സഊദിയില്‍ മന്ത്രി സഭ പുതുക്കിപണിത് സല്‍മാന്‍ രാജാവ്
സഊദിയില്‍ നിലവിലെ മന്ത്രിമാരിലെയും ഉദ്യോഗസ്ഥരിലെയും ചിലരെ സ്ഥാനത്തു നിന്ന് മാറ്റി ഭരണാധികാരി സല്‍മാന്‍ രാജാവ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ശനിയാഴ്ച്ച രാത്രിയാണ് ഇത് സംബന്ധിച്ച രാജ വിജ്ഞാപനം പുറപ്പെടുവിച്ചത്. സ്‌റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം പുറത്തു വിട്ടത്. സഊദി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രി സ്ഥാനത്തു നിന്നും ആദില്‍ അല്‍ തുറൈഫിനെ മാറ്റി പകരം ഡോ: അവാദ് അല്‍ അവാദിനെ തല്‍സ്ഥാനം നല്‍കി.
സഊദി സ്‌റ്റേറ്റ് സിവില്‍ സര്‍വ്വീസ് മന്ത്രിയായിരുന്ന ഖാലിദ് അല്‍ അറാജിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തി. സഊദി സ്‌പോര്‍ട് സ് അതോറിറ്റി തലവനായിരുന്ന പ്രിന്‍സ് അബ്ദുല്ല ബിന്‍ മുസാഇദിനെ ചുമതലയില്‍ നിന്നും മാറ്റി മുഹമ്മദ് അബ്ദില്‍ മാലിക് അല്‍ ശൈഖിനെ നിയമിച്ചു.
കൂടാതെ, അമേരിക്കയിലെ സഊദി അംബാസിഡറായിരുന്ന പ്രിന്‍സ് അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കിയെ സ്ഥാനത്തു നിന്നും മാറ്റി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാനെ അമേരിക്കയിലെ സഊദി അംബാസിഡറായി നിയമിക്കുകയും ചെയ്തു. സഊദി കരസേനാ കമ്മാണ്ടറായി പ്രിന്‍സ് ഫഹദ് ബിന്‍ തുര്‍ക്കിയെ നിയമിച്ചതായും സല്‍മാന്‍ രാജാവ് ഉത്തരവില്‍ പറഞ്ഞു. പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ എനര്‍ജി അഫയേഴ്‌സ് സ്‌റ്റേറ്റ് മന്ത്രിയായും നിയമിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ ടി മന്ത്രിയായിരുന്ന മുഹമ്മദ് അല്‍ സുവെയിലിനു പകരമായി അബ്ദുള്ള ബിന്‍ ആമിര്‍ അല്‍ സവാഹയെ നിയമിച്ചു.
സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ് മെന്റ് (സാഗിയ) ഗവര്‍ണറായി ഇബ്‌റാഹീം അല്‍ ഉമര്‍, ഹായില്‍ പ്രവിശ്യ ഗവര്‍ണറായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഅദ്, വടക്കന്‍ പ്രവിശ്യ ഗവര്‍ണറായി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ , മെട്രോളജി ആന്‍ഡ് എന്‍വയര്‍മെന്റ് (പി എം ഇ) തലവനായി ഖലീല്‍ അല്‍ തഖാഫി എന്നിവരെയും നിയമിച്ചു ഉത്തരവിറക്കിയതായി സഊദി സ്‌റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു . ഈ വര്‍ഷം രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പരീക്ഷകള്‍ റംസാന് മുന്‍പായി നടത്തി തീര്‍ക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നുണ്ട്.
രാജ്യത്തു നടത്തിയ സിവില്‍ സര്‍വ്വീസ് നിയമനങ്ങളില്‍ വ്യാപകമായ വിവിധ ആരോപണങ്ങളെ തുടര്‍ന്നാണ് സ്‌റ്റേറ്റ് സിവില്‍ സര്‍വ്വീസ് മന്ത്രിയായിരുന്ന ഖാലിദ് അല്‍ അറാജിനെ മാറ്റാന്‍ കാരണം. ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കുവാന്‍ ഒരു കമ്മിറ്റിയെ ഉടന്‍ നിയമിക്കുമെന്നും സമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Leave A Comment