ഹദീസ് പഠനത്തിനൊരു ആമുഖം

നബി (സ്വ) തങ്ങളുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം, ശാരീരിക സ്വഭാവ ഗുണ വിശേഷങ്ങള്‍ എന്നിവയാണ് ഹദീസ് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. സുന്നത്ത് (നബി ചര്യ) എന്ന പദം ദ്യോതിപ്പിക്കുന്നതും ഇതുതന്നെ. ഇതുപോലെ ഒരു വ്യക്തിയുടെ വാക്ക്, പ്രവൃത്തി, ഗുണവിശേഷണങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുകയും തലമുറകളായി സംരക്ഷിക്കപ്പെട്ടുപോരുകയും ചെയ്യുന്നതിന് മറ്റൊരു മാതൃക കണ്ടെത്തുക അസാധ്യമാണ്. ''താങ്കളുടെ തിരുസ്മരണയെ നാം മഹത്വവല്‍കരിച്ചിരിക്കുന്നു' (ഖുര്‍ആന്‍ 94:4) വെന്ന ഖുര്‍ആന്‍ വചനം ഇവിടെ അന്വര്‍ഥമാകുന്നു. ഉത്തമ സ്വഭാവങ്ങളുടെ ഉടമ ഉദാത്ത മാതൃക എന്നൊക്കെ ഖുര്‍ആന്‍ വിശേഷിപ്പിച്ച ആ നിമിഷങ്ങള്‍ ഒപ്പിയെടുക്കുകയും അനശ്വരമാക്കി നിര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മുസ്‌ലിം ലോകം മനസ്സിലാക്കി. ജീവിക്കുന്ന ഖുര്‍ആനായിരുന്നു തിരുനബി (സ്വ). ഖുര്‍ആനിക സന്ദേശങ്ങള്‍ പ്രയോഗത്തില്‍ വരുത്തി കാണിച്ചുകൊടുക്കാന്‍ ഒരു മനുഷ്യമാതൃക അത്യാവശ്യമായിരുന്നു. നിയമസംഹിതകള്‍ പ്രയോഗതലത്തില്‍ പരാജയപ്പെടുന്നതിന്റെയും, ഉയര്‍ത്തിക്കാട്ടാന്‍ ഒരു സമ്പൂര്‍ണ മാതൃക ഇല്ലാത്തതിന്റെയും പരിണിത ഫലങ്ങളെക്കുറിച്ച് ഇസ്‌ലാമേതര വിഭാഗങ്ങള്‍ വിശിഷ്യാ പാശ്ചാത്യര്‍ വ്യാകുലപ്പെടുന്നത് കാണാനാകും.

തിരുനബി(സ്വ) പറഞ്ഞതാകട്ടെ നിങ്ങള്‍ എന്റെ ജീവിതം പിന്‍പറ്റുക എന്നാണ്. അതിലുപരി ചിന്തിപ്പിക്കുന്നതാണ് തന്റെ അനുചരന്മാരെക്കുറിച്ച് അവിടുന്ന് പറഞ്ഞത്. '' അവര്‍ നക്ഷത്രതുല്യരാണ്. അവരില്‍ ആരെ പിന്തുടര്‍ന്നാലും സന്മാര്‍ഗം സിദ്ധിക്കും''. ഒരു ലക്ഷത്തില്‍ പരം വരുന്ന അനുയായി വൃന്ദത്തെ ചൂണ്ടിക്കാണിച്ച് കൊണ്ട് ഇവരില്‍ ആരെയും നിങ്ങള്‍ക്ക് മാതൃകയാക്കാം എന്ന് പറയുമ്പോള്‍ അവരെ വാര്‍ത്തെടുത്ത ആ പാഠശാലയുടെ അനിഷേധ്യമായ തിളക്കം ആര്‍ക്കും ഗ്രഹിച്ചെടുക്കാന്‍ സാധിക്കും. 'ജീവിക്കുന്ന ഖുര്‍ആന്‍' യഥാര്‍ഥ ഖുര്‍ആന്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കേണ്ടിയിരിക്കുന്നു. ഖിയാമത്ത് നാള്‍ വരെ ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തു വെങ്കില്‍ അത് തിരുസുന്നത്തിന്റെ സംരക്ഷണം കൂടിയാണ്. രണ്ട് സംരക്ഷണങ്ങളും വ്യത്യസ്ത രൂപത്തിലും സ്വഭാവത്തിലുമായിരുന്നുവെന്ന് മാത്രം. ഹദീസ് പഠനത്തിന് പ്രധാനമായും മൂന്ന് രീതിയില്‍ സമീപിക്കാം. ഒന്ന് ചരിത്രവും വികാസവും. രണ്ട്: നിദാന ശാസ്ത്രം (ഉസ്വൂലുല്‍ ഹദീസ്). മൂന്ന്: ഉള്ളടക്കം (മത്ന്‍). ഖുര്‍ആനിന്റെയും സുന്നത്തിന്റെയും സംരക്ഷണം രണ്ട് രീതിയിലാണെന്ന് പറഞ്ഞുവല്ലോ. ഇതുമായി ബന്ധപ്പെട്ട് ചരിത്രവും വ്യത്യസ്ത കാലങ്ങളില്‍ മുസ്‌ലിംകള്‍ സ്വീകരിച്ചുപോന്ന രീതികളുമാണ് ക്രോഡീകരണം അല്ലെങ്കില്‍ ചരിത്രവും വികാസവും എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ ഖലീഫ അബൂബക്ര്‍ സിദ്ദീഖ് (റ) വിന്റെ കാലത്ത് തന്നെ ഖുര്‍ആന്‍ ക്രോഡീകരണം നടന്നുവെങ്കിലും ഹദീസിന്റെ ഔദ്യോഗിക ക്രോഡീകരണം നടക്കുന്നത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ കാലത്താണ്.

Also read:https://islamonweb.net/ml/15-May-2020-2508

ഒരു നൂറ്റാണ്ട് കാലം മുസ്‌ലിം ലോകത്ത് ഹദീസിന് യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. ഒരു വ്യക്തിയുടെ വഫാത്ത് കഴിഞ്ഞ് എഴുപതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം അയാളുടെ വാക്കുകളും പ്രവൃത്തികളും അന്വേഷിച്ച് കണ്ടെത്തി ക്രോഡീകരിക്കുന്നതിലെ അശാസ്ത്രീയത പോലെയുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുസ്‌ലിം മനസ്സുകളില്‍ സംശയത്തിന്റെ വിത്ത് പാകാന്‍ ശത്രുക്കള്‍ ശ്രമിക്കാറുണ്ട്. ഏറെ മുമ്പ് തന്നെ ഇത്തരം പ്രവണത രൂപപ്പെട്ടിരുന്നുവെന്നും പല മുസ്‌ലിംകളും ഇത്തരം ചിന്താധാരയില്‍ ആകൃഷ്ടരായിരുന്നുവെന്നും മനസ്സിലാക്കാന്‍ ഇമാം ശാഫിഈ (റ) യുടെ രിസാല, ഉമ്മ് എന്നീ രണ്ട് ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മതി. ഈ വാദം ബാലിശമാണെന്ന് ശക്തിയുക്തം സമര്‍ഥിക്കുന്നുണ്ട് പ്രസ്തുത ഗ്രന്ഥങ്ങളില്‍. ഈ വാദഗതികള്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്ന നിരവധി ഓറിയന്റലിസ്റ്റുകള്‍ ഇന്നുമുണ്ട്. ആധുനിക ഹദീസ് പണ്ഡിതരായ മുസ്ഥഫാ സിബാഇ, മുസ്ഥഫ അഅ്‌സമി തുടങ്ങിയവരുടെ രചനകള്‍ ഇത്തരം വാദഗതികളെ തുരത്തുന്നതില്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. നിരവധി ശാസ്ത്രശാഖകളുടെ വളര്‍ച്ചക്ക് ഹദീസ് ക്രോഡീകരണത്തന് നിമിത്തമായിട്ടുണ്ട്.

ചരിത്രരചനയുടെ വളര്‍ച്ചയും പുതിയൊരു ചരിത്ര രചനാരീതിയും പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു. ചരിത്രരചന മുസ്‌ലിം ലോകത്തിന് അന്യമായിരുന്നില്ലെങ്കിലും ഹദീസ് ക്രോഡീകരണത്തിന് ഈ രചനാരീതി അപര്യപ്തമായിരുന്നു.തിരുനബിയുടെ വാക്കും പ്രവര്‍ത്തിയും കലര്‍പ്പില്ലാതെ, വളച്ചൊടിക്കപ്പെടാതെ സംരക്ഷിക്കപ്പെടണമെങ്കില്‍ ശക്തമായൊരു നിദാനശാസ്ത്രത്തിലൂന്നിയ രചനാരീതി രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. നൂറ്റാണ്ടുകളോളം ഹദീസ് പ്രധാനമായും സംരക്ഷിക്കപ്പെട്ട് പോന്നത് വാചികമായിട്ടായിരുന്നുവെന്നതിനാല്‍ നിവേദക ശൃംഖലയിലെ ഓരോ വ്യക്തിയെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കേണ്ടതായിരുന്നു. സ്വഹാബാക്കള്‍ മുതലുള്ള നിവേദക ശൃംഖലയിലെ ഒരോരുത്തരുടെയും വിവരങ്ങള്‍ ശേഖരിച്ച് ഗ്രന്ഥരചനകള്‍ ഈ മേഖലയില്‍ നടക്കുകയുണ്ടായി. ഒരു നാട്ടിലെ നിവേദകര്‍, ഒരു നൂറ്റാണ്ടില്‍ ജീവിച്ചവര്‍, ഒരു വ്യക്തിയില്‍ നിന്ന് നിവേദനം ചെയ്യുന്ന വിദ്യാര്‍ഥികള്‍ എന്നിങ്ങനെ വിവിധ രൂപത്തില്‍ ചരിത്രരചനകള്‍ നടന്നു. നിവേദകന്റെ ജീവിതരീതി, സൂക്ഷമത, അദ്ദേഹത്തെക്കുറിച്ച് പ്രധാന ഹദീസ് ഗവേഷകരുടെ അഭിപ്രായങ്ങള്‍, ശിഷ്യന്മാര്‍, ഗുരുനാഥര്‍, യാത്ര ചെയ്ത സ്ഥലങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചിരുന്നത്. ഇങ്ങനെ രചിക്കപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഏതൊരു ഹദീസും വന്നവഴി കണ്ടെത്താനും അതിന്റെ പവിത്രത ഉള്‍കൊള്ളാനും അനായാസം കഴിയും. അതുപോലെ വ്യാജമായവ തിരിച്ചറിയാനും. ഓറല്‍ ഹിസ്റ്ററി(വാചിക ചരിത്രം)യുടെ ഏറ്റവും ശക്തമായ നിദാനശാസ്ത്രമാണ് ഉസൂലുല്‍ ഹദീസ്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഔദ്യോഗിക ക്രോഡീകരണം ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാകാന്‍ നൂറ്റാണ്ടുകള്‍ പിന്നെയും വേണ്ടിവന്നു. ഇക്കാലമത്രയും പ്രധാനമായും വാചികമായിട്ടാണ് ഹദീസ് കൈമാറ്റം നടന്നതെന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് തന്നെ നിവേദകന്റെ സ്വഭാവവും പൂര്‍വ്വ ചരിത്രവും ഏറെ പ്രധാനമായി വന്നു.

നിദാനശാസ്ത്രപ്രകാരം രണ്ട് പ്രധാന ഘടകങ്ങളാണ് നിരീക്ഷിക്കപ്പെട്ടിരുന്നത്. ഒന്ന്, സത്യസന്ധതയും ജീവിതത്തിലെ സൂക്ഷമതയും. രണ്ട, നിവേദനത്തിലെ കൃത്യത, മനപ്പാഠമാക്കാനും പറഞ്ഞുകൊടുക്കാനുമുളള കഴിവ്. സത്യസന്ധനായത് കൊണ്ട് മാത്രം ഒരാളും ഹദീസ് സ്വീകരിച്ചിരുന്നില്ല. മറിച്ച്,രണ്ടാമത്തെ നിബന്ധനകൂടി പാലിക്കപ്പെടണമായിരുന്നു. നിരവധി ഹദീസുകള്‍ ഈ ഒരു കാരണത്താല്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. ഹദീസ് സ്വീകരിക്കാന്‍ കണിശമായ നിബന്ധനകള്‍ വെക്കാന്‍ ചരിത്രപരമായ കാരണങ്ങള്‍ ഏറെയുണ്ട്. ഇസ്‌ലാമിനെ വികലമാക്കാന്‍ മനപ്പൂര്‍വവും അല്ലാതെയും നിരവധി വ്യാജ ഹദീസുകള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപിച്ചിരുന്നു.തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പല അവാന്തരവിഭാഗങ്ങളും ഈ കടുംകൈ ചെയ്തു. പക്ഷേ, ശക്തമായ നിദാന ശാസ്ത്രത്തിനു മുമ്പില്‍ ആ ശ്രമങ്ങള്‍ വിഫലമായി. പ്രബലവും അപ്രബലവും തള്ളപ്പെടേണ്ടവയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ മുസ്‌ലിം സമൂഹത്തിനായി. ചരിത്രരചനയുടെ ലാഘവം ഹദീസ് ക്രോഡീകരണത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ചുരുക്കം. മേല്‍ പറഞ്ഞതില്‍ നിന്നും ഹദീസ് ക്രോഡീകരണം പ്രധാനമായും രണ്ടു ഘട്ടങ്ങള്‍ പിന്നിട്ടുവെന്നും കാണാം. ഒന്ന് എല്ലാ നിവേദനങ്ങളും ഒരുമിച്ചുകൂട്ടുന്ന കാലം. പിന്നെ പ്രബലവും അപ്രബലവും വേര്‍തിരിച്ച് ഗ്രന്ഥരചനകള്‍ നടന്ന ഘട്ടം. അപ്രബലവും വ്യാജവുമായ ഹദീസുകളും ഇന്നും സംരക്ഷിക്കപ്പെട്ടുപോരുന്നുവെന്നത് വിചിത്രമായി തോന്നിയേക്കാം. നിരവധി രചനകള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. വ്യാജമായ ഹദീസുകള്‍ പറയുന്ന ഗ്രന്ഥങ്ങള്‍ അവ ഉദ്ധരിക്കാന്‍ നമ്മെ സഹായിക്കുന്നു. ഇത്തരം ഉദ്ധരണികള്‍ ചരിത്രത്തില്‍ കെട്ടിച്ചമച്ചത് ആരാണെന്നും അതിനു പിന്നിലെ ഉദ്ദേശങ്ങള്‍ എന്തായിരുന്നുവെന്നും ഈ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുന്നു. തിരുനബിയുടെ പവിത്രമായ സുന്നത്തിനെ സംരക്ഷിച്ചുനിര്‍ത്താന്‍ തീര്‍ത്ത സുശക്തമായ കോട്ടകളായിരുന്നു ഇതെല്ലാം. അനുബന്ധമായി ഉയര്‍ന്നുവന്ന മറ്റൊരു ശാഖയാണ് നിരൂപണശാസ്ത്രം.

Also read:https://islamonweb.net/ml/21-March-2017-139

ഒരു നിവേദകന്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ പരസ്പരം താരതമ്യം ചെയ്തു നോക്കുക, ഇതേ വിഷയത്തില്‍ വന്ന മറ്റു ഹദീസുകളുമായി തുലനം ചെയ്യുക, ഖുര്‍ആന്റെയും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളുടെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുക, തുടങ്ങിയ വിവിധതരം നിരൂപണ രീതികള്‍ പണ്ഡിതര്‍ അവലംബിച്ചതായി കാണാം. അറിയാതെയോ അശ്രദ്ധമൂലമോ ഒരു നിവേദകനില്‍ സംഭവിച്ചപോകാനിടയുള്ള ചെറിയ പിഴവുകളെപ്പേലും അരിച്ചെടുക്കാനുള്ള സൂക്ഷമപരിശോധനയാണിത്. ഒരു നൂറ്റാണ്ടിനു ശേഷം തിരുനബിയിലേക്ക് ചേര്‍ക്കപ്പെട്ടതെന്തും അണ്ണാക്കു തട്ടാതെ വിഴുങ്ങുകയായിരുന്നു ഒട്ടും എന്ന ആരോപണം നിരക്കുന്നതെല്ലെന്ന് ചുരുക്കും. മേല്‍പറഞ്ഞ ചര്‍ച്ചകളെല്ലാം ഏറെയും ബന്ധപ്പെട്ടിരിക്കുന്നത് ഹദീസില്‍ ഗവേഷണം നടത്തുന്ന പഠിതാക്കളുമായിട്ടാണെങ്കില്‍ ഹദീസിന്റെ ഉള്ളടക്കം ഏതൊരാള്‍ക്കും സുഗ്രാഹ്യമായതും ജീവിതത്തിന്റെ നാനാതുറകളിലും നെഞ്ചോട് ചേര്‍ത്ത് വെക്കേണ്ടതുമാണ്. മുസ്‌ലിം ലോകം പ്രധാന അവലംബമായി കണക്കാക്കുന്ന സ്വഹീഹുല്‍ ബുഖാരിയും മുസ്‌ലിമും സുനനുകളായ അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ എന്നിവയും മുസ്‌നദ് അഹ്മദ് മുവത്വ എന്നീ ഗ്രന്ഥങ്ങളും അത്‌പോലെ ഇവയില്‍ നിന്നും തിരഞ്ഞെടുത്ത ഹദീസുകള്‍ ചേര്‍ത്ത് വിരചിതമായ സെക്കന്ററി സോഴ്‌സുകളായ മിശ്ക്കാത്തുല്‍ മസാബീഹ്, റിയാളുസ്സ്വാലിഹീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും ഉള്‍കൊള്ളുന്ന വിഷയങ്ങളുടെ വ്യാപ്തി നമ്മെ അതിശയിപ്പിക്കുമെന്നത് തീര്‍ച്ച. ജീവിതത്തിന്റെ സര്‍വ്വ മേഖലയിലുമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പ്രായോഗിക പരിഹാരമാണ് തിരുസുന്നത്തെന്നതിനാല്‍ തന്നെയാണിത്. ലോകത്തെ അത്ഭുതപ്പെടുത്തിയ ശാസ്ത്ര സത്യങ്ങള്‍, കണ്ണ് തുറപ്പിക്കുന്ന പ്രവചനങ്ങള്‍ മുതല്‍ സഹധര്‍മിണിയുമായി കിടപ്പറ പങ്കിടേണ്ട മര്യാദകള്‍ വരെ അതില്‍ കാണാം. വിഷയത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൊണ്ടാണ് ഹദീസിന്റെ വിഷായാധിഷ്ഠിത ക്രോഡീകരണവും പിന്നീട് വിഷയാധിഷ്ഠിത വ്യാഖ്യാനവും രൂപപ്പെട്ട് വരുന്നത്. ഒന്നാമത്തതിന്റെ ഉദാഹരണമാണ് സ്വഹീഹുകളും സുനനുകളും. വിഷയസൂചികയിലൂടെ കടന്ന് പോയാല്‍ ഓരോ വിഷയത്തിലും വന്നിട്ടുള്ള ഹദീസുകള്‍ ഒരുമിച്ചുകൂട്ടിയ അധ്യായങ്ങളില്‍ നിഷ്പ്രയാസം എത്തിച്ചേരാനാകും. ഈ രചനാരീതി ശക്തി പ്രാപിക്കുന്നതിന് മുമ്പ് മുസ്‌നദുകളുടെ കാലമായിരുന്നു. ഒരു സ്വഹാബിയുടെ എല്ലാ നിവേദനങ്ങളും ഒരു അധ്യായത്തില്‍ ഒരുമിച്ച് കൂട്ടിയാണ് ഇവ വിരചിതമായത്. ഹദീസിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ശറഹുന്‍ മൗദൂഇയ്യുന്‍ ലില്‍ ഹദീസ് (ഹദീസിന്റെ വിശയാധിഷ്ഠിത വ്യാഖ്യാനം) എന്ന രൂപത്തിലാണ്. ഈ പേരില്‍ പേപ്പറുകള്‍ തന്നെ പ്രധാന ഇസ്‌ലാമിക സര്‍വകലാശാലകളിലെല്ലാം കാണാന്‍ കഴിയും. പാരാവാരം പോലെ പരന്നു കിടക്കുന്ന ഹദീസുകളുടെ സനദുകളുടെയും ലോകത്ത് നിന്ന് ഒരേ വിഷയത്തില്‍ വരുന്ന ഹദീസുകള്‍ ഒരുമിച്ചുകൂട്ടി കോര്‍ത്തിണക്കി ചിത്രം രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ദൗത്യം.

സാങ്കേതിക പദം പുതിയതാണെങ്കിലും പൂര്‍വികരായ കര്‍മശാസ്ത്ര പണ്ഡിതരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുമെല്ലാം ഈ ഒരു രീതി സ്വീകരിച്ചതായി കാണാം. പുതിയ പല വിഷയങ്ങളും ഇത്തരത്തില്‍ പഠനവിധേയമായിക്കൊണ്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ആധുനിക പണ്ഡിതനായ സഗ്‌ലൂല്‍ അന്നജ്ജാര്‍ ശാസ്ത്ര സത്യങ്ങള്‍ ഉള്‍കൊള്ളുന്ന ഹദീസുകള്‍ ഒരുമിച്ചുകൂട്ടി പ്രകൃതി ഘടനയെക്കുറിച്ചും മറ്റും ഹദീസ് വെളിച്ചത്തില്‍ മനസ്സിലാക്കുന്നതിനായി ഗ്രന്ഥരചനകള്‍ നടത്തിയിട്ടുണ്ട്. പ്രകൃതി സംരക്ഷണം, സ്ത്രീ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഇത്തരത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഉള്ളടക്കത്തിന്റെ പ്രസക്തി ഉള്‍കൊണ്ടവരായിരുന്നു സ്വഹാബാക്കള്‍. അവ ജീവിതത്തില്‍ പകര്‍ത്താന്‍ അവര്‍ അത്യുത്സാഹം കാണിച്ചു. ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മു ഹബീബ ബീവി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: നബി തങ്ങള്‍ പറഞ്ഞു: ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് പുറമെ പന്ത്രണ്ട് റക്അത്ത് റവാത്തിബ് സുന്നത്ത് നിസ്‌കാരങ്ങള്‍ ഒരാള്‍ നിര്‍വഹിച്ചാല്‍ അവനു വേണ്ടി അല്ലാഹു സ്വര്‍ഗത്തില്‍ ഒരു ഭവനം പണികഴിപ്പിക്കും. ഈ ഹദീസ് ഉദ്ധരിച്ച് കൊണ്ട് അവര്‍ പറഞ്ഞു: ഇത് കേട്ടത് മുതല്‍ ഞാനത് പതിവായി അനുഷ്ഠിച്ച് വരുന്നു. ഈ നിവേദക ശൃംഖലയില്‍ മറ്റുള്ളവരും ഇപ്രകാരം പറഞ്ഞതായി കാണാം. ഒരു ഹദീസ് കേട്ടാല്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ അവര്‍ കാണിച്ച ഉന്മേഷത്തിന് ഇനിയും നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അലി(റ) പറയുന്നു: ഞാനും ഫാത്തിമ ബീവിയും കിടക്കുന്ന മുറിയില്‍ വന്നിരുന്ന് നബിതങ്ങള്‍ പറഞ്ഞു. രാത്രി ഉറങ്ങുന്നതിന് മുമ്പ് സുബ്ഹാനള്ള, അല്‍ഹംദുലില്ല, എന്നിവ മുപ്പതത്തിമൂന്നും അല്ലാഹുഅക്ബര്‍ മുപ്പത്തിനാല് വട്ടവും ചെല്ലുക. ഏത് പ്രതിസന്ധി ഘട്ടത്തിലും ഞാന്‍ അത് ഉപേക്ഷിച്ചിട്ടില്ല. ഉള്ളടക്കത്തിന്റെ പ്രസക്തി ഉള്‍കൊണ്ടത് കൊണ്ടാണ് അര്‍പ്പണബോധത്തിന്റെ ഉദാത്ത മാതൃകകളാവാന്‍ അവര്‍ക്ക് സാധിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter