റമളാൻ ഡ്രൈവ്-നവൈതു 19
സത്യവിശ്വാസിയുടെ എല്ലാമെല്ലാമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകം കണ്ട ഏറ്റവും നല്ല സമൂഹത്തെ വാര്‍ത്തെടുത്തത് ഇതിന്റെ അധ്യാപനങ്ങളാണ്. അതും, ഇരുണ്ട യുഗമെന്ന് വിശേഷിപ്പിക്കപ്പെട്ട അതേ സമൂഹത്തെ, സമഗ്രമായ പരിവര്‍ത്തനത്തിലൂടെയായിരുന്നു ഖൈറു ഉമ്മതാക്കി മാറ്റിയത്. അതിനായി അവര്‍ പഠിച്ചതും ശീലിച്ചതുമെല്ലാം വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായ പ്രവാചകരുടെ തിരുവചനങ്ങളും മാത്രമടങ്ങുന്ന പാഠ്യ പദ്ധതിയാണ്. അവരുടെ അധ്യാപകന്റെ ജീവിതം തന്നെ വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നുവല്ലോ.
വാക്കിലും നോക്കിലും ഇരിപ്പിലും നടപ്പിലുമെല്ലാം ഖുര്‍ആന്‍ പ്രകടമാവുമ്പോഴാണ് ഒരു യഥാര്‍ത്ഥ വിശ്വാസിയാവുന്നത്. ഉമ്മതിന് അഭിമാനകരമായ അസ്തിത്വമുണ്ടാവുന്നത് അത് മുറുകെ പിടിക്കുമ്പോഴാണ്. ജീവിതത്തില്‍നിന്ന് ഖുര്‍ആന്‍ അകലും തോറും, പിന്നാക്കത്തിന്റെയും അപമാനത്തിന്റെയും തമോഗര്‍ത്തങ്ങളിലേക്ക് സമുദായം ആപതിക്കുകയും ചെയ്യുന്നു. അന്ന് മുതല്‍ ഇന്ന് വരെയുള്ള ലോക ചരിത്രം തന്നെയാണ് അതിന് സാക്ഷി.
റമദാന്‍ സമാഗതമായതോടെ അല്ലാഹുവിന്റെ ഗ്രന്ഥവുമായി നിരന്തര ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. ദിവസവും ഒരല്‍പമെങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്യാത്തവരായി ആരുമുണ്ടാവില്ലെന്ന് തന്നെ പറയാം. ഏറെ നേരം പാരായണത്തില്‍ ചെലവഴിക്കുന്നവരാണ് അധികവും. അതോടൊപ്പം അല്ലാഹുവിന്റെ കലാമിന്റെ അര്‍ത്ഥ തലങ്ങള്‍ മനസ്സിലാക്കാനും അതിനെ കൂടുതല്‍ പരിചയപ്പെടാനും ശ്രമിക്കുന്നവരും ഈ മാസത്തില്‍ ധാരാളമാണ്. അതിനുള്ള അവസരങ്ങളൊരുക്കാന്‍ പലരും ശ്രമിക്കുന്നതും ഈ പുണ്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ.
അതേ സമയം, റമദാന്‍ വിട പറഞ്ഞാല്‍ ഈ ബന്ധം പതുക്കെ അറ്റുപോകുന്നതാണ് നമ്മുടെ അനുഭവം. റമദാനിന് ശേഷവും, ദിവസവും നിശ്ചിത സമയം ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനുമായി മാറ്റിവെക്കാനായാല്‍ അതെത്ര വലിയ കാര്യമായിരിക്കും.
ഈ വിശുദ്ധ റമദാനിലെ നമ്മുടെ നവൈതുകളില്‍ അത് കൂടി ഉണ്ടായിരിക്കട്ടെ. ഖുര്‍ആന്‍ റമദാനിലേക്ക് മാത്രമുള്ളതല്ലെന്നും റമദാനിന് ശേഷവും ഈ ഗ്രന്ഥവുമായുള്ള എന്റെ ബന്ധം സുദൃഢമായി തന്നെ തുടരുമെന്ന ഉറപ്പ്. ഓരോ ദിവസവും അതിലെ പുതിയ ഒരു സൂക്തമെങ്കിലും പഠിച്ചെടുക്കാന്‍ ഞാന്‍ ശ്രമിക്കുമെന്ന ഒരു പ്രതിജ്ഞ. ശേഷം തദനുസൃതമായ പ്രവര്‍ത്തനങ്ങളും ശ്രമങ്ങളും കൂടി ആകുമ്പോള്‍, ജീവിതം മുഴുക്കെ റമദാന്‍ നമ്മുടെ കൂടെ നില്‍ക്കുന്നതായി തോന്നും. അതിനാല്‍, ഖുര്‍ആനുമായുള്ള ബന്ധം തുടരാനുള്ള കരുത്തായിരിക്കട്ടെ ഇന്നത്തെ നവൈതു. നാഥന്‍ തുണക്കട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment