റമദാന് 10 – നമുക്ക് റഹ്മത് ലഭിച്ചുവോ... അതിന് നാം അത് നല്‍കിയോ

റമദാന് 10 – നമുക്ക് റഹ്മത് ലഭിച്ചുവോ... അതിന് നാം അത് നല്‍കിയോ
റമദാനിലെ ആദ്യപത്ത് ദിനങ്ങള്‍ അല്ലാഹുവിന്റെ വിശേഷമായ റഹ്മതിന്റെ നാളുകളാണ്. ഈ നാളുകളില്‍ എല്ലാവരും ഏറ്റവും കൂടുതലായി തേടുന്നതും അത് തന്നെ. ആ നാളുകള്‍ ഇവിടെ അവസാനിക്കുകയാണ്. ഈ വേളയില്‍ നമുക്കൊരു വിലയിരുത്തലാവാം, നാം എത്ര തവണ അല്ലാഹുവിനോട് റഹ്മത് തേടി... നമുക്ക് അല്ലാഹുവിന്റെ റഹ്മത് ലഭിച്ചുവോ... 
ജീവിതത്തില്‍ നാം ആസ്വദിക്കുന്നതൊക്കെ അല്ലാഹുവിന്റെ അനുഗ്രഹം തന്നെ. ഈമാന്‍ കഴിഞ്ഞാല്‍ പിന്നെ, സൌഖ്യവും ആരോഗ്യവുമാണ് ഏറ്റവും വലിയ അനുഗ്രഹം എന്ന് പറയപ്പെടുന്നു. നമ്മുടെ ശരീരത്തിലെ ഓരോ അവയവും അവയുടെ സുഗമമായ പ്രവര്‍ത്തനങ്ങളും എത്ര വലിയ അനുഗ്രഹങ്ങളാണെന്ന് അവയിലേതെങ്കിലുമൊന്നിന് എന്തെങ്കിലുമൊരു പ്രശ്നം വരുമ്പോള്‍ മാത്രമേ നമുക്ക് മനസ്സിലാകൂ. 
കൂടുതല്‍ റഹ്മത് ലഭിക്കുവാനും ഉള്ളവ നിലനില്‍ക്കുവാനും ആദ്യമായി നാം ഉള്ളവ തിരിച്ചറിയുകയും അവക്ക് നന്ദി ചെയ്യുകയുമാണ് വേണ്ടത്. നിങ്ങള്‍ നന്ദി ചെയ്യുന്നുവെങ്കില്‍ നാം നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ നല്‍കുമെന്ന ഖുര്‍ആന്‍ സൂക്തം (ഇബ്റാഹീം 7) ഇതാണ് പറഞ്ഞുതരുന്നത്. 
രണ്ടാമതായി, നാം നേരത്തെ പറഞ്ഞ പോലെ, നമ്മുടെ റഹ്മത് എത്ര പേര്‍ക്ക് ലഭിച്ചു എന്നതും ഏറെ പ്രധാനമാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ നാം എത്രമാത്രം ദാനധര്‍മ്മങ്ങള്‍ ചെയ്തു, എത്ര പേരെ സഹായിച്ചു, ആരുടെയൊക്കെ കണ്ണീരൊപ്പാനോ പ്രയാസങ്ങളകറ്റാനോ നാം കാരണമായി... ഇതും നാം ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. 
കഴിഞ്ഞ ദിനങ്ങളില്‍ നമ്മുടെ കഴിവനുസരിച്ച്, ഇത്തരത്തിലൊന്നും ചെയ്യാന്‍ നമുക്കായിട്ടില്ലെങ്കില്‍, അല്ലാഹുവിന്റെ വിശേഷ അനുഗ്രഹം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. വിചാരണവേളയില്‍ അല്ലാഹുവും അടിമയും തമ്മില്‍ നടക്കുന്ന ഒരു സംഭാഷണം ഹദീസില്‍ ഇങ്ങനെ വായിക്കാം 
അല്ലാഹു- മനുഷ്യാ, ഞാന്‍ യാചിച്ചിട്ട് നീയെന്തേ എനിക്ക് ഭക്ഷണം നല്കിയില്ല.
അടിമ – നാഥാ, നീ യാചിക്കുകയോ. നിനക്ക് ഭക്ഷണം നല്കാന്‍ എനിക്കെങ്ങനെ സാധിക്കും
അല്ലാഹു- എന്റെ അടിമകളില്‍ ഇന്ന ആള്‍ നിന്നോട് യാചിച്ചില്ലേ. എന്നിട്ട് നീ കൊടുത്തില്ലല്ലോ. നീ കൊടുത്തിരുന്നെങ്കില്‍ അത് എനിക്കാകുമായിരുന്നു.
ആയതിനാല്‍ സ്വയം വിചാരണ നടത്തുക, അനുഗ്രഹീത ദിനങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ആദ്യപത്തില്‍ നേടിയതും അതിലപ്പുറവും നമുക്ക് വരും ദിനങ്ങളില്‍ നേടിയെടുക്കണം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter