ധനവിനിയോഗം
ധനവിനിയോഗം


അബൂഹുറൈറ(റ)വില്‍നിന്നും നിവേദനം: നബി(സ) പറഞ്ഞു: ''അല്ലാഹു നിങ്ങള്‍ക്ക് മൂന്നു കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും മൂന്നു കാര്യങ്ങള്‍ വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവനെമാത്രം ആരാധിക്കുക, അവനോട് ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക, നിങ്ങള്‍ ഭിന്നിക്കാതെ ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക -ഇവ അവന്‍ ഇഷ്ടപ്പെടുന്നു. കണ്ടതും കേട്ടതും പറയുക, കൂടുതല്‍ കൂടുതല്‍ ചോദിക്കുക, ധനംദുര്‍വിനിയോഗം ചെയ്യുക- ഇവ അവന്‍ വെറുക്കുന്നു.'' (മുസ്‌ലിം)

മനുഷ്യജീവിതം പ്രധാനമായും രണ്ടു ധ്രുവങ്ങളിലൂടെയാണ് മുമ്പോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നത്. സല്‍ക്കര്‍മ്മങ്ങളിലൂടെയും ആരാധനാനുഷ്ഠാനങ്ങളിലൂടെയും സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള ശ്രമങ്ങളാണ് അവയിലൊന്നെങ്കില്‍, ഭൗതികതയുടെ കൂടെപ്പോയി സ്രഷ്ടാവിനെ മറന്ന് ഐഹിക ജീവിതത്തെ പരിപൂര്‍ണമായി 'ആസ്വദിച്ച്' തീര്‍ക്കാനുള്ള ശ്രമങ്ങളാണ് രണ്ടാം ധ്രുവത്തിലുള്ളത്. പരസ്പര വിരുദ്ധങ്ങളായ  ഈ രണ്ടു ധ്രുവങ്ങളും മുസ്‌ലിംകളുടെ ജീവിതത്തില്‍ കാണാന്‍ സാധിക്കുന്നു. ഒരു കൂട്ടര്‍ പരലോക പ്രാപ്തി വിജയപ്രദമാക്കാന്‍ കര്‍മ്മങ്ങള്‍ ഉപാധിയാക്കുമ്പോള്‍ രണ്ടാം ചേരി ആസ്വാദ്യപൂര്‍ണമായ ഐഹിക ജീവിതത്തിന് പണത്തെ  ആശ്രയിക്കുന്നു. ഉപര്യുക്ത തിരുവചനം പരിശോധിക്കുമ്പോള്‍ ആദ്യവിഭാഗക്കാര്‍ സ്രഷ്ടാവിന്റെ തൃപ്തി കരസ്ഥമാക്കുന്നവരും രണ്ടാം വിഭാഗക്കാര്‍ ദൈവ കോപത്തിന് പാത്രമാകുന്നവരുമാണെന്ന യാഥാര്‍ത്ഥ്യം സുഗ്രാഹ്യമാകുന്നു.
Also read: https://islamonweb.net/ml/20-March-2017-223
'പണമെന്നു കേട്ടാല്‍ പിണവും വാപിളര്‍ക്കു'മെന്ന മലയാളത്തിലെ സുപ്രസിദ്ധമായ പഴമൊഴി സൂചിപ്പിക്കുംപോലെ ധനം മനുഷ്യജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇക്കാലത്ത് മനുഷ്യന് പണമില്ലാതെ ജീവിക്കുകയെന്നത് അതീവ ദുഷ്‌കരമാണ്. ജീവിത വ്യവഹാരങ്ങളില്‍ ധനത്തിന് അനിഷേധ്യമായ പങ്കുണ്ട്. പക്ഷെ, ഈ ധന സമ്പാദ്യങ്ങള്‍ ഏതു വിധത്തില്‍ വിനിയോഗിക്കണമെന്ന തിരിച്ചറിവില്ലായ്മ മനുഷ്യനെ വഴിതിരിച്ചുവിടുന്നുവെന്ന് പറയാതെ വയ്യ. അനാവശ്യങ്ങള്‍ക്കു വേണ്ടി പണം വാരി വിതറുമ്പോള്‍തന്നെ അത്യാവശ്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ അറച്ചു നില്‍ക്കുന്നതാണ് ഇന്നത്തെ സമൂഹത്തിന്റെ ചിത്രം. ഉപകാരപ്രദങ്ങളായ പല കാര്യങ്ങളും നടക്കാതെ പോകുന്നതും സാമൂഹ്യ വിരുദ്ധങ്ങളായ മുഴുവന്‍ പരിപാടികളും വമ്പന്‍വിജയങ്ങളായി പര്യവസാനിക്കുന്നതും ധനവിനിയോഗത്തിലെ ഈ ക്രമരാഹിത്യമാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല.

ഒരു സാധാരണക്കാരന്റെ ഭാഗത്തുനിന്ന് ഈ വസ്തുതയെ ഉദാഹരിക്കല്‍ അല്‍പം ഉചിതമാകുമെന്ന് തോന്നുന്നു. ഒരു പള്ളി നിര്‍മ്മാണത്തിനോ അതുപോലുള്ള സൃഷ്ടിപരവും മതകീയവുമായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കോ സഹായാഭ്യര്‍ത്ഥനയുമായി ആരെങ്കിലും സമീപിക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന, കലാമേളകള്‍ക്കും ഉല്‍സവങ്ങള്‍ക്കും ചോദിച്ചു വരാതെ തന്നെ ലക്ഷങ്ങള്‍ വാരിയെറിയുന്ന മുതലാളിമാര്‍ ഇന്നു നമ്മുടെ സമൂഹത്തിന് അന്യമല്ലാതായിരിക്കുന്നു. അറിവിന്റെ അക്ഷരക്കൂട്ടങ്ങള്‍ പെറുക്കിയെടുക്കാന്‍ വിദ്യാലയത്തിന്റെ പടികടന്നെത്തുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ വഴിപിഴപ്പിക്കുന്നതും അമിതമായ ധനവിനിയോഗംതന്നെയാണ്. പിതാവിന്റെ കുമിഞ്ഞുകൂടിക്കിടക്കുന്ന സമ്പത്തില്‍ കണ്ണുവെച്ച് ധൂര്‍ത്തും അ ടിച്ചുപൊളിയും മാത്രം ജീവിതമായിക്കാണുന്ന മുടിയന്‍മാരായ പുത്ര ന്‍മാര്‍ സമൂഹത്തില്‍ ഏറെയുണ്ട്.
Also read: https://islamonweb.net/ml/23-June-2017-219
പ്രവാചകന്‍(സ) തന്റെ സമൂഹത്തെക്കുറിച്ച് ഭയത്തോടെ ചിന്തിച്ച കാര്യമായിരുന്നു അവര്‍ക്കുമുമ്പില്‍ സമ്പത്ത് കുമിഞ്ഞു കൂടുകയെന്നത്. മഹാന്‍മാരായ സ്വഹാബി വര്യന്‍മാരില്‍ ധനാഢ്യര്‍ ഏറെയുണ്ടായിരുന്നു. അബൂബക്കര്‍(റ), ഉസ്മാന്‍(റ), അബ്ദുറഹ്മാനുബ്‌നു ഔഫ്(റ) തുടങ്ങിയവര്‍ ധനം ഏതുവിധം ചെലവഴിക്കണമെന്ന് സമൂഹത്തിന് പ്രായോഗിക രൂപത്തില്‍  തന്നെ കാണിച്ചു കൊടുത്തവരാണ്. നീങ്ങിപ്പോകുന്ന കേവലം നിഴല്‍ മാത്രമാണ് ധനമെന്ന ചിന്ത ആധുനിക സമൂഹത്തിനുണ്ടാകുന്നത് നന്നായിരിക്കും.

രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തോളിലേറ്റി നടത്തുന്നതും മാളികപ്പുറത്തേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും സ്രഷ്ടാവായ നാഥന്‍ തന്നെയാണെന്നത് ഒരു സര്‍വ്വാംഗീകൃത സത്യമാണ്. സാമ്പത്തികമായി ഒരല്‍പം പുരോഗതി കൈവരുമ്പോഴേക്ക് സ്രഷ്ടാവിനെ മറക്കുന്നവര്‍  ചിന്തിക്കേണ്ടതും ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ചു തന്നെയാണ്.

ചുരുക്കത്തില്‍  സമ്പത്ത് ഒരു പരീക്ഷണോപാധിയാണ്. അല്ലാഹു ആരെയും അതുകൊണ്ടു പരീക്ഷിക്കും. ഏതു ദരിദ്രനും ഒരു സുപ്രഭാതത്തില്‍ ലക്ഷപ്രഭുവായി മാറാം. ഏതു ധനാഢ്യനും ഏതു നിമിഷവും ദരിദ്രനാരായണനുമാവാം. എല്ലാം അല്ലാഹുവിന്റെ വിധിയെന്നു കരുതി, സമൃദ്ധിയിലും ക്ലേശ ഘട്ടങ്ങളിലും അല്ലാഹുവിനെ സ്മരിച്ചു ജീവിക്കുന്നവര്‍ക്ക് ധനം ഒരു പ്രശ്‌നമാല്ലാതാവുന്നു. പ്രത്യുത, തനിക്ക് സമ്പത്ത് ലഭിച്ചത് തന്റെ മാത്രം കര്‍മ്മമൂലമാണെന്നും അതിലാര്‍ക്കും ഒരവകാശവുമില്ലെന്നും താനിഛിക്കുന്ന വഴിയില്‍ അത് ചെലവഴിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ചിന്തിക്കുന്ന ദുര്‍വൃത്തര്‍ക്ക് ധനം തീരാശാപം തന്നെയാണ്. ഏതെങ്കിലും വിധേനെ സാമ്പത്തികമായി തകര്‍ന്നുപോയാല്‍ തീരാ നൈരാശ്യം മൂലം അവന്റെ ജീവിതംതന്നെ അപകടത്തിലാവാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട്, ധനാഢ്യര്‍ തങ്ങളുടെ ധനത്തെ വിജയത്തിനുള്ള ഉപാതിയാക്കി മാറ്റുക. പിശുക്കിലൂടെയും ധൂര്‍ത്തിലൂടെയും അവര്‍ നാശത്തിന്റെ പടുകുഴിയില്‍ വീണുപോകരുത്. സമൂഹത്തില്‍ അബ്ദുറഹ്മാനുബ്‌നു ഔഫുമാരും ഉസ്മാനുബ്‌നുഗഫാന്‍(റ)മാരും ഇനിയുമുണ്ടാകട്ടെ. വിനാശത്തിന്റെ പ്രതീകമായ ഖാറൂനിന് സമൂഹത്തില്‍ പിന്‍ഗാമികള്‍ ഉണ്ടാകാതിരിക്കട്ടെ.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂണ്‍: 1, സുന്നിമഹല്‍, മലപ്പുറം)


Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter