ഇസ്‌ലാമിക നിയമങ്ങള്‍: ചില അടിസ്ഥാന തത്വങ്ങള്‍
ഇസ്ലാമിക നിയമ തത്വങ്ങള്‍/ പൊരുളുകള്‍ ചിലതു പറയാം.
1. സംഗതികളുടെ അടിസ്ഥാനം അനുവാദമാകുന്നു: അതായത്, മത പ്രമാണങ്ങളില്‍ നിരോധനം വന്നിട്ടില്ലാത്ത ഏതു കാര്യങ്ങളും ''അനുവാദം'' ഉള്ളതാകുന്നു. അതിന് പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ / പ്രസ്താവനകള്‍ ആവശ്യമില്ല.
2. അനുവാദത്തിനും നിരോധനത്തിനുമുള്ള അവകാശം അല്ലാഹുവിന് മാത്രം: സ്രഷ്ടാവിനു മാത്രമേ സൃഷ്ടികളുടെ കര്‍മ്മങ്ങള്‍ക്ക് വിധിവിലക്കുകള്‍ വെക്കാന്‍ അര്‍ഹതയുള്ളൂ. അവന്റെ അനുവാദത്തോടെ ദൂതന്മാര്‍ക്കും. സ്രഷ്ടാ വിന്റെ വിധി വിലക്കുകള്‍ അവന്റെ അനുവാദം ലഭിക്കുന്ന ദൂതന്മാര്‍ അല്ലാതെ മറ്റൊരാള്‍ക്കും 'സാധാരണ സാഹചര്യത്തില്‍' തിരുത്താന്‍ അര്‍ഹതയില്ല. ആര്‍ക്കെങ്കിലും അതിനുള്ള അര്‍ഹത ഉണ്ടെന്ന് വിശ്വസിക്കുന്നത് ' ശിര്‍ക്ക്' ആകുന്നു.
3. നീചം, ദ്രോഹം/ അപകടം എന്നിവയെ തുടര്‍ന്നാണ് ഇനി 'നിഷിദ്ധ'ങ്ങളുണ്ടാകുക: വൃത്തികെട്ടത്, വെറുപ്പുണ്ടാക്കുന്നത്, ശരീരത്തിനോ ബുദ്ധിക്കോ സമ്പത്തിനോ അഭിമാനത്തിനോ അപകടം വരുത്തുന്നത് നിഷിദ്ധമായി/ നിരോധിക്കപ്പെട്ടതായി കരുതാം.
4. വല്ലതും നിഷിദ്ധമാക്കിയിട്ടുണ്ടെങ്കില്‍ അതിനു പകരം മറ്റൊന്ന് അനുവദിചിട്ടുണ്ടാകും: ഇസ്ലാമിക നിയമങ്ങളിലെ സുന്ദര ഭാഗമാണിത്. ഒരു കാര്യം നിരോധിചിട്ടുണ്ടെങ്കില്‍, അതിന് സമാശ്വാസമായി, സാന്ത്വനമായി അല്ലാഹു വേറൊരു കാര്യം അതെ സ്വഭാവത്തില്‍ അനുവദിക്കുന്നു. കവടി നിരത്തി ഗുണ ദോഷം നോക്കരുതെന്ന് വിലക്കി; പകരം ഗുണം സംഭവിക്കാനും ദോഷകരമാണെങ്കില്‍ 'തട' യിടാനും അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാന്‍ നിര്‍ദ്ദേശിച്ചു. പലിശ വിലക്കി, കച്ചവടം ചെയ്‌തോളാന്‍ പറഞ്ഞു. പട്ടു വിലക്കിയെങ്കിലും മറ്റു മനോഹര/ പ്രൌഡ വസ്ത്രങ്ങള്‍ അണിയാന്‍ സമ്മതം തന്നു. വ്യഭിചാരം സുഡോമി തടഞ്ഞപ്പോള്‍ വിവാഹത്തിന് അനുവാദം തന്നു. മദ്യം വിലക്കിയെങ്കിലും രുചിയേറും പാനീയങ്ങള്‍ കുടിക്കാന്‍ തലകുലുക്കി.
5. നിഷിദ്ധത്തിലേക്ക് നയിക്കുന്ന സംഗതിയും നിഷിദ്ധമാണ്: ഇതൊരു കാവല്‍ സംവിധാനമാണ്. വ്യഭിചാരത്തിലെക്കെത്താതിരിക്കാന്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും ദര്‍ശിക്കുന്നതും, സ്ത്രീ പുരുഷ സങ്കലനം തുടങ്ങിയ കാര്യങ്ങള്‍ വിലക്കി. ഹറാം ആയ കാര്യത്തെ ഏതെങ്കിലും വിധേന പ്രോത്സാഹിപ്പിക്കുന്ന വ്യക്തി കുറ്റത്തില്‍ പങ്കാളിയാകുക എന്ന സംഗതി ഇതിന്റെ അനുബന്ധമാണ്.
6. നിരോധിക്കപ്പെട്ട കാര്യം ചെയ്യാന്‍ കുബുദ്ധി പ്രയോഗിക്കുന്നത് നിഷിദ്ധമാകുന്നു: വിലക്കിയ കാര്യമല്ല ചെയ്യുന്നത് എന്ന് വരുത്തി ത്തീര്‍ത്ത് അത് ചെയ്യുന്ന തട്ടിപ്പ് അനുവദിക്കില്ല. യഹൂദരോട് സാബത്ത് ദിവസം (ശനിയാഴ്ച) മത്സ്യവേട്ട അരുതെന്ന് വിലക്കിയപ്പോള്‍, വെള്ളിയാഴ്ച പോയി 'വലവിരിച്ചു' വെച്ചു കൊണ്ട് അവരാ കല്‍പനയെ മറികടക്കാന്‍ ശ്രമിച്ചതുപോലെ. നബി സ്വ പറഞ്ഞു: ''ജൂതര്‍ കയറിയ വാഹനപ്പുറത്ത് നിങ്ങള്‍ കയറാന്‍' നിക്കണ്ട. ഏറ്റവും കൊള്ളരുതാത്ത അടവുകളുപയോഗിച്ച് നിഷിദ്ധങ്ങളെ/ നിരോധങ്ങളെ മറികടക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നു''(തിര്‍മിദി). അവിടുന്ന് പ്രവചിക്കുന്നു: 'എന്റെ പ്രബോധിത സമൂഹത്തില്‍ ചിലരെങ്കിലും മദ്യം ഹലാല്‍ ആക്കും; അവരതിനു മറ്റൊരു പേര് വെച്ചുകൊണ്ട്''.(അഹ്മദ്). ''ജനങ്ങള്‍ക്ക് ഒരു കാലം വരാനുണ്ട്. ബിസിനസ് എന്ന് പേരിട്ട് അവര്‍ പലിശയെ ഹലാലാക്കും''.
7. നിഷിദ്ധമായ കാര്യം ഉദ്ദേശ്യശുദ്ധികൊണ്ട് പുണ്യകര്‍മ്മമാകില്ല:''ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കില്ല'' എന്ന് പറയുന്ന പോലെയാണ്ത്. അനുവദിച്ച കാര്യങ്ങളെ സദുദ്ദേശ്യം കൊണ്ട് ഇബാദത്ത് എന്ന പുണ്യമാക്കാന്‍ കഴിയും. എന്നാല്‍, തിരിച്ചു പറ്റില്ല. പലിശ പ്പണം വാങ്ങുന്നത് സാധു സംരക്ഷണത്തിനാണെങ്കില്‍ പോലും പാടില്ല. ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പറഞ്ഞ് ചാരായ വാറ്റ് അനുവദിക്കാന്‍ പറ്റില്ല.
8. അവ്യക്തമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നത് നിഷിദ്ധം ചെയ്യാതിരിക്കാനുള്ള സൂക്ഷ്മതയായി പരിഗണിക്കുന്നു: അനുവദിക്കപ്പെട്ട കാര്യങ്ങള്‍ വ്യക്തമാണ്; നിരോധിക്കപ്പെട്ട സംഗതികളും വ്യക്തം തന്നെ. അവയ്ക്കിടയില്‍ ചിലതുണ്ട്, ഹലാലോ ഹറാമോ എന്ന് നിശ്ചയമില്ലാത്തത്. അവ ഏതിനത്തില്‍ പെടുമെന്ന് ജ്ഞാനികള്‍ മാത്രം തിരിച്ചറിയുന്നു. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം.
9. നിഷിദ്ധം എല്ലാര്‍ക്കും നിഷിദ്ധം തന്നെ: കുടുംബ മഹിമയോ സ്ഥാനമോ പ്രതാപമോ ഉണ്ടെന്ന് കരുതി ആര്‍ക്കും നിഷിദ്ധം ചെയ്യാന്‍ അനുവാദമില്ല. ''എന്റെ കരളിന്റെ കഷ്ണം ഫാത്തിമ മോഷ്ടിച്ചാല്‍ അവളുടെ കൈവെട്ടും'' എന്ന തിരു പ്രസ്താവന പ്രസിദ്ധമാണ്.
10. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ നിരോധിത കാര്യങ്ങള്‍ അനുവദിക്കും: ലേഡി ഡോക്ടര്‍ ലഭ്യമല്ലാതെ വരുമ്പോള്‍ പുരുഷ ഡോക്ടറെ ക്കൊണ്ട് പ്രസവം എടുപ്പിക്കുന്നതുപോലെ. ജീവഹാനി സംഭവിക്കുന്ന ഘട്ടത്തില്‍ പൊതു നിഷിദ്ധങ്ങള്‍ പലതും ഹലാല്‍ ആകും. ''അല്ലാഹു എളുപ്പമാണ് ആഗ്രഹിക്കുന്നത്; കുടുസ്സ് ഉദ്ദേശിക്കുന്നില്ല''.
ലോകത്തിലെ ഏറ്റവും മികച്ച/ ഭദ്രമായ നിയമ തത്വങ്ങളാണ് ഇസ്ലാമിന്റെത്. ഭക്തിയും വിശ്വാസവും സമര്‍പ്പണ ബോധവും ഉണ്ടെങ്കില്‍ നിയമം പാലിക്കാന്‍ എളുപ്പമാകും. നമ്മുടെ പരിമിതമായ ബുദ്ധി/ അനുഭവം/ അറിവ് വെച്ചു കൊണ്ട് ഇസ്ലാമിക നിയമങ്ങളെ 'അളന്നു നോക്കാന്‍ ' തുനിയുന്നവരെ കാണാം. അടിസ്ഥാന സിദ്ധാന്തങ്ങള്‍ വശമാക്കാതെ ഇസ്ലാമിക നിയമങ്ങളെ ക്കുറിച്ച് എടുത്തു ചാടി വിധി പറയുന്ന സാധാരണക്കാര്‍ അപകടത്തില്‍ പെടുകയാണ് മിക്കപ്പോഴും. ജാഗ്രതൈ!
Leave A Comment