ഒറ്റപ്പെടുമ്പോൾ സഹചാരിയാവാൻ
കണ്ണ് കാണാനാവില്ലെങ്കിലും വിശ്വാസത്തിന്റെ ഉൾവെളിച്ചംകൊണ്ട് വഴികളെ പ്രഭാമയമാക്കിയ സ്വഹാബി വര്യനായിരുന്നു അബ്ദുല്ലാഹി ബ്‌നു ഉമ്മി മക്തൂം(റ). നന്മയുടെ വഴിയിൽ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. കടുത്ത ശൈത്യത്തിലും കൂരിരുട്ടിലും പള്ളിയിലേക്ക് നടന്നുനീങ്ങി. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഹൃദിസ്ഥമാക്കാനും ഇസ്‌ലാമിക പാഠങ്ങള്‍ പകര്‍ത്താനും ആയുഷ്‌കാലം മാറ്റിവെച്ചു. എന്നാൽ അന്ധനായിരുന്നത്കൊണ്ട് യുദ്ധങ്ങളിലേക്ക് കൂടെ കൂട്ടിയിരുന്നില്ല. യുദ്ധത്തിന് വേണ്ടി പ്രവാചകർ (സ്വ) മദീന വിട്ടുപോകുമ്പോൾ മിക്കപ്പോഴും മദീനയുടെ ചുമതല ഏൽപിച്ചിരുന്നത് അബ്ദുല്ലാഹി ബ്‌നു ഉമ്മി മക്തൂം(റ)നെയായിരുന്നു. അതുകൊണ്ടുതന്നെ യുദ്ധത്തെ കുറിച്ചോ രക്ത സാക്ഷിത്വത്തെ കുറിച്ചോ ചിന്തിക്കാനായില്ല. ആ ആഗ്രഹം സഫലമാവാതെ കിടന്നു.
ഖലീഫ ഉമര്‍(റ)ന്‍റെ കാലത്ത് ഹിജ്റ പതിനാലാം വര്‍ഷം പേര്‍ഷ്യന്‍ സൈന്യവുമായി നടത്തിയ പ്രസിദ്ധമായ ഖാദിസിയ്യ യുദ്ധത്തിനു വേണ്ടി പടയങ്കിയണിഞ്ഞു അടര്‍ക്കളത്തില്‍ മുന്‍നിരയില്‍ തന്നെ നിന്നു. സേനാനായകനായ സഅദ് ബിൻ അബീ വഖാസ്(റ) ഇസ്‌ലാമിന്‍റെ വെള്ളക്കൊടി അദ്ദേഹത്തിന്‍റെ കൈകളിലേല്‍പ്പിച്ചു. വീട്ടിലിരിക്കാൻ കാരണങ്ങളുണ്ടായിട്ടും യുദ്ധങ്ങളിൽ പങ്കെടുക്കാതെ തന്നെ തനിക്കതിന്റെ പുണ്യം ലഭിക്കുമെന്നറിയുമായിരുന്നിട്ടും യുദ്ധം ചെയ്‌ത് വീരമൃത്യു വരിച്ചു.
നാല് ഭാര്യമാരുണ്ടായിരുന്ന ഒരു രാജാവിന്റെ കഥ കേട്ടിട്ടുണ്ടോ നിങ്ങൾ?
നാലാമത്തവളോട് രാജാവിന് ഭ്രാന്തമായ പ്രണയമായിരുന്നു. അവളെ പ്രീതിപ്പെടുത്താൻ വേണ്ടതെല്ലാം അയാൾ ചെയ്യുമായിരുന്നു. മൂന്നാമത്തവളെയും രാജാവിന് ഇഷ്ടമായിരുന്നു. എന്നാൽ അവൾ മറ്റുള്ളവർക്ക് വേണ്ടി തന്നെ ഉപേക്ഷിച്ചുകൂടായ്കയില്ലെന്ന് രാജാവിനു തോന്നിയിരുന്നു. രണ്ടാമത്തെവൾ പ്രതിസന്ധികളിൽ കൂടെനിൽക്കുന്നവളായിരുന്നു. സങ്കടങ്ങൾ കേട്ട് അവൾ ആശ്വസിപ്പിക്കുമായിരുന്നു. ഒന്നാം ഭാര്യ രാജാവിനെ വളരെയേറെ സ്നേഹിച്ചിരുന്നു. ഭരണത്തിൽ നന്നായി സഹായിച്ചിരുന്നു. എന്നാൽ അദ്ദേഹം അവളെ ഒട്ടും പരിഗണിച്ചിരുന്നില്ല. അവളോടുള്ള ബാധ്യതകളൊന്നും നിറവേറ്റിയിരുന്നുമില്ല.
രാജാവ് രോഗിയായി. മരണം അടുത്തെത്തിയെന്ന് ഉറപ്പായി. ഖബറിൽ ഒറ്റക്ക് കഴിയുന്നതിനെ കുറിച്ച് ആധിയായി. അദ്ദേഹം താൻ ഏറെ സ്നേഹിച്ചിരുന്ന നാലാം ഭാര്യയോട് ചോദിച്ചു. 'പ്രിയേ, മറ്റുള്ളവരെക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചു. ആഗ്രഹങ്ങളെല്ലാം നിറവേറ്റിത്തന്നു. എന്റെ കൂടെ ഖബറിൽ കൂട്ടാവാൻ നീ വരില്ലേ?'
സാധ്യമല്ലെന്ന് പറഞ്ഞ് അവൾ നിർദ്ദയം പുറത്ത് പോയി.
മൂന്നാം ഭാര്യ കടന്നു വന്നപ്പോൾ രാജാവ് ചോദിച്ചു. 'ജീവിതം മുഴുക്കെ ഞാൻ നിന്നെ സ്നേഹിച്ചു. മണ്ണറയിൽ എനിക്ക് കൂട്ടായി നീ വരുമോ?'
അവൾ പറഞ്ഞു. 'ജീവിതം സുന്ദരമാണ്. എന്റെ യൗവനം അവശേഷിക്കുന്നു. അങ്ങയുടെ മരണശേഷം മറ്റൊരു ദാമ്പത്യം ഞാൻ പ്രതീക്ഷിക്കുന്നു.' നിരാശനായ രാജാവ് രണ്ടാം ഭാര്യയോട് പറഞ്ഞു. 'എന്റെ വിഷമസന്ധികളിൽ സാന്ത്വനം പകർന്നപോലെ ഖബ്റിലും ആശ്വാസമേകുവാൻ നീ വരുമോ?' അവൾ പറഞ്ഞു. 'ക്ഷമിക്കണം പ്രഭോ, ഈ ആവശ്യം ഞാനെങ്ങനെ പൂർത്തീകരിക്കും? മണ്ണിലേക്ക് ഇറക്കി വെക്കുവോളം ഞാൻ കൂടെയുണ്ടാവും. അതിലപ്പുറം എനിക്ക് സാധ്യമല്ല.'
Read More:വായിക്കണം; കൊള്ളാവുന്നത്
രാജാവ് അതീവ ദുഃഖിതനായി. കണ്ണുകൾ ഈറനണിഞ്ഞു. അപ്പോഴാണ് രാജാവ് ആ ശബ്ദം കേട്ടത്. 'ഞാൻ വരാം അങ്ങയുടെ കൂടെ, അങ്ങ് എവിടെയാണെങ്കിലും കൂടെ ഞാനുണ്ടാകും'. ഒന്നാം ഭാര്യയുടെ ശബ്ദമായിരുന്നു അത്. അദ്ദേഹത്തിന്റെ നിരന്തര അവഗണന നിമിത്തം അവൾ ക്ഷീണിച്ച് രോഗാതുരയായി മാറിയിരുന്നു. ജീവിതകാലത്ത് അവളെ വേണ്ടവിധം പരിഗണിക്കാതിരുന്നതിൽ അദ്ദേഹം ഖിന്നനായി.
നിറകണ്ണുകളോടെ പറഞ്ഞു. 'മറ്റുള്ളവരെക്കാൾ ഞാൻ നിന്നെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എനിക്ക് ആയുസ്സ് നീട്ടി കിട്ടുകയാണെങ്കിൽ മറ്റുള്ളവരേക്കാൾ ഞാൻ നിന്നെ പരിപാലിക്കുന്നതാണ്.'
ആരെല്ലാമാണീ നാല് ഇണകൾ എന്നറിയുമോ? നമ്മുടെ ജീവിതത്തിലും ഇവരുണ്ട്. നാലാമത്തെ ഭാര്യ നമ്മുടെ ദേഹമാണ്. ദേഹത്തിന്റെ താൽപര്യങ്ങൾക്കായി നാം സദാ ഉള്ളതെല്ലാം ചെലവഴിക്കുന്നു. മരണത്തോടെ ആ ശരീരം നമ്മെ വിട്ടു പോവുന്നു. മൂന്നാമത്തവൾ നമ്മുടെ ധനവും അധികാരവും. നമ്മുടെ മരണത്തോടെ അത് മറ്റുള്ളവരുടേതായി മാറുന്നു. രണ്ടാമത്തവൾ കുടുംബവും സുഹൃത്തുക്കളും. അവർക്ക് നമ്മെ മണ്ണിലേക്ക് ഇറക്കിവെക്കുന്നതുവരെ അനുഗമിക്കാനാവുകയുള്ളൂ. ഒന്നാമത്തവൾ നമ്മുടെ സുകൃതങ്ങളും.
ദേഹേച്ഛക്ക് വേണ്ടി, പണത്തിനും അധികാരത്തിനും വേണ്ടി, സുഹൃത്തുക്കൾക്കു വേണ്ടി നാം അതിനെ അവഗണിക്കുന്നു.
ആയുഷ്‌കാലം സുകൃതങ്ങളാൽ ധന്യമാക്കാൻ എല്ലാവഴികളും ഉപയോഗപ്പെടുത്തിയ അബ്ദുല്ലാഹി ബ്‌നു ഉമ്മി മക്തൂം(റ)നെ പോലുള്ളവർ നമുക്ക് ജീവിതവഴികളിൽ പ്രചോദനമാകണം. പ്രവാചകർ (സ്വ) പറഞ്ഞു: ഒരു മയ്യിത്തിനെ മൂന്നു സംഗതികള്‍ പിന്തുടരും. രണ്ടെണ്ണം തിരിച്ചു പോരും. ഒന്ന് അവന്‍റെ കൂടെ അവശേഷിക്കും. കുടുംബം, ധനം, സുകൃതങ്ങൾ എന്നിവയാണത്. കുടുംബവും ധനവും മടങ്ങും. സുകൃതങ്ങൾ അവശേഷിക്കും. (ബുഖാരി)
Leave A Comment