നിഷ്ഫലം ഈ വെണ്ണീർ
നബി(സ്വ) സ്വഹാബത്തിൻ്റെ കൂടെ ഇരിക്കവെ ഒരിക്കൽ പറഞ്ഞു: 'ഇപ്പോള്‍ സ്വര്‍ഗാവകാശികളില്‍പ്പെട്ട ഒരാള്‍ ഇതുവഴി വരും'. വുളുവെടുത്ത് താടി നനഞ്ഞ, ഇടതു കൈയില്‍ ചെരിപ്പ് പിടിച്ച അന്‍സ്വാരികളില്‍പ്പെട്ട ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. തുടർന്ന് രണ്ടു ദിവസവും നബി(സ്വ) അതുപോലെ പറയുകയും അതേ മനുഷ്യന് പ്രത്യക്ഷപ്പെടുകയും ചെയ്തു. അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വ്(റ) അദ്ദേഹത്തിൻ്റെ വീട്ടിൽ അതിഥിയായി താമസിച്ചു. സ്വർഗം നേടാൻ അദ്ദേഹം കാര്യമായി ചെയ്യുന്ന പുണ്യം കണ്ടെത്തലായിരുന്നു ലക്ഷ്യം. മൂന്ന് ദിവസം താമസിച്ചിട്ടും നല്ലത് മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാൾ എന്നതിലപ്പുറം പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. അതിനാൽ കാര്യം തുറന്നു ചോദിച്ചു.
താങ്കളെ നബി(സ്വ) സ്വര്‍ഗാവകാശികളില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കുന്നത് കേട്ടപ്പോള്‍ താങ്കളുടെ സുകൃത ജീവിതം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നിങ്ങളോടൊപ്പം വന്ന് താമസിച്ചത്. എന്നാല്‍ താങ്കള്‍ പ്രത്യേകിച്ചൊന്നും ചെയ്തതായി ഞാന്‍ കണ്ടില്ല. താങ്കളെക്കുറിച്ച് നബി(സ്വ) ഇങ്ങനെ പറയാന്‍ കാരണമെന്താണ്?' അയാള്‍ പറഞ്ഞു: 'താങ്കള്‍ എന്നില്‍ കണ്ട കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ല. എന്നാൽ എൻ്റെ മനസ്സിൽ ഒരാളോടും ചതിയോ അസൂയയോ തോന്നിയിട്ടില്ല'.
Also Read:താഴ്മയിലാണ് ഔന്നത്യം
അറിഞ്ഞും അറിയാതെയും അസൂയക്കും അഹങ്കാരത്തിനും വിധേയരായിപ്പോകുന്ന പരിസരമാണ് നമ്മുടേത്. പഠിക്കാനും ജയിക്കാനും ചെറുപ്പകാലങ്ങളിൽ വളർത്തപ്പെടുന്ന മാത്സര്യം പിന്നീട് ഒരു രോഗമായി ജീവിതത്തെ വേട്ടയാടപ്പെടുന്നു. സൗഹൃദങ്ങളിലും തൊഴിലിടങ്ങളിലും വില്ലൻവേഷമണിഞ്ഞു അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു. സമാധാന ജീവിതം നഷ്ടപ്പെടുത്തുകയും പകയും വിദ്വേഷവും പരത്തുകയും ചെയ്യുന്നു.
ഹൃദയം ആരോഗ്യമുള്ളതാവണമെങ്കിൽ കറ പുരളാതിരിക്കണം. അന്യനോടുള്ള രസക്കേടുകൾ വേട്ടയാടാതിരിക്കണം. അസൂയ അഗ്നിയാണ്. അതാണ് നമ്മുടെ നന്മകളെ വെണ്ണീറാക്കിക്കളയുന്നത്.
റസൂൽ സ്വ. പഠിപ്പിച്ചു. തീ വിറകിനെയെന്ന പോലെ അസൂയ നന്മകളെ തിന്നുതീർക്കും.(അബൂ ദാവൂദ്)