ഫാഷിസം തോൽക്കും, ഇന്ത്യ ജയിക്കും, ഗാന്ധി ചിരിക്കും.
ഇന്ത്യയിലെ നവഫാഷിസ്റ്റുകൾ തോറ്റുതുടങ്ങിയിരിക്കുന്നു.
എന്താ തെളിവ്?
മോഡി അധികാരത്തിൽ വന്നത് 2014-ൽ. ഇത് രണ്ടാമൂഴം. ഇതുവരെയുള്ള ഭരണകാലം 6 വർഷം. രണ്ടാംതവണ ലോകസഭയിൽ മൃഗീയഭൂരിപക്ഷം. ഇന്നോളം അവർ കൊണ്ടുവന്ന ഏതെങ്കിലും നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ മഹാറാലികൾ സംഘടിപ്പിക്കുന്നത് നിങ്ങൾ കണ്ടുവോ? ഇല്ല.
നേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങുന്നത് നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടോ? ഇല്ല. പക്ഷേ, ഇപ്പോൾ കാണുന്നു. അമിത്ഷാ മുതൽ സംസ്ഥാനത്തെ തുക്കടാ നേതാക്കൾ വരെ വീട് കയറുകയാണ്. എ സി കാറിൽ നിന്ന് എ സി ഹാളിലേക്ക് മാത്രം ഓടിക്കൊണ്ടിരുന്നവർ ഇപ്പോൾ വെയിൽചൂടേറ്റ് നാട്ടുകാരെ തേടി ഓടുകയാണ്, വിയർക്കുകയാണ്. എത്ര വിശദീകരിച്ചിട്ടും ജനത്തിനൊട്ടു തിരിയുന്നുമില്ല. കൊട്ടാരമട്ടുപ്പാവിൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള ഏമാന്മാർ മണ്ണിലിറങ്ങി നടക്കുന്നു എന്നത് നവഫാഷിസ്റ്റുകൾ തോറ്റ് തുടങ്ങിയതിന്റെ ലക്ഷണമല്ലാതെ മറ്റെന്താണ്?
ഇനിയുമുണ്ട്. ജെ എൻ യുവിൽ പോലീസ് ഒത്താശയോടെ എ ബി വി പി ഗുണ്ടകൾ അഴിഞ്ഞാടിയത് കണ്ടില്ലേ. അവർ മറച്ചുപിടിച്ചത് സ്വന്തം മുഖങ്ങളല്ല, തോറ്റ ഭരണകൂടത്തിന്റെ ജാള്യമാണ്. സ്വകാര്യഗുണ്ടകളെ ഇറക്കി (ഔദ്യോഗിക ഗുണ്ടകൾ അപ്പുറത്ത് നിസ്സംഗരായി നിൽപ്പുണ്ടായിരുന്നു) സ്വന്തം പൗരന്മാരെ അടിച്ചൊതുക്കാൻ ശ്രമിച്ചത് മൂക്കിൻത്തുമ്പിൽ തോൽവി മണത്തതുകൊണ്ടാണ്. അങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ വൃഥാശ്രമം നടത്തുകയായിരുന്നു അധികാരികൾ. അതും പൊളിഞ്ഞപ്പോൾ പ്രശ്‌നം എങ്ങനെയെങ്കിലും തീർന്നുകിട്ടിയാൽ മതിയെന്നായിട്ടുണ്ട്. സമരക്കാരുമായി ഒത്തുതീർപ്പില്ലെന്നു നിലപാടെടുത്തവർ ഇപ്പോൾ ഡൽഹി ലെഫ്.ഗവർണറോട് വിദ്യാർത്ഥികളുമായി സംസാരിക്കാൻ നിർദേശിച്ചിരിക്കുന്നു. തടിയിലല്ല, തലച്ചോറിലാണ് കാര്യമെന്ന് അമിത്ഷാക്കും മോഡിക്കുമൊക്കെ മനസ്സിലാക്കിക്കൊടുക്കാൻ ജനാധിപത്യ മനുഷ്യർക്ക് സാധിച്ചെങ്കിൽ ഈ സമരം വിജയം തന്നെ. അരുന്ധതി റോയ് പറഞ്ഞതുപോലെ ഇത് സർക്കാർ തോൽക്കാൻ പോകുന്ന സമരമാണ്, നിസ്സംശയം. അതിന്റെ ലക്ഷണങ്ങളാണിതെല്ലാം. എന്നുകരുതി സമരം അവസാനിപ്പിക്കാറായിട്ടില്ല. ഫാഷിസം രംഗവേദിയിൽ നിന്ന് പിന്മാറിയാലും പൊന്തക്കാട്ടിൽ ഒളിച്ചിരിക്കും, തക്കം കിട്ടിയാൽ ജനത്തിനുമേൽ ചാടിവീഴും, രാജ്യത്തെ കടിച്ചുകീറും. ആകയാൽ സമരം തുടരേണ്ടതുണ്ട്. ഇന്ത്യയുടെ ജനാധിപത്യാരോഗ്യം വീണ്ടെടുക്കാൻ സമരം തന്നെ ശരണം.
ഫാഷിസം തോൽക്കും,
ഇന്ത്യ ജയിക്കും,
ഗാന്ധി ചിരിക്കും.
മുഹമ്മദലി_കിനാലൂർ
Leave A Comment