സ്‌നേഹ വസന്തോല്‍സവങ്ങളുടെ അനുഗ്രഹ മാസം
അതുല്യ ജീവിതത്തിന്റെ അമരസ്മരണകളും പ്രവാചകാനുരാഗത്തിന്റെ നിറവസന്തവുമായി വീണ്ടും 'റബീഅ്' സമാഗതമായി. ഓര്‍മിക്കാനും അതിലുപരി അനുകരിക്കാനുമായി ഒരായിരം ജീവസന്ദേശങ്ങളുമായാണ് പ്രവാചകരുടെ ജന്മദിന മാസം കടന്നുവന്നിരിക്കുന്നത്.
യഥാര്‍ത്ഥ വിശ്വാസികള്‍ക്കിത് ആത്മഹര്‍ഷത്തിന്റെ പൊന്‍പുലരികളാണ്. ലോകത്തിന് മുഴുവന്‍ അനുഗ്രഹമായ, സവിശേഷ ഗുണങ്ങളുടെ പൂര്‍ണ്ണിമ തികഞ്ഞ, പൗര്‍ണ്ണമിയും പൊന്‍തിങ്കളുമായ നേതാവിന്റെ ജനനത്തില്‍ സന്തോഷം വരാത്ത, അത് പ്രകടിപ്പിക്കാനാകാത്തവരുണ്ടെങ്കില്‍ വിശ്വാസ ദൗര്‍ബല്യത്തിന്റെ സൂചകമായിട്ട് മാത്രമേ അതിനെ കാണാനാകുകയുള്ളൂ.
ഇസ്‌ലാമിന്റെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ആരായിരുന്നു? വ്യക്തിത്വത്തിലോ സ്വഭാവത്തിലോ ശാരീരിക പ്രകൃതിയിലോ പ്രവാചകനു തുല്യമായി മറ്റൊരാളുമില്ല എന്നതല്ലെ വസ്തുത? അല്ലാഹുവിന്റെ മുഴുവന്‍ സൃഷ്ടികളില്‍ നിന്നും അന്ത്യപ്രവാചകന്‍ എല്ലാ നിലയിലും വേറിട്ട് നില്‍ക്കുകയാണ്. അതുപോലൊരു വ്യക്തിത്വത്തിന്, മുമ്പോ പിമ്പോ ഒരു മാതാവും ജന്മം നല്‍കിയിട്ടില്ല. ഒരു പിതാവും ജനനത്തിന് കാരണക്കാരനായിട്ടുമില്ല.
അനുയായികളോട് ഇത്രത്തോളം അനുകമ്പ പുലര്‍ത്തിയ നേതാവ് ലോകചരിത്രത്തില്‍ വേറെ കഴിഞ്ഞുപോയിട്ടില്ല. സമുദായത്തിന് ഗുരുവും മാര്‍ഗദര്‍ശിയും മാതൃകാപുരുഷനുമായി ജീവിച്ച പ്രവാചകന്‍ ആര്‍ദ്രതയുടെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവയായാണ് ലോകത്ത് കഴിച്ചുകൂട്ടിയത്. 'വിശ്വാസികളോട് കൃപയും കാരുണ്യവുമുള്ളവനും നിങ്ങളുടെ മേല്‍ ആര്‍ത്തിയുള്ളവനും നിങ്ങളുടെ വിഷമത്തില്‍ പ്രയാസപ്പെടുന്നവനുമായ, നിങ്ങളില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് എത്തിയിരിക്കുന്നു'വെന്നാണ് അല്ലാഹു തന്നെ ഖുര്‍ആനില്‍ പ്രവാചകനെ പരിചയപ്പെടുത്തിയത്.
നബിതിരുമേനിയുടെ സ്‌നേഹവും കരുണയും വിശ്വാസികളായ സ്വന്തം അനുയായികള്‍ക്ക് മാത്രമല്ല സര്‍വ്വപ്രപഞ്ചത്തിനും ലഭ്യമായിരുന്നുവെന്നതാണ് നേര്. കാരണം മുഹമ്മദ് നബി(സ) ഏതെങ്കിലും പ്രത്യേക വംശത്തിന്റെയോ ദേശത്തിന്റെയോ മാത്രം പ്രവാചകനായി നിയുക്തരായവരല്ല. പ്രത്യുത മുഴുവന്‍ ജിന്ന്- മനുഷ്യവര്‍ഗത്തിലേക്കുമാണ് നിയുക്തമായത്. ഇതിനു പുറമെ 'മുഴുവന്‍ ലോകര്‍ക്കും കാരുണ്യമായിട്ടല്ലാതെ നാം തങ്ങളെ അയച്ചിട്ടില്ലെ'ന്ന് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാചകന്‍ നന്മയുടെ നിറകുടമായിരുന്നു; സത്യത്തിന്റെ കാവലാളും ധര്‍മത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്നു. സ്വഭാവ മഹിമക്കും സംസ്‌കാര സമ്പന്നതക്കും പ്രവാചകനോളം പൂര്‍ണതയെത്തിയ മറ്റൊരാള്‍ ലോകത്ത് കഴിഞ്ഞുപോയിട്ടില്ല. 'ഉദാത്ത സ്വഭാവത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി (മാത്രമാ)യാണ് ഞാന്‍ നിയുക്തനായതെ'ന്ന് നബിതിരുമേനി (സ) തന്നെ അരുള്‍ ചെയ്തിട്ടുണ്ട്.
പ്രവാചക പ്രേമം വിശ്വാസത്തിന്റെ ഭാഗമാണ്. മാത്രമല്ല, ഈമാനിന്റെ പൂര്‍ണ്ണതയുടെ അനിവാര്യഘടകവുമാണ്. പ്രവാചകന്‍ സത്യവിശ്വാസികളോട് സ്വന്തത്തെക്കാള്‍ ബന്ധപ്പെട്ടതാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും 'സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും സര്‍വ്വജനങ്ങളെക്കാളും ഞാന്‍ പ്രിയപ്പെട്ടവനാകുന്നത് വരെ ഒരാളും (പൂര്‍ണ്ണ) വിശ്വാസിയാവുകയില്ലെ' ന്ന് തിരുനബി ഓര്‍മ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കളങ്കമറ്റതും കലവറയില്ലാത്തതുമായ സ്‌നേഹം മനസാ-വാചാ- കര്‍മണാ പ്രവാചകനോട് പുലര്‍ത്തുമ്പോള്‍ മാത്രമേ ഒരു മുസ്‌ലിമിന് യഥാര്‍ത്ഥ വിശ്വാസിയാകാന്‍ കഴിയുകയുള്ളൂ. പാടിയും പറഞ്ഞും എഴുതിയും രേഖപ്പെടുത്തിയും അത് പ്രകടിപ്പിക്കുന്നത് പോലെ പ്രവാചക ജീവിതം അനുകരിച്ചും അതുണ്ടാകേണ്ടതാണ്.
ഇസ്‌ലാം ഏറെ വികൃതമാക്കപ്പെടുകയും പ്രവാചക ജീവിതം പാടെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്‌തൊരു കാലമാണിത്. ലോകസമൂഹത്തിന് നന്മയുടെ പാഠം നല്‍കേണ്ട മുസ്‌ലിം സമൂഹം തിന്മയുടെ ഉപാസകരായി മാറിയപ്പോള്‍, സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഉപമയായ തിരുനബി കുടില മനസ്‌കനും യുദ്ധപ്രിയനുമായി ചിത്രീകരിക്കപ്പെട്ടപ്പോള്‍ വസ്തുതകളുടെ വെളിച്ചക്കീറുകളാണ് സത്യത്തില്‍ തമസ്‌കരിക്കപ്പെട്ടത്.
ഇവിടെ, ഇസ്‌ലാം നന്മയുടെ സത്തയാണെന്നും പ്രവാചകനും വിശുദ്ധമതവും വിട്ടുവീഴ്ചയുടെയും സമാധാനത്തിന്റെയും പ്രതീകങ്ങളാണെന്നും അബദ്ധധാരണയിലകപ്പെട്ടവരെ ബോധ്യപ്പെടുത്തല്‍ മുഴുവന്‍ പ്രവാചകാനുരാഗികളുടെയും വിശ്വാസി സമൂഹത്തിന്റെയും ബാധ്യതയാണ്.
മതമൈത്രിയുടെ മഹിതപാരമ്പര്യം അഭിമാനത്തോടെ അവകാശപ്പെടാന്‍ കഴിയുന്ന കേരളീയ സമൂഹത്തില്‍പോലും മാറ്റങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. അത്യധികം മാരകമായി അനുദിനം ശക്തിപ്പെടാവുന്ന ഈ മഹാമാരിയെ ഇവിടംവെച്ച് പിടിച്ചുകെട്ടാന്‍ പ്രബുദ്ധ മുസ്‌ലിം കൈരളിക്ക് കഴിയണം. പ്രവാചക ജീവിതം തന്നെയാണ് ഇതിനും നമുക്ക് മാതൃക.
അതിനൊപ്പം, അബദ്ധങ്ങളിലകപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തവരെ പ്രവാചക ജീവിതത്തിന്റെ വെളിച്ചത്തില്‍ തന്നെ സുബദ്ധത്തിലെത്തിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അത്യധികം ശ്രമകരമായ അതിലേറെ അനിവാര്യമായ ഈ ദൗത്യത്തിന് വരമൊഴിയുടെ പ്രത്യേക ഇടപെടലുമായാണ് ഈ ലക്കം സുന്നി അഫ്കാര്‍ വായനക്കാരിലെത്തുന്നത്.
നന്മയുടെ, സമാധാനത്തിന്റെ ഇത്തിരി വെട്ടം പകരാനുള്ള ഈ കൈത്തിരി സര്‍വ്വാത്മനാ സ്വീകരിച്ച് സഹൃദയര്‍ക്ക് കൈമാറുമല്ലോ?
പ്രത്യാശകളോടെ....



Leave A Comment