കാസര്‍ഗോഡ് സമ്മേളനം
കാസര്‍ഗോഡ് സമ്മേളനം
1963 സപ്തംബര്‍ 21-നു ചേര്‍ന്ന മുശാവറ യോഗം പ്രസ്തുത വര്‍ഷം സമസ്തയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും സംയുക്ത സമ്മേളനം തീരുമാനിച്ചു. സമ്മേളന പരിപാടികള്‍ക്ക് രൂപം നല്‍കാനായി 12.10.1963-ന് സയ്യിദ് അബുദ്ര്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം തീരുമാനിച്ചതനുസരിച്ച് സമ്മേളനം ഡിസംബര്‍ 27,28,29 തിയ്യതികളില്‍ കാസര്‍ഗോഡ് വെച്ച നടത്തപ്പെടുകയുണ്ടായി.
രണ്ടും മൂന്നും ദിവസങ്ങളില്‍ നിശ്ചിത വിഷയങ്ങളിലായിരുന്നു, സമ്മേളനത്തില്‍ മൗലാനാ കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ (ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളുടെ ഖണ്ഡനം), കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത് (മത വിദ്യാഭ്യാസം), എന്‍. അബുദ്ല്ല മുസ്‌ലിയാര്‍ (ഇസ്‌ലാമിക സംസ്‌കാരം), സി അബുദ്‌റഹ്‌മാന്‍ മുസ്‌ലിയാര്‍ (ആദാബ്) എന്നിവരും സമാപന സമ്മേളനത്തില്‍ ശൈഖുനാശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ (വിലായത്ത് കറാമത്ത്), വാണിയമ്പലം അബുദ്‌റഹ്‌മാന്‍ മുസ്‌ലിയാര്‍ (മൗദൂദി ഖണ്ഡനം), കെ,കെ. സ്വദഖത്തുല്ല മുസ്‌ലിയാര്‍(ഇജ്തിഹാദ് തഖ്‌ലീദ്), ശൈഖുനം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ (പ്രശ്‌നം വെക്കലും കണക്കുപറയലും) എന്നിവരായിരുന്നു മുഖ്യപ്രഭാഷകര്‍.
സമ്മേളനത്തോടനുബന്ധിച്ച് 29.12.1963-ന് ചേര്‍ന്ന മുശാവറ യോഗമാണ് സമസ്തയുടെ പതാകയായി ഇന്ന് നിലവിലുള്ള പതാകക്ക് അംഗീകാരം നല്‍കിയത്. (അതിനുമുമ്പുള്ള സമ്മേളനങ്ങളില്‍ ചില പ്രത്യേക പതാകകളായിരുന്നു ഉയര്‍ത്തിയിരുന്നത്) മുശാവറ യോഗം താഴെ പറയുന്ന പ്രമേയം അംഗീകരിക്കുകയും പൊതുസമ്മേളനത്തില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. കേരളത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളികള്‍, മദ്‌റസകള്‍ മുതലായ മതസ്ഥാപനങ്ങള്‍ സുന്നികളാല്‍ സ്ഥാപിക്കപ്പെട്ടതായിരിക്കയാല്‍ അത്തരം സ്ഥാപനങ്ങളുടെ കൈകാര്യം നടത്താനോ ഖാസി, ഖതീബ്, മുദരിസ്, ഇമാം എന്നീ സ്ഥാനങ്ങളും പദവികളും വഹിക്കാനോ സുന്നത്ത് ജമാഅത്തില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നവര്‍ക്കല്ലാതെ കൈ നെഞ്ചത്ത് വെക്കല്‍, ഖുതുബ പരിഭാഷപ്പെടുത്തല്‍, തറാവീഹ് എട്ടു റക്അത്താക്കല്‍, നിസ്‌കാരാനന്തരം ദുആ ചെയ്യാതെ അനാവശ്യമായി സ്ഥലം വിടല്‍ മുതലായ അനാചാര പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വഹാബി, മൗദൂദി കക്ഷികള്‍ക്ക് മതദൃഷ്ട്യാ അവകാശവും അധികാരവും ഇല്ലെന്നും അങ്ങനെയുള്ളവരെ അധികാരത്തില്‍ വെക്കാന്‍ പാടില്ലെന്നും ഈ യോഗം തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു'.
ശൈഖുനാ കോട്ടുമല ഉസ്താദ് കണ്‍വീനറായും മൗലാനാ അയിനിക്കാട് ഇബ്രാഹീം മുസ്‌ലിയാര്‍, മൗലാനാ കണ്ണിയത്ത് ഉസ്താദ്, ശൈഖുനാ ശംസുല്‍ ഉലമ ഇ. കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അംഗങ്ങളുമായി ഫത്‌വാ കമ്മിറ്റി രൂപീകൃതമായതും പ്രസ്തുത മുശാവറയില്‍ വെച്ചുതന്നെ.29.12.1963-ന് രാവിലെ നടന്ന പണ്ഡിത സമ്മേളനത്തില്‍ പള്ളിദര്‍സുകളുടെ പുരോഗതി സംബന്ധിച്ചായിരുന്നു ചര്‍ച്ച.
Leave A Comment