നബിതിരുമേനി(സ) അരുളി: ''ഉദരത്തേക്കാള്‍ മോശമായ ഒരുപാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. മനുഷ്യന് തന്റെ മുതുകിനെ നേരെ നിര്‍ത്തുന്ന ഏതാനും ഉരുളകള്‍ മതിയാവുന്നതാണ്. അനിവാര്യമാണെങ്കില്‍ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊരു ഭാഗം വെള്ളത്തിനും മൂന്നിലൊരു ഭാഗം വായുവിനും അവന്‍ ഉപയോഗിക്കട്ടെ'' (തിര്‍മുദി, ഹാകിം).
ആരോഗ്യപൂര്‍ണമായൊരു ജീവിതമാണ് സര്‍വ്വരും ആഗ്രഹിക്കുന്നത്. അതിന് അമിതാഹാരം ഉപേക്ഷിക്കണമെന്ന് മാത്രമല്ല, മിതാഹാരം മുറുകെപ്പിടിക്കുകയും വേണം. ആമാശയത്തിന്റെ കുഴപ്പമാണ് പല രോഗത്തിനും കാരണം. ഈ ഹദീസിലെ നിര്‍ദ്ദേശം പാലിക്കുകയാണെങ്കില്‍ ആരോഗ്യവിഷയത്തില്‍ ഇന്നു കാണപ്പെടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അമിതമായ ആഹാരം ഉയര്‍ത്തുന്ന ആരോഗ്യപ്രതിസന്ധി എത്ര ഗുരുതരമാണെന്ന് ഇന്നാരെയും വിശിഷ്യാ ഉണര്‍ത്തേണ്ടതില്ലല്ലോ.
മിതാഹാരമാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത്. വയര്‍ നിറച്ചുണ്ണുന്നത് ശാരീരികവും ധാര്‍മികവുമായ പലവിധ ദോഷങ്ങള്‍ക്കും കാരണമാവും. അതാണ് മിതാഹാരത്തിന്റെ രൂപം ഈ ഹദീസില്‍ നമ്മെ പഠിപ്പിക്കുന്നത്.
മനുഷ്യന്റെ ഭൗതികാവശ്യങ്ങളില്‍ മുഖ്യമായതാണല്ലോ ഭക്ഷണം. മനുഷ്യനടക്കം എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യവിഭങ്ങള്‍ അല്ലാഹു ഭൂമിയില്‍ ഒരുക്കിവെച്ചിട്ടുണ്ട്. അത് മിതമായ രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ. അല്ലാഹു പറയുന്നു: ''നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാക്കരുത്. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല''(ഖുര്‍ആന്‍ 7:31).
'അമിതമായാല്‍ അമൃതും വിഷം' എന്ന പഴമൊഴി ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ ശരിയാണ്. ശരീരത്തിന്റെ വളര്‍ച്ചക്കും നിലനില്‍പിന്നും ആവശ്യമായതേ ഭക്ഷിക്കാവൂ. വയറുനിറച്ചുണ്ടാല്‍ അത് പിന്നീട് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആമാശയത്തകരാറാണ് അതില്‍ പ്രധാനം. അതുണ്ടായാല്‍ രോഗത്തില്‍ അകപ്പെടുകയായിരിക്കും ഫലം. എപ്പോഴും വയര്‍ നിറക്കുക എന്ന ഭക്ഷണരീതി കാലികളുടേതാണെന്നു നാം മനസ്സിലാക്കണം. രോഗമുക്ത ജീവിതമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ വയറ് നിറച്ചുണ്ണരുത്. അമിതാഹാരമാണ് സര്‍വ്വ രോഗങ്ങളുടെയും അടിത്തറ. മിതമായ ആഹാരരീതി സ്വീകരിച്ചാല്‍ ഒട്ടനേകം ആരോഗ്യപരമായ വിഷയങ്ങളില്‍ നിന്ന് മോചനം ലഭിക്കും.
ആരോഗ്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. രോഗമുക്തമായ ജീവിതമാണ് എല്ലാവരുടെയും സ്വപ്നം. പക്ഷെ, വെറും സ്വപ്നംകൊണ്ട് കാര്യമില്ല. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കുകയാണതിന് ആദ്യം വേണ്ടത്. അമിതാഹാരം ആരോഗ്യത്തെ തകര്‍ക്കുന്ന ഒന്നാണത്രെ.
മെലിഞ്ഞ വയറ് സത്യവിശ്വാസിയുടെ ലക്ഷണമാണെന്ന് ഒരിക്കല്‍ പ്രവാചകന്‍ പറയുകയുണ്ടായി. മിതാഹാരത്തിന്റെ പ്രാധാന്യമാണിത് കാണിക്കുന്നത്. അതിസാരം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങള്‍ക്ക് അമിതാഹാരമാണ് കാരണമെന്ന് ആധുനിക വൈദ്യശാസ്ത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരിക്കല്‍ നബി(സ) ഇപ്രകാരം പറയുകയുണ്ടായി: ''സത്യവിശ്വാസി ഒരു കുടലില്‍ ഭക്ഷിക്കുമ്പോള്‍ നിഷേധി ഏഴു കുടലില്‍ ഭക്ഷിക്കുന്നു''(ബുഖാരി, മുസ്‌ലിം).
ഭക്ഷ്യകാര്യത്തില്‍ വിശ്വാസിയും അവിസ്വാസിയും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ പ്രസ്താവന എത്ര പരമാര്‍ത്ഥം. അദ്ദേഹം പറുന്നു: ''സത്യനിഷേധിയുടെ ലക്ഷ്യം വയറാണ്. വിശ്വാസിയുടേത് പരലോകവും. അതിനാല്‍ ഭക്ഷണം കുറക്കലാണ് വിശ്വാസി വേണ്ടത്. വിശ്വാസത്തിന്റെ ശാഖയാണത്. ആര്‍ത്തി സത്യനിഷേധത്തിന്റെ ഭാഗവും.''
ഈ ഹദീസില്‍ പറഞ്ഞ മിതാഹാരത്തിന്റെ നിര്‍ദ്ദേശം പാലിക്കുകയാണെങ്കില്‍ ഭക്ഷണരീതി കാരണമായി ഉണ്ടാകുന്ന ഗുരുതരമായ പല രോഗങ്ങളില്‍ നിന്നും നമുക്ക് മോചനം കിട്ടും; സംശയമില്ല.
Leave A Comment