വഹാബിസം
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള സുദീര്‍ഘമായ കാലഘട്ടം പൊതുവെ ശാന്തമായിരുന്നു. അക്കാലയളവില്‍ പുതിയ പ്രസ്ഥാനങ്ങള്‍ പിറവിയെടുക്കുകയോ ആദര്‍ശപരമായ വിവാദങ്ങള്‍ പുകഞ്ഞുനില്‍ക്കുകയോ ചെയ്തിരുന്നില്ല. ഇമാം അശ്അരി(റ)യും മാതുരീദി(റ)യും വെളിച്ചം വീശിയ വഴിത്താരയിലൂടെ ശാന്തമായി സഞ്ചരിക്കുകയായിരുന്നു നൂറ്റാണ്ടുകളോളം മുസ്‌ലിം ലോകം. മുമ്പു വിഘടിച്ചുപോയ ബിദ്അത്തിന്റെ ഒട്ടുമിക്ക കൈവഴികളും പിന്നീട് സുന്നീ സരണിയില്‍ വന്നു ലയിക്കുകയോ സ്വയം നശിക്കുകയോ ചെയ്തു. അതോടെ ഇമാമുകളുടെയും ഉലമാക്കളുടെയും പണി എളുപ്പമായി. പൂര്‍വ്വസൂരികളുടെ വാക്കുകള്‍ക്കും രചനകള്‍ക്കും വ്യാഖ്യാന വിശദീകരണങ്ങള്‍ നല്‍കി സമുദായത്തെ മുന്നോട്ടു നയിക്കുകയായിരുന്നു അവര്‍.
എന്നാല്‍ അതിനിടയിലും വിവാദങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധ നേടാനും പുതിയ ചിന്താ പ്രസ്ഥാനങ്ങള്‍ക്കു രൂപം നല്‍കാനുമുള്ള ശ്രമങ്ങള്‍ ഒറ്റപ്പെട്ട ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. പക്ഷെ, അവയൊന്നും വിജയം കണ്ടില്ല. അവയെ മുളയിലെ നുള്ളിക്കളയാനും അതില്‍ നിന്നു സമുദായത്തെ രക്ഷിക്കാനും പണ്ഡിതന്മാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഉലമാക്കളും ഇമാമുകളും എതിര്‍ത്തു പരാജയപ്പെടുത്തിയ അത്തരം സിദ്ധാന്തങ്ങളിലൊന്നാണ് ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇബ്‌നു തൈമിയ്യ ഉയര്‍ത്തിയ പുത്തന്‍ ചിന്തകള്‍. താര്‍ത്താരികളുടെ നിരന്തരമുള്ള ആക്രമങ്ങള്‍ക്കിരയായ മുസ്‌ലിം ലോകം രാഷ്ട്രീയമായി തളരുകയും അരക്ഷിതാവസ്ഥ അനുഭവിക്കുകയും ചെയ്ത ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു ഇബ്‌നു തീമിയ്യ (1262-1328)യുടെ അരങ്ങേറ്റം.
ഹമ്പലീ മദ്ഹബുകാരനായി പ്രത്യക്ഷപ്പെട്ട ഇബ്‌നു തീമിയ്യ പിന്നീട് മദ്ഹബുകള്‍ക്കു വിരുദ്ധമായി വിധി പറയാനും സ്വന്തമായി ഒരു ആദര്‍ശ സരണി രൂപപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. ഇസ്തിഗാസ, ഖബ്ര്‍ സിയാറത്ത്, സൂഫത്വരീഖത്തുകള്‍ തുടങ്ങിയവയാണ് അദ്ദേഹം നിശിതമായി വിമര്‍ശിച്ചവ. തൗഹീദിനെ ഉലൂഹിയ്യ, റുബൂബിയ്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയായിരുന്നു അദ്ദേഹം. അതിലൂടെ മക്കാ മുശ്‌രിക്കുകളെല്ലാം അല്ലാഹുവില്‍ വിശ്വസിച്ചവരായിരുന്നുവെന്നും അതോടൊപ്പം അവര്‍ ആരാധനകള്‍ മറ്റുള്ളവര്‍ക്കു സമര്‍പ്പിക്കുകയായിരുന്നുവെന്നും സമര്‍ത്ഥിച്ചു. അല്ലാഹുവില്‍ അടിയുറച്ചു വിശ്വസിക്കുകയും ചില ഘട്ടങ്ങളില്‍ മണ്‍മറഞ്ഞ മഹാത്മാക്കളോടും പുണ്യ പുരുഷന്മാരോടും സഹായമര്‍ത്ഥിക്കുകയും ചെയ്യുന്ന ലോക മുസ്‌ലിംകളെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കാന്‍ ഇബ്‌നു തീമിയ്യ കണ്ടെത്തിയ സൂത്രമായിരുന്നു ഈ തൗഹീദ് വിഭജനം. ഏഴു നൂറ്റാണ്ടു കാലത്തെ ഇസ്‌ലാമിക പാരമ്പര്യത്തെയും ഉമ്മത്തിന്റെ നടപടിക്രമങ്ങളെയും തിരസ്‌കരിച്ചുകൊണ്ടാണ് മുസ്‌ലിം ലോകത്തെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കാന്‍ ഇബ്‌നു തീമിയ്യ ഒരുമ്പെട്ടത്. അദ്ദേഹത്തിനു മുമ്പ് മറ്റാരും ഇത്തരമൊരു ശിര്‍ക്കാരോപണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വികലവും വികൃതവുമായ ദൈവ സങ്കല്‍പമാണ് ഇബ്‌നു തീമിയ്യ അവതരിപ്പിച്ചത്. അല്ലാഹു സിംഹാസനത്തിലുപവിഷ്ടനാണ്, അവന്‍ ആകാശത്തേക്ക് ഇറങ്ങിവരും, അവനു ശരീരാവയവങ്ങളുണ്ട് തുടങ്ങിയ മുജസ്സിമീവാദങ്ങള്‍ അദ്ദേഹം പുനരവതരിപ്പിച്ചു. പ്രസംഗ വേദിയിലിരുന്നുകൊണ്ടദ്ദേഹം ‘ഞാനീ പീഠത്തില്‍ ഉപവിഷ്ടനായതു പോലെ അല്ലാഹു അര്‍ശില്‍ ഉപവിഷ്ടനായിരിക്കുന്നു’ എന്നും മിമ്പറിന്റെ പടികളിറങ്ങി ‘ഇതുപോലെ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും’ എന്നും പറഞ്ഞതിന്റെ അനുഭവ സാക്ഷ്യം ലോകസഞ്ചാരിയായ ഇബ്‌നു ബത്തൂത്ത ഉള്‍പ്പെടെ നിരവധി പേര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അഹ്‌ലുസ്സുന്നയുടെ മുഖ്യ പ്രചാരകരായ അശ്അരികളെയും അശ്അരീ ചിന്താധാരയെയും ഇബ്‌നു തീമിയ്യ കടന്നാക്രമിച്ചു. ളഹ്മിയ്യ, നജ്മിയ്യ, ളറാറിയ്യ തുടങ്ങിയ പിഴച്ച പ്രസ്ഥാനങ്ങളില്‍ നിന്നാണ് അശാഇറത്ത്, ആശയങ്ങളും സിദ്ധാന്തങ്ങളും സ്വീകരിച്ചത് എന്നുപോലും ആരോപിച്ചു. ഇപ്രകാരം ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക മുറകളായ തസവ്വുഫ്, ത്വരീഖത്ത് തുടങ്ങിയവയും അദ്ദേഹത്തിന്റെ നിശിത വിമര്‍ശനത്തിനു വിധേയമായി. സൂഫീ സരണിയിലെ ഉന്നത ശ്രേണികളായി ഗണിക്കപ്പെടുന്ന ഗൗസ്, ഖുത്വുബ്, അബ്ദാല്‍ തുടങ്ങിയവയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു. ‘അഹ്‌ലുല്‍ ബൈത്തി’ന്റെ സ്ഥാനവും ആദരവും ഇടിച്ചു താഴ്ത്തുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഹോബി. അതെല്ലാം ശീഇസത്തിന്റെ സിംബലുകളായിട്ടാണ് അദ്ദേഹം കണക്കാക്കിയത്. ‘മൂന്നു പള്ളികളിലേക്കല്ലാതെ നിങ്ങള്‍ വാഹനമൊരുക്കരുത്’ എന്ന ഹദീസിനു വികല വ്യാഖ്യാനം നല്‍കി ഖബ്ര്‍ സിയാറത്ത് നിഷിദ്ധമാണെന്ന് വിധിച്ച ഇബ്‌നു തീമിയ്യ, പുണ്യ നബി(സ)യുടെ റൗളയെ പോലും അതില്‍ നിന്ന് ഒഴിവാക്കിയില്ല.
ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കു വിരുദ്ധമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ ഇബ്‌നു തീമിയ്യ സ്വയം ഒരു മദ്ഹബിന്റെ മുജ്തഹിദാകാന്‍ ശ്രമിക്കുകയായിരുന്നു. ഹമ്പലിയാണെന്നു ആദ്യമൊക്കെ അവകാശപ്പെട്ടിരുന്നെങ്കിലും ഹമ്പലീ മദ്ഹബിന്റെ അടിസ്ഥാന ആശയങ്ങളെപോലും ചില ഘട്ടങ്ങളില്‍ തിരസ്‌കരിച്ചു. ഒരേ സമയത്ത് ഭാര്യയെ മൂന്നു ത്വലാഖ് ചൊല്ലുന്നതി(മുത്വലാഖ്)ന്റെ വിധി ഉദാഹരണം. മുത്വലാഖില്‍ മൂന്നു ത്വലാഖും സംഭവിക്കുമെന്നത് സ്വഹാബികളുടെ കാലം മുതലുള്ള മുസ്‌ലിം ഉമ്മത്തിന്റെ ഏകാഭിപ്രായ(ഇജ്മാഅ്)മാണ്. ഉമര്‍(റ) ഉള്‍പ്പെടെയുള്ള സ്വഹാബികളുടെ വിധിയെ തള്ളിക്കളഞ്ഞുകൊണ്ട് ഇബ്‌നു തീമിയ്യ ഒരു ത്വലാഖ് മാത്രമേ സംഭവിക്കൂ എന്നു വിധി പറഞ്ഞു.
ഇത്തരം നൂതന സിദ്ധാന്തങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ സ്വാഭാവികമായും അദ്ദേഹം പണ്ഡിതലോകത്തിന്റെ വിമര്‍ശനത്തിനു വിധേയനായി. പണ്ഡിത പ്രമുഖര്‍ അദ്ദേഹത്തെ ശക്തമായി ഖണ്ഡിക്കുകയും വാദപ്രതിവാദത്തിലൂടെ പരാജയപ്പെടുത്തുകയും ചെയ്തു. കോടതികളില്‍ പോലും തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ പലപ്പോഴും ഇബ്‌നു തീമിയ്യക്കു സാധിച്ചില്ല. അതുകൊണ്ട് തന്നെ പല ഘട്ടങ്ങളിലായി അദ്ദേഹം ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടു.
സമകാലികരായ നിരവധി പണ്ഡിതന്മാര്‍ ഇബ്‌നു തീമിയ്യയുടെ വാദങ്ങളെ നേരിടുകയും അദ്ദേഹത്തിനെതിരെ ‘ഫത്‌വ’ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇമാം തഖിയുദ്ദീന്‍ സുബുകി (1284-1355) പുത്രന്‍ താജുദ്ദീന്‍ സുബുകി (1326-1370) സഫിയുദ്ദീന്‍ ഹിന്ദി (1242-1317) തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വാദങ്ങളുടെ മുനയൊടിച്ച പ്രമുഖരാണ്. ‘അല്ലാഹു പരാജയപ്പെടുത്തുകയും പിഴപ്പിക്കുകയും അന്ധനും ബധിരനും നിന്ദ്യനുമാക്കിത്തീര്‍ക്കുകയും ചെയ്തയാള്‍’ എന്നാണ് ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി (1504-1567) അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പണ്ഡിത ലോകത്തിന്റെ ഇത്തരം ശക്തമായ ഏതിര്‍പ്പുകളുണ്ടായതുകൊണ്ട് തന്നെ ഇബ്‌നു തീമിയ്യന്‍ സിദ്ധാന്തങ്ങള്‍ക്കു നിലനില്‍ക്കാനായില്ല. അദ്ദേഹത്തിന്റെ കാലശേഷം അവ സ്വയം ഇല്ലാതാവുകയായിരുന്നു. ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ടില്‍ രംഗപ്രവേശം ചെയ്ത മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് ആണ് പിന്നീട് അദ്ദേഹത്തിന്റെ ചിന്തകള്‍ പുനരവതരിപ്പിച്ചത്.
വഹാബിസത്തിന്റെ ആഗമം
എ.ഡി. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തണലില്‍ വളര്‍ന്നു വന്ന മതനവീകരണ പ്രസ്ഥാനമാണ് വഹാബിസം. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് (1703-1787) ആണ് സ്ഥാപകന്‍. സഊദി അറേബ്യയുടെ കിഴക്കു ഭാഗത്തുള്ള നജ്ദിലാണ് അദ്ദേഹം ജനിച്ചത്. പ്രസ്തുത പ്രദേശത്തെ പിശാചിന്റെ കൊമ്പ് ഉദയം ചെയ്യുന്നയിടമെന്ന് നബി(സ) വിശേഷിപ്പിക്കുകയും അനുഗ്രഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിസമ്മതിക്കുകയും ചെയ്തത് ഹദീസുകളില്‍ കാണാം. (ബുഖാരി: 7095). കള്ള പ്രവാചകനായിരുന്ന മുസൈലിമയും വിഘടനവാദികളായ ഖവാരിജുകളും ഉദയം ചെയ്തത് നജ്ദിലായിരുന്നു. ‘ഫിത്‌ന’യുടെ ഈ പ്രഭവ കേന്ദ്രത്തില്‍ തന്നെ വഹാബിസവും ജന്മം കൊണ്ടു എന്നത് ചരിത്രത്തിന്റെ യാദൃശ്ചികതക്കപ്പുറം, പ്രവാചക പ്രവചനത്തിന്റെ സാക്ഷാല്‍കാരമായി വിലയിരുത്തപ്പെടുന്നു.
ഇബ്‌നു തീമിയ്യയുടെ ഗ്രന്ഥങ്ങളില്‍ ആകൃഷ്ടനായ ശൈഖ് നജ്ദി പ്രസ്തുത ചിന്തകള്‍ പ്രചരിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. അതിനു ഭരണകൂടത്തിന്റെ പിന്തുണ അനിവാര്യമാണെന്നു മനസ്സിലാക്കിയ അദ്ദേഹം ഭരണാധികാരികളെ സ്വാധീനിക്കുകയും അവരുടെ ഒത്താശയോടെ ആശയ പ്രചരണം നടത്തുകയുമായിരുന്നു. നജ്ദിനടുത്തുള്ള ഉയയ്‌നയിലെ ഭരണാധികാരി ഉസ്മാന്‍ ബിന്‍ മുഅമറിനെയാണ് ആദ്യം വശത്താക്കിയത്. എ.ഡി. 1737-ല്‍ അദ്ദേഹത്തിന്റെ അമ്മായി ജൗഹറയെ വിവാഹം ചെയ്തുകൊണ്ട് തന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയായിരുന്നു വഹാബീ ആചാര്യന്‍.
മുസ്‌ലിം ലോകത്തെ മതഭ്രഷ്ടരാക്കി ചിത്രീകരിച്ചുകൊണ്ടാണ് ശൈഖ് നജ്ദി രംഗപ്രവേശം ചെയ്തത്. മണ്‍മറഞ്ഞ മഹാത്മാക്കളോട് പ്രകടിപ്പിക്കുന്ന ആദരവ്, അവരെ മധ്യവര്‍ത്തികളായി കണ്ടുകൊണ്ടുള്ള സഹായാര്‍ത്ഥന, അവരുടെ മഖ്ബറകളില്‍ നടക്കുന്ന സിയാറത്ത്, ആത്മീയ സരണിയായ ത്വരീഖത്തുകളുമായുള്ള ബന്ധം തുടങ്ങിയവയുടെ പേരിലാണ് ലോക മുസ്‌ലിംകളെല്ലാം യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിന്നു പുറത്തു പോയി എന്നദ്ദേഹം ആരോപിച്ചത്. ഇബ്‌നു തീമിയ്യന്‍ ചിന്തകളെ തീവ്രഭാവത്തോടെ അവതരിപ്പിച്ച ശൈഖ് പലപ്പോഴും തന്റെ മാതൃകാപുരുഷനെ പിന്നിലാക്കി. അദ്ദേഹം അനുവദനീയമെന്നു വിധിയെഴുതിയ പല കാര്യങ്ങളും ‘ശിര്‍ക്ക്’ എന്നു പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ പിന്തുണകൂടി ലഭിച്ചപ്പോള്‍ അതിനു രൗദ്രഭാവവും നശീകരണാത്മകതയുമുണ്ടായി.
ഉസ്മാന്‍ ബിന്‍ മുഅമ്മറിന്റെ പിന്തുണയോടെ ശൈഖ് നജ്ദി ആദ്യം കൈവെച്ചത് ഉയയ്‌നയിലെ സൈദ് ബിന്‍ ഖത്താബി(റ)ന്റെ മഖ്ബറമേലാണ്. ഉമര്‍ ബിന്‍ ഖത്താബ്(റ)ന്റെ സഹോദരനായ സൈദ്(റ) യമാമ യുദ്ധത്തില്‍ മുസൈലിമത്തുല്‍ കദ്ദാബുമായി ഏറ്റുമുട്ടി മരണപ്പെട്ട പ്രമുഖ സ്വഹാബിയായിരുന്നു. ശൈഖും ഇത്തിരിപ്പോന്ന അനുയായികളും ചേര്‍ന്ന് ആ മഖ്ബറ തകര്‍ത്ത രംഗം വഹാബീ ചരിത്രകാരനായ ഉസ്മാന്‍ ബിന്‍ ബിശ്ര്‍ വിവരിക്കുന്നതിങ്ങനെ: ”പിന്നീട് ശൈഖ്, ജബലിയ്യയിലെ സൈദ് ബിന്‍ ഖത്താബിന്റെ ഖബ്‌റും ഖുബ്ബയും തകര്‍ക്കാനാണ് ലക്ഷ്യമിട്ടത്. തന്റെ ഈ ആഗ്രഹം ഭരണാധികാരി ഉസ്മാനോട് ശൈഖ് തുറന്നു പറയുകയും അദ്ദേഹം അനുമതി നല്‍കുകയും ചെയ്തു. പക്ഷേ, ജബലിയ്യാവാസികളുടെ ശക്തമായ എതിര്‍പ്പ് അദ്ദേഹത്തെ ആശങ്കപ്പെടുത്തി. അങ്ങനെ അവര്‍ അറുനൂറോളം പട്ടാളക്കാരുടെ അകമ്പടിയോടെ ഖുബ്ബ തകര്‍ക്കാനെത്തി. അപ്പോഴേക്കും ജബലിയ്യാവാസികളെല്ലാം അവരെ പ്രതിരോധിക്കാനെത്തിയിരുന്നു. പട്ടാളത്തെ ഉപയോഗിച്ച് ഉസ്മാന്‍ അവരെ വിരട്ടിയോടിച്ചു. ജനങ്ങളെല്ലാം പിന്‍മാറിയപ്പോള്‍ ഉസ്മാന്‍ പറഞ്ഞു: ‘ഇതു തകര്‍ക്കാന്‍ എനിക്കു ധൈര്യം വരുന്നില്ല’. ‘എങ്കില്‍ ആ കോടാലി ഇങ്ങു തരൂ’ എന്നു പറഞ്ഞുകൊണ്ട് ശൈഖ് അതു വാങ്ങുകയും സ്വന്തം കൈകൊണ്ട് ആ ഖുബ്ബ തകര്‍ത്തു നിരപ്പാക്കുകയും ചെയ്തു.” (ഉന്‍വാനുല്‍ മജ്ദ് ഫീ താരീഖിന്നജ്ദ്: 1/10)
ഉയയ്‌നയിലെ പ്രമുഖ ഗോത്രങ്ങളുടെ സമ്മര്‍ദ്ദ ഫലമായി ശൈഖിനെ ഉസ്മാന്‍ അവിടെ നിന്നും പുറത്താക്കുകയായിരുന്നു. പിന്നീടദ്ദേഹം 30 കി.മീ. ദൂരത്തുള്ള ദര്‍ഇയ്യയിലെത്തുകയും ഭരണാധികാരിയായിരുന്ന ഇബ്‌നു സഊദിനെ സമീപിക്കുകയും അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ശൈഖ് നജ്ദിയുടെ ആശയങ്ങള്‍ സ്വീകരിക്കാന്‍ തുടക്കത്തില്‍ വിസമ്മതിച്ചിരുന്ന ഇബ്‌നു സഊദിനെ പിന്നീട് പാട്ടിലാക്കിയത് അദ്ദേഹത്തിന്റെ ഭാര്യയെ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു. ഒരു കെട്ടു ബന്ധത്തിലൂടെ ഇബ്‌നു സഊദുമായുള്ള ബന്ധവും സുദൃഢമാക്കാന്‍ ശൈഖിനു സാധിച്ചു. ഈ കൂട്ടുകെട്ടാണ് പിന്നീട് സഊദി അറേബ്യന്‍ സാമ്രാജ്യത്തിനു വഴി തുറന്നതും വഹാബിസത്തിന്റെ പ്രചാരണം എളുപ്പമാക്കിയതും.
എ.ഡി. 1760-ല്‍ ശൈഖ് നജ്ദിയും ഇബ്‌നു സഊദും തമ്മില്‍ ദര്‍ഇയ്യയില്‍ ഒരു കരാറില്‍ ഒപ്പുവെച്ചു. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യത്വ വികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന് ശൈഖ് ഉറപ്പു നല്‍കി. തങ്ങള്‍ സ്ഥാപിക്കുന്ന രാഷ്ട്രത്തിന്റെ മതകാര്യം നജ്ദിക്കും പുത്ര പരമ്പരക്കും, ഭരണ നേതൃത്വം ഇബ്‌നു സഊദിനും പുത്ര പരമ്പരക്കും നല്‍കപ്പെടുമെന്നും ലക്ഷ്യപൂര്‍ത്തീകരണത്തിനു പരസ്പരം സര്‍വ്വ സഹകരണവും നല്‍കുമെന്നും കരാറില്‍ പറഞ്ഞിരുന്നു. ഇസ്‌ലാമും ആധുനിക സമൂഹവുമെല്ലാം തിരസ്‌കരിച്ച രാജവാഴ്ചയെ തൗഹീദിന്റെ പേരില്‍ എക്കാലത്തേക്കും അടിച്ചേല്‍പിക്കുകയായിരുന്നു പ്രസ്തുത കരാറിലൂടെ.
സാമ്രാജ്യ വികസന തല്‍പരനായിരുന്ന ഇബ്‌നു സഊദ് അതിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. ദര്‍ഇയ്യയിലെ ജനങ്ങളോട് വര്‍ഷംതോറും നികുതി വാങ്ങിയിരുന്ന ഇബ്‌നു സഊദിനെ അതില്‍ നിന്നു പിന്തിരിപ്പിച്ചുകൊണ്ട് ശൈഖ് നജിദി പറഞ്ഞു: ‘വരാന്‍ പോകുന്ന ജിഹാദില്‍ നിന്നു കിട്ടുന്ന വരുമാനം ഈ നികുതി പണത്തേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും.’ അഥവാ അറേബ്യയിലുടനീളം ജിഹാദിന്റെ പേരില്‍ കൊള്ളയും കൊലയും നടത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു വഹാബി ആചാര്യന്‍. മുസ്‌ലിം നാടുകള്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ തന്നെ അല്ലെന്നും ‘തൗഹീദ്’ അംഗീകരിക്കാത്ത അവിടങ്ങളിലെ ജനങ്ങളോട് ജിഹാദ് ചെയ്യാന്‍ ഇസ്‌ലാം പറയുന്നുണ്ടെന്നും അതിലൂടെ കിട്ടുന്ന സമ്പത്തുകള്‍ മുഴുവനും ഗനീമത്താണെന്നും ഉപദേശിച്ചു. ലക്ഷക്കണക്കിനു സത്യവിശ്വാസികളെ വഹാബീ തൗഹീദ് അംഗീകരിക്കാത്തതിന്റെ പേരില്‍ അറുകൊല ചെയ്യാനും ഗനീമത്തുകളെന്ന പേരില്‍ അവരുടെ സമ്പാദ്യം കൊള്ള ചെയ്തു കൊണ്ടുപോകാനും ഇബ്‌നു സഊദിനും കൂട്ടര്‍ക്കും പ്രചോദനം നല്‍കിയത് ശൈഖ് നജ്ദിയുടെ ഈ നിലപാടായിരുന്നു.
രക്തരൂക്ഷിത കലാപത്തിനാണ് അറേബ്യയില്‍ ഇബ്‌നു സഊദ് തുടക്കം കുറിച്ചത്. ഇമാം ഹസന്‍(റ), ഹസ്രത്ത് ത്വല്‍ഹ(റ) തുടങ്ങിയ പ്രമുഖ സ്വഹാബികളുടേതുള്‍പ്പെടെ നിരവധി മഖ്ബറകളും മസാറുകളും അദ്ദേഹം തകര്‍ത്തിട്ടുണ്ട്. 1765-ല്‍ ഇബ്‌നു സഊദ് മരണമടഞ്ഞു. പിന്നീട് അധികാരത്തിലേറിയ പുത്രന്‍ അബ്ദുല്‍ അസീസ് പിതാവിനേക്കാള്‍ വലിയ തീവ്രതയോടെയാണ് വഹാബിസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. 1802-ല്‍ ഒരു അജ്ഞാതന്റെ കുത്തേറ്റു ഇദ്ദേഹം വധിക്കപ്പെടുകയായിരുന്നു. പുത്രന്‍ സുഊദാണ് പിന്നീട് അധികാരത്തിലേറിയത്. വലിയ തീവ്രവാദിയായിരുന്ന സുഊദ് പിതാവിന്റെ ജീവിതകാലത്തു തന്നെ നിരവധി അക്രമങ്ങള്‍ക്കും വഹാബി വല്‍കരണത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്. 1802-ല്‍ നജ്ഫിലും കര്‍ബലയിലും അദ്ദേഹം നടത്തിയ ആക്രമണം കുപ്രസിദ്ധമാണ്. അതേക്കുറിച്ച് വഹാബീ ചരിത്രകാരന്‍ തന്നെ രേഖപ്പെടുത്തുന്നതിങ്ങനെ.
”ഹിജ്‌റ 1216-ലാണ് സുഊദ് തന്റെ കാലാള്‍പ്പടയോടും കുതിരപ്പടയോടും കൂടി അക്രമത്തിനു പുറപ്പെട്ടത്. നജ്ദിലെ തെക്കന്‍ പ്രദേശങ്ങളിലെയും ഹിജാസിലെയും തിഹാമയിലെയും നഗരവാസികളില്‍ നിന്നും മറ്റുമായി സംഘടിപ്പിച്ച സൈന്യമായിരുന്നു അത്. അദ്ദേഹം കര്‍ബലക്കു നേരെ നീങ്ങുകയും ഹുസൈനിന്റെ നഗരത്തിലുള്ള ജനങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്തു. ദുല്‍ഖഅ്ദ് മാസത്തിലായിരുന്നു അത്. മുസ്‌ലിംകള്‍ (വഹാബികള്‍) നഗരത്തിന്റെ മതിലുകള്‍ എടുത്തുചാടി അകത്തെത്തുകയും അങ്ങാടികളിലും സ്വന്തം വീടുകളിലുമുള്ള മിക്ക ജനങ്ങളെയും കൊന്നൊടുക്കുകയും ചെയ്തു. എന്നിട്ടവര്‍ ഹുസൈനിന്റെ ഖബറിനുമേല്‍ കെട്ടിപ്പൊക്കിയ എടുപ്പുകള്‍ തകര്‍ത്തു. അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം കൈക്കലാക്കി. മഖാമിനു ചുറ്റുമുണ്ടായിരുന്ന ലോഹ അഴികള്‍ ഇളക്കിയെടുത്തു. മരതകവും മാണിക്യവും മറ്റു രത്‌നങ്ങളും പതിച്ചവയായിരുന്നു ഈ അഴികള്‍. നഗരത്തില്‍ കണ്ടതൊക്കെയും അവര്‍ എടുത്തു. ആയുധങ്ങള്‍, തുണിത്തരങ്ങള്‍, പരവതാനികള്‍, സ്വര്‍ണ്ണം, വെള്ളി, ഖുര്‍ആന്റെ അമൂല്യ പ്രതികള്‍, വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍ ഇങ്ങനെ കണക്കില്ലാത്ത സാധനങ്ങള്‍ അവര്‍ കൈക്കലാക്കി. ഒരു പ്രഭാതത്തിനപ്പുറം അവര്‍ കര്‍ബലയില്‍ തങ്ങിയില്ല. രണ്ടായിരത്തോളം പേരെ കൊല്ലുകയും കിട്ടാവുന്നത്ര സമ്പത്ത് കൈക്കലാക്കുകയും ചെയ്ത ശേഷം ഏതാണ്ട് ഉച്ച നേരത്ത് അവര്‍ മടങ്ങി. (ഉന്‍വാനുല്‍ മജ്ദ് ഫീ താരീഖിന്നജ്ദ്: 1/121,22)
ഇപ്രകാരം വഹാബീ സൈന്യം 1217 (1803)ല്‍ ത്വാഇഫും 1220 (1805)ല്‍ മക്കയും അക്രമിച്ചു നിരവധി വിശ്വാസികളെ കൊന്നൊടുക്കുകയും അവരുടെ സമ്പത്ത് കൊള്ള ചെയ്യുകയും മഖ്ബറകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. വഹാബീ നേതാവായിരുന്ന ഇ.കെ. മൗലവി എഡിറ്ററായി അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍ ഇത്തിഹാദ്’ മാസിക അതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു.
”എന്നാല്‍ വഹാബികള്‍ ഈ അവസരം അസ്സലായി ഉപയോഗിച്ചു. അവര്‍ വേഗം ഹിജാസിലേക്കു കുതിക്കുകയും ഹറമൈനിയില്‍ പ്രവേശിച്ചു അവിടെയുണ്ടായിരുന്ന ഔലിയാക്കളുടെ മഖ്ബറകളും മറ്റും പൊളിച്ചു അവിടെയുണ്ടായിരുന്ന രത്‌നങ്ങളും മറ്റും കൊള്ളയടിച്ചു. പരസ്യമായി മാര്‍ക്കറ്റില്‍ ലേലം ചെയ്തു വിറ്റു. ഈ സംഭവം ഹിജ്‌റ 1220 ക്രിസ്താബ്ദം 1805-ലാണ് നടന്നത്.” (അല്‍ ഇത്തിഹാദ് 1956 സപ്തംബര്‍)
ശൈഖ് നജ്ദിയും സുഊദ് രാജവംശവും എന്തെല്ലാം ഹീനമാര്‍ഗങ്ങളുപയോഗിച്ചാണ് അറേബ്യയില്‍ വഹാബിസം അടിച്ചേല്‍പിച്ചതെന്ന് ഈ ഉദ്ധരണികളില്‍ നിന്നു മനസ്സിലാക്കാം. ഖവാരിജിസത്തിനു ശേഷം വഹാബിസമല്ലാതെ മറ്റൊരു കക്ഷിയും സമുദായത്തെ മൊത്തത്തില്‍ മതഭ്രഷ്ടു കല്‍പ്പിച്ചു അറുകൊല ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിട്ടില്ല. താന്‍ ആവിഷ്‌കരിച്ചെടുത്ത ഉട്ടോപ്യന്‍ തൗഹീദ് സ്വീകരിക്കാന്‍ വിസമ്മതിച്ചവരെ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശൈഖ് നജ്ദി ശ്രമിച്ചത്. അതിനു വേണ്ടി സുഊദ് വംശത്തിലെ മൂന്നു രാജാക്കന്മാരെയും തന്റെ ജീവിത കാലത്ത് അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തി. സുഊദ് ബിന്‍ അബ്ദില്‍ അസീസിന്റെ ഭരണകാലത്ത് 1792 ജൂണ്‍ 22നാണ് വഹാബിസത്തിന്റെ സ്ഥാപകന്‍ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് മരണമടഞ്ഞത്.
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment