കക്കാട് സമ്മേളനം
കക്കാട് സമ്മേളനം
1961 ഫെബ്രുവരി 7,8,9 (ശഅബാന്‍ 20,21,22 ചൊവ്വ, ബുധന്‍, വ്യാഴം) എന്നീ തിയ്യതികളില്‍ കക്കാട് വെച്ചായിരുന്നു സമസ്തയുടെ 21-ാം സമ്മേളനം. 24-12-1960 ന് കോഴിക്കോട് ബാഫഖി തങ്ങളുടെ പാണ്ടികശാല മുകളില്‍ വെച്ച് വൈസ് പ്രസിഡന്റ് അയനിക്കാട് ഇബ്രാഹിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗമാണ് സമസ്തയുടെ 21-ാം സമ്മേളനവും വിദ്യാഭ്യാസ ബോര്‍ഡിന്റെ 2-ാം സമ്മേളനവും (ബോര്‍ഡിന്റെ 1-ാം സമ്മേളനം 1959 വടകര വെച്ച് ചേരുകയുണ്ടായി). തിരൂരങ്ങാടിക്ക് സമീപമുള്ള കക്കാട് നടത്താന്‍ തീരുമാനിച്ചത്. അതിനായി മഹാനായ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ ചെയര്‍മാനും, വി.ടി. അബ്ദുള്ളകോയ തങ്ങള്‍ എടരിക്കോട് കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
മര്‍ഹൂം എസ്.എം.ജിഫ്‌രി തങ്ങള്‍ ആ കാലത്ത് സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു എന്നു മാത്രമല്ല, മുഴുവന്‍ സമയവും സംഘടനാ രംഗത്ത് തിളങ്ങുന്ന കാലമായിരുന്നു. ജിഫ്‌രി തങ്ങളും സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയായിരുന്ന വി. കുട്ടിഹസ്സന്‍ ഹാജിയും കൂടിയാണ് ജിഫ്‌രി തങ്ങളുടെ നാടിന്റെ പ്രസക്തി ബാഫഖി തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. (കാര്യവട്ടം സമ്മേളനത്തിന് ശേഷം നടന്ന എല്ലാ സമ്മേളനങ്ങളുടേയും ചുക്കാന്‍ പിടിച്ചിരുന്നത് ബാഫഖി തങ്ങളായിരുന്നു. 1972-ലെ തിരുനാവായ സമ്മേളനം ബാഫഖി തങ്ങളുടെ വിടവാങ്ങല്‍ സമ്മേളനമായിരുന്നു).
കക്കാട് മിഫ്ത്താഹുല്‍ ഉലും മദ്രസയുടെ സമീപം പുരാതന ക്ഷേത്രം ഉള്‍ക്കൊള്ളുന്ന 7 ഏക്കര്‍ വരുന്ന അമ്പല പറമ്പിലാണ് സമസ്തയുടെ 21-ാം സമ്മേളനത്തിന് വേണ്ടി പാനായികുളം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നഗര്‍ സജ്ജമായത്. നാഷണല്‍ ഹൈവേയുടെ ഓരത്ത് വിശാലമായ പ്രസ്തുത സ്ഥലം അന്നും ഇന്നും ക്ഷേത്ര കമ്മിറ്റിയുടെ അധീനതയിലാണ്. ആ സ്ഥലം സമ്മേളനത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി മര്‍ഹും ബി. കുട്ടിഹസ്സന്‍ ഹാജിയും എസ്.എം. ജിഫ്രി തങ്ങളും കക്കാട്ടെ ഹിന്ദു സമുദായ നേതാക്കളായ അപ്പുനായര്‍, കുട്ടിരാമന്‍ നായര്‍ എന്നിവരെ സമീപിച്ച് സമ്മേളനത്തിന് വേണ്ടി സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ വളരെ സന്തോഷത്തോടെ സ്ഥലം അനുവദിക്കുകയും എല്ലാവിധ സഹായങ്ങള്‍ വാഗ്ദത്തം ചെയ്യുകയും ചെയ്തു. ഹിന്ദു മുസ്‌ലിം മൈത്രിക്ക് മികച്ച ഉദാഹരണമായിരുന്നു കക്കാട് സമ്മേളനം. അമ്പലപറമ്പില്‍ പുരാതനക്ഷേത്രത്തിന് സമീപമാണ് സമ്മേളന സ്റ്റേജ് ഉയര്‍ന്നത്, മര്‍ഹും എം.കെ.ഹാജി തുടങ്ങിയ മുജാഹിദ് നേതാക്കള്‍ വളരെ ബഹുമാനത്തോടെ സമ്മേളന സ്റ്റേജിലും നഗരിയിലും പങ്കെടുത്തിരുന്നു.
1961 ഫെബ്രുവരി 7 ന് രാവിലെ ഏഴര മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. സമ്മേളനത്തിന്റെ മുഖ്യ അതിഥികളായിരുന്ന ദയൂബന്ദ് ദാറുല്‍ ഉലും പ്രിന്‍സിപ്പാള്‍ ഖാരിമുഹമ്മദ് ത്വയ്യിബ്, വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പാള്‍ മൗലാനാ മുഹമ്മദ് അബൂബക്കര്‍ ഹസ്‌റത്ത് എന്നിവര്‍ക്ക് ഒമ്പതര മണിക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. രണ്ടാം ദിവസം (ഫെബ്രുവരി 8 ന്) 8 മണി മുതല്‍ 10 മണിവരെ സമസ്ത കേരള ജംഇത്തുല്‍ ഉലമ പ്രതിനിധി സമ്മേളനവും 10 മണി മുതല്‍ 12 മണി വരെ എസ്.വൈ.എസ് കൗണ്‍സിലും ഉച്ചക്ക് ശേഷം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധി സമ്മേളനവും നടന്നു. അന്ന് വൈകുന്നേരം പൊതു സ്റ്റേജില്‍ വിദ്യാഭ്യാസ ബോര്‍ഡ് സമ്മേളനം ചേര്‍ന്നു. വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പാള്‍ മൗലാന മുഹമ്മദ് അബൂബക്കര്‍ ഹസ്‌റത്തായിരുന്നു അദ്ധ്യക്ഷന്‍. മര്‍ഹും കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ (വിദ്യാഭ്യാസ ബോര്‍ഡ് അന്നും ഇന്നും), എന്‍. അബ്ദുല്ല മുസ്ല്യാര്‍ (ഇസ്‌ലാമും പുത്തന്‍ പ്രസ്ഥാനങ്ങളും) വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ (ഇസ്‌ലാമും ജമാഅത്തെ ഇസ്‌ലാമിയും) പി.എം. അബ്ദുള്ള മുസ്‌ലിയാര്‍ മട്ടന്നൂര്‍ (ഇല്‍മും അമലും) വിഷയങ്ങള്‍ അവതരിപ്പിച്ചു.
മൂന്നാം ദിവസം (9 ന്) രാവിലെ 9 മണിക്ക് സമസ്ത മുശാവറയോഗം സുപ്രധാനമായ പല തീരുമാനങ്ങളും എടുക്കുകയുണ്ടായി. എം.എം. ബഷീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നിവര്‍ സമസ്തയുടെ നേതൃരംഗത്തെത്തുന്നത് കക്കാട് സമ്മേളനത്തിലൂടെയാണ്. സമ്മേളനം നടത്താന്‍ തീരുമാനമെടുത്ത മുശാവറയില്‍ വെച്ചാണ് അവരെ മുശാവറ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ഉച്ചക്ക് ശേഷം ബഹുജന ജാഥയായി മമ്പുറം മഖാം സിയാറത്തിന് പുറപ്പെട്ടു. വളണ്ടിയര്‍മാരുടെ അകമ്പടിയോടെ സമസ്ത നേതാക്കളുടേയും വിശിഷ്ടാതിഥികളുടെ മഹനീയ നേതൃത്വത്തിലായിരുന്നു മമ്പുറം മഖാം സിയാറത്ത് നടന്നത്.
വൈകുന്നേരം സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങളുടെ കര്‍ണ്ണാനന്ദകരമായ ഖിറാഅത്തോടെയാണ് സമാപന സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. ദയൂബന്ദ് ദാറുല്‍ ഉലും പ്രിന്‍സിപ്പാള്‍ ഖാരി മുഹമ്മദ് ത്വയ്യിബ് സാഹിബായിരുന്നു അദ്ധ്യക്ഷന്‍. മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശൈഖുനാ കണ്ണിയത്ത് ഉസ്താദ്, ശൈഖുനാ ശംസുല്‍ ഉലമാ, ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, മൗലാനാ സദഖത്തുള്ള മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല ഉസ്താദ്, ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങള്‍, കെ.കെ. ഹസറത്ത് എന്നിവരായിരുന്നു സമാപന സമ്മേളനത്തിലെ പ്രാസംഗികര്‍.
Leave A Comment