പ്ലാറ്റിനം ജൂബിലി
പ്ലാറ്റിനം ജൂബിലി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപത്തഞ്ചാം വാര്‍ഷികവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അമ്പതാം വാര്‍ഷികവും 2001-ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. തിരുവന്തപുരത്ത് ജൂബിലി ബില്‍ഡിംഗിനു തറക്കല്ലിട്ടുകൊണ്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഇസ്‌ലാം: സമഗ്രം; കാലികം; ശാസ്ത്രീയം; എന്നായിരുന്നു പ്ലാറ്റിനം ജൂബിലി പ്രമേയം. സമസ്തക്കു മറക്കാനാവാത്ത നിസ്വാര്‍ത്ഥ പണ്ഡിതന്‍ മൗലാന മര്‍ഹും കെ.ടി. മാനു മുസലിയാരായിരുന്നു ജൂബിലി ആഘോഷ പരിപാടികളുടെ കണ്‍വീനര്‍. സമ്മേളനത്തോടനുബന്ധിച്ച് പ്രസ്ഥാനവും പ്രമേയവും നാടു നീളെ ചര്‍ച്ചചെയ്യപ്പെട്ടു. സമസ്തയുടെ കീഴ്ഘടകവും ഉദേ്യാഗസ്ഥരുടെ കൂട്ടായ്മയുമായ എസ്.കെ.എം.ഇ.എ. പ്ലാറ്റിനം ജൂബിലിയോടെനുബന്ധിച്ചാണ് പിറവികൊണ്ടത്. കാസര്‍ഗോഡ്,പാലക്കാട്,തൃശ്ശൂര്‍,ആലപ്പുഴ,കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖലസമ്മേളനങ്ങള്‍ നടന്നു. കോഴിക്കോട് വെച്ചുനടന്ന മധ്യമേഖല സമ്മേളനത്തോടെയാണ് ജൂബിലി പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തിയായത്.
അമ്പതുകള്‍ വരെ ആദര്‍ശ സംരക്ഷണം അജണ്ടയായുള്ള സമ്മേളനങ്ങളുടെ കാലമായിരുന്നു. പിന്നീട് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു ഊന്നല്‍ നല്‍കി. അതിനായി 1951ല്‍ സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചു. അങ്ങിനെ മതവിദ്യാഭ്യാസ രംഗത്ത് വമ്പിച്ച വിപ്ലവത്തിന് നാന്ദികുറിക്കപ്പെട്ടു. വ്യവസ്ഥാപിതമായ രൂപത്തിലുള്ള മദ്രസാ പഠനം ചിട്ടപ്പെടുത്തി. അതുവഴി മതാദ്ധ്യാന രംഗത്ത് വലിയമുന്നേറ്റം നടത്തി ഇന്ന് പതിനായിരത്തോളം മദ്രസകള്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച് വരുന്നു. സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് കൊണ്ട് മലയാള മനോരമ 1964 ജൂണ്‍ 23 എഡിറ്റോറില്‍ എഴുതിയെന്നത് ഇവിടെ സ്മരണീയമാണ്.
പ്രാഥമിക മതകലാലയമായ മദ്രസകള്‍ സ്ഥാപിക്കുന്നതോടപ്പം ഉന്നത മതകലാലയങ്ങള്‍ സ്ഥാപിക്കുന്നതിലും സമസ്ത പണ്ഡിതന്മാരുടെ സജീവശ്രദ്ധയുണ്ടായി. ഫൈസാബാദിലെ ജാമിഅ: നൂരിയ്യ അറബിക് കോളേജ് ആ വഴിയിലെ നാഴികക്കല്ലായിരുന്നു. ഇന്ന് നൂറുകണക്കിന് അറബിക് - ദഅവാ കോളേജുകള്‍ കേരളത്തില്‍മാത്രം സമസ്ത പണ്ഡിതരുടെ മേല്‍ നോട്ടത്തില്‍ നടന്ന് വരുന്നുണ്ട്. ഭൗതിക വിദ്യാഭ്യാസ രംഗത്തും വലിയമുന്നേറ്റം നടത്താന്‍ സമസ്തക്കു സാധിച്ചു. പെരിന്തല്‍മണ്ണയിലെ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് അതിന്റെ നിദര്‍ശനമാണ്.
സമസ്തക്കു ശക്തി പകരുന്നതിനും അതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുമായി 1954ല്‍ സുന്നിയുവജന സംഘം രൂപീകരിച്ചു. ഒരു ബഹുജന സംഘടനയാണിത്. മതഭൗതിക വിദ്യാര്‍ത്ഥികളെ കൂട്ടിയിണക്കി സത്യസരണിയിലൂടെ വഴിനടത്തി അവരില്‍ വിജ്ഞാനവും വിനയവും സേവന സന്നദ്ധയും അച്ചടക്കവും ഉണ്ടാക്കിയെടുക്കാന്‍ വേണ്ടി 1989ല്‍ സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന് രൂപം നല്‍കി. പ്രാഥമിക ക്ലാസ്സുകളിലെ വിദ്യാത്ഥികൂട്ടായ്മയാണ് സുന്നി ബാലവേദി. മഹല്ല് ഭാരവാഹികളുടെ കൂട്ടായ്മ യായ സുന്നി മഹല്ല് ഫെഡറേഷനും മുഅല്ലിംകളുടെ കൂട്ടായ്മ യായ ജംഇയ്യത്തജന്റ മുഅല്ലിമീനും മദ്‌റസാഭാരവാഹികളുടെ മദ്രസാ മാനേജ്‌മെന്റ് അസോസിയേഷനും ഉദ്യോഗസ്ഥരുടെ സംഗമ വേദിയായ എസ്.കെ.എം.ഇ.എയും സമസ്തയുടെ തണലില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
സമസ്തയുടെ എട്ടര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ വളരെ ശ്രദ്ധേയമായ നേട്ടങ്ങള്‍ നമുക്ക് കാണാനാവും. അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ അടിസ്ഥാനത്തില്‍ കേരളമുസ്‌ലിം ബഹുജനങ്ങളില്‍ സംഘബോധവും മതബോധവും വളര്‍ത്തി. നിസ്തുലമായ മദ്രസ പ്രസ്ഥാനങ്ങളില്‍ നിലവില്‍ വരുത്തി മത ഭൗതിക വിദ്യാഭ്യാസ ങ്ങളില്‍ ബഹുജനങ്ങളുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കാനായി സ്ഥാപനങ്ങളും സാഹചര്യങ്ങളും ഒരുക്കി. പള്ളികളും, സ്ഥാപനങ്ങളും ഉണ്ടാക്കുന്നതിലും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും വലിയ പങ്ക്‌വഹിച്ചു.
സമുദായത്തിനുവേണ്ടതെല്ലാം വേണ്ടുന്ന വേളയില്‍ നല്കാന്‍ എക്കാലത്തും സമസ്ത സജീവമായി ശ്രമിച്ചു. സമുദായത്തിന്റെ മതപരവും സാമൂഹികവുമായ നിലനില്‍പ്പിനെ ബാധിക്കുന്ന നീക്കങ്ങളുണ്ടായപ്പോഴെല്ലാം അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ സമസ്ത മുന്നില്‍ നിന്നു. എട്ടര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മസ്അലകളുടെ പേരിലും മറ്റും സ്വാഭാവികമായും ചില ഭിന്നിപ്പുകളുണ്ടായെങ്കിലും എണ്‍പത്കളുടെ അവസാനത്തില്‍ ചില സ്വാര്‍ത്ഥ താല്‍പര്യക്കാരുട പ്രവര്‍ത്തനം മൂലം ശോചനീയമായ ചില സംഭവങ്ങളുണ്ടായി. പ്രവര്‍ത്തന വീഥിയില്‍ സമസ്ത ജാജ്വല്യമാനമായ എട്ടര ദശകങ്ങള്‍ പിന്നിട്ടു. ഇന്നിപ്പേള്‍ കേരളത്തില്‍ ധാരാളം സംഘടനകളുണ്ടങ്കിലും അവരൊക്കെ സമസ്തവെട്ടിത്തെളിയിച്ച് പാകപ്പെടുത്തിയ മണ്ണില്‍ കൃഷിയിറക്കാനാണ് ശ്രമിക്കുന്നത്. സ്വന്തമായി ഒരിടം വെട്ടിത്തെളിയിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല എന്നതാണു പരമാര്‍ത്ഥം. എട്ടര പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ സാന്നിധ്യത്തിലൂടെ സമൂഹത്തില്‍ എക്കാലത്തെക്കുമുള്ള അടയാളമുദ്രകള്‍ സ്ഥാപിച്ച് കേരള മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത സഭ പ്രവര്‍ത്തന വീഥിയില്‍ പ്രകാശ ഗോപുരം പോലെ പ്രോജ്ജ്വലിച്ച് നില്‍ക്കുന്നു.
Leave A Comment