റൊരു പ്രമേയം. സമസ്തക്കു വേണ്ടി ഒരു പ്രസ്റ്റ് വാങ്ങാന്‍ തീരുമാനിക്കുന്ന പ്രമേയവും അംഗീകരിച്ചു. മൗലാനാ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, കണ്ണൂരിലെ സുല്‍ത്താന്‍ അലി രാജ, കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ എന്നിവരുടെ നിര്യാണത്തില്‍ ഒമ്പതാം പ്രമേയത്തിലൂടെ അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേകം ദുആ നടത്തുകയും ചെയ്തു. സ്വീകരണ സംഘം പ്രസിഡണ്ടിന്റെ സ്വാഗതപ്രസംഗവും സെക്രട്ടറിയുടെ നന്ദി പ്രസംഗവും പിന്നീട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്. 

നന്ദി പ്രസംഗത്തിലെ വാക്കുകളിലൂടെ സമ്മേളനത്തിന്റെ വലുപ്പം നമുക്ക് ഗ്രഹിക്കാം: തെക്കെ ഇന്ത്യയിലെ മഹാനായ മുഫ്തിയും ബാഖിയാത്തിന്റെ സദര്‍ മുദരിസും ആയ ശൈഖ് ആദം ഹസ്രത്ത്,കോഴിക്കോട് വലിയ ഖാസി അഹ്‌മദ് ശിഹാബുദ്ധീന്‍ തങ്ങള്‍, ചാലിയത്ത് ശിഹാബുദ്ദീന്‍ അഹ്‌മദ് കോയ മുസ്‌ലിയാര്‍, മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരടക്കം പതിനായിരത്തില്‍ പരം ആലിമീങ്ങളും അമ്പതിനായിരത്തില്‍പരം മറ്റു ജനങ്ങളും ഒരുമിച്ചു കൂടിയ സദസ്സില്‍ ഒരുമിച്ചുകൂടാന്‍ ഭാഗ്യം ലഭിച്ചതില്‍ സന്തോഷിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter