ഇമാം ബുഖാരി: പ്രാമാണികതയുടെ രണ്ടാം വാക്ക്

വിശ്വേത്തര പ്രതിഭാശാലികളില്‍ അദ്വിതീയനായ ഇമാം ബുഖാരിയെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. ഹദീസ് പണ്ഡിതരെ ഓര്‍ക്കുമ്പോള്‍ പ്രഥമമായി സ്മരിക്കെപ്പടുന്ന യുഗപ്രഭാവനാണ് അദ്ദേഹം. ഹിജ്‌റ 194 ശവ്വാല്‍ 14 വെള്ളിയാഴ്ച രാവ് ബുഖാറയില്‍ ഭൂജാതനായി. ഇന്ന് റഷ്യന്‍ ചെങ്കരടിയുടെ കരാള ഹസ്തങ്ങളിലുള്ള പ്രദേശം. അന്ന് മുസ്‌ലിങ്ങളുടെ കീഴിലായിരുന്നു.

പൂര്‍ണ നാമം മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബ്‌നു ഇബ്‌റാഹീം. ഓമനപ്പേര്: അബൂ അബ്ദില്ല. യഥാര്‍ത്ഥ നാമം വിസ്മൃതമാകുമാര്‍ ജന്മദേശത്തോട് ചേര്‍ത്തു പറയുന്ന ബുഖാരി എന്ന സംജ്ഞയിലാണ് വിഖ്യാതനായത്. തികഞ്ഞ പണ്ഡിതനും വലിയ ധനികനുമായിരുന്നു പിതാവ് ഇസ്മാഈല്‍(റ). ഹദീസ് പണ്ഡിതന്‍മാരില്‍ അദ്ദേഹത്തിനുമുണ്ട് പരിഗണനീയസ്ഥാനം. മുഹമ്മദ് ബിന്‍ സൈദ്, ഇമാം മാലിക്(റ) തുടങ്ങിയ വിശ്രുതജ്ഞാനികളുടെ ശിഷ്യത്വം കൊണ്ട് അനുഗൃഹീതമായ അദ്ദേഹത്തിന്റെ വിജ്ഞാനം പരിപക്വവും സമ്പാദ്യം പരിശുദ്ധവുമായിരുന്നു. നശ്വര സമ്പാദ്യവും അനശ്വര ജ്ഞാനവും സമന്വയിപ്പിച്ചെടുത്ത ഇസ്മാഈല്‍(റ) ഭക്തിയിലും പരോപകാരത്തിലും വളരെ മുന്നിലായിരുന്നു. പിതാവ് മരിക്കുമ്പോള്‍ നന്നേ ചെറുപ്പമായിരുന്നു ഇമാം ബുഖാരി(റ). തനിക്ക് ഓമര്‍വയ്ക്കും മുമ്പേ വഫാത്തായ പിതാവിനെക്കുറിച്ചു ചരിത്രരേഖകളുടെ വെളിച്ചത്തില്‍ തന്റെ താരീഖുല്‍ കബീറില്‍ അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. സര്‍ഗധനനായ ഈ ഹദീസ് പണ്ഡിതന്‍  ജന്മനാ അന്ധനായിരുന്നു. രോഗം നിമിത്തം അന്ധത ബാധിച്ചതായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഏതായാലും ശൈശവത്തില്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണുകള്‍ പ്രകാശരഹിതമായിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല. കുഞ്ഞിന്റെ നേത്രവൈകല്ല്യത്തില്‍ അതീവ ദുഃഖിതയായിരുന്നു മാതാവ്. ആ പിഞ്ചു ദൃഷ്ടികള്‍ക്ക് പ്രകാശമേകുവാന്‍ അവരെപ്പോഴും അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം നിങ്ങളുടെ പ്രാര്‍ത്ഥനാ ഫലമായി കുഞ്ഞിന്റെ കണ്ണുകള്‍ക്ക് അല്ലാഹു കാഴ്ച തിരിച്ചുനല്‍കിയിരിക്കുന്നുവെന്ന ശുഭവൃത്താന്തം സ്വപ്നത്തിലവര്‍ക്കു ലഭിക്കുകയുണ്ടായി. ഹസ്‌റത്ത് ഇബ്‌റാഹീം(അ) തന്നോടിപ്രകാരം പറഞ്ഞുവെന്നായിരുന്നു സ്വപ്നം. പിറ്റേന്ന് പ്രഭാതത്തില്‍ മികവുറ്റ മിഴികളോടെ നിദ്രയില്‍നിന്ന് ഉണര്‍ന്ന് വരുന്ന മകനെയാണവര്‍ കണ്ടത്.

Also read:https://islamonweb.net/ml/31-May-2017-310

അങ്ങനെ ആ മാതാവിന്റെ ദുആ സാക്ഷാല്‍കരിക്കപ്പെട്ടു. കാന്തദര്‍ശിത്വം, ഓര്‍മശക്തി, ഗവേഷണാഭിമുഖ്യം, നിരീക്ഷണപാടവം തുടങ്ങിയ സവിശേഷ സിദ്ധികളില്‍ ശൈശവത്തില്‍ തന്നെ അനുപമനായിരുന്നു ഇമാം ബുഖാരി(റ). 10 വയസ് പൂര്‍ത്തിയാവുന്നതിനു മുമ്പ് ഖുര്‍ആനും കൗമാരത്തില്‍ തന്നെ എഴുപതിനായിരത്തോളം ഹദീസുകളും ഹൃദിസ്ഥമാക്കിയ ആ സമുന്നത ധിഷണയുടെ സമീപത്തെത്തുവാന്‍ പോലും സമര്‍ത്ഥന്‍മാരിലാര്‍ക്കും സാധിച്ചിരുന്നില്ല. ഒരു പ്രാവശ്യം കേട്ടാല്‍ അതു മനഃപാഠമാവുമായിരുന്നു. അതുകൊണ്ട്  തന്നെ ആദ്യഘട്ടത്തില്‍ ഹദീസുകള്‍ എഴുതിവയ്ക്കുന്ന പതിവുണ്ടായിരുന്നില്ല. ഈ സ്വഭാവം നല്ലതല്ലെന്ന് ഒരിക്കല്‍ ഗുരുവര്യന്‍ ഹുമൈദി(റ) അദ്ദേഹത്തെ ശാസിച്ചു. അപ്പോഴും കുശാഗ്ര മനസ്‌കനായ ഇമാം ബുഖാരി(റ)യുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ''അവിടുന്ന് പറഞ്ഞുവച്ച ഹദീസുകള്‍ എല്ലാം മനഃപാഠമാണെനിക്ക്. പിന്നെ ഞാനെന്തിന് എഴുതിവയ്ക്കണം?'' എങ്കില്‍ അതൊന്ന് പരീക്ഷിക്കണം. കുറേയൊക്കെ ഓര്‍മയുണ്ടാവുമെങ്കിലും ചിലതൊക്കെ മറന്നിട്ടുണ്ടാവും. പക്ഷേ, ഗുരുവിന്റെ ഈ ധാരണ അസ്ഥാനത്തായിരുന്നു. പരീക്ഷിച്ചുനോക്കിയപ്പോള്‍ ബുഖാരി(റ)ക്ക് ഓര്‍മയില്ലാത്ത ഒരൊറ്റ ഹദീസും ഉണ്ടായിരുന്നില്ല. പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ ഇമാം ദാഖിലി(റ)യുടെ വിജ്ഞാന സദസ്.

തലമുതിര്‍ന്ന പണ്ഡിതരടക്കം പരശ്ശതം വിദ്യാര്‍ത്ഥികള്‍ അതില്‍ സംബന്ധിച്ചിട്ടുണ്ട്. അനുസ്യൂതം ഒഴുകുന്ന ആ വൈജ്ഞാനിക പ്രവാഹത്തില്‍ ലയിച്ചിരിക്കുകയാണവര്‍. അതിനിടയില്‍ ഹദീസിന്റെ സനദ് (നിവേദക പരമ്പര) വിവരണത്തില്‍ അദ്ദേഹത്തിനു  ചെറിയ ഒരു തെറ്റ് സംഭവിച്ചു. ഇബ്‌റാഹീമില്‍  നിന്നും അബൂസുബൈര്‍ മുഖേന സുഫ്‌യാന്‍ നിവേദനം. എന്നിങ്ങനെയായിരുന്നു അദ്ദേഹം പറഞ്ഞ സനദ്. ഉടനെ ഒരു കൊച്ചു വിദ്യാര്‍ത്ഥി എഴുന്നേറ്റ് പറഞ്ഞു: ''അബൂസുബൈര്‍ ഇബ്‌റാഹീമില്‍നിന്ന് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.'' ഇമാം ദാഖിലി(റ)ക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയില്‍ താന്‍ പറഞ്ഞത് ശരിയാണ്. പക്ഷേ, വിദ്യാര്‍ത്ഥി വിട്ടുകൊടുത്തില്ല. മൂലഗ്രന്ഥം പരിശോധിക്കണമെന്നാവശ്യം വന്നു. ദാഖിലി(റ) അംഗീകരിച്ചു. മൂലകൃതി പരിശോധിച്ചപ്പോള്‍ തനിക്കു പറ്റിയ തെറ്റ് ബോധ്യമായി. പ്രസ്തുത സനദ് തെറ്റ് തിരുത്തി പറയാന്‍ വിദ്യാര്‍ത്ഥിയോടാജ്ഞാപിച്ചു. അവന്‍ അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അബൂസുബൈറിന്റെ സ്ഥാനത്ത് സുബൈറുബ്‌നു അദിയ്യായിരുന്നു. ശരി അതായിരുന്നുതാനും. അന്നത്തെ ആ കൊച്ചു വിദ്യാര്‍ത്ഥി ഇമാം ബുഖാരി(റ)യായിരുന്നു. സംഭവം നടന്നതോ, തന്റെ പതിനൊന്നാം വയസ്സിലും. ഹാശിമുബ്‌നു ഇസ്മാഈല്‍(റ) പറയുന്നു: ''ബസറയില്‍ ഞങ്ങളുടെ സതീര്‍ത്ഥ്യനായിരുന്നു ഇമാം ബുഖാരി(റ). വളരെ ചെറുപ്പം. എന്നാലും ഹദീസുകള്‍ എഴുതിവയ്ക്കുന്ന പതിവുണ്ടായിരുന്നില്ല. മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ധാരാളം ഹദീസുകള്‍ ശേഖരിച്ചെഴുതിവച്ചിരുന്ന സമാഹാരത്തില്‍ ഒരിക്കല്‍ അദ്ദേഹം  കണ്ണോടിച്ചുനോക്കുകയുണ്ടായി.

Also read:https://islamonweb.net/ml/15-December-2018-404

അനന്തരം അവയെല്ലാം മനഃപാഠം ചൊല്ലി ഞങ്ങളെ അത്ഭുതപ്പെടുത്തുകയും ചെയ്തു. അക്കാലത്ത് അറിവിന്റെ പ്രഭവ കേന്ദ്രവും ഖിലാഫത്തിന്റെ ആസ്ഥാനവുമായിരുന്നു ബഗ്ദാദ്. പ്രതിഭാശാലികളായ അനേകം പണ്ഡിതന്‍മാര്‍ അവിടെയുണ്ടായിരുന്നു. പണ്ഡിത വേഷധാരികളുടെ എണ്ണവും കുറവായിരുന്നില്ല. അവരില്‍ പലരും ബുഖാരി(റ)യുടെ പ്രതിയോഗികളായിരുന്നു. ഹദീസ് പാടവം പരീക്ഷിക്കുവാന്‍ അവര്‍ 100 ഹദീസുകള്‍ അതിനായി തെരഞ്ഞെടുത്തു. ഓരോ ഹദീസിന്റെയും സനദും മത്‌നും പരസ്പരം കൂട്ടിക്കലര്‍ത്തി അവ്യക്തത സൃഷ്ടിച്ചു. ക്ഷണിക്കപ്പെട്ട വലിയൊരു പണ്ഡിത സദസ്സില്‍ ഇമാം ബുഖാരി തങ്ങള്‍(റ) ആഗതനായി. പരീക്ഷണയത്‌നത്തിനു തയ്യാറായ പത്ത് പേരടങ്ങുന്ന പണ്ഡിതസംഘവും അവിടെ സന്നിഹിതരായിരുന്നു. അവര്‍ ഓരോരുത്തരായി ഹദീസുകളുദ്ധരിക്കാന്‍ തുടങ്ങി, വികലവും വികൃതവുമായ ഹദീസുകള്‍. പക്ഷേ, മഹാനവര്‍കള്‍ പരിഭ്രാന്തനായില്ല. അവരുദ്ധരിച്ച ഓരോ ഹദീസിനെ കുറിച്ചും അതെനിക്കറിയില്ല എന്നായിരുന്നു പ്രഥമ പ്രതികരണം. അത് ശ്രോതാക്കളില്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ കുറിച്ച് സംശയം ജനിപ്പിച്ചുവെന്ന് പറയേണ്ടതില്ല. പരീക്ഷകരിലാവട്ടെ വിജയഭാവവും. അനന്തരം ബുഖാരി പ്രസ്തുത സനദുകളിലെ വൈകല്യങ്ങള്‍ അടിവരയിട്ട് പ്രസ്താവിക്കുകയും ശരിയായ സനദ് സഹിതം അവ സദസ്യരെ കേള്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ വലിയ ജ്ഞാനപരപ്പുള്ള ആ ഹദീസ് പണ്ഡിതനെ പ്രശംസിക്കാന്‍ ആരാണ് ഇല്ലാതിരിക്കുക?! മറ്റൊരിക്കല്‍ സമര്‍ഖന്‍ദില്‍ വച്ചും ഇത്തരമൊരു സംഭവം നടക്കുകയുണ്ടായി. 400 ഹദീസ് പണ്ഡിതന്‍മാരായിരുന്നു ഇമാം ബുഖാരിയെ പരീക്ഷിക്കാന്‍ അന്നവിടെ സമ്മേളിച്ചത്. അവര്‍ നിരവധി ഹദീസുകളുടെ സനദും മത്‌നും കൂട്ടിക്കലര്‍ത്തി വികൃതമാക്കിയിരുന്നു. ഇമാം ബുഖാരി(റ) അതെല്ലാം ശരിയായ രൂപത്തില്‍ വിവരിച്ചുകൊടുത്തപ്പോള്‍ ആ നിസ്തുല ധിഷണയുടെ മുമ്പില്‍ അവരെല്ലാം തലകുനിച്ചുപോയി. (അല്‍ ബിദായത്തുവന്നിഹായ-അല്ലാമ ഇബ്‌നു കസീര്‍)

15 വയസ് പൂര്‍ത്തിയാകുന്നതുവരെ സ്വദേശത്തു വച്ചായിരുന്നു വിദ്യാഭ്യാസം. ശേഷം ഹിജ്‌റ 210ല്‍ ഹജ്ജിനു മക്കയിലേക്ക് പുറപ്പെട്ടു. കൂടെ മാതാവും ജ്യേഷ്ഠ സഹോദരന്‍ അഹ്മദ്(റ)വും ഉണ്ടായിരുന്നു. ഹജ്ജ് കര്‍മത്തിനുശേഷം മാതാവും സഹോദരനും നാട്ടിലേക്കു തിരിച്ചുപോന്നു. ഇമാം ബുഖാരി(റ) ഹദീസ് ശേഖരണാര്‍ത്ഥം ഹിജാസില്‍ തങ്ങുകയും ചെയ്തു. ഒട്ടനേകം പ്രതിഭാശാലികളുടെ സംഗമ കേന്ദ്രമായിരുന്നു അന്ന് മക്ക. ജ്ഞാന ധന്യതയ്ക്ക് ഇമാം അവിടെ ആറു വര്‍ഷം താമസിച്ചു. ഇടക്കിടെ മദീനയില്‍ നബി(സ്വ) റൗള ശരീഫ് സന്ദര്‍ശിക്കലും അവിടെ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന പണ്ഡിതന്‍മാരില്‍നിന്ന് ഹദീസുകള്‍ ശേഖരിക്കലും പതിവായിരുന്നു. തന്റെ പ്രഥമ ഗ്രന്ഥമായ താരീഖുല്‍ കബീര്‍ രചിച്ചത് ഇക്കാലത്താണ്. ഹദീസുകളുടെ വിശ്വാസ്യത പ്രധാനമായും അവയുടെ സനദുകളെ ആശ്രയിച്ചാണ്. നിവേദക പരമ്പര അന്യൂനമാണെങ്കിലേ ഹദീസിനു പ്രാമാണികതയുള്ളൂ. പരമ്പരകളില്‍ വരുന്ന വ്യക്തികളുടെ ചരിത്രമറിയലാണ് അവയുടെ നിജസ്ഥിതി ഗ്രഹിക്കുവാനുള്ള മാര്‍ഗം. ഇമാം ബുഖാരി(റ) ബാല്യത്തില്‍ തന്നെ ഇവ്വിഷയകമായി അഗാധ പാണ്ഡിത്യം കരസ്ഥമാക്കിയിരുന്നു. അതിനു തെളിവാണ് അദ്ദേഹത്തിന്റെ താരീഖുല്‍ കബീര്‍. റൗളാ ശരീഫില്‍ നബി(സ്വ)യുടെ ഖബ്‌റിനുസമീപമിരുന്ന് എഴുതിയ ഈ ഗ്രന്ഥത്തില്‍ പരസഹസ്രം ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ജീവചരിത്രമുണ്ട്. പ്രഥമ ഗണനീയനായ ചരിത്രകാരനെന്ന നിലയ്ക്കുള്ള ഇമാം ബുഖാരി(റ)യുടെ വ്യക്തിത്വം അതില്‍ പ്രതിഫലിച്ചു കാണും. താരീഖുല്‍ കബീര്‍ (വലിയ ചരിത്ര ഗ്രന്ഥം) എന്ന നാമം ഈ ഗ്രന്ഥം അന്വര്‍ത്ഥമാക്കിയിട്ടുണ്ട് എന്ന് സമ്മതിക്കാത്തവരുണ്ടാവില്ല. തികഞ്ഞ നിഷ്പക്ഷതയോടും ഗവേഷണാഭിമുഖ്യത്തോടും കൂടി ആ ചരിത്രസമാഹാരത്തെ അദ്ദേഹം അന്യൂനമാക്കിയിട്ടുണ്ട്. അതില്‍ രേഖപ്പെടുത്തിയ ഓരോ വ്യക്തിയുടെ പേരിനുപിന്നിലും ഓരോ കഥയുണ്ട്. ചരിത്ര വസ്തുതകള്‍ ഉദ്ധരിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. സ്വന്തമായ അഭിപ്രായങ്ങളൊന്നും ഉദ്ധരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നീ എന്നെ ആക്ഷേപിച്ചെന്നു പറഞ്ഞ് അല്ലാഹുവിന്റെ മുന്നില്‍ വച്ച് അവരാരും എന്നെ പിടികൂടുകയില്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഗ്രന്ഥകാരന്റെ ഈ വാക്കുകളില്‍ തുടിച്ചുനില്‍ക്കുന്ന നിഷ്പക്ഷതയും സൂക്ഷ്മതയും വളരെ നിഷ്‌കളങ്കമാണ്. താരീഖുല്‍ ഗൗസ്, താരീഖു സഹീര്‍ എന്നീ രണ്ടു ചരിത്രഗ്രന്ഥങ്ങളും ഇമാം രചിച്ചിട്ടുണ്ട്.

വിജ്ഞാന സമ്പാദനത്തിനു വിശുദ്ധ തീര്‍ത്ഥാടനം ചെയ്യുന്നതില്‍ അതീവ തല്‍പരരായിരുന്നു ഉത്തമ നൂറ്റാണ്ടിന്റെ സന്തതികള്‍. പ്രമുഖ സ്വഹാബിവര്യന്‍ ജാബിറുബ്‌നു അബ്ദില്ലാ(റ) ഒരു ഹദീസ് സമ്പാദിക്കാന്‍ ഒരു മാസം തുടര്‍ച്ചയായി യാത്ര ചെയ്ത സംഭവം ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്. തീര്‍ത്ഥാടന ചരിത്രത്തില്‍ ഇതുതന്നെയായിരുന്നു ഇമാം ബുഖാരി(റ)യുടെ പാരമ്പര്യവും. തനിക്കു ലഭിക്കാത്ത ഒരു ഹദീസ് എവിടെയെങ്കിലുമൊരു പണ്ഡിതന്റെ പക്കലുണ്ടെന്നു കേട്ടാല്‍ ഇമാം അവിടെ ഓടിയെത്തുമായിരുന്നു. അതിനുവേണ്ടി എന്ത് ത്യാഗവും ചെയ്യും. ഒരിക്കലെങ്കിലും അദ്ദേഹം സന്ദര്‍ശിക്കാത്ത വിജ്ഞാന കേന്ദ്രങ്ങള്‍ അന്നുണ്ടായിരുന്നില്ല. അറിവിന്റെ മുഖ്യകേന്ദ്രങ്ങള്‍ ഇടക്കിടെ സന്ദര്‍ശിക്കുക പതിവായിരുന്നു. ഇമാം ബുഖാരി(റ) പറയുന്നു: ഹിജാസില്‍ ഞാന്‍ ആറു വര്‍ഷം താമസിച്ചു. ഈജിപ്ത്, സിറിയ, അല്‍ജീരിയ എന്നിവിടങ്ങളില്‍ രണ്ടു തവണയും ബസ്വറയില്‍ നാലു തവണയും ചുറ്റിസഞ്ചരിച്ചിട്ടുണ്ട്. ഹദീസ് ശേഖരണാര്‍ത്ഥം ബഗ്ദാദിലും കൂഫയിലും ഞാന്‍ പോയതിനൊരു കണക്കില്ല. ഇമാം അഹ്മദുബ്‌നു ഹന്‍ബല്‍(റ)യെ പോലുള്ള പ്രതിഭാശാലികളുടെ താവളങ്ങളായിരുന്നു ബഗ്ദാദും കൂഫയും. അവരുമായി വൈജ്ഞാനിക ബന്ധം പുലര്‍ത്തുന്നവരായിരുന്നു ഇമാം ബുഖാരി(റ). അദ്ദേഹം അവിടേക്ക് ഇടക്കിടെ പോവാറുണ്ടായിരുന്നു. ബഗ്ദാദില്‍ സ്ഥിരതാമസമാക്കാന്‍ പലരും അദ്ദേഹത്തോട് ഉപദേശിച്ചിട്ടുണ്ട്. അവരില്‍ ഒരാളായിരുന്നു ഇമാം അഹ്മദു ബ്‌നു ഹന്‍ബല്‍(റ). ചെറുപ്പകാലത്ത് കേള്‍ക്കുമ്പോഴേക്ക് മനഃപാഠമാക്കിയിരുന്ന ഹദീസ് വിജ്ഞാനങ്ങള്‍ കാലങ്ങള്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പകര്‍ത്തിവയ്ക്കാന്‍ തുടങ്ങി. രാത്രി സമയങ്ങളില്‍ ഇടക്കിടെ ഉറക്കത്തില്‍ നിന്നുണര്‍ന്നു മനസ്സകത്ത് കെട്ടിക്കിടക്കുന്ന വിജ്ഞാന ശകലങ്ങള്‍ എഴുതിവയ്ക്കല്‍ പതിവായിരുന്നു.

ഒരു രാത്രി തന്നെ 20ഓളം പ്രാവശ്യം ഇപ്രകാരം ചെയ്യാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹദീസുകളുടെ ബലാബലം തിട്ടപ്പെടുത്തുമ്പോള്‍ ഇമാം ബുഖാരി(റ)ക്ക് ഉണ്ടായിരുന്ന സ്വന്തമായതും സൂക്ഷ്മായതുമായ നിദാനശാസ്ത്ര മാനദണ്ഡങ്ങള്‍ ഹദീസ് പണ്ഡിതന്‍മാരില്‍ മറ്റാര്‍ക്കുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹം പ്രാമാണികത കല്‍പ്പിച്ച ഹദീസുകള്‍ സര്‍വത്മനാ സ്വീകാര്യമാണെന്നതില്‍ മുസ്‌ലിം സമൂഹം ഒന്നിച്ചതും. സര്‍വ്വ ജ്ഞാനഭാവം നടിക്കുന്ന ചില അല്‍പജ്ഞാനികള്‍ ഇന്ന് ഇമാം ബുഖാരി(റ)യുടെ ചില ഹദീസുകള്‍ക്ക് ന്യൂനത ആരോപിക്കുവാന്‍ തയ്യാറായിരിക്കുന്നു. തങ്ങളുടെ കുടുസ്സായ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതൊന്നും ഖുര്‍ആനിലും ഹദീസിലും ഉണ്ടായിക്കൂടാ എന്ന ദുര്‍വാശിയും അഹന്തതയുമാണിതിനു പ്രേരകം. അത്തരക്കാരുടെ ജല്‍പനങ്ങള്‍ക്ക് മുസ്‌ലിം സമൂഹം വില കല്‍പ്പിച്ചിട്ടില്ല. വൈജ്ഞാനിക തീര്‍ത്ഥാടനത്തിനിടയില്‍ ഹിജ്‌റ 250ലായിരുന്നു ഇമാം ബുഖാരി(റ)യുടെ നിസാബൂര്‍ സന്ദര്‍ശനം.

അന്ന് അവിടത്തെ ജനാവലി അദ്ദേഹത്തിനു നല്‍കിയ സ്വീകരണം രാജകീയം എന്ന വിശേഷണത്തിലൊതുങ്ങുന്നതല്ല. നിസാബൂരിന്റെ ചരിത്രത്തില്‍ അത്രയും ഗംഭീരമായൊരു സ്വീകരണം മറ്റാര്‍ക്കും ലഭിച്ചിട്ടില്ല എന്ന് ഇമാം മുസ്‌ലിം(റ) പറയുന്നുണ്ട്. ഇമാം ബുഖാരി(റ)യുടെ ആഗമനവാര്‍ത്ത മുന്‍കൂട്ടി തന്നെ നിസാബൂരിലെങ്ങും പ്രചരിച്ചിരുന്നു. അതോടൊപ്പം മുഹമ്മദുബ്‌നു ഇസ്മാഈല്‍(റ)ക്ക് സ്‌നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കുവാന്‍ പ്രസിദ്ധ ഹദീസ് പണ്ഡിതനും ഇമാം ബുഖാരി(റ)യുടെ ഗുരുവര്യനുമായ  മുഹമ്മദ് ബ്‌നു യഹ്‌യ ദുഹ്‌ലി(റ) ജനങ്ങളോട് ആഹ്വാനം ചെയ്യുകയുണ്ടായി. പിന്നെ താമസമുണ്ടായില്ല. പണ്ഡിതരും പൗരമുഖ്യന്‍മാരുമടങ്ങുന്ന ജനസഹസ്രങ്ങള്‍ ആ സ്വീകരണത്തെ ചരിത്രസംഭവമാക്കി മാറ്റുകയുണ്ടായി. ഇമാം മുഹമ്മദ് ബ്‌നു യഹ്‌യാ(റ) അവരുടെ മുന്‍നിരയിലുണ്ടായിരുന്നു. നിസാബൂരില്‍ ഇമാം ദുഹ്‌ലി(റ)യുടെ ശിഷ്യനായിരുന്നു ഇമാം ബുഖാരി(റ); അതേയവസരം മുസ്‌ലിം(റ)യെ പോലുള്ള വിശ്വപ്രതിഭകളുടെ ഗുരുവര്യരും.

അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സുകളില്‍ സംബന്ധിച്ച് ആശീര്‍വാദങ്ങള്‍ നേടുവാന്‍ ഇമാം ദുഹ്‌ലി(റ) ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ നില അധിക കാലം തുടര്‍ന്നില്ല. അപ്പോഴേക്കും അസൂയാലുക്കളിവിടെ തല പൊക്കി. ഇമാം ബുഖാരി(റ)യെ സംബന്ധിച്ചു കേട്ടുകേള്‍വിപോലുമില്ലാത്ത കുപ്രചാരണങ്ങളുമായി അവര്‍ രംഗത്തുവന്നു. പ്രതീക്ഷിച്ചതുപോലെ അവരുടെ ശ്രമം വിജയിച്ചില്ല. എങ്കിലും നിസാബൂരിലെ ജീവിതം ഇമാം ബുഖാരി(റ)ക്ക് അസുഖകരമായി തോന്നി. താന്‍ അവിടെ തുടരുന്നപക്ഷം അത് പല കുഴപ്പങ്ങള്‍ക്കും ഇടവരുത്തുമെന്ന് അദ്ദേഹം ഊഹിച്ചു. ഈ സാഹചര്യത്തില്‍ നിസാബൂരിനോട് വിടപറയലായിരുന്നു തന്റെ വീക്ഷണത്തില്‍ അഭികാമ്യം. അതുതന്നെയാണ് അദ്ദേഹം ചെയ്തതും. താന്‍ കാരണമായി സമൂഹത്തില്‍ ഛിദ്രതയുണ്ടാവരുതെന്ന നിര്‍ബന്ധ മനഃസ്ഥിതിക്കാരനായിരുന്നു മഹാനവര്‍കള്‍. അവലംബം: സഹീഹുല്‍ ബുഖാരി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter