റമളാൻ ഡ്രൈവ്-നവൈതു 17
1441 വര്‍ഷം മുമ്പ്, ഈ രാത്രിയില്‍ പ്രവാചകരും അനുയായികളും ബദ്റിലായിരുന്നു കഴിച്ച് കൂട്ടിയത്. നേരം വെളുത്താല്‍ സത്യവും അസത്യവും ഏറ്റ് മുട്ടാനുള്ളതാണ്. അല്ലാഹുവിന്റെ ദീനിന്റെ അവസാന വെളിച്ചവും ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണ് ഒരു പക്ഷത്ത്. എന്ത് വില കൊടുത്തും അത് അണയാതെ സൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍ മറുപക്ഷത്തും. 
അസത്യത്തിന്റെ പക്ഷത്തിന് മുന്നിലുള്ളത്, ഭൌതിക താല്‍പര്യങ്ങള്‍ മാത്രമായിരുന്നു. ഈ ജീവിതത്തിലെ സുഖ സൌകര്യങ്ങളും നേതൃപദവികളും മാത്രമാണ് അവരുടെ ലക്ഷ്യം. അത് കൊണ്ട് അന്ന് രാത്രിയും അവര്‍ ഏറെ ആഘോഷത്തോടെയാണ് ചെലവഴിച്ചത്. തിന്നും കുടിച്ചും നൃത്തം ചെയ്തുമെല്ലാമാണ് അന്നും അവര്‍ കഴിച്ച് കൂട്ടിയത്. 
അതേ സമയം, സത്യത്തിന്റെ കാവലാളുകള്‍ കേവല സംഘട്ടത്തിന് വന്നവരായിരുന്നില്ല. അന്ത്യനാള്‍ വരെ ഭൂമിയില്‍ വരാനിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാവേണ്ട സത്യമാര്‍ഗ്ഗത്തിന്റെ സംരക്ഷണമായിരുന്നു അവരുടെ ലക്ഷ്യം. അത് ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു. അല്ലാത്ത പക്ഷം, എന്നെന്നേക്കുമായി ആ സത്യദീപം അണഞ്ഞുപോയേക്കാം, അതോടെ വരും തലമുറകളെല്ലാം അത് വരെ നില നിന്നിരുന്ന ജാഹിലിയ്യതിന്റെ അന്ധകാരത്തിലൂടെ തന്നെ ജീവിതം നയിക്കേണ്ടിവരും. അതൊരിക്കലും സംഭവിച്ച് കൂടാ.
യുദ്ധത്തിന് ആവശ്യമായ സന്നാഹങ്ങള്‍ കാര്യമായി ഒന്നും അവരുടെ കൈയ്യിലില്ലായിരുന്നു. എന്നാലും സാധിക്കുന്നതെല്ലാം അവര്‍ ഒരുക്കി വെച്ചിട്ടുണ്ട്. അത് മാത്രമാണല്ലോ സൃഷ്ടികളോടുള്ള കല്‍പനയും. സാധിക്കുന്നതെല്ലാം ചെയ്താല്‍ ബാക്കി കാര്യങ്ങള്‍ സ്രഷ്ടാവ് നോക്കുമെന്ന് അവന്‍ ഉറപ്പ് നല്കിയതുമാണ്. 
സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ടെങ്കിലും, ആ രാത്രി പ്രവാചകര്‍ക്ക് ഉറക്കം വന്നില്ല. അവിടുന്ന്, കണ്ണീര്‍ തുള്ളികളുടെ അകമ്പടിയോടെ അല്ലാഹുവിനോട് ദുആ ചെയ്യുകയായിരുന്നു. നേരം വെളുക്കുവോളം അത് തുടര്‍ന്നു. വിജയം അല്ലാഹു ഉറപ്പ് നല്കിയതാണ്, ശത്രു പക്ഷത്തെ പ്രമുഖര്‍ ഓരോരുത്തരും എവിടെയാണ് മരിച്ച് വീഴുക എന്ന് വരെ അനുയായികള്‍ക്ക് കാണിച്ച് കൊടുത്തതാണ്. 
എന്നിട്ടും അവിടുന്ന് പ്രാര്‍ത്ഥനകള്‍ക്ക് ഒരു കുറവും വരുത്തിയില്ല. വിശ്വാസികള്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടിയായിരുന്നു അതെന്ന് വേണം മനസ്സിലാക്കാന്‍. സാധിക്കുന്നതെല്ലാം ചെയ്യുകയും ശേഷം അല്ലാഹുവിലേക്ക് കരങ്ങളുയര്‍ത്തുകയും ചെയ്യുമ്പോഴാണ് സൃഷ്ടികളുടെ കര്‍ത്തവ്യം പൂര്‍ണ്ണമാവുന്നത്.. പിന്നീടുള്ളത് സ്രഷ്ടാവ് നോക്കിക്കൊള്ളും... ശേഷമുള്ളതേ അവന്‍ നോക്കൂ... ഈ ബദ്റ് ദിനത്തിലെ നമ്മുടെ നവൈതു അതായിരിക്കട്ടെ... സാധ്യമാവുന്നത്ര എന്റെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ നിര്‍വ്വഹിക്കുമെന്ന്.. ശേഷമുള്ളതിനായി അല്ലാഹുവിലേക്ക് കരങ്ങളുയര്‍ത്തുമെന്ന്... നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter