റമളാൻ ഡ്രൈവ് (ഭാഗം 29) നവൈതു
റമദാന്‍ പിറക്കുന്നതിന് തൊട്ട് മുമ്പ് നടക്കാറുള്ള ഒരു സംഭാഷണം ഇങ്ങനെ വായിക്കാം. 
എന്തൊരു ചൂടാണ് അല്ലേ, ഈ ചൂടിലാണ് നോമ്പ് വരുന്നത്. എങ്ങനെയാണാവോ ഇപ്രാവശ്യം നോമ്പ് നോല്‍ക്കുക, അതും 15 മണിക്കൂറോളം നീണ്ട പകലുകളും.
ഇത് കേള്‍ക്കുന്ന അല്‍പം വയസ്സായ മറ്റൊരാള്‍, അതൊന്നും ആലോചിച്ച് ഇപ്പോ തല പുണ്ണാക്കണ്ട. റമദാന് ഒരു പ്രത്യേക ശക്തി പടച്ചോന്‍ തരും. അത് വന്ന പോലെ അങ്ങ് പോവും.. ഒരു ബുദ്ധിമുട്ടും നമ്മള്‍ അറിയില്ല, നോക്കിക്കോളൂ. 
ആലോചിച്ചാല്‍, ആ കാരണവരുടെ വാക്കുകള്‍ എത്ര ശരിയാണ് എന്ന് ഇപ്പോ നമുക്ക് തോന്നും. റമദാന്‍ അങ്ങനെയാണ്, റജബ് മുതലേ പ്രാര്‍ത്ഥനകളുമായി നാം കാത്തിരിക്കും. തുടങ്ങുന്നത് വരെ, മുന്നില്‍ നീണ്ട് കിടക്കുന്ന 30 ദിവസങ്ങളിലെ നോമ്പിനെ കുറിച്ച് ചിലപ്പോഴെങ്കിലും നാം ആശങ്കയോടെ ഓര്‍ക്കും. എന്നാല്‍, തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അത് കഴിഞ്ഞുപോകുന്നത് അറിയുകയേയില്ല. 
നോമ്പിനെ കുറിച്ച് പരാമര്‍ശിക്കുന്ന സൂറതുല്‍ബഖറയിലെ 184-ാമത്തെ ആയത് എത്രമാത്രം ശരിയാണെന്ന്, ഓരോ റമദാന്‍ കഴിഞ്ഞുപോകുമ്പോഴും നാം തിരിച്ചറിയുന്നു. അയ്യാമന്‍ മഅ്ദൂദാത്, അഥവാ എണ്ണപ്പെട്ട ഏതാനും ദിവസങ്ങള്‍ നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടു എന്നാണ് ആ സൂക്തം പറയുന്നത്. ഒരു മാസം എന്ന് പോലും പറയാതെ, കേള്‍ക്കുന്നവര്‍ക്ക് വളരെ ലളിതമെന്ന് തോന്നുന്നവിധമാണ് ഖുര്‍ആന്‍ അതിനെ അവതരിപ്പിച്ചിരിക്കുന്നത്. റമദാനിലെ ദിനങ്ങള്‍ കഴിഞ്ഞുപോകുന്നതും അങ്ങനെത്തന്നെ. 
ഖുര്‍ആന്‍ അങ്ങനെ പറഞ്ഞത് വെറുതെയല്ല. സാധാരണ ഗതിയില്‍, മാനസികമോ ശാരീരികമോ ആയി പ്രയാസം അനുഭവപ്പെടുന്ന വേളകള്‍ കഴിഞ്ഞുപോവാന്‍ വളരെ പ്രയാസമാണ്. ഭൌതികമായി ചിന്തിക്കുമ്പോള്‍, വിശപ്പും ദാഹവുമായി കഴിയുന്ന ദിനങ്ങളും അങ്ങനെത്തന്നെയാവുകയാണ് വേണ്ടത്. എന്നാല്‍ 14 ഉം 15ഉം അതിലേറെയും മണിക്കൂറുകള്‍ ഒരു തുള്ളി പച്ചവെള്ളം പോലും കുടിക്കാതെ കഴിച്ച് കൂട്ടേണ്ടിവരുന്ന ഈ ദിനങ്ങള്‍ കഴിഞ്ഞുപോകുന്നത് വളരെ വേഗത്തിലും. 
ജീവിതവും ഇങ്ങനെയാണ്, മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞുപോവുന്നത് വളരെ പെട്ടെന്നാണ്. അവസാനം തിരിഞ്ഞുനോക്കുമ്പോഴാണ്, കഴിഞ്ഞുപോയ സമയങ്ങളെത്രയായിരുന്നുവെന്ന് നാം അല്ഭുതപ്പെടുന്നത്. 
സമയമാണ് ജീവിതത്തിലെ ഏറ്റവും വിലയേറിയ അനുഗ്രഹം എന്ന് പറയാം. ജീവിതം എന്നത് ലഭ്യമായ സമയം തന്നെയാണ്. അത് പരമാവധി ഉപയോഗപ്പെടുത്തുന്നവനാണ് വിവേകശാലി. 
റമദാന്‍ നമുക്ക് നല്കിയ ഈ വലിയ പാഠം, നമ്മുടെ ശിഷ്ട ജീവിതത്തില്‍ എന്നും കൂടെയുണ്ടാവട്ടെ. അതിനായി, ഈ അവസാനനിമിഷങ്ങളില്‍ നമുക്കൊരു നവൈതു കൂടി വെക്കാം. സമയം പരമാവധി ഉപയോഗപ്പെടുത്തുമെന്ന കരുത്ത്.. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter