അധ്യായം 4. സൂറത്തുന്നിസാഅ് - (Ayath 15-19) പശ്ചാത്താപം, ദാമ്പത്യം
അനന്തരാവകാശ നിയമങ്ങളെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നത്. സ്ത്രീകളടക്കം ഓരോരുത്തര്‍ക്കുമുള്ള ഓഹരികള്‍ പറഞ്ഞുവെച്ചു. ഇങ്ങനെ ന്യായമായ അവകാശങ്ങള്‍ വകവെച്ചുകൊടുത്ത് സ്ത്രീകളോട് നീതിപൂര്‍വം പെരുമാറണമെന്നുണര്‍ത്തിയശേഷം, അവരുടെ ഭാഗത്തുനിന്ന് ദുര്‍വൃത്തികണ്ടാല്‍ കര്‍ശനമായിത്തന്നെ പെരുമാറണമെന്ന് നിര്‍ദ്ദേശിക്കുകയാണിനി.
മുസ്‌ലിം സ്ത്രീകള്‍ വ്യഭിചാരക്കുറ്റത്തിലേര്‍പ്പെട്ടാല്‍ ആദ്യകാലത്തുണ്ടായിരുന്ന താല്‍ക്കാലിക ശിക്ഷയെക്കുറിച്ചാണിവിടെ പറയുന്നത്. അതായത്, മരണംവരേയോ മറ്റൊരു മാര്‍ഗം അല്ലാഹു ചൂണ്ടിക്കാട്ടുന്നതുവരെയോ അവളെ വീട്ടുതടങ്കലിലാക്കണം. വീട്ടുതടങ്കല്‍ ഒരുതരം ശിക്ഷയാണെന്നതിനു പുറമെ, അത്തരം ദുര്‍വൃത്തികളില്‍ അകപ്പെടുന്നതിനുള്ള അവസരം ഇല്ലാതാക്കുക കൂടി ചെയ്യുന്നതാണല്ലോ.
ഇസ്‌ലാമിക നിയമങ്ങളില്‍ പലതും ഒറ്റയടിക്ക് നടപ്പില്‍ വരുത്താതെ ക്രമേണയാണല്ലോ നടപ്പാക്കിയത്. അക്കൂട്ടത്തില്‍ പെട്ടതാണിതും. അതായത്, ഇതൊരു സ്ഥിരമായ നിയമമല്ല; താല്‍ക്കാലിക നിയമമാണ്. ആയത്തിലെ വാക്കുകള്‍തന്നെ അത് വ്യക്തമാക്കുന്നുമുണ്ട്. അല്ലാഹു എന്തെങ്കിലും വഴിയുണ്ടാക്കുന്നത് വരെ എന്ന വാക്യാംശം അതാണു സൂചിപ്പിക്കുന്നത്.
ഈ വിധി, പിന്നീട് വ്യഭിചാരത്തിന്‍റെ ശിക്ഷ വിവരിച്ചുകൊണ്ട് (ചാട്ടയടി, എറിഞ്ഞുകൊല്ലല്‍) സൂറത്തുന്നൂറിലെ രണ്ടാം ആയത്തിറങ്ങിയതോടെ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ പറയുകയും ചെയ്തിട്ടുണ്ട്: എന്നില്‍ നിന്നു നിങ്ങള്‍ ഗ്രഹിച്ചു കൊള്ളുക; അവരുടെ കാര്യത്തില്‍ ഒരു മാര്‍ഗം അല്ലാഹു നിശ്ചയിച്ചിരിക്കുന്നു (വ്യഭിചാരക്കുറ്റത്തിന്‍റെ അന്തിമ വിധിയിതാ വന്നിരിക്കുന്നു എന്നര്‍ത്ഥം). (മുസ്‌ലിം).
وَاللَّاتِي يَأْتِينَ الْفَاحِشَةَ مِنْ نِسَائِكُمْ فَاسْتَشْهِدُوا عَلَيْهِنَّ أَرْبَعَةً مِنْكُمْ ۖ فَإِنْ شَهِدُوا فَأَمْسِكُوهُنَّ فِي الْبُيُوتِ حَتَّىٰ يَتَوَفَّاهُنَّ الْمَوْتُ أَوْ يَجْعَلَ اللَّهُ لَهُنَّ سَبِيلًا﴿١٥﴾
സ്വന്തം വനിതകളില്‍ നിന്നു മ്ലേച്ഛവൃത്തിയിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിങ്ങളില്‍ നാലുപേരെ സാക്ഷികളായി ഹാജറാക്കുക. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ മരണം വരെയോ അല്ലാഹു എന്തെങ്കിലും വഴിയുണ്ടാക്കുന്നതു വരെയോ ആ സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കണം.
മ്ലേച്ഛവൃത്തികൊണ്ടു വിവക്ഷ വ്യഭിചാരമാണ്.
അടുത്ത ആയത്ത് 16
ഈ ആയത്തിനെ സംബന്ധിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്. കാമവികാര നിവൃത്തിക്കായി (സ്വവര്‍ഗരതി പോലെയുള്ള) നിഷിദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഉദ്ദേശിച്ചാണെന്നാണ് പലരുടെയും അഭിപ്രായം. അത്തരക്കാര്‍ക്ക് ആദ്യകാലത്ത് നിലവിലുണ്ടായിരുന്ന ശിക്ഷയെക്കുറിച്ചാണ് പറയുന്നത്.
നീചവൃത്തി ചെയ്യുന്ന ആളെയും ചെയ്യപ്പെടുന്ന ആളെയും ചീത്ത പറയുക, അവഹേളിക്കുക, ചെരിപ്പുകൊണ്ടടിക്കുക തുടങ്ങിയവ മുഖേന പീഡനവിധേയമാക്കണമെന്നായിരുന്നു അവരെ സംബന്ധിച്ച ആദ്യകാലവിധി. പിന്നീടത് മാറ്റി. അതായത്, സൂറത്തുന്നൂറിലെ വിധികൊണ്ട് ഇതും ദുര്‍ബലപ്പെട്ടു (ഇബ്‌നുകസീര്‍).
وَاللَّذَانِ يَأْتِيَانِهَا مِنْكُمْ فَآذُوهُمَا ۖ فَإِنْ تَابَا وَأَصْلَحَا فَأَعْرِضُوا عَنْهُمَا ۗ إِنَّ اللَّهَ كَانَ تَوَّابًا رَحِيمًا﴿١٦﴾
നിങ്ങളില്‍ നിന്ന് ആ മ്ലേച്ഛ വൃത്തിചെയ്യുന്ന ഇരുവരെയും പീഡനവിധേയരാക്കുക. ഇനി അവരിരുവരും പശ്ചാത്തപിക്കുകയും കര്‍മങ്ങള്‍ നന്നാക്കുകയും ചെയ്താല്‍ അവരെ ഒഴിവാക്കണം. അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാമയനും തന്നെയായിരിക്കുന്നു.
വേറെയും പല അഭിപ്രായങ്ങളുമിവിടെയുണ്ട്. പ്രകൃതി വിരുദ്ധമായ നീചവൃത്തികള്‍ ചെയ്യുന്ന പുരുഷന്മാരെക്കുറിച്ചാണെന്നാണ് ഒരഭിപ്രായം. ആണും ആണും തമ്മിലുള്ള സ്വവര്‍ഗരതി പോലെ.
പതിനഞ്ചാം ആയത്ത് കല്യാണം കഴിഞ്ഞ സ്ത്രീകളെക്കുറിച്ചാണ്, പതിനാറാമത്തേത്, കല്യാണം കഴിയാത്ത ആണുങ്ങളെയും പെണ്ണുങ്ങളെയും കുറിച്ചാണ് – ഇതാണ് മറ്റൊരു അഭിപ്രായം.
ഏതായാലും ഈ വചനങ്ങള്‍ വ്യഭിചാരത്തെ ഉദ്ദേശിച്ചായാലും, വ്യഭിചാരമല്ലാത്ത പ്രകൃതി വിരുദ്ധമായ മറ്റു നീചവൃത്തികളെ ഉദ്ദേശിച്ചായാലും, വലിയ തെറ്റു തന്നെയാണ്. എന്നാലും, അവര്‍ ഖേദിക്കുകയും പശ്ചാത്തപിച്ച് മടങ്ങുകയും സല്‍പ്രവൃത്തികള്‍ ചെയ്തു നന്നാവുകയും ചെയ്താല്‍, പിന്നെ നടപടി എടുക്കേണ്ടതില്ല, അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.
അടുത്ത ആയത്ത് 17, 18
തൗബ ചെയ്തവര്‍ക്കെതിരെ നടപടികളെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചതിനു ശേഷം, ഏതുതരം പശ്ചാത്താപമാണ് അല്ലാഹു സ്വീകരിക്കുക എന്ന് വിശദീകരിക്കുകയാണ്. രണ്ടു തരം തൗബയുണ്ട് - അല്ലാഹു സ്വീകരിക്കുന്നതും അല്ലാത്തതും.
അവിവേകവും അറിവില്ലായ്മയും കാരണം തിന്മകള്‍ ചെയ്തുപോകുന്നത് മനുഷ്യസഹജമാണ്. അങ്ങനെ സംഭവിച്ചുപോയാല്‍, വൈകാതെത്തന്നെ ഖേദിച്ച് മടങ്ങുകയാണെങ്കില്‍, ആ പശ്ചാത്താപം അല്ലാഹു സ്വീകരിക്കാതിരിക്കില്ല.
നേരെ മറിച്ച്, പാപങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും മരണം വരുമ്പോള്‍ ഖേദം പ്രകടിപ്പിച്ച് മടങ്ങുകയും ചെയ്യുന്നവരുടേത് സ്വീകരിക്കില്ല. അവിശ്വാസിയായിത്തന്നെ മരണപ്പെടുന്നവരുടെ പശ്ചാത്താപവും സ്വീകാര്യമല്ല.
إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِنْ قَرِيبٍ فَأُولَٰئِكَ يَتُوبُ اللَّهُ عَلَيْهِمْ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا﴿١٧﴾
അജ്ഞതമൂലം തെറ്റു ചെയ്കയും പിന്നെ താമസിയാതെ ഖേദിച്ചുമടങ്ങുകയും ചെയ്യുന്നവരുടെ പശ്ചാത്താപ സ്വീകാരമേ അല്ലാഹു ഏല്‍ക്കൂ; അവരുടേതവന്‍ സ്വീകരിക്കുന്നതാണ്. അവന്‍ സൂക്ഷ്മജ്ഞാനിയും യുക്തിമാനുമത്രേ.
وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰ إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُولَٰئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا﴿١٨﴾
കുറ്റകൃത്യങ്ങളനുവര്‍ത്തിച്ചു കൊണ്ടിരിക്കുകയും, എന്നിട്ട് ആസന്ന മരണനാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്നുരുവിടുകയും ചെയ്യുന്നവര്‍ക്കും, സത്യനിഷേധികളായി മരിക്കുന്നവര്‍ക്കും ഉള്ളതല്ല പശ്ചാത്താപ സ്വീകാരം. അത്തരക്കാര്‍ക്ക് വേദനയുറ്റ ശിക്ഷ നാം സജ്ജീകരിച്ചിട്ടുണ്ട്.
يَعْمَلُونَ السُّوءَ بِجَهَالَةٍ
തെറ്റ് ചെയ്യുന്നവരെല്ലാം ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് വിവരമില്ലാത്തവരാണ്. കാരണം, അല്ലാഹു എല്ലാം കാണുന്നുണ്ട് എന്നും ഓരോ തെറ്റിനുമുള്ള ശിക്ഷ ഇന്നതാണെന്നും ശരിയായ വിവരവും ബോധവും തന്‍റേടവുമുള്ളവന്‍ തെറ്റ് ചെയ്യില്ലല്ലോ.
ഇനി അതെല്ലാം അറിയുന്നവര്‍ തന്നെ, ചില ദുര്‍ബല നിമിഷങ്ങളില്‍ ഒന്നും അറിയാത്തവരെപ്പോലെ, വീണ്ടുവിചാരമില്ലാതെ തെറ്റ് ചെയ്യുകയാണ് – അപ്പോഴും ജാഹില്‍ തന്നെ. കാരണം, ആ നിമിഷം അയാളത് മറന്നു, അതറിയാതെ പോയി എന്നതുതന്നെ.
പക്ഷേ, എങ്ങനെയൊക്കെയായാലും തൗബയുടെ വാതില്‍ അല്ലാഹു തുറന്നിട്ടിരിക്കുകയാണ്, റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ.
ثُمَّ يَتُوبُونَ مِنْ قَرِيبٍ
താമസിയാതെത്തന്നെ എന്നു പറഞ്ഞാല്‍, മരണ സമയമെത്തുന്നതിനു മുമ്പ് എന്നര്‍ത്ഥം. അടുത്ത ആയത്തില്‍ അത് പറയുന്നുണ്ട്. മരണസമയം എപ്പോഴും എത്താമല്ലോ. ഇപ്പോള്‍തന്നെയുമാകാം. അതുകൊണ്ടാണ് مِنْ قَرِيبٍ എന്ന് പറഞ്ഞത്.
അതായത്, തൗബ ഇപ്പോള്‍തന്നെ ചെയ്യുക. പിന്നെ ചെയ്യാമല്ലോ എന്ന് കരുതാന്‍ വകുപ്പില്ല. കാരണം, മരണസമയം അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കാണറിയുക!
മനസ്സറിഞ്ഞ് തൗബ ചെയ്യുക. ഖേദിച്ചു മടങ്ങുക. അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും. പൊറുത്തുതരികയും ചെയ്യും. അവനോടെന്തെങ്കിലും ചോദിച്ചിട്ട്, ഒന്നും നല്‍കാതെ മടക്കുന്നത് വലിയ നാണമാണവന്.
ആത്മാര്‍ത്ഥമായ തൗബ സ്വീകരിക്കാതിരിക്കില്ലെന്നു മാത്രല്ല, വലിയ സന്തോഷവും കൂടിയാണത്രേ റബ്ബിനത്. ഹദീസിലക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പറ്റിപ്പോയെന്ന് പറഞ്ഞ് ഖേദിച്ചു മടങ്ങുക. തെറ്റുകള്‍ സംഭവിച്ചാല്‍ ന്യായീകരണങ്ങള്‍ നടത്തി രക്ഷപ്പെടുകയല്ല വേണ്ടത്. തെറ്റുപറ്റിയെന്ന് സമ്മതിച്ച് വേഗം പശ്ചാത്തപിക്കുക. റബ്ബ് പൊറുത്തുതരും. 100 ആളെ കൊന്നവനും പൊറുത്തുകൊടുത്തിട്ടില്ലേ നമ്മുടെ റബ്ബ്.
അല്ലാഹു അല്ലാതെ മറ്റാരാണ് നമ്മുടെ തെറ്റുകള്‍ പൊറുത്തുതരിക (ആലു ഇംറാന്‍ 135).
ഒരു ഹദീസ് നോക്കൂ: ‘എന്‍റ അടിമകളേ, നിങ്ങള്‍ രാപ്പകല്‍ തെറ്റു ചെയ്തുകൊണ്ടിരിക്കുന്നു, ഞാനെല്ലാം പൊറുത്തുതരുന്നവനാണ്. അതുകൊണ്ട് നിങ്ങളെന്നോട് പൊറുക്കല്‍ തേടൂ, ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതരാം’ (മുസ്‍ലിം).
ഇബ്‍ലീസിനെ പുറത്താക്കിയപ്പോള്‍ അല്ലാഹുവിനോടവന്‍ പറഞ്ഞത്രേ: ‘നിന്‍റെ പ്രതാപം തന്നെ സത്യം, റൂഹുള്ള കാലത്തോളം മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ പോകില്ല.’ വായടപ്പന്‍ മറുപടിയാണ് അല്ലാഹു കൊടുത്തത്: ‘എന്‍റെ പ്രതാപം തന്നെ സത്യം, റൂഹുള്ള കാലത്തോളം അവര്‍ക്ക് ഞാന്‍ തൗബ നിഷേധിക്കുകയുമില്ല’ (ഥബരി).
)عَنْ أَبِي قِلَابَة , قَالَ : إِنَّ اللَّه تَبَارَكَ وَتَعَالَى لَمَّا لَعَنَ إِبْلِيس سَأَلَهُ النَّظِرَة , فَأَنْظَرَهُ إِلَى يَوْم الدِّين , فَقَالَ : وَعِزَّتك لَا أَخْرُج مِنْ قَلْب اِبْن آدَم مَا دَامَ فِيهِ الرُّوح ! قَالَ : وَعِزَّتِي لَا أَحْجُب عَنْهُ التَّوْبَة مَا دَامَ فِيهِ الرُّوح – طبري (
തീര്‍ച്ചയാലും അല്ലാഹു പശ്ചാത്താപം സ്വീകരിക്കും. നിബന്ധനകള്‍ പാലിച്ച ആത്മാര്‍ത്ഥമായ തൗബയാകണമെന്നു മാത്രം. തെറ്റില്‍ നിന്ന് പറ്റെ പിന്മാറണം, ചെയ്തുപോയതില്‍ അതിയായ ഖേദം വേണം, ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന ദൃഢനിശ്ചയം വേണം. ഹഖിടപാടുകളുമായി ബന്ധപ്പെട്ട കുറ്റമാണെങ്കില്‍, ഇടപാടുകള്‍ തീര്‍ത്ത ശേഷമായിരിക്കണം തൗബ.
ശരിയായ തൗബ ചെയ്തയാള്‍, തെറ്റു ചെയ്യാത്തവനെപ്പോലെയാണെന്ന് ഹദീസിലുണ്ട്. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( التَّائِبُ مِنْ الذَّنْبِ كَمَنْ لَا ذَنْبَ لَهُ )-ابن ماجه
ശരിയായ വിശ്വാസിയെ സംബന്ധിച്ചിടത്തോളം, എങ്ങാനും തെറ്റ് സംഭവിച്ചുപോയാല്‍ തൗബ ചെയ്യുന്നതുവരെ ഒരു മനസ്സമാധാനവുമുണ്ടാകില്ല. ഖല്‍ബില്‍ ഈമാനുണ്ടെന്നതിന്‍റെ പ്രതിഫലനം കൂടിയാണത്.
വലിയ പര്‍വതം തലക്കുമീതെ വീഴാനൊരുങ്ങുന്നതുപോലെയാണവനത് ഫീല്‍ ചെയ്യുക. അല്ലാത്തവര്‍ക്കത്, മൂക്കത്ത് വന്നിരിക്കുന്ന ഈച്ചയെപ്പോലെയേ തോന്നൂ. അത് വന്നിരിക്കും, ആട്ടിയകറ്റും, പിന്നെയും വരും...
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :إِنَّ الْمُؤْمِنَ يَرَى ذُنُوبَهُ كَأَنَّهُ قَاعِدٌ تَحْتَ جَبَلٍ يَخَافُ أَنْ يَقَعَ عَلَيْهِ ، وَإِنَّ الْفَاجِرَ يَرَى ذُنُوبَهُ كَذُبَابٍ مَرَّ عَلَى أَنْفِهِ (بخاري، مسلم)
അടുത്ത ആയത്ത് 19
വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങുന്ന കാലത്ത്, സ്ത്രീകളോടുള്ള അറബികളുടെ സമീപനം മാന്യമല്ലായിരുന്നു. ക്രൂരമായ അത്തരം ചില പെരുമാറ്റങ്ങള്‍ എടുത്തുപറഞ്ഞ് നിരോധിക്കുകയാണ് അല്ലാഹു.
ഒരാള്‍ മരിച്ച ശേഷം അനന്തരാവകാശ സ്വത്തുകള്‍ വിഭജിക്കുമ്പോള്‍ അയാളുടെ ഭാര്യമാരെയും ഓഹരിചെയ്‌തെടുക്കുന്ന സമ്പ്രദായം അന്നുണ്ടായിരുന്നു. അവകാശികള്‍ക്ക് ഇഷ്ടംപോലെ എന്തും ചെയ്യാവുന്നൊരു അനന്തരസ്വത്തെന്ന പോലെയാണവര്‍ വിധവയെ കണ്ടിരുന്നത്. അവള്‍ക്കോ അവളുടെ കുടുംബത്തിനോ, അവളുടെ കാര്യത്തില്‍ ഒരു നിയന്ത്രണാധികാരവുമുണ്ടായിരുന്നില്ല.
വേണമെന്നുതോന്നിയാല്‍ കുടുംബക്കാരിലാരെങ്കിലുമവളെ വിവാഹം ചെയ്യും; അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തുകൊടുക്കും. ചിലപ്പോള്‍ തീരെ വിവാഹം ചെയ്യാതെ നിറുത്തുകയുംചെയ്യും. ഇതിലൊന്നും അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കാറേയില്ല. അവര്‍ ചെയ്യുന്നതെന്തും സ്വീകരിക്കാന്‍ നിര്‍ബന്ധിതയാണവള്‍.
അവര്‍ തന്നെ വിവാഹം ചെയ്യുകയാണെങ്കില്‍ മഹ്‌റ് കൊടുക്കില്ല. മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയാണെങ്കിലോ, അവള്‍ക്ക് കിട്ടുന്ന മഹ്‌റ് കീശയിലാക്കുകയും ചെയ്യും. ഈ പ്രവണതക്ക് അറുതി വരുത്തുകയാണ് അല്ലാഹു.
മറ്റൊരു മോശം സമ്പ്രദായം കൂടി ഇവിടെ നിരോധിക്കുന്നുണ്ട്. അതായത്, ഭാര്യയോട് വെറുപ്പോ അനിഷ്ടമോ തോന്നിയാല്‍, അവളെ നല്ല നിലക്ക് കൂടെ നിറുത്തുകയോ, നല്ലനിലക്ക് വിട്ടയക്കുകയോ ചെയ്യാതെ കഷ്ടപ്പെടുത്തും. അങ്ങനെയവള്‍ വിവാഹിതയും അവിവാഹിതയും അല്ലാത്ത വിധത്തില്‍ നരകിച്ചുകൊണ്ടിരിക്കും.
ഇങ്ങനെ ചെയ്യുന്നതിനു പിന്നിലും സ്വാര്‍ത്ഥ താല്‍പര്യമാണവര്‍ക്ക്. ഭര്‍ത്താവ്, ഭാര്യക്ക് കൊടുത്തതോ കൊടുക്കേണ്ടതോ ആയ മഹ്‌റ് പോലെയുള്ള അവകാശം മുഴുവനായോ ഭാഗികമായോ വിട്ടുകൊടുത്ത്, അവള്‍തന്നെ സ്വയം വിവാഹമോചനത്തിന് തയ്യാറാകണം. അതിനു വേണ്ടിയാണിങ്ങനെ തടഞ്ഞുവെച്ചിരുന്നതും പീഢിപ്പിച്ചിരുന്നതും. അതവരുടെ മൗലികാവകാശ നിഷേധമാണ്. വല്ലാതെ കുടുങ്ങുമ്പോള്‍, എങ്ങനെയെങ്കിലുമൊന്ന് ബന്ധം ഒഴിവായിക്കിട്ടാന്‍ അവളും നിര്‍ബന്ധിതയാകുമല്ലോ. ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന ഈ ദുഷിച്ച സമ്പ്രദായം, ഇന്നും പലയിടത്തും നടക്കുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
അതേ സമയം, വ്യഭിചാരം, അനുസരണക്കേട്, നാവുകൊണ്ടോ മറ്റോ ഭര്‍ത്താവിനെ ശല്യപ്പെടുത്തല്‍ പോലെയുള്ള മോശം പ്രവൃത്തികള്‍ അവളുടെ ഭാഗത്തുനിന്നുണ്ടായതിന്‍റെ പേരില്‍ ബന്ധം വേര്‍പ്പെടുത്തുകയാണെങ്കില്‍, കൊടുത്തത് തിരിച്ച് ആവശ്യപ്പെടാവുന്നതാണ്. അതിന് ചില പ്രത്യേക നിയമങ്ങളുണ്ടുതാനും.
സാധാരണഗതിയില്‍, ഇണകളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയാണുവേണ്ടത്. എന്തെങ്കിലുമൊക്കെ ഇഷ്ടക്കുറവ് തോന്നിയാല്‍ത്തന്നെ, അക്ഷമരാകാതെ ചാടിപ്പുറപ്പെട്ട് വിവാഹബന്ധം വേര്‍പെടുത്തരുത്. അവള്‍ മുഖേന നല്ല സന്താനങ്ങള്‍ നല്‍കിയും മറ്റും പല നന്മകളും അല്ലാഹു നിങ്ങള്‍ക്ക് കണക്കാക്കിയിട്ടുണ്ടാകാം.
يَا أَيُّهَا الَّذِينَ آمَنُوا لَا يَحِلُّ لَكُمْ أَنْ تَرِثُوا النِّسَاءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِنْ كَرِهْتُمُوهُنَّ فَعَسَىٰ أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا﴿١٩﴾
സത്യവിശ്വാസികളേ, സ്ത്രീകളെ നിങ്ങള്‍ നിര്‍ബന്ധപൂര്‍വം അനന്തരാവകാശമായി എടുക്കുക അനുവദനീയമല്ല. നിങ്ങളവര്‍ക്ക് കൊടുത്ത മഹ്‌റില്‍ നിന്നു ഒരു വിഹിതം തട്ടിയെടുക്കാനായി അവരെ തടഞ്ഞുവെക്കാനും പാടില്ല, വ്യക്തമായ വല്ല ദുര്‍വൃത്തിയിലും അവര്‍ ഏര്‍പ്പെട്ടാലൊഴികെ. ഉദാത്തരീതിയില്‍ അവരോടു വര്‍ത്തിക്കണം. ഇനി അവരോട് വെറുപ്പുണ്ടെങ്കില്‍ ക്ഷമിക്കുക; കാരണം, നിങ്ങള്‍ക്ക് ഒരു വസ്തുവിനോടു അസംതൃപ്തിയുണ്ടാവുകയും അല്ലാഹു അതില്‍ ഒട്ടേറെ നന്മ നിശ്ചയിക്കുകയും ചെയ്‌തെന്നുവന്നേക്കാം.
പ്രത്യക്ഷത്തില്‍ നമുക്ക് വെറുപ്പുള്ള പലതിലും പല ഖൈറുകളും റബ്ബ് കണ്ടുവെച്ചിട്ടുണ്ടാകാം. ഒന്നും എടുത്തുചാടി ചെയ്യരുതെന്നര്‍ത്ഥം.
എല്ലാ കാര്യങ്ങളിലും ഈ പറഞ്ഞത് അപ്ലൈ ചെയ്യണം. ദാമ്പത്യത്തിന്‍റെ വിഷയത്തില്‍ വിശേഷിച്ചും. ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ എല്ലായിടത്തുമുണ്ടാകുമല്ലോ. സൌന്ദര്യപ്പിണക്കം എന്നല്ലേ അതിനൊക്കെ പറയുക. പിണക്കം നീളരുതെന്നും ഗുരുതരമാകരുതെന്നും ആ പേരില്‍ തന്നെ സൂചനയുണ്ട്. അതത്രയേ ആകാന്‍ പാടുള്ളൂ... പുറത്താരുമറിയാതെ തന്നെ തീരണം, തീര്‍ക്കണം.
നിസാര കാര്യങ്ങളുടെ പേരില്‍ ഇണകളോട് കാലങ്ങളോളം പിണങ്ങുന്ന ചിലരുണ്ട്. ഉള്ള സമയം സന്തോഷത്തോടെ കഴിയുകയല്ലേ വേണ്ടത്. എന്തെങ്കിലും കുറ്റവും കുറവുമൊക്കെ എല്ലാവര്‍ക്കുമുണ്ടാകുമല്ലോ. എല്ലാം തികഞ്ഞവരായി ആരാണുള്ളത്!
സ്ത്രീയും പുരുഷനും പരസ്പരം വ്യത്യസ്തരാണ്. ശാരീരികമായുള്ള വ്യത്യസ്തതകള്‍ മാത്രമല്ല, മാനസികമായും വിഭിന്നരാണ്. രണ്ടുപേരും അതുള്‍ക്കൊള്ളുകയാണ് വേണ്ടത്.
സ്ത്രീ ഏറെ ക്ഷമിക്കുമെങ്കിലും ചിലപ്പോള്‍ മുന്‍കോപവും അശ്രദ്ധയുമുണ്ടായേക്കാം. അതെല്ലാം പൂര്‍ണമായി മാറ്റിയെടുത്ത് താന്‍ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവവും ഇല്ലാത്തവളായി ഇണയെ മാറ്റാമെന്നത് വെറും വ്യാമോഹമാണ്. അതിനു ശ്രമിച്ചാല്‍ ബന്ധം തകര്‍ന്നുപോവുകയായിരിക്കും ഫലം.
തിരുനബി صلى الله عليه وسلم പറയുന്നതിങ്ങനെയാണ്: ''ഒരു സത്യവിശ്വാസി ഇണയെ വെറുക്കരുത്. അവളുടെ ഏതെങ്കിലുമൊരു സ്വഭാവം അവന്‍ വെറുക്കുന്നുവെങ്കില്‍, മറ്റൊരു സ്വഭാവം തൃപ്തിപ്പെട്ടേക്കാം''.
ദമ്പതികള്‍ ഇണയും തുണയുമാണ്. പരസ്പരമുള്ള കടപ്പാടുകളും ബാധ്യതകളും കണ്ടറിഞ്ഞ് നിറവേറ്റിക്കൊടുത്ത് മുന്നോട്ടുപോകുമ്പോഴാണ് ദാമ്പത്യം സന്തോഷകരമാകുന്നത്. ‘ഭാര്യമാരോട് ഏറ്റവും നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളിലേറ്റവും ഉത്തമന്‍’ (തിര്‍മുദി). 'സ്ത്രീകളോട് ഏറ്റവും നല്ല നിലയില്‍ പെരുമാറുന്നവനാണ് ഏറ്റവും മാന്യന്‍' എന്ന തിരുവചനവും എപ്പോഴും കൂടെ കൂട്ടണം.
അവരോട് കാരുണ്യത്തോടെ സമീപിക്കുക, വെറുക്കുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്യാതിരിക്കുക, ഏറ്റവും ഉത്തമമായ രീതിയില്‍ പെരുമാറുക. തിരുനബി صلى الله عليه وسلمഅതിന് ഉത്തമ മാതൃക കാണിച്ചുതന്നിട്ടുമുണ്ട്. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഒരു ഭാഗം താഴ്ന്നുകൊടുത്താല്‍ മതി, പെട്ടെന്ന് പരിഹൃതമാകും. പല പ്രശ്നങ്ങളിലും, ക്ഷമിച്ചു എന്ന ഒരു വാക്ക് മതി; കലുഷമായ ദാമ്പത്യം വീണ്ടും തളിര്‍ക്കാന്‍.
ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണല്ലോ ദാമ്പത്യം. സ്നേഹം കൊടുത്ത് ആദരവ് വാങ്ങുന്നു. തിരിച്ചും അങ്ങനെത്തന്നെ. വാശിപ്പുറത്തല്ല ദാമ്പത്യം കൈകാര്യം ചെയ്യേണ്ടത്. ദുരഭിമാനവും ദുര്‍വാശിയും – ആ പരിസരത്തുണ്ടാവുകയേ ചെയ്യരുത്.
തന്നെ അടിമയെപ്പോലെ അനുസരിക്കേണ്ടവളാണ് പെണ്ണ് എന്ന് ചിന്തിക്കുന്ന ചില ആണുങ്ങളുണ്ട്. അവനാര് എന്നെ ഭരിക്കാന്‍ എന്ന് വെല്ലുവിളിക്കുന്ന പെണ്ണുങ്ങളും. രണ്ടുപേരും തകര്‍ക്കുന്നത് സ്വന്തം സമാധാനവും സൗഖ്യവും സര്‍വോപരി മനോഹരമായ ജീവിതവുമാണ്.
ദാമ്പത്യത്തിനു അവസാനമില്ല. അല്ലാഹു അനുഗ്രഹിച്ചാല്‍ പരലോകത്തും തുടരുന്നതാണത്. ഭൂമിയിലേ അതിന്‍റെ മാധുര്യം നുള്ളിക്കളയരുത്. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.
-------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment