മതപരിവര്‍ത്തനവും തീവ്രവാദവും: അന്വേഷണം ഏകപക്ഷീയമാകരുത്

മിശ്രവിവാഹങ്ങള്‍ വര്‍ദ്ധിച്ചുവരികയും ഒളിച്ചോട്ടങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടുത്ത കാലത്തായി ഇവിടെ നടന്ന മിശ്രവിവാഹങ്ങളെക്കുറിച്ച് പഠിക്കാന്‍ കമീശനെ നിയമിച്ചിരിക്കുന്നു. മിശ്രവിവാഹങ്ങള്‍ക്കു പിന്നിലെ മുഖ്യ ചോദകം എന്താണെന്ന് അന്വേഷിക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലൗ ജിഹാദ് പോലെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവക്കു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയെന്നതാണ് ഇപ്പോള്‍ ഇങ്ങനെയൊരു അന്വേഷണത്തിന്റെ പരിസരം.

തീര്‍ച്ചയായും പ്രശംസനീയമായൊരു നീക്കമാണിത്. പക്ഷെ, തീര്‍ത്തും നിഷ്പക്ഷവും സത്യസന്ധവുമായിരിക്കണം ഈ അന്വേഷണമെന്നു മാത്രം. ഇസ്‌ലാമിലേക്ക് കടന്നുവന്ന ഹൈന്ദവ പെണ്‍കുട്ടികളുടെ കഥകള്‍ മാത്രമല്ല, ഹൈന്ദവതയിലേക്കും ക്രൈസ്തവതയിലേക്കും കൂട് മാറിയ മുസ്‌ലിം പെണ്‍കുട്ടികളുടെ കഥകളും ഇവിടെ അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഒരേ പോലെ ഗൗരവമുള്ള കാര്യങ്ങളാണ് ഇതെല്ലാം. 

ലൗജിഹാദ് എന്ന കൃത്രിമ വാദത്തിനു പിന്നില്‍ ആര്‍.എസ്.എസ്സും ഹിന്ദിത്വ ഫാസിസവും നടപ്പാക്കാന്‍ ശ്രമിക്കുന്ന അജണ്ടകള്‍ക്ക് ഹലേലുയ്യ പാടുന്നതായിരിക്കരുത് ഈ അന്വേഷണം. ഇസ്‌ലാമാശ്ലേഷത്തിനു പിന്നില്‍ ഐസിസ് പ്രവേശനം ലക്ഷ്യം വെക്കുന്നവരുണ്ടെങ്കില്‍ അത് അന്വേഷിക്കപ്പെടേണ്ടതും മുളയിലേ മുറിച്ച് ഒഴിവാക്കപ്പെടേണ്ടതുമാണ്. അതല്ല, അത് കേവലം ആരോപണം മാത്രമാണെങ്കില്‍ അതുന്നയിച്ചവര്‍ അത് തിരുത്താന്‍ സന്നദ്ധരാവേണ്ടതുണ്ട്.

സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നാടുനീളെ മുസ്‌ലിം പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചു നടത്തിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന ശ്രമങ്ങളാണ് ഈ അന്വേഷണത്തില്‍ ഒരു മുഖ്യവിഷയമാവേണ്ടത്. ദൈനംദിനം വര്‍ദ്ധിച്ചുവരുന്ന ഈ പരിവര്‍ത്തന നിരക്ക് മറച്ചുപിടിക്കാനാണ് ആര്‍.എസ്.എസ് ലൗജിഹാദ് എന്ന ആയുധം ഉയര്‍ത്തിക്കാട്ടി മുസ്‌ലിംകളെ പ്രതിവല്‍കരിക്കാന്‍ ശ്രമിക്കുന്നത്.

തീര്‍ത്തും നിഷ്പക്ഷമായി വിഷയത്തെ കണ്ടാല്‍ മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു വന്ന ഈ അന്വേഷണത്തില്‍ സത്യസന്ധമായ ഫലങ്ങല്‍ പുറത്തുവരികയുള്ളൂ. അല്ലാത്തപക്ഷം, സംഘ്പരിവാര്‍ മെനഞ്ഞുണ്ടാക്കിവെച്ച അജണ്ടകളില്‍ ഒന്നായി മാത്രം ഇതിനെയും മനസ്സിലാക്കേണ്ടിവരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter