ഇമാം സുഹ് രി (റ) യും ജൂതന്റെ ചില ആരോപണങ്ങളും
ഹദീസ് ക്രോഡീകരണ ചരിത്രത്തിലെ രാജ സിംഹാസനത്തില്‍ ഉപവിഷ്ടനാണ് മഹാനായ ഇമാം  ഇബ്നു ശിഹാബു സ്സുഹ്രി (റ)മുഹമ്മദ്‌ ബിനു ഉബൈദില്ലാഹ് എന്നാണു ശരിയായ പേര്ഹിജ്ര അമ്പത്തി ഒന്നില്‍ മദീനയില്‍ ജനിച്ചു.  തിരുനബി (സ്വ) യുടെ പൂര്‍വ്വ പിതാവായ ഖുസയ്യ് ബിന്‍ കിലാബിന്റെ സഹോദരന്‍ സുഹ്രത് ബിന്‍ കിലാബിലാണ് ഇമാം സുഹ്രിയുടെ പരമ്പര ചെന്ന് ചേരുന്നത്.  പരന്ന പാണ്ഡിത്യവും കഠിനാധ്വാനവും ഉദാരതയും സത്യനിഷ്ഠയും എല്ലാം ഒത്തിണങ്ങിയ ഒരു വലിയ താബിഈ പണ്ഡിതനായിരുന്നു ഇമാം സുഹ്രി (റ).  ഈ വലിയ മനുഷ്യനു പക്ഷെ, കുറിയ ശരീരമായിരുന്നു.  താടിയും മീശയും അല്പാല്പം.  തന്റെ പിതാവ്അമവി ഭരണകൂടത്തിന്റെ പ്രധാന പ്രതിയോഗിയായ ഇബ്നു സുബൈറി (റ) ന്റെ കൂടെയായിരുന്നു നിലകൊണ്ടത്.  അത്കൊണ്ട് തന്നെ  ഭരണ സംവിധാനം  കുടുംബത്തെ അവഗണിക്കുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്തു.  ഇങ്ങനെ ദരിദ്രമായിപ്പോയൊരു കുടുംബ പശ്ചാത്തലത്തിലാണ് അതുല്യനായ നമ്മുടെ ചരിത്ര പുരുഷന്‍ ജനിച്ചതും വളര്‍ന്നതുംപിതാവിന് ശേഷം  പോറ്റി വളര്‍ത്തിയതെല്ലാം തന്റെ ജ്യേഷ്‌ഠനായിരുന്നു.
മഹാ പണ്ഡിതനായ സഈദ് ബിനുല്‍ മുസയ്യബി (റ) ആണ് പ്രധാന ഗുരു.  ഇമാമവര്കളുടെ വാക്ക് കടമെടുത്തു പറഞ്ഞാല്‍ "എന്റെ കാല്‍മുട്ടും സഈദ് ബിനുല്‍ മുസയ്യബി (റ) ന്റെ കാല്‍മുട്ടും എട്ടു വര്ഷം മുട്ടിയുരുമ്മിയിരുന്നു"  ഉര്‍വത്തു ബിനു സുബൈര്‍ (റ) അടക്കമുള്ള പല താബിഈ പണ്ഡിതരും അവിടുത്തെ ഗുരുക്കളാണ്.  മഹാന്മാരായ ഇബ്നു ഉമര്‍ (റ), അബൂ ഹുറൈറ (റ), അനസ് ബിന്‍ മാലിക് (റ), ജാബിര്‍ (റ), സഹ്ല്‍ ബിന്‍ സഅദ് (റ) തുടങ്ങിയ പത്തോളം സ്വഹാബിമാരില്‍ നിന്നും പഠിച്ചിട്ടുണ്ട്.  പ്രഗല്‍ഭരായ ഏറെ പണ്ഡിതന്മാര്‍ തനിക്കു ശിഷ്യന്മാരായും ഉണ്ട്.  ഇമാം മാലിക് ബിന്‍ അനസ് (റ), ഇമാം അബു ഹനീഫ (റ), ആത്വാ ബിന്‍ അബീ റബാഹ് (റ), ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്‌ (റ), ഇബ്നു ഉയയിന (റ)ലൈസ് ബിന്‍ സഅദ് (റ), ഔസാഈ (റ) ഇബ്നു ജുറൈജ് (റ) തുടങ്ങിയവര്‍ അവരില്‍ ചിലര്‍.
തീവ്രമായ അന്വേഷണമാണ് ഇമാം സുഹ്രി (റ) യെ പണ്ഡിത ലോകത്തെ ഉത്തുംഗ പദവിയിലെത്തിച്ചത്.  അങ്ങനെത്തന്നെയാണ് സഹപാഠികള്‍ അഭിപ്രായപ്പെട്ടതും.  “ഞങ്ങളെല്ലാം ഹറാമും ഹലാലും മാത്രം എഴുതിവച്ചപ്പോള്‍ ഒരു പലകയും കൊണ്ട്നടന്നു ഇബ്നു ശിഹാബ് കേട്ടതെല്ലാം എഴുതിവച്ചു.  അന്ന് ഞങ്ങള്‍ ചിരിച്ചു.  പക്ഷെ, അദ്ദേഹാണ് വലിയ പണ്ഡിതന്‍ എന്ന് ഇന്നെനിക്കു ബോധ്യപ്പെട്ടു  എന്നാണു അബു സ്സിനാദ് (റ) പറഞ്ഞത്.  അന്സ്വാറുകളുടെ കുടിലുകള്‍‍ക്കിടയിലൂടെ നടന്നു കണ്ടവരോടെല്ലാം ചോദിച്ച് പഠിക്കുമായിരുന്നുമഹാനായ അബ്ദുല്ലാഹി ബിന്‍ മസ്ഊദി (റ) ന്റെ പെരക്കിടാവ് ഉബൈദുല്ല എന്നവരുടെ വീടിനു മുന്നില്‍ സേവനം ചെയ്യാനും അതുവഴി അറിവ് നുകരാനുമായി  ഒരു അടിമയപ്പോലെ കാത്തു നില്‍ക്കുമായിരുന്നുവത്രെ.  താഴെ പറയുന്ന ചില സംഭവങ്ങള്‍ അവിടുത്തെ ശക്തമായ ഓര്‍മ്മയെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.  എന്നിട്ടും ഹദീസ് മന:പാഠമാക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്നുതന്റെ വീട്ടിലെ വേലക്കാരി പെണ്‍കുട്ടിക്ക് ഹദീസ് പറഞ്ഞു കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ആ കുട്ടി ചോദിച്ചു "എന്തിനാണ് എനിക്കിങ്ങനെ ഈ ഹദീസുകളെല്ലാം പറഞ്ഞു തരുന്നത്?"  "അത് നിനക്ക് വേണ്ടിയല്ല, മറിച്ച്, ഞാന്‍ സ്വയം മന:പാഠമാക്കുകയാണ്" എന്നവിടുന്ന് മറുപടി പറഞ്ഞുപാതിരാ നേരത്തും ഗ്രന്ഥങ്ങളില്‍ ആസക്തനായിരിക്കുന്ന ഭര്‍ത്താവിനോട് ഒരിക്കല്‍ പ്രിയതമ പറഞ്ഞു: "നിങ്ങള്ക്ക് മൂന്നു ഭാര്യമാര്‍ കൂടി ഉണ്ടായിരുന്നാല്‍ പോലും, ഈ ഗ്രന്ഥങ്ങള്‍ കൊണ്ടുള്ള അത്ര പ്രയാസം എനിക്കുണ്ടാകുമായിരുന്നില്ല"  ആ പ്രതിഭ തന്നെ പറഞ്ഞു: "വിജ്ഞാന ശേഖരണത്തില്‍ ഞാന്‍ ക്ഷമിച്ചത് പോലെ ആരും ക്ഷമിച്ചിട്ടില്ല, ഞാനത് പ്രചരിപ്പിച്ചത് പോലെ ആരും പ്രചരിപ്പിച്ചിട്ടുമില്ല"
Also Read: ഹദീസ് ക്രോഡീകരണം
അതുല്യമായ ഓര്‍മ്മ ശക്തികൊണ്ട് അനുഗ്രഹീതരാണ് ഹദീസ് പണ്ഡിതന്മാരെല്ലാം.  മഹാനായ ഇമാം സുഹ്രി (റ) യും ഒട്ടും ഭിന്നനായിരുന്നില്ല.  കേവലം എണ്പതു ദിവസം കൊണ്ടാണ് ഇമാം വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയത്.  അവിടുന്ന് ഒരിക്കല്‍ പറഞ്ഞു: "ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിച്ച അറിവുകളില്‍ ഒന്നുപോലും മറന്നിട്ടില്ല".  ഇനിയും പറഞ്ഞു:  "പഠിച്ച ഹദീസുകളില്‍, ഒന്നല്ലാതെമറ്റൊന്നിലും ഞാന്‍ സംശയിച്ചിട്ടില്ലഅന്വേഷിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് പോലെത്തന്നെയായിരുന്നു ആ ഒരു ഹദീസും".  ഒരു സംഭവം:  ഒരിക്കല്‍ ഭരണാധികാരി അബ്ദുല്‍മലികിന്റെ രണ്ടു പേജുള്ള രാജശാസന പള്ളിയില്‍ വായിക്കപ്പെട്ടു.  വായനക്കുശേഷം പഠിതാക്കളെല്ലാം മഹാനായ സഈദ് ബിന്‍ മുസയ്യബി (റ) ന്റെ സദസ്സിലിരുന്നു. എന്തായിരുന്നു രാജശാസന എന്ന് അവിടുന്ന് അന്വേഷിച്ചു.  വിദ്യാര്‍ഥികള്‍ രാജാവിന്റെ കത്തിലുണ്ടായിരുന്നത് അല്പാല്പമായി പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു.  എന്നാല്‍, ഇമാം സുഹ്രി (റ), രണ്ടു പേജുണ്ടായിരുന്ന എഴുത്തിന്റെ പൂര്‍ണ്ണ രൂപം ഒരു മാറ്റവുമില്ലാതെ തന്റെ വന്ദ്യഗുരുവിനു പറഞ്ഞു കൊടുത്തു!  പില്‍കാലത്ത് നടന്ന ഒരു സംഭവം കൂടി:  രാജാവ് ഹിഷാം ബിന്‍ അബ്ദുല്‍മലിക് ഇമാം സുഹ്രി (റ) യെ പരീക്ഷിക്കാന്‍ തീരുമാനിച്ചു.  തറെ മകന് അല്പം ഹദീസുകള്‍ എഴുതിയെടുക്കാനായി പറഞ്ഞു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു.  അവിടുന്ന് നാനൂറു ഹദീസുകള്‍ പറഞ്ഞു കൊടുത്തു.  ഒരു മാസത്തിനു ശേഷംഎഴുതിയെടുത്ത ഗ്രന്ഥം കാണാനില്ലെന്നും അതുകൊണ്ട് ഒന്ന് കൂടി പറഞ്ഞുകൊടുക്കണം എന്നും ഹിഷാം തന്ത്രം പറഞ്ഞു.  ഇമാം സുഹ്രി (റ) വീണ്ടും പറഞ്ഞുകൊടുത്തു.  ഹിഷാം പഴയ ലിഖിതവും പുതിയ ലിഖിതവും ഒത്തുനോക്കി.  ഒരു അക്ഷരത്തിനു പോലും മാറ്റമുണ്ടായിരുന്നില്ല.  രാജാവ് സമ്മതിച്ചു!  ഓര്‍മ്മഷ്ക്തിയുടെ സംരക്ഷണത്തിനായി ഭക്ഷണം നിയന്ത്രിച്ചിരുന്നു.  ഓര്‍മ്മയെ ശക്തിപ്പെടുത്തും എന്ന് കണ്ട് തേന്‍ കഴിച്ചിരുന്നു.  ഓര്‍മ്മയെ ബാധിക്കുന്നത് മൂലം പുളിയുള്ള ആപ്പിളും സ്വര്‍ക്കയും കഴിച്ചിരുന്നില്ല. 
ഉമര്‍ ബിന്‍ അബ്ദില്‍ അസീസി (റ) ന്റെ നിര്‍ദ്ദേശപ്രകാരം ഹദീസ് ക്രോഡീകരണം ആദ്യമായി നടത്തിയത് ഇബ്നു ഷിഹാബു സുഹ്രി (റ) യാണ്.  ശാമിലെ പണ്ഡിതന്മാരോട് "നിങ്ങളുടെ ഹദീസുകള്‍‍ക്കെന്താ കയറും കടിഞ്ഞാണൊന്നുമില്ലാത്തത്" എന്ന് ചോദിച്ച ഇമാം ഹദീസിന്റെ സനദുകള്‍ ഏറെ ഗൌരവത്തോടെ ശ്രദ്ധിച്ചു.  ഹദീസിനു ആദ്യമായി സനദ് ചേര്‍ത്തത് സുഹ്രി (റ) യാണെന്ന് ഇമാം മാലിക് (റ) പറഞ്ഞിട്ടുണ്ട്.  ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ (റ) പറഞ്ഞു: "ഏറ്റവും നല്ല ഹദീസും ഏറ്റവും ശുദ്ധമായ സനദും സുഹ്രി (റ) യുടേതാണ്"  സുപ്രധാനമായ ഇത്തരം ചലനങ്ങളും മാറ്റങ്ങളും ചെയ്തുവച്ച വ്യക്തി എന്ന നിലക്ക് ഇമാം സുഹ്രി (റ) യെ ഹദീസ് എന്ന വിജ്ഞാന ശാഖയുടെ പിതാവ് എന്ന് വിളിക്കാവുന്നതാണ്.  ഹദീസ് ഗ്രന്ഥ രചനയില്‍ തന്നെ, മഗാസി (مغازي) അഥവാ യുദ്ധ ചരിത്രം വേര്‍ തിരിച്ചു എഴുതാന്‍ തുടങ്ങിയതും ഇമാം സുഹ്രി (റ) തന്നെയാണ്.  ആ പരിഗണനയില്‍, ഇസ്‌ലാമിക ചരിത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചാലും തെറ്റാവുകയില്ല.
തന്റെ സമകാലികരും അല്ലാത്തവരുമായ മുഴുവന്‍ ജ്ഞാനികളും ഇമാം സുഹ്രി (റ) യുടെ പാണ്ഡിത്യത്തെ ആദരപൂര്‍വ്വമാണ് നോക്കിക്കണ്ടത്.  ഇമാം മാലിക് (റ) പറഞ്ഞു: "സുഹ്രി (റ) മദീനയില്‍ വന്നാല്‍ തിരിച്ചു പോകും വരെ മറ്റാരും അവിടെ ഹദീസ് പറയാറില്ല.  എഴുപതും എന്പതും വയസ്സ് പ്രായമുള്ള പണ്ഡിതന്മാര്‍ ഉണ്ടായിരിക്കെ ഇമാം സുഹ്രി (റ) യുടെ മുന്നില്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നത്‌ കാണാമായിരുന്നു".  ഹസനുല്‍ ബസ്വരി (റ) യും അതുപോലുള്ളവരും ജീവിച്ചിരിക്കെ യാണ് മഹാനായ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്‌ പറഞ്ഞത്: "നിങ്ങള്‍ ഇബ്നു ശിഹാബിനെ മുറുകെ പിടിച്ചു കൊള്ളുക.  കാരണം കഴിഞ്ഞ കാല കഥകള്‍ അത്രമേല്‍ അറിയാവുന്ന മറ്റാരും ജീവിച്ചിരിപ്പില്ല"  സുഹ്രി (റ) യുടെ വലിപ്പം സമ്മതിച്ചു കൊടുക്കാന്‍ ആദ്യം വിമുഖത കാണിച്ച അമ്ര്‍ ബിന്‍ ദീനാര്‍ (റ) പിന്നീട് മക്കയില്‍ വച്ച് ഇമാം സുഹ്രി (റ) യുമായി സന്ധിച്ചതിനു ശേഷം പറഞ്ഞത്: "ഈ ഖുറൈശി ചെറുപ്പക്കാരനെപ്പോലെ മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല" എന്നാണ്.  "ഇബ്നു ശിഹാബ് ഇല്ലായിരുന്നെങ്കില്‍ ഹദീസിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടുമായിരുന്നു" എന്ന് തന്നെ പണ്ഡിതന്മാര്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്.  "സംശുദ്ധമായ ഇസ്നാദിന്റെ അകമ്പടിയോടെ മറ്റാര്‍ക്കും പറയാന്‍ കഴിഞ്ഞിട്ടില്ലാത്ത തൊണ്ണൂറോളം ഹദീസുകള്‍ ഇമാം സുഹ്രി (റ) നിവേദനം ചെയ്തിട്ടുണ്ട്" എന്ന് പറഞ്ഞത് ഇമാം മുസ്‌ലിം (റ) ആണ്.  ഇത് പോലെ, അനേകം പണ്ഡിതന്മാര്‍ വാനോളം പുകഴ്ത്തിയ ഹദീസിന്റെ അനിഷേധ്യ കാവലാളായിരുന്നു മഹാനായ ഇമാം സുഹ്രി (റ)
മാത്രമല്ല, വലിയ ധര്മ്മിഷ്ടനും കൂടിയായിരുന്നു ഈ ഖുറൈശി.  തന്റെ ശിഷ്യന്‍ ലൈസ് ബിന്‍ സഅദ് (റ) പറയുന്നു: "ഞാന്‍ കണ്ടവരില്‍ വച്ച് ഏറ്റവും വലിയ ധര്മ്മിഷ്ടനായിരുന്നു ഇബ്നു ശിഹാബ്.  ചോദിക്കുന്നവര്‍ക്കെല്ലാം കൊടുക്കും.  കയ്യിലില്ലെങ്കില്‍ കടം വാങ്ങിച്ചിട്ടെങ്കിലും സഹായിക്കും.  ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ മുഖം വിവര്‍ണ്ണമാകുമായിരുന്നു".  തേനും പത്തിരിയുമായി വഴിയിലൂടെ കടന്നു പോകുന്നവരെയെല്ലാം സല്‍കരിക്കാറണ്ടായിരുന്നു.  അദ്ധ്യാപനാര്‍ത്ഥം അ'്റാബികളുടെ സ്ഥലങ്ങളില്‍ പര്യടനം നടത്തിയിരുന്ന ഇമാം, ശൈത്യ-വേനല്‍ ഋതുഭേദങ്ങള്‍ക്കനുസൃതമായ ഭക്ഷണം നല്‍കി അവരെ സന്തോഷിപ്പിക്കുക കൂടി ചെയ്തിരുന്നു.
ചില ഓറിയന്റലിസ്റ്റ് ആരോപണങ്ങള്‍
ഇവ്വിധം സര്‍വ്വ സമ്മതനായ ഒരു പണ്ഡിത ശ്രേഷ്ടന്റെ നേരെയും ആരോപണം ഉന്നയിക്കാന്‍ ഓറിയന്റലിസ്റ്റുകള്‍  മടി കാണിച്ചില്ല.  ഇസ്‌ലാമിലെ ചതുര്‍പ്രമാണത്തില്‍ ഒന്നിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുക എന്നതാണ് അത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പിന്നിലെ പ്രേരകം.  കാരണം "ഇബ്നു ശിഹാബ് ഇല്ലായിരുന്നെങ്കില്‍ ഹദീസിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടുമായിരുന്നു" എന്നത് കൊണ്ട് തന്നെ ഇബ്നു ശിഹാബില്‍ സംശയം ജനിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഹദീസില്‍ തന്നെ സംശയം ജനിപ്പിക്കാന്‍ സഹായകമാകും.
Also Read:ഓറിയന്റലിസ്റ്റുകളും ഹദീസ് പഠനങ്ങളും
ഇഗ്നാക് ഗോള്‍ഡ്‌സിഹേര്‍(ജൂണ്22, 1850 – നവംബര്‍13, 1921) എന്ന ഹങ്കറിക്കാരന്‍ ജൂതനാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.  ജൂതായിസത്തിന്റെ മുഖം മിനുക്കുവാനും അതിനു വേണ്ടി ഇസ്‌ലാമിന്റെ ആശയപരമായ ഭദ്രതയെ ചോദ്യം ചെയ്യാനും ശ്രമിച്ചു നോക്കിയ  വ്യക്തിയാണ് ഗോള്‍ഡ്‌സിഹേര്‍. അയാളുടെ തന്നെ വാക്കുകളില്‍ വായിക്കാം "സിദ്ധാന്തം കൊണ്ടും ആധികാരികത കൊണ്ടും ദാര്‍ശനിക മനസ്സുകളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരു മതം ഇസ്‌ലാം മാത്രമാണെന്ന് എന്റെ വിവേകം തിരിച്ചറിഞ്ഞിരുന്നു.  പക്ഷെ, ആ ഒരു യുക്തിയുക്തമായ നിലവാരത്തിലേക്ക് ജൂതായിസത്തെ ഉദ്ധരിക്കാന്‍ വേണ്ടി നിയുക്തനായിരുന്നു ഞാന്‍"  ഇയാളാണ് മഹാനായൊരു ഇമാമിന് നേരെ സംശയത്തിന്റെ ചോദ്യചിന്ഹം ഉയര്‍ത്തിയത്‌! 
ഇമാം സുഹ്രി (റ) യുടെ അമവി ഭരണാധികാരികളുമായുള്ള ശീത ബന്ധം മറ പിടിച്ചാണ് താഴെ പറയുന്ന ആരോപണങ്ങളെല്ലാം ഉന്നയിക്കപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  ഭരണാധികാരികളുമായി മഹാനവര്കള്‍ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത് എന്നത് ശരി തന്നെ.  പക്ഷെ, ആ ബന്ധം ഒരിക്കലും  നേര് പറയുന്നതിന് തടസ്സമായി നിന്നിട്ടില്ല.  ഈ സത്യത്തെ സാക്ഷ്യപ്പെടുത്തുന്നതും ഇമാം ഷാഫിഈ (റ) ഉദ്ധരിക്കുന്നതുമായ ഒരൊറ്റ സംഭവം മാത്രം കുറിക്കുന്നു.  ബീവി ആഇഷ (റ) യെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചത് സംബന്ധമായി അവതരിച്ച (والذي تولى كبره...   എന്ന) ആയത്ത്, രാജാവായ ഹിഷാം ബിന്‍ അബ്ദില്‍ മലികിന്റെ സദസ്സില്‍ വിശദീകരിക്കുകയായിരുന്നു മഹാനായ സുലൈമാന്‍ ബിന്‍ യസാര്‍ (റ).   അപവാദ പ്രചരണത്തിനു ചുക്കാന്‍ പിടിച്ചത് ആരായിരുന്നു എന്ന് ഹിഷാം അന്വേഷിച്ചു.  അബ്ദുല്ലാഹി ബിന്‍ ഉബയ്യ് ബിന്‍ സുലൂല്‍ ആയിരുന്നു എന്ന് സുലൈമാന്‍ ബിന്‍ യസാര്‍ (റ) മറുപടി പറഞ്ഞു.  അല്ല, അലിയ്യ് ബിന്‍ അബീ ത്വാലിബ്‌ ആയിരുന്നു എന്ന് അമവി ഭരണക്കാരന്‍ ഖണ്ണിക്കാന്‍  ശ്രമിച്ചു.  അപ്പോഴാണ്‌ ഇമാം സുഹ്രി (റ) കടന്നു വന്നത്.  രാജാവ് സുഹ്രി (റ) യോടും അതെ ചോദ്യം ചോദിച്ചു.  സുഹ്രി (റ) യും അതെ മറുപടി ആവര്‍ത്തിച്ചു.  "അല്ല, നിങ്ങള്‍ നുണ പറഞ്ഞുമറിച്ച്അത് അലിയ്യ് ബിന്‍ അബീ ത്വാലിബ്‌ ആയിരുന്നു" എന്ന് ഹിഷാം വാദിച്ചു.  ഇമാം സുഹ്രി (റ) കോപാകുലാനായി പറഞ്ഞു: "ഞാന്‍ നുണ പറയുകയോ, അല്ലാഹു നുണ അനുവദനീയമാക്കിയിരിക്കുന്നു എന്നൊരു അശരീരി ആകാശത്തില്‍ നിന്ന് വിളിച്ചു പറഞ്ഞാല്‍ പോലും ഞാന്‍ നുണ പറയുകയില്ല".  സത്യം രാജാവിന്റെ മുന്നിലും തുറന്നു പറഞ്ഞിട്ടുണ്ട് മഹാനായ ഇമാം സുഹ്രി (റ)
ഏതായാലും, ജൂതന്‍ തൊടുത്തു വിട്ട ചില ആരോപണങ്ങള്‍ പരിശോദിക്കാം.
"ചില ഹദീസുകള്‍ എഴുതിയുണ്ടാക്കുവാന്‍ ഈ ഭരണാധികാരികള്‍ നമ്മെ നിര്‍ബന്ധിച്ചു" എന്ന് ഇമാം സുഹ്രി (റ) പറഞ്ഞു എന്നാണു ഒരു ആരോപണം.    മഹാന്മാരായ ഇബ്നു അസാകിറും ഇബ്നു സഅദും ഖത്വീബും ദഹബിയും അടക്കമുള്ള ചരിത്ര പണ്ഡിതന്മാര്‍ വിവരിച്ചത് പോലെ, ആരോപണവിധേയമായ പ്രസ്തുതത പ്രസ്താവനയുടെ പശ്ചാത്തലം നേരത്തെ സൂചിപ്പിച്ച സംഭവമാണ്. അഥവാ, രാജാവായ ഹിഷാമിന്റെ മകന് ഹദീസ് എഴുതാന്‍ പറഞ്ഞുകൊടുത്ത സംഭവം.  ഹദീസ് വിദ്യാര്‍ഥികള്‍ ഓര്‍മ്മശക്തി മാറ്റിവച്ച്  വെറും ഗ്രന്ധാവലംബികളാകുമോ എന്ന് ഭയന്ന സുഹ്രി (റ) ഹദീസ് എഴുതി വക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.  പക്ഷെ, ഹിഷാമിന്റെ മകന് എഴുതാന്‍ പറഞ്ഞു കൊടുക്കേണ്ടിവന്നു.  രാജ സദസ്സില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ഇമാം സുഹ്രി (റ) ജനങ്ങളോടെ വിളിച്ചു പറയുകയായിരുന്നു: "ഓ ജനങ്ങളെ, ഈ ഭാരണാധികാരിള്‍ക്ക് വേണ്ടി നാം ഇപ്പോള്‍ ചെയ്തു കൊടുത്ത ഒരു കാര്യം നിങ്ങള്ക്ക് നിഷേധിക്കപ്പെട്ടിരുന്നു.  ഹദീസുകള്‍ എഴുതാന്‍ ഈ ഭരണാധികാരികള്‍ നമ്മെ നിര്‍ബന്ധിച്ചിരിക്കുന്നു. അത്കൊണ്ട്വരൂ..." ഇതാണ് സുഹ്രി (റ) യുടെ വാക്കുകളുടെ ശരിയായ രൂപം.  ഹദീസുകള്‍ എഴുതാന്‍ ഈ ഭരണാധികാരികള്‍ നമ്മെ നിര്‍ബന്ധിച്ചിരിക്കുന്നു എന്ന പ്രസ്താവനയുടെ  അറബി മൂല രൂപം إن هؤلاءالأمراءأكرهوناعلىكتابةالأحاديث(ഇന്ന ഹാഉലാഇല്‍  ഉമറാ അക്റഹൂനാ  അലാ കിതാബതില്‍ അഹാദീസ്) എന്നാണു.  ഇവിടെ ഗോള്‍ഡ്‌സിഹേര്‍ ഒരു സമര്‍ത്ഥമായ തിരിമറി നടത്തി.  ഒരു അലിഫ് ലാം കട്ടെടുത്തുകൊണ്ട്  إن هؤلاءالأمراءأكرهوناعلىكتابةأحاديث” (ഇന്ന ഹാഉലാഇല്‍  ഉമറാ അക്റഹൂനാ അലാ കിതാബതി അഹാദീസ) എന്നാക്കി മാറ്റി.  അപ്പോള്‍ അതിന്റെ അര്‍ത്ഥവും മാറി.  'കിതാബതില്‍ അഹാദീസ് എന്നത് വിവക്ഷിക്കുന്നത് അറിയപ്പെട്ട ഹദീസുകള്‍ – അഥവാ ഹദീസുകള്‍ എന്ന് പറയുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ആ ഹദീസുകള്‍ – എഴുതാന്‍ എന്നാണു.  എന്നാല്‍,'കിതാബതി അഹാദീസ' എന്നത് സൂചിപ്പിക്കുന്നത് ഹദീസുകള്‍ കൃത്രിമമായി നിര്‍മ്മിക്കാന്‍ എന്നുമാണ്.  കേവലം ഒരു അലിഫ് ലാം മാറ്റി വച്ചുകൊണ്ട് അതിസൂക്ഷ്‌മമായി നടത്തിയ ഭീകരമായ ആരോപണം പക്ഷെ ഒരിക്കലും സത്യത്തിനു  നിരക്കാത്തതാണ്.
"മസ്ജിദുല്‍ ഹറാം, എന്റെ ഈ മ്സജിദ്, മസ്ജിദുല്‍ അഖ്‌സ എന്നീ മൂന്നു മസ്ജിദുകളിലേക്കല്ലാതെ യാത്ര പുറപ്പെടേണ്ടതില്ല" എന്ന ഹദീസ് അമവി ഭരണകൂടത്തിന്നു വേണ്ടി കെട്ടിയുണ്ടാക്കിയതാണ് എന്നതാണ് മറ്റൊരു ആരോപണം. അമവി ഭരണാധികാരികളുടെ മുഖ്യ ശത്രുവായ അബ്ദുല്ലാഹി ബിന്‍ സുബൈര്‍ (റ) മക്കയിലായിരുന്നു താമസം.  ഹജ്ജിനും ഉമ്രക്കുമായി അവിടേക്ക് വരുന്ന ഭക്ത ജനങ്ങള്‍ ഇബ്നു സുബൈറി (റ) ന്റെ വലയില്‍ വീഴാതിരിക്കാന്‍ ജനങ്ങളുടെ തീര്‍ത്ഥയാത്ര ഫലസ്തീനിലേക്ക് തിരിച്ചു വിടുക എന്ന ലക്ഷ്യവുമായി അബ്ദുല്‍ മലിക് ഖുദ്സില്‍ ഖുബ്ബതു സഖ്ര (قبة الصخرة) എന്ന ഒരു പള്ളി നിര്‍മ്മിച്ചു.  അതിന്റെ പ്രചാരണ ദൌത്യം ഏറ്റെടുത്തുകൊണ്ട് അമവി സര്‍ക്കാരിന്റെ സഹയാത്രികനായ സുഹ്രിയാണ് പ്രസ്തുത ഹദീസ് പടച്ചുണ്ടാകിയത് എന്നാണു ആരോപണത്തിന്റെ ചുരുക്കം.
1. എന്നാല്‍, പ്രസ്തുത ഹദീസ്, ഇമാം സുഹ്രിയു (റ) ടെ വഴിയില്‍ അല്ലാതെ തന്നെ,ഇമാം ബുഖാരി (റ) യും ഇമാം മുസ്‌ലിമും (റ) ഉദ്ധരിച്ചിട്ടുണ്ട്.
2. മാത്രമല്ല, ഖുബ്ബതു സഖ്ര (قبة الصخرة) നിര്‍മ്മിച്ചത് അബ്ദുല്‍ മലിക് അല്ല എന്നും മറിച്ച് വലീദായിരുന്നു എന്നുമാണ് പ്രബലമായ ചരിത്ര ഭാഷ്യം.
 3. അബ്ദുല്ലാഹി ബിന്‍ സുബൈറി (റ) ന്റെ വിയോഗാനന്തരം ചുരുങ്ങിയത് എട്ടു വര്‍ഷമെങ്കിലും കഴിഞ്ഞാണ് ഇമാം സുഹ്രി (റ) അബ്ദുല്‍ മലികുമായി സന്ധിക്കുന്നത് തന്നെ.  കാരണം, ഇബ്നു സുബൈറി (റ) ന്റെ വിയോഗം എഴുപത്തി മൂന്നിലും ഇമാം സുഹ്രി (റ) അബ്ദുല്‍ മലികിന്റെ സന്നിധിയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയത് -  ഇമാം ദഹബി പറഞ്ഞത് പോലെ - എണ്പതിലുമായിരുന്നു.  എട്ടു വര്ഷം മുമ്പ് വഫാത്തായിപ്പോയ ഒരാളെപ്പേടിച്ചു, ഇനിയും ഹദീസ് നിര്‍മ്മിക്കേണ്ടതുണ്ടായിരുന്നുവോ...?
4. അല്ലെങ്കില്‍ തന്നെ, മസ്ജിദുല്‍ അഖ്‌സ അല്ലല്ലൊ ഖുബ്ബതു സഖ്ര...രണ്ടാം 
യസീദിന്നു വേണ്ടി ന്യായാധിപസ്ഥാനം ഏറ്റെടുത്തു എന്നതാണ് മറ്റൊരു ആരോപണം.  സ്ഥാനമാനങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടതായിരുന്നില്ലേ എന്നാണു ഗോള്‍ഡ്‌സിഹേര്‍ ചോദിക്കുന്നത്.  വായില്‍ വന്നത് കോതക്ക് പാട്ട് എന്ന രൂപത്തില്‍ ഉന്നയിക്കപ്പെടുന്ന ഇത്തരം ആരോപണങ്ങള്‍ അതര്‍ഹിക്കുന്ന വിധം അവഗണിക്കുകയാണ് നീതി.  എത്രയോ അനുയായികളെ തിരുനബി (സ്വ) തന്നെ അധികാര  സ്ഥാനങ്ങളില്‍ അവരോധിച്ചിട്ടുണ്ടല്ലോ.ജൂതന്‍ അവന്റെ ശ്രമങ്ങള്‍ എക്കാലത്തും നടത്തി നോക്കിയിട്ടുണ്ട്.  അതിന്റെ ഭാഗമായി ഇമാം സുഹ്രി (റ) യെയും എറിഞ്ഞു എന്ന് മാത്രം.
വ്യക്തികളെ നിഷ്പ്രഭരാക്കി അതുവഴി പ്രമാണങ്ങളുടെ സ്വീകാര്യതയെ ചോദ്യം ചെയ്യുക എന്നതു ജൂതന്‍ പഠിപ്പിച്ച വഴിയാണ്.  ഇമാം സുഹ്രി (റ) യെപ്പോലുള്ള പണ്ഡിത ജ്യോതിസ്സുകള്‍ എന്ന് കരുതപ്പെടുന്നവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരായാല്‍ അവരിലൂടെ ലഭിക്കുന്ന അറിവുകളും ശീലങ്ങളും സ്വാഭാവികമായും നിരസിക്കപ്പെടുമല്ലോ. ഇതുമാത്രമാണ് ജൂതന്റെ ദുഷ്ടലാക്ക്.  ഇതേ വഴി അനുധാവനം ചെയ്തുകൊണ്ട്, ഇസ്‌ലാമിക വിജ്ഞാന സംരക്ഷണത്തിനായി ജീവിതം മാറ്റിവച്ച പണ്ഡിത മഹത്തുക്കള്‍ക്ക്‌ നേരെ അടിസ്ഥാനരഹിതവും ഗുരുതരവുമായ വിമര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന അഭ്യന്തര വിപ്ലവകാരികള്‍, ആ സാത്വികര്‍ നിലകൊണ്ട ഒരു ഉത്തമ സംസ്ക്രിതിയോടാണ് യഥാര്‍ത്തത്തില്‍ കലഹിക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
സകല ഹദീസ് ഗ്രന്ഥങ്ങളിലും എന്നല്ല അതിലെ ഓരോ അദ്ധ്യായത്തിലും ഇമാം സുഹ്രി (റ) നിവേദനം ചെയ്ത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് തന്നെ പറയാവുന്നതാണ്.  ഹദീസ് എന്ന മഹാ വിജ്ഞാനശാഖയുടെ സംരക്ഷണത്തിനായി അല്ലാഹു പടച്ചിറക്കിയ അതുല്യ പ്രതിഭകളില്‍ ഉന്നത സ്ഥാനീയനായ ഇമാം സുഹ്രി (റ) ഹിജ്ര നൂറ്റി ഇരുപത്തി നാലില്‍ വിശുദ്ധ റമദാന്‍ മാസം പതിനേഴിന് അല്ലാഹുവിന്റെ തിരു സന്നിധിയിലേക്ക് യാത്രയായി.  ഹിജാസിന്റെയും ഫലസ്തീനിന്റെയും അതിര്‍ത്തി പ്രദേശമായ 'അദാമാ' എന്ന സ്ഥലാത്താണ് മഹാനവര്കള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്‌.  വഴിയാത്രക്കാരുടെ ഫാത്വിഹയും പ്രാര്‍ഥനയും ലഭിക്കാനായി അവിടുത്തെ വസ്വിയ്യത്തനുസരിച്ചു വഴിവക്കിലാണ് തനിക്കുള്ള മഖ് ബറ തീര്‍ത്തിട്ടുള്ളത്.  ഒട്ടേറെ ജനങ്ങള്‍ അവിടം സന്ദര്‍ശിക്കാറുണ്ട്. ഇമാം ഔസാഇ (റ) യും സന്ദര്‍ശിച്ചിട്ടുണ്ട്
അവലംബം 
തഹ്ദീബു ത്തഹ്ദീബ് - ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി (റ) 
സിയറു അ'്ലാമി ന്നുബലാ - ഇമാം ദഹബി (റ)
 താരീഖു ദിമശ്ഖ് - ഇബ്നു അസാഖിര്‍ (റ) 
വഫയാതുല്‍ അ'്യാന്‍ - ഇബ്നു ഖല്ലിഖാന്‍ (റ) 
മിര്‍ആതുല്‍ ജിനാന്‍ - ഇമാം യാഫിഈ (റ) 
അസ്സുന്ന: വാ മകാനതുഹാ ഫിത്തശ് രീഇല്‍ ഇസ്‌ലാമി - ഡോ. മുസ്തഫ സ്സിബാഇ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter