കോപം അഗ്നിയാണ്
ശറഫുദ്ദീന്‍ കടുങ്ങല്ലൂര്‍
മനുഷ്യമനസ്സ് ചഞ്ചല പ്രകൃതിയാണ്. നിയന്ത്രണം വിടുന്നതോടെ അതു ദിശ വിട്ടു കാടുകയറുകയും വന്യഭാവം ആര്‍ജ്ജിക്കുകയും  ചെയ്യുന്നു. നിയന്ത്രണംവിട്ട വാഹനം സാരഥിയേയും സവാരിയേയും അപകടത്തില്‍ പെടുത്തുന്നതുപോലെ നിലതെറ്റിയ മനസ്സ് അതിന്റെ ഉടമയെ അപകടത്തിലേക്കാനയിക്കുന്നു.
ബോധവും യുക്തിയുമാണ് മനസ്സിനെ നിയന്ത്രിക്കുന്നത്. കോപം ജനിക്കുന്നതോടെ ബോധം മങ്ങുകയും യുക്തി അപ്രത്യക്ഷമാവുകയും ചെയ്യുന്നു. കോപത്തിന്റെ മൂര്‍ദ്ധന്യതയില്‍ മനസ്സ് ഭ്രാന്തമാകുന്നു. അതിന്റെ തിരതള്ളലില്‍ മനസ്സ് കുഴഞ്ഞുമറിയുകയും നീചമായ വാക്കുകള്‍ക്കും നിന്ദ്യമായ പ്രവൃത്തികള്‍ക്കും ജന്‍മംനല്‍കുകയും ചെയ്യുന്നു.  കോപാഗ്‌നി വിവേകത്തെയും ഇതര സദ്ഗുണങ്ങളെയും ചാരമാക്കിക്കളയാന്‍ മാത്രം തീവ്രമായിരിക്കും. വിഡ്ഢിത്തത്തില്‍നിന്നാരംഭിച്ച് പശ്ചാത്താപത്തില്‍ കലാശിക്കുന്ന ഭാവമാണ് കോപം എന്നു പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ കോപം സദ്ഫലങ്ങളെ ഉല്‍പാദിപ്പിക്കുന്നില്ല എന്നറിഞ്ഞിട്ടും കോപിക്കുന്നു എന്നതാണ് അതിലെ വിഡ്ഢിത്തം. കോപത്തിന് കീഴ്‌പ്പെട്ട മനസ്സ് നമ്മില്‍നിന്ന് പുറപ്പെടുവിക്കുന്ന വാക്കുകളിലും പ്രവൃത്തികളിലും സുബോധം വീണു കിട്ടുമ്പോള്‍ നാം ഖേദിക്കുകയും ചെയ്യുന്നു. കോപം കണ്ണുകളെ ജ്വലിപ്പിക്കുകയും ഞരമ്പുകളെ ത്രസിപ്പിക്കുകയും പല്ലുകളെ വിറപ്പിക്കുകയും ശരീരത്തെ തരിപ്പിക്കുകയും  രോമങ്ങളെ വിഭ്രംജിപ്പിക്കുകയും സംസാരത്തെ പരുഷമാക്കുകയും ചെയ്യുന്നു. ഈ നിമിഷം, വികാരാവേശത്തില്‍ ചെയ്തുകൂട്ടുന്നത് ജീവിതത്തില്‍ സ്ഥായിയായ ഖേദത്തിനു ഇടവരുത്തുമെന്നത് സ്വാഭാവികം.
മൂക്കിന്‍തുമ്പത്താകും ചിലര്‍ക്ക് ദേഷ്യം. അത് എളുപ്പത്തില്‍ ഉണര്‍ത്തപ്പെടുകയും അത്രതന്നെ വേഗത്തില്‍ മാഞ്ഞുപോവുകയും ചെയ്യും. ചിലരുടെ കോപം അണയാത്ത കനലായി മനസ്സില്‍ എരിഞ്ഞു കൊണ്ടേയിരിക്കും. വൈകി മാത്രം കോപിക്കുകയും ഏറ്റവും വേഗം അതിന്റെ സ്വാധീനത്തില്‍നിന്നു മനസ്സിനെ മുക്തമാക്കുകയും ചെയ്യുന്നവരാണ് മനസ്സിനെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവര്‍.  അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക് ചേര്‍ന്ന രീതിയും ഇതാണ്.
മനുഷ്യന്റെ സഹസ്വഭാവങ്ങളിലൊന്നാണ് കോപം എന്നതിനാല്‍ അത് ഉന്‍മൂലനം ചെയ്യാന്‍ സാധ്യമല്ല. ഖുര്‍ആന്‍ ആവശ്യപ്പെടുന്നതും പരിപൂര്‍ണമായി കോപത്തെ ഇല്ലാതാക്കണമെന്നല്ല. മറിച്ച്, അടക്കി നിര്‍ത്തണമെന്നാണ്. അക്രമകാരികളോട് അക്രമിക്കപ്പെട്ടവര്‍ക്കു തോന്നുന്ന ക്രോധവും ഈ ഗണത്തില്‍ വരുന്നതല്ല. മര്‍ദ്ദിതന്റെ ക്രോധം പുണ്യയുദ്ധങ്ങള്‍ക്കു നിമിത്തമായി ഭവിച്ചേക്കും. അത്തരം കോപം അല്ലാഹുവിനു വേണ്ടിയുള്ളതാണ്.
കോപം വരുമ്പോള്‍ അല്ലാഹുവില്‍ ശരണം തേടുക, മൗനം ഭജിക്കുക, അംഗശുദ്ധി വരുത്തി രണ്ട് റക്അത്ത് നിസ്‌കരിക്കുക എന്നിങ്ങനെയുള്ള യുക്തി മാര്‍ഗങ്ങള്‍ പ്രവാചകര്‍(സ) നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോപത്താല്‍ ജ്വലിക്കുന്ന മനസ്സിനെ ശീതീകരിക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങളിവയാണ്.
മനഃശക്തിയുള്ളവര്‍ക്കേ കോപത്തെ അടക്കി നിര്‍ത്താനാവുകയുള്ളൂ. മല്ലയുദ്ധത്തില്‍ വിജയിക്കേണ്ടവന് ശരീരബലം മതി. മനസ്സിനെ വരുതിയില്‍ നിര്‍ത്താന്‍ തന്റേടവും സ്‌ഥൈര്യവും വേണം. യഥാര്‍ത്ഥ ശക്തിയും അതാണ്. പ്രവാചകന്‍(സ) പറഞ്ഞു: ''ഗുസ്തിയില്‍ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ മനസ്സിനെ അടക്കിനിര്‍ത്തുന്നവനാണ് ബലവാന്‍.'' അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന സത്യവിശ്വാസികളുടെ ഗുണവിശേഷണങ്ങള്‍ പറയുന്നിടത്ത് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ''വലിയ പാപങ്ങളും മ്ലേച്ഛവൃത്തികളും വര്‍ജ്ജിക്കുന്നവരാണ് അവര്‍. കോപം വന്നാല്‍ പൊറുത്തുകൊടുക്കുന്നവരും.'' (42:32)
ദേഷ്യത്തെ വിഴുങ്ങുന്നവന്റെ പാപങ്ങളെ അല്ലാഹു മറച്ചുവെക്കുമെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. കോപം വിശ്വാസത്തെ ക്ഷയിപ്പിച്ചുകളയുമെന്ന് പ്രവാചകര്‍(സ) പഠിപ്പിക്കുന്നു. വിശ്വാസം ദുര്‍ബലമാവാതെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അനുഷ്ഠാനങ്ങളില്‍  വ്യാപൃതരാവുന്നതുകൊണ്ട് മാത്രം പ്രയോജനമില്ല. സമസ്യ സൃഷ്ടികളോടും ഉത്തമമായ നിലയില്‍ വര്‍ത്തിക്കുകയും അവരുടെ പ്രീതി സമ്പാദിക്കുകയും വേണം. കോപത്തെ അടക്കിനിര്‍ത്തണം. എന്നു പറഞ്ഞതിന്റെ തൊട്ടുപിറകെ ഖുര്‍ആന്‍ ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യാനാണ് ആവശ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഇങ്ങോട്ട് ദ്രോഹിച്ചാലും തിരിച്ചു ദ്രോഹിക്കാതിരിക്കലാണ് ദൈവഭക്തിയുടെ ലക്ഷണം. അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും പൊറുത്തുകൊടുക്കുന്നവനുമാണ്. അല്ലാഹുവിന്റെ ഗുണങ്ങള്‍ സ്വായത്തമാക്കാനുള്ള പരിശ്രമമായിരിക്കണം ഭക്തനായ ദാസന്റെ ജീവിതം. അതിനാല്‍ തന്നെ ഉപദ്രവിക്കുന്നവനോട് ക്ഷമിക്കുന്നത് ദൗര്‍ബല്യമല്ല, ശക്തിയാണ്. പ്രതികാരത്തിന് ആവതുണ്ടായിട്ടും വിട്ടുവീഴ്ച ചെയ്യുന്നതാണ് മഹത്വം.
നബി(സ) പറഞ്ഞു: ''കോപം പ്രയോഗിക്കാന്‍ കഴിവുണ്ടായിരിക്കെ അതടക്കിപ്പിടിച്ചവനെ പുനരുത്ഥാന നാളില്‍ അല്ലാഹു സകല സൃഷ്ടികളുടെയും ഇടയില്‍നിന്ന് വിളിച്ച് തനിക്കിഷ്ടമുള്ള സ്വര്‍ഗകന്യകയെ തെരഞ്ഞെടുത്തു കൊള്ളാന്‍ പറയും.'' (തിര്‍മൂദി) കോപം അടക്കുന്നവര്‍ക്ക് മികച്ച പ്രതിഫലം നല്‍കും എന്നു വ്യക്തമാക്കുന്ന നബിവചനമാണിത്.
മുന്‍കോപികളും ക്ഷിപ്രകോപികളും നിരന്തരമായ മാനസിക പരിശീലനത്തിലൂടെ കോപത്തെ നിയന്ത്രിക്കാന്‍ പഠിക്കേണ്ടതുണ്ട്. ഖുര്‍ആനിലെ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് ജീവിതത്തെ ക്രമപ്പെടുത്തുന്ന വിധം, പ്രവാചകന്‍(സ) പ്രായോഗികമായി കാണിച്ചുതന്ന മാതൃക ഭാഗ്യവശാല്‍ നമുക്കുമുമ്പിലുണ്ട്. പരസ്പരം വഴക്കിടുകയായിരുന്ന രണ്ടു പേരില്‍ ഒരാള്‍ കോപാവേശംകൊണ്ട് മുഖം ചുവന്ന് പിരടി വീര്‍ത്ത് കലിയുടെ കുന്തമുനയില്‍ നില്‍ക്കുന്നത് കാണാനിടയായ പ്രവാചകന്‍(സ) അയാളോട് പറഞ്ഞു: ''ആഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം (അഭിശപ്തനായ പിശാചില്‍നിന്ന് ഞാന്‍ അല്ലാഹുവില്‍ ശരണംതേടുന്നു) എന്നു പറയുക.'' അയാള്‍ അപ്രകാരം പറയുകയും തന്നെ കീഴടക്കിയ കോപത്തില്‍നിന്ന് സ്വയം രക്ഷപ്പെടുകയും ചെയ്തു. ദൈവസ്മരണ ഉണര്‍ത്തുന്ന മൊഴികള്‍-ദിക്‌റുകള്‍ കോപത്തെ ശമിപ്പിക്കുന്ന ശക്തമായ ഉപാധികളാണ്. ഒരു ഖുദ്‌സിയായ ഹദീസില്‍ ഇപ്രകാരമുണ്ട്- അല്ലാഹു പറഞ്ഞു: ''കോപം വരുമ്പോള്‍ എന്നെ ഓര്‍ക്കുന്നവനെ എനിക്ക് കോപം വരുമ്പോള്‍ ഞാനും ഓര്‍ക്കും.'' ദൈവസ്മരണ കോപത്തെ നിയന്ത്രിക്കുകയും പല ദുഷ്‌കൃത്യങ്ങളില്‍നിന്നും നമ്മെ രക്ഷപ്പെടുത്തുകയും ചെയ്യും. കോപമായിരിക്കും ചിലയാളുകളെ സദാ ഭരിച്ചുകൊണ്ടിരിക്കുന്നത്. അത്തരക്കാര്‍ കോപത്തെ നിയന്ത്രിക്കുകയേ വേണ്ടൂ. അവരുടെ സകല കാര്യങ്ങളും ഗുണകരമായിത്തീരാന്‍ ഒരാള്‍ നബി(സ)യെ സമീപിച്ച് ഉപദേശം തേടി. നബി(സ) അയാളോട് ''നീ കോപിക്കരുത്''എന്നു പറഞ്ഞു. ആഗതന്‍ വീണ്ടും വീണ്ടും ഉപദേശം തേടിക്കൊണ്ടിരുന്നു. അപ്പോഴൊക്കെയും തിരുനബി(സ) ''നീ കോപിക്കരുത്'' എന്നു തന്നെ ആവര്‍ത്തിച്ചു. (ബുഖാരി)
അല്ലാഹുവിന്റെ കോപത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ധിക്കാരികളായ അനേകം ജനതയെ അല്ലാഹുവിന്റെ കോപം ഭസ്മീകരിക്കുകയുണ്ടായി. ആദ്, സമൂദ് തുടങ്ങിയ സമൂഹങ്ങള്‍ ഒന്നടങ്കം നശിപ്പിക്കപ്പെട്ടത് അല്ലാഹുവിന്റെ കോപത്തെ ക്ഷണിച്ചുവരുത്തിയതുകൊണ്ടാണ്. അതുകൊണ്ട് അല്ലാഹുവിന്റെ കോപമേറ്റ ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടു പോവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അല്ലാഹു പഠിപ്പിക്കുന്നു. സൂറത്തുല്‍ഫാതിഹയില്‍തന്നെ ഈ പ്രാര്‍ത്ഥനയുണ്ട്.
ദുര്‍മാര്‍ഗികള്‍ അല്ലാഹുവിന്റെ കോപത്തിന് ഇരയായവരാണ്. അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍ക്കു നാം നല്‍കിയ നല്ല വിഭവങ്ങള്‍ ഭക്ഷിക്കുക. അതില്‍ നിങ്ങള്‍ പരിധി ലംഘിക്കുകയും അരുത്. അങ്ങനെ ചെയ്താല്‍ എന്റെ കോപം നിങ്ങളില്‍ ഇറങ്ങും. ആരില്‍ എന്റെ കോപം ഇറങ്ങിയോ അവന്‍ നശിച്ചതുതന്നെ.'' (വി.ഖു). സ്വയം കോപിക്കാതെയും അല്ലാഹുവിന്റെ കോപത്തെ ഭയന്നും ജീവിക്കുന്നവനാണ് സത്യവിശ്വാസി.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter