തെരഞ്ഞെടുപ്പുഫലങ്ങള്‍ നല്‍കുന്ന പാഠം
ബി.ജെ.പിയുടെ അഹങ്കാരത്തിന്റെ മസ്തകത്തിനേറ്റ അടിയാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം. മോദി ഇഫക്ട് ഉയര്‍ത്തിക്കാട്ടി ഒരിക്കലൂടെ പൊതുജനത്തെ കഴുതകളാക്കാന്‍ കഴിയുമൊയിരുന്നു പാര്‍ട്ടിയുടെ അത്യാഗ്രഹം. പക്ഷെ, അസഹിഷ്ണുതയുടെ കരാള അധ്യായങ്ങള്‍ തുറിടുകവഴി ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും ചോദ്യം ചെയ്ത മോദിയുടെ ഒന്നര വര്‍ഷത്തെ ഭരണം ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുന്നുവെന്ന് ഫലം വ്യക്തമാക്കിയിരിക്കുന്നു. മോദിയും അമിത്ഷായും കെട്ടിയുണ്ടാക്കിയ  മനക്കോട്ടകളെല്ലാം ഇതോടെ തകര്‍ടിഞ്ഞിരിക്കയാണ്. മോദി ഭരണത്തിന്റെ ജനകീയ വിലയിരുത്തലായി ഇതിനെ മനസ്സിലാക്കാം. അതേസമയം അല്‍ഭുതകരമായ വിജയം വരിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് ദേശീയ തലത്തില്‍ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു. മോദി ഭരണകൂടം ഭരണത്തിലേറിയ ശേഷം ഇത് രണ്ടാമത്തെ കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മോദി പ്രഭാവം നിലനിര്‍ത്താനെന്നോണം നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളിന്റെ ജനകീയതക്കു മുമ്പില്‍ നേരത്തെത്തന്നെ ബി.ജെ.പി കെട്ടടങ്ങിയിരുന്നു. എല്ലാ അര്‍ത്ഥത്തിലും ലജ്ജിപ്പിക്കുന്നതായിരുന്നു തലസ്ഥാന നഗരിയിലേറ്റ ആ പരാജയം. ആ പരാജയത്തിലൂടെയേറ്റ ആഘാതം പൂര്‍ണമായും വിട്ടുമാറുന്നതിനു മുമ്പാണ് ഒരിക്കലൂടെ രാജ്യത്തെ ജനങ്ങളുടെ ഭാഗത്തുനിന്നും മുഖത്തടിയേറ്റിരിക്കുന്നത്. ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന ഇടപെടലുകളോട് അരുതെന്ന് പറയാന്‍ ജനം ആര്‍ജ്ജവം നേടിക്കഴിഞ്ഞിരിക്കുന്നുവെന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനോ അസഹിഷ്ണുത പടര്‍ത്താനോ അനുവദിക്കില്ലെന്ന സാധാരണക്കാരന്റെ ഉറച്ച പ്രതിജ്ഞയും ഈ തെരഞ്ഞെടുപ്പിലൂടെ പുറത്തുവന്നിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോദിയുടെ അസഹിഷ്ണുത നിറഞ്ഞ ഭരണത്തോട് ജനങ്ങള്‍ കൂട്ടായ വിയോജിപ്പ് പ്രകടമാകുമെന്ന് ഈ സംഭവവികാസങ്ങള്‍ വിളിച്ചുപറയുന്നു. ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം വര്‍ഗീയതയ്ക്കും അസഹിഷ്ണുതക്കുമെതിരേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടാണെന്നാണ്. 'നല്ല ദിനങ്ങള്‍' വരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന മോദി ദുര്‍ദിനങ്ങളാണ് ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയത്. ഫാസിസത്തെ ചെറുക്കാന്‍ ഇന്ത്യയിലെ മതേതര ജനാധിപത്യ കക്ഷികള്‍ക്ക് കഴിയും. ഇത്തരം നീക്കങ്ങളില്‍ നിന്നും ഇടത് പക്ഷം മാറിനില്‍ക്കുന്നത് അവരുടെ മറ്റൊരു മണ്ടത്തരം ആയിട്ടേ ചരിത്രം രേഖപ്പെടുത്തൂ. വര്‍ഗീയ ഫാസിസത്തിനൊപ്പമല്ല, മതനിരപേക്ഷതയുടെ കൂടെയാണ് ഇന്ത്യന്‍ മനസെന്നും, അതാണ് ഇന്ത്യയുടെ അന്തര്‍ധാരയെന്നും ബിഹാര്‍ തെരഞ്ഞെടുപ്പ് വിളിച്ചു പറയുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter